കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ അസ്വഭാവിക മരണം കേരളം ചർച്ചചെയ്യുകയാണിപ്പോൾ. തിരുവനന്തപുരം ചാലക്കാട് സ്വദേശിയായ നിതിൻ രാജ് നീറ്റ് പരീക്ഷക്കുവേണ്ടി തയാറെടുപ്പുകൾ നടത്തുകയായിരുന്നു. കരിയറിനെക്കുറിച്ച വലിയ പ്രതീക്ഷ പുലർത്തിയ നിതിനെ സ്വന്തം കോളജിൽ നിന്നുമാറി മറ്റൊരു പരിസരത്ത് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് അച്ഛനും ബന്ധുക്കളും ആരോപിക്കുന്നത്. നിതിൻ ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് വാദം.
കോളജിൽ പ്രവേശനം നേടിയതു മുതൽ അധ്യാപകരുടെയും സീനിയർ വിദ്യാർഥികളുടെയും വർണ, വംശ, ജാതിവിവേചനത്തിനും വിദ്വേഷത്തിനും നിതിൻ ഇരയായെന്ന് തെളിയുന്നു. ഇപ്പോൾ പുറത്തുവന്ന നിതിന്റെ ശബ്ദ സന്ദേശങ്ങളിൽനിന്നും സഹപാഠികളുടെ വിവരണങ്ങളിൽനിന്നും അത് വ്യക്തമാവുന്നുണ്ട്. കൂടാതെ, ലോൺ മാഫിയയെക്കുറിച്ചും ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്. നിതിനെ ജാതി അധിക്ഷേപത്തിനും മാനസികപീഡനത്തിനും ഇരയാക്കിയിരുന്ന അധ്യാപകൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. വകുപ്പു തലവനും മറ്റ് അധ്യാപകരും ജാതി, വർണ വൈരത്തോടെയാണ് ഇടെപട്ടത്. ജാതി അധിക്ഷേപത്തിനു പുറമെ നിറത്തിന്റെ പേരിലും അപമാനിക്കപ്പെട്ടു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരായ ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരുടെ പേരിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധനവകുപ്പും ഇവർക്കെതിരെ ചുമത്തി. എ.സി.പിയുടെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേകാന്വേഷണ സംഘത്തെ പൊലീസ് അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ആരോഗ്യശാസ്ത്ര സർവകലാശാലയും അന്വേഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. നിതിൻ രാജിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതല്ല വിഷയം. ജാതിവെറിയുടെ ഇരയാണ് നിതിൻ രാജ് എന്നതിൽ തർക്കമില്ല. മലയാളി സമൂഹത്തിന്റെ എല്ലാതലങ്ങളിലും ആധിപത്യമുള്ള ജാതീയ ഹിംസയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് നിതിൻ രാജ്. ജാതിയെയും ജാതിയതയെയും തകർത്തില്ലെങ്കിൽ നിതിൻ രാജുമാർ ആവർത്തിക്കപ്പെടും.
നിതിൻ രാജിന്റെ വിഷയം എന്നാൽ ജാതിയിൽ മാത്രം ഒതുക്കുന്നതിൽ കാര്യമില്ല. വിദ്യാഭ്യാസരംഗത്തിലെ പ്രശ്നങ്ങൾ, അധ്യാപനരീതികളിലെ കുഴപ്പങ്ങൾ, ഫീസ് ക്രമത്തിലെ പാളിച്ചകൾ, സ്ഥാപന നടത്തിപ്പിലെ ധാർഷ്ട്യങ്ങൾ, സമൂഹത്തിന്റെ മൂല്യച്യുതികൾ എന്നിങ്ങനെ വ്യത്യസ്തമായ ഘടകങ്ങൾകൂടി ഈ മരണത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെയും പ്രബുദ്ധതയുടെയും നിക്ഷേപമായി കരുതിപ്പോരുന്ന സമൂഹമനസ്സ് നമുക്ക് മുന്നേ നഷ്ടമായിട്ടുണ്ട്. കലാലയങ്ങളിൽ നിലനിൽക്കുന്ന ഭീകരമായ വിദ്യാർഥി വിരുദ്ധതകൂടി പരിശോധിക്കപ്പെടണം. മാനേജ്മെന്റിനും അധ്യാപകർക്കും അമിതാധികാരവും വിദ്യാർഥികളുടെ പഠനഭാവിയെപ്പോലും നിയന്ത്രിക്കാനും ഇല്ലാതാക്കാനും കഴിയുന്ന വ്യവസ്ഥകളും തീർച്ചയായും നിതിൻ രാജുമാരെ സൃഷ്ടിക്കാൻ പോന്നതാണ്.
പാഠ്യപദ്ധതികൾപോലും ഏകപക്ഷീയമാവുകയും വിദ്യാർഥി സമൂഹംതന്നെ തട്ടുകളായി സമ്പത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ തരം തിരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ അതിജീവനംപോലും ബുദ്ധിമുട്ടായി മാറുന്നുണ്ട്. സമ്പത്തല്ല വിദ്യാഭ്യാസം. അത് കച്ചവടം ചെയ്യപ്പെടേണ്ട ഒന്നുമല്ല. ആ ബോധ്യം പൊതുസമൂഹം ആർജിക്കേണ്ടതുണ്ട്. ഇങ്ങനെ സാമ്പത്തികമായും സാംസ്കാരികമായും മോശമായ അന്തരീക്ഷത്തിൻമേലാണ് ജാതി ഭീമാകാരമായ പ്രതിലോമശക്തിയായി പടർന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നമ്മുടെ വിദ്യാർഥികളെ കൊലക്കും ആത്മഹത്യക്കും വിട്ടുകൊടുക്കാതിരിക്കാൻ പതിവ് ചപ്പടാച്ചികൾ പോരാ. കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടൽ എല്ലാ കോണിൽ നിന്നും ഉയർന്നേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.