പാറ്റ പരാക്രമം എന്തിന്?

മനസ്സിൽ മഴവില്ല് വിരിയിക്കുന്ന രൂപകമൊന്നുമല്ല പാറ്റ/കൂറ. അൽപം അറപ്പു തോന്നിക്കുന്ന, കണ്ടാൽ അടിച്ചുകൊല്ലണമെന്ന് സാധാരണ വീട്ടുകാർ ചിന്തിക്കുന്ന ഒരു ജീവി. വസ്ത്രങ്ങളും പേപ്പറുകളും കരണ്ടുതിന്നും. പക്ഷേ, വർത്തമാന ഇന്ത്യയിൽ ‘പാറ്റ’ പുതിയ രാഷ്ട്രീയ രൂപകമായി മാറുകയാണ്.

‘കോ​​ക്രോ​​ച്ച് ജ​​ന​​ത പാ​​ർ​​ട്ടി’ (സി.​ജെ.​പി) എന്ന ഓ​​ൺ​​ലൈ​​ൻ മീം-​​സ​​റ്റ​​യ​​ർ രാ​​ഷ്ട്രീ​​യ കൂ​​ട്ടാ​​യ്മ പെ​െട്ടന്നുതന്നെയാണ് രാഷ്ട്രീയരംഗം പിടിച്ചടക്കിയത്. വളരെ കുറച്ചു ദിനങ്ങൾകൊണ്ട് അവർ സമൂഹമാധ്യമങ്ങളിലും ചെറുപ്പക്കാർക്കിടയിലും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവണതയായി മാറി. ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ൽ അവ​​രെ ഫോ​​ളോ ചെ​​യ്യു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ദിവസങ്ങൾകൊണ്ട് 22.4 മില്യൺ പി​​ന്നി​​ട്ടു. നാ​​ല​​ഞ്ച് ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം​ത​​ന്നെ അവർ ഭ​​ര​​ണ​​ക​​ക്ഷി​​ ബി.​​ജെ.​​പി​​യേ​യും മ​​റി​​ക​​ട​​ന്നു. ഫലത്തിൽ ഭരണകക്ഷിക്ക് വലിയ തലവേദനയായി സി.ജെ.പി മാറി

തൊഴിലില്ലാത്ത ചെറുപ്പക്കാരെ ‘കോക്രോച്ച്’ എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂ​​ര്യ​​കാ​​ന്തിന്റെ വി​​വാ​​ദ പ​​രാ​​മ​​ർ​​ശ​​ങ്ങളാണ് സി.ജെ.പിയുടെ തുടക്കം. വി​​ചാ​​ര​​ണ വേ​​ള​​യി​​ൽ ചീ​​ഫ് ജ​​സ്റ്റി​​സ് യു​​വ​​ജ​​ന​​ങ്ങ​​ളെ ‘‘തൊ​​ഴി​​ലെ​​ടു​​ക്കാ​​ത്ത​​വ​​ർ, അ​​ല​​സ​​​​ർ, ഇ​​ന്റ​​ർ​​നെ​​റ്റ് ലോ​​ക​​ത്ത് ജീ​​വി​​ക്കു​​ന്ന പാ​​റ്റ​​ക​​ൾ, സ​​മൂ​​ഹ​​ത്തി​​ലെ ഇ​​ത്തി​​ക്ക​​ണ്ണി​​ക​​ൾ’’ എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചി​​രു​​ന്നു. മാധ്യമങ്ങള്‍ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചുവെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

തങ്ങളെല്ലാവരും ‘പാറ്റകള്‍’ ആണെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവരാന്‍ സൈബർ സ്​പേസിൽ അ​​ഭി​​ജീ​​ത് ദി​​പ്കെ എന്നയാൾ ആഹ്വാനം ചെയ്തു. അ​േദ്ദഹമാണ് സി.ജെ.പിയുടെ മുഖ്യ സംഘാടകൻ. 2020-23 കാ​​ല​​ത്ത് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യു​​ടെ സ​മൂ​​ഹമാ​​ധ്യ​​മ സം​​ഘ​​ത്തി​​ൽ വ​​ള​​ന്റി​​യ​​റാ​​യി​​രു​​ന്നു അ​​ഭി​​ജീ​​ത്. ബോ​​സ്റ്റ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ം നേടിയ മു​​പ്പ​​തു​​കാ​​ര​​ന്റെ താമസവും അമേരിക്കയിലാണ്.

‘കോക്രോച്ച് ജനത പാര്‍ട്ടി’ എന്ന പേരില്‍ ത​​മാ​​ശ​​യാ​​യി ആ​​രം​​ഭി​​ച്ച ഡിജിറ്റല്‍ കൂട്ടായ്മ, കൊ​​ടു​​ങ്കാ​​റ്റി​​ന്റെ വേ​​ഗ​​ത്തി​​ലാ​​ണ് ഒ​​രു ഡി​​ജി​​റ്റ​​ൽ പ്ര​​സ്ഥാ​​ന​​മാ​​യി വ​​ള​​ർ​​ന്ന​​ത്. ജെൻ സീയുടെ പിന്തുണയാണ് സി.ജെ.പിയുടെ ഏറ്റവും വലിയ അടിത്തറ. ​1997നും 2012നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രെ​യാ​ണ് ജ​ന​റേ​ഷ​ൻ സീ ​അ​ഥ​വാ ജെ​ൻ-​സീ ആ​യി നി​ർ​വ​ചി​ച്ചിരിക്കു​ന്ന​ത്. അതായത് ആ​ഗോ​ള​ീകരണ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​നി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെയ്യുന്നവർ.

ഡി​ജി​റ്റ​ൽ ലോ​ക​ത്ത് വ​ള​ർ​ന്നവർ. അവർ ത​ങ്ങ​ളു​ടെ വി​കാ​ര​വി​ചാ​ര​ങ്ങ​ൾ ഇ​ന്റ​ർ​നെ​റ്റ് ജീ​വി​ത​ത്തി​ലൂ​ടെ നി​ർ​വ​ചി​ക്ക​ുന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും ഇ​ന്റ​ർ​നെ​റ്റി​ന്റെ​യും സ​മാ​ന്ത​ര ലോ​ക​ത്ത് ഒ​രു വെ​ർ​ച്വ​ൽ ജീ​വി​തംകൂ​ടി ന​യി​ക്കു​ന്ന​വ​രാ​ണ് ജെ​ൻ-​സീ​ക​ൾ. അവരുടെ പിന്തുണയിൽ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ യൂ​നി​​റ്റു​​ക​​ൾ വ​​രെ രൂ​​പ​​പ്പെ​​ട്ടു​ക​​ഴി​​ഞ്ഞു​​വെ​​ന്നാ​​ണ് സി.​​ജെ.​​പി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. പാര്‍ലമെന്റ് അംഗങ്ങളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കോക്രോച്ച് ജനത പാര്‍ട്ടിക്ക് പിന്തുണയുമായി രംഗത്തെത്തി.

സി.ജെ.പി ഒരു വെബ്സൈറ്റിനും രൂപം നൽകി. ‘‘ഞ​​ങ്ങ​​ളു​​ടെ ദ​​ർ​​ശ​​ന​​ങ്ങ​​ളും ആ​​ശ​​യ​​ങ്ങ​​ളും ഇ​​പ്പോ​​ഴും വി​​ക​​സി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​പ​​ര​​മാ​​യി ഞ​​ങ്ങ​​ൾ ഒ​​രു മ​​തേ​​ത​​ര, സോ​​ഷ്യ​​ലി​​സ്റ്റ്, ജ​​നാ​​ധി​​പ​​ത്യ, ജാ​​തി​​വി​​രു​​ദ്ധ സം​​ഘ​​ട​​ന​​യാ​​ണ്. ഗാ​​ന്ധി, അം​​ബേ​​ദ്ക​​ർ, നെ​​ഹ്‌​​റു എ​​ന്നി​​വ​​രി​​ൽ​നി​​ന്നാ​​ണ് ഞ​​ങ്ങ​​ൾ പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​ത്’’ –അ​​ഭി​​ജീ​​ത് ന​​യം വ്യ​​ക്ത​​മാ​​ക്കു​​ന്നു. സാമൂഹിക നീതിയെക്കുറിച്ചും ദലിത് മുന്നേറ്റങ്ങളെക്കുറിച്ചും പാര്‍ട്ടിക്ക് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, ‘ഞാന്‍ ഒരു ദലിതനാണ്, അത് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമാകുമെന്ന് കരുതുന്നു’ എന്നായിരുന്നു അഭിജീതിന്റെ മറുപടി.

സി.ജെ.പി മു​ന്നോ​ട്ടുവെക്കുന്ന അഞ്ച് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ (മാ​നി​ഫെ​സ്റ്റോ) ഇ​വ​യാ​ണ്: 1. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ വി​ര​മി​ച്ച​തി​നുശേ​ഷം ഒ​രു ചീ​ഫ് ജ​സ്റ്റി​സി​നും രാ​ജ്യ​സ​ഭ സീ​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി​ല്ല, 2. ​ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്ത് നി​യ​മാ​നു​സൃ​ത​മാ​യ വോ​ട്ട് ഇ​ല്ലാ​താ​ക്കി​യാ​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​റെ യു​.എ​.പി​.എ (UAPA) ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യും, 3.​ പാ​ർ​ല​മെ​ന്റി​ൽ സീ​റ്റു​ക​ൾ കൂ​ട്ടാ​തെത​ന്നെ വ​നി​ത​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തും. കാ​ബി​ന​റ്റ് സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കാ​യി മാ​റ്റി​വെ​ക്കും, 4. ​അം​ബാ​നി​യു​ടെ​യും അ​ദാ​നി​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ല്ലാ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. ഇ​ത് സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കും, 5.​ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യി​ൽനി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് കൂ​റു​മാ​റു​ന്ന എം​.എ​ൽ.​എ​മാ​രെ​യും എം​.പി​മാ​രെ​യും അ​ടു​ത്ത 20 വ​ർ​ഷ​ത്തേ​ക്ക് തെര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽനി​ന്നും പൊ​തുപ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​തി​ൽനി​ന്നും വി​ല​ക്കും. ഇപ്പോൾ ഈ ‘മാനിഫെസ്​േറ്റായിൽ’നിന്ന് സി.ജെ.പി വളർന്നിരിക്കുന്നു. ഗൗരവത്തോടെ പല രാഷ്ട്രീയ പ്രശ്നങ്ങളും ഉന്നയിക്കുന്നുണ്ട്.

നീ​​റ്റ് പ​​രീ​​ക്ഷാ ചോ​​ർ​​ച്ച​​യെ​​ തുട​​ർ​​ന്ന് പ​​തി​​നേ​​ഴോ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​ത്മ​​ഹ​​ത്യചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ രാ​​ജി​​വെ​​ക്ക​​ണ​​മെ​​ന്നാ​​ണ് സി.​​ജെ.​​പി ഇ​​പ്പോ​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന പ്ര​​ധാ​​ന രാ​​ഷ്ട്രീ​​യ ആ​​വ​​ശ്യം. ഈ ​​മു​​ന്നേ​​റ്റം കേ​​ന്ദ്ര ഭ​​ര​​ണ​​കൂ​​ട​​ത്തെ അ​​ലോ​​സ​​ര​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെടുകയും, ‘എക്സ്’ (X) അക്കൗണ്ട് കേന്ദ്ര സർക്കാർ മരവിപ്പിക്കുകയും ചെയ്തു. പിന്നീട് ഇൻസ്റ്റഗ്രാം പേജ് വീണ്ടെടുക്കുകയും, ‘എക്സി’ൽ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തു. പലതരത്തിലുള്ള ആക്രമണങ്ങളും സംഘടന നേരിടുന്നുണ്ട്. ജാതി, വംശീയ അധിക്ഷേപങ്ങളും കുറവില്ല. സി.ജെ.പിയെ പിന്തുടരുന്നവരിൽ പകുതിയും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര മന്ത്രി സുകാന്ത മജുംദാർ ആരോപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ 94 ശതമാനത്തിലധികം ഫോളോവേഴ്സും ഇന്ത്യക്കാരാണെന്ന് അഭിജീത് ദീപ്കെ തെളിവ് സഹിതം വ്യക്തമാക്കി.

സോ​​ഷ്യ​​ൽ മീ​​ഡി​​യ ആ​​ക്ടി​​വി​​സ​​ത്തി​​ലൂ​​ടെ ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ളെ ആ​​ക​​ർ​​ഷി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ‘പൈ​​റേ​​റ്റ് പാ​​ർ​​ട്ടി​​ക​​ളു​​ടെ’ രം​​ഗ​​പ്ര​​വേ​​ശം ന​​മ്മു​​ടെ രാ​​ജ്യ​​ത്തും സം​​ജാ​​ത​​മാ​​കു​​ന്ന​​തി​​ന്റെ സൂചനകളാ​​ണ് പ്ര​​ക​​ട​​മാ​​കു​​ന്ന​​ത്. പക്ഷേ, ഈ മുന്നേറ്റം ഒരു തമാശയായി അവസാനിക്കുമോ അതോ രാഷ്ട്രീയത്തിലെ നിർണായക ഇടപെടലായി മാറുമോ എന്നതാണ് ചോദ്യം. രാജ്യത്ത് പല ഘട്ടങ്ങളിൽ മധ്യവർഗ വിചാരങ്ങളു​െട താൽപര്യഫലമായി ഇത്തരം മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അണ്ണാ ഹസാരെയുടെ മുന്നേറ്റം, ആം ആദ്മി എന്നിവ പലതരത്തിൽ സി.ജെ.പിയുടേതിന് സമാനമാണ്. പ​േക്ഷ, ഇ​​ത്ത​​രം പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വേഗത്തിൽ തന്നെ ഇല്ലാതാകുകയും വലതുപക്ഷത്തേക്ക് എത്തുകയും പ്രതിലോമകരമായി പിളരുകയും ചെയ്യുകയാണ് സംഭവിച്ചിട്ടുള്ളത്. സമകാലിക സംഭവവികാസങ്ങളോടുള്ള ഗൗരവവും ആഴമേറിയതുമായ പ്രതികരണത്തിനും ജനങ്ങളെ ശാസ്​ത്രീയമായി അണിനിരത്തുന്നതിനും പലപ്പോഴും ഇത്തരം മുന്നേറ്റങ്ങൾക്ക് കഴിയാതെ വരുന്നു.

ശരിയായ രാഷ്ട്രീയബോധം, കാഴ്ചപ്പാടുകൾ, പ്രത്യയശാസ്ത്ര അടിത്തറ, കരുത്തുറ്റ സംഘടന സംവിധാനങ്ങൾ എന്നിവ ഇത്തരം സംഘടനകൾക്കില്ല. സാമ്രാജ്യത്വ അധിനിവേശം, ന്യൂനപക്ഷപ്രശ്നം, ദേശീയത, ഹിന്ദുത്വ, സംവരണം എന്നിവയോട് കൃത്യവും ശരിയായതുമായ നിലപാടുകൾ മുന്നോട്ടുവെക്കാൻ കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്നം. സാധ്യതയില്ല. ഭരണകൂട അടിച്ചമർത്തലുകളെ അതിജീവിക്കാനും കഴിയില്ല.

പക്ഷേ, സി.ജെ.പിയിലൂടെ തെളിയുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, ജനസംഖ്യയിൽ 65 ശതമാനം വരുന്ന 35 വ​​യ​​സ്സി​​ന് താ​​ഴെ​​യു​​ള്ള യുവതലമുറക്ക് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവർക്ക് വ്യവസ്ഥിതിയോട് കടുത്ത എതിർപ്പുണ്ട്. അ​​ധി​​കാ​​ര​​വ​​ർ​​ഗ​ത്തോ​​ട് പുച്ഛമുണ്ട്. അവർ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരാണ്. നിലവിലെ സർക്കാറുകളുടെ പ്രവർത്തനം അവരെ തൃപ്തിപ്പെടുത്തുന്നില്ല. തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യോടും സാ​​മ്പ​​ത്തി​​ക അ​​സ്ഥി​​ര​​ത​​യോടും കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട വി​​ദ്യാ​​ഭ്യാ​​സ രീ​​തി​​ക​​ളോടും അവർക്ക് അമർഷമുണ്ട്.

ത​​ങ്ങ​​ളു​​ടെ സ്വ​​പ്ന​​ങ്ങ​​ളെ​​യും ആ​​ശ​​ങ്ക​​ക​​ളെ​​യും കേ​​വ​​ലം വോ​​ട്ട് ബാ​​ങ്ക് രാ​​ഷ്ട്രീ​​യ​​മായി ചുരുക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. അവർക്ക് രാജ്യം വികസിക്കണമെന്നും ​സ്വാതന്ത്ര്യം മികച്ചതാകണമെന്നും അഭിപ്രായമുണ്ട്. അതായത് മുമ്പെന്നത്തെയും പോലെ രാജ്യത്ത് വലിയൊരു ജനമുന്നേറ്റത്തിന് സാധ്യതകളുണ്ട് എന്നർഥം. ജെൻ-സീ അടക്കമുള്ള തലമുറയെ ശരിയായി നയിക്കാൻ കഴിയുന്നവർക്ക് രാഷ്ട്രീയാധികാരം അപ്രാപ്യമല്ല എന്നും ചുരുക്കം. അതിനുവേണ്ടത് വിശാലവും സമഗ്രവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുള്ള പുതുനേതൃത്വമാണ്. അത് രാജ്യം ആവശ്യപ്പെടുന്നുണ്ട്.

ഇ​​ന്ത്യ​​യി​​ലെ പ്ര​​ബ​​ല രാ​​ഷ്ട്രീ​​യ​ പാ​​ർ​​ട്ടി​​ക​​ൾ ഈ ​​പ്ര​​തി​​ഭാ​​സ​​ത്തി​​ൽ​നി​​ന്ന് പ​​ഠി​​ക്കേ​​ണ്ട പാ​​ഠ​​ങ്ങ​​ൾ പ​​ല​​തു​​ണ്ട്. പ​​ണ്ട​​ത്തേ​​തു​പോ​​ലെ ജാ​​ഥ​​ക​​ളും പ​​ണ​​ക്കൊ​​ഴു​​പ്പു​​ള്ള റാ​​ലി​​ക​​ളും കൊ​​ണ്ടു​മാ​​ത്രം പു​​തി​​യ ത​​ല​​മു​​റ​​യെ തൃ​​പ്തി​​പ്പെ​​ടു​​ത്താ​​നാ​​കി​​ല്ല. യു​​വ​​ത​​ല​​മു​​റ സം​​സാ​​രി​​ക്കു​​ന്ന സു​​താ​​ര്യ​​ത​​യു​​ടെ​​യും വി​​കേ​​ന്ദ്രീ​​ക​​ര​​ണ​​ത്തി​​ന്റെ​​യും ഭാ​​ഷ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ രാ​​ഷ്ട്രീ​​യ​നേ​​തൃ​​ത്വ​​ങ്ങ​​ൾ ത​​യാ​​റാ​​ക​​ണം. വി​​യോ​​ജി​​പ്പു​​ക​​ളെ​​യും വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ​​യും ദേ​​ശ​​വി​​രു​​ദ്ധ​​ത​​യാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന സ​​മ​​കാ​​ലി​​ക രാ​​ഷ്ട്രീ​​യ പ​​ശ്ചാ​​ത്ത​​ല​​ം മാറണം. അതിന് രാഷ്ട്രീയ പാർട്ടികൾ സന്നദ്ധമല്ലാത്തതിനാൽ സി.ജെ.പി പോലുള്ള പുതിയ മുന്നേറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.

ഇ​േപ്പാൾ പാറ്റകളോട് പരാക്രമം വേണ്ട. അവരെ ​തല്ലിക്കൊല്ലാൻ നോക്കേണ്ട. അവർ പെറ്റുപെരുകട്ടെ. പാറ്റപ്പറ്റത്തെ ചവിട്ടിയരക്കാൻ നോക്കുന്നവർക്കൊപ്പം നമുക്ക് ചേരേണ്ട. തൽക്കാലം നമുക്ക് പാറ്റകളെ കേൾക്കാം. ഈ നിമിഷം അവരാണ് ശരി.

Tags:    
News Summary - The Rise of ‘Cockroach Janata Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.