വയോജനം

വിദ്യാഭ്യാസം അടക്കം പല മേഖലയിലും കേരളം മുന്നിലായിരിക്കും. തർക്കമില്ല. എന്നാൽ, തീർത്തും പിന്നിൽ നിൽക്കുന്ന ചില മേഖലകളുണ്ട്. അതിലൊന്ന് വയോജന ക്ഷേമമാണ്. വെറുതെ ഒന്ന് ചിന്തിച്ചുനോക്കുക. വഴിയിൽ, ബസിൽ, ഓഫിസുകളിൽ, ആശുപത്രികളിൽ വയോജനങ്ങൾ എത്രമാത്രം സ്വീകാര്യമാണ്, അവർക്ക് പൊതുവിടങ്ങൾ പ്രാപ്യമാണോ? വേണ്ട, ഇങ്ങനെ ചോദിക്കൂ, അവർ വയസ്സുകാലത്ത് എങ്ങനെ ജീവിക്കുന്നു? രോഗാവസ്ഥയിൽ വലയുന്ന വയോജനങ്ങൾക്ക് ആരാണ് തുണ? ലളിതമല്ല കാര്യങ്ങൾ.എല്ലായിടത്തുനിന്നും പ്രായംചെന്നവർ പുറംതള്ളപ്പെട്ടുപോകുന്ന അവസ്ഥ ഭീകരമാണ്.

കേരളം വയോജന സൗഹൃദമാകണമെന്ന് വളരെ മുമ്പേ ബി.ആർ.പി. ഭാസ്കറിനെപ്പോലുള്ളവർ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ 18.7 ശതമാനത്തിലധികം വയോജനങ്ങളാണ്. ആരോഗ്യപരിപാലനത്തെ മികവുമൂലം ശരാശരി ആയുസ്സ് വർധിച്ചതും, ജനനനിരക്ക് കുറഞ്ഞതും, യുവജനങ്ങളുടെ വൻതോതിലുള്ള വിദേശ കുടിയേറ്റവും ഒക്കെ കേരളത്തെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പ്രായമേറുന്ന സംസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. പെൻഷൻ ലഭ്യമാകു​ന്നുവോ ഇല്ലയോ എന്നതല്ല വയോജന സൗഹൃദത്തിന്റെ ഉപാധിയും ലക്ഷണവും. വീട്ടകത്തും പൊതുവിടത്തും മാന്യവും അന്തസ്സോടെയുമുള്ള ജീവിതം, മെച്ചപ്പെട്ട ആരോഗ്യ പരിചരണം, വാർധക്യത്തിലെ സഹായം എന്നിങ്ങനെ പല ഘടകങ്ങൾകൂടി അതിൽ ചേരുന്നുണ്ട്.

വാർധക്യത്തെ ഒരു ബാധ്യതയായി കാണുന്ന പരമ്പരാഗത ചിന്താഗതി മാറേണ്ടതുണ്ട്. ആശുപത്രികളിലോ വൃദ്ധസദനങ്ങളിലോ വയോജനങ്ങളെ പ്രവേശിപ്പിക്കുന്നതിനേക്കാൾ അവർ ആഗ്രഹിക്കുക സ്വന്തം വീട്ടിലും പരിചിതമായ അന്തരീക്ഷത്തിലും ജീവിക്കാനാകും. അത് സാധ്യമാക്കണം. രണ്ട്, ആരുമില്ലാതെ വരുന്ന വയോജനങ്ങൾക്ക് കഴിയാൻ മെച്ചപ്പെട്ട സ്ഥാപനങ്ങളുണ്ടാകണം. അതു പഴയമട്ടിലുള്ള വൃദ്ധസദനങ്ങളാകരുത്. മാത്രമല്ല, സമൂഹത്തിന്റെ മൊത്തം മനഃസ്ഥിതി കൂടി ഇക്കാര്യത്തിൽ മാറേണ്ടതുണ്ട്. വൃദ്ധരെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന പൊതുബോധം വളരെ ചെറുപ്പത്തിലേ വളർത്തിയെടുക്കേണ്ടതുമുണ്ട്.

കേരള സർക്കാർ 2026 മേയ് 20ന് രൂപവത്കരിച്ച വയോജന ക്ഷേമ വകുപ്പ് നല്ല ചുവടാണ്. ഈ വകുപ്പ് രൂപവത്കരിക്കപ്പെടുന്നതിനുമുമ്പ് വയോജന ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാമൂഹികനീതി വകുപ്പാണ് കൈകാര്യം ചെയ്തത്. പക്ഷേ, ഇനിയും കുറേ മുന്നോട്ടുപോകാനുണ്ട്. ചുവടുകൾ കൃത്യവും ശാസ്ത്രീയവുമായിരിക്കണം. അല്ലെങ്കിൽ ഇത് ​ഒരു പെൻഷൻ-സഹായധന വിതരണ വകുപ്പായി ചുരുങ്ങും. അങ്ങനെയാവാതിരിക്കട്ടെ.

ഐ. സമീൽ

ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന, മാധ്യമപ്രവർത്തകനും ചരിത്രാന്വേഷകനുമായ ഐ. സമീൽ (സമീൽ ഇല്ലിക്കൽ) വിടവാങ്ങിയിരിക്കുന്നു. ജൂൺ 7ന് തായ്‍ലൻഡിൽ ഹൃദയസ്തംഭനംമൂലം മരിക്കുകയായിരുന്നു. ‘തുടക്കം’ എഴ​ുതു​മ്പോൾ മൃതദേഹം നാട്ടിലെത്തിച്ചിട്ടേയുള്ളൂ.

മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ചരിത്രം കാണാതെപോയ ഖബറുകൾ’ എന്ന എക്ലൂസിവ് സ്റ്റോറികൊണ്ടുമാത്രം ഐ. സമീലിനെ വായനക്കാർ ഓർമിക്കുമെന്നുറപ്പാണ്. മലപ്പുറത്തെ മേൽമുറിയിലും അധികാരത്തൊടിയിലുമുള്ള മലബാർ കാർഷിക കലാപവേളയിൽ കൊല്ലപ്പെട്ടവരുടെ ഖബറുകൾ കണ്ടെത്തി ചരിത്രത്തിന്റെ അറിയാത്ത ഏടുകൾ വീണ്ടെടുക്കുകയായിരുന്നു സമീൽ. 2021 ലെ വാർഷികപ്പതിപ്പിൽ പോത്തുവെട്ടിപ്പാറയുടെ അറിയാത്ത കഥയും സമീൽ എഴുതി.

സുഹൃത്തായും വിമർശകനായും സഹയാത്രികനായും എന്നും ആഴ്ചപ്പതിപ്പിനൊപ്പം സമീൽ ഉണ്ടായിരുന്നു. സമീൽ ഇനി ഇല്ലെന്ന ശൂന്യത തീർക്കുന്ന ദുഃഖത്തിന്റെ ആഴം വിവരിക്കാനാവുന്നില്ല. വിട, പ്രിയ സമീൽ.


Tags:    
News Summary - The Urgency of Making Kerala Elderly-Friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.