‘ആഴ്ചപ്പതിപ്പ്’ വായനക്കാരുടെ കൈകളിലെത്തുമ്പോൾ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രമായിരിക്കും ബാക്കി. കേരളം ഇന്നോളം കണ്ട ഏറ്റവും വാശിയേറിയ, അനിശ്ചിതത്വങ്ങൾ നിറഞ്ഞ, അടിയൊഴുക്കുകളിൽ ഉലഞ്ഞ, മറുകണ്ടം ചാട്ടങ്ങളുടെ പരമ്പര തീർത്ത ഒരു തെരഞ്ഞെടുപ്പാണിത്. മുന്നണികളുടെയും പാർട്ടികളുടെയും നിലനിൽപുതന്നെ തെരഞ്ഞെടുപ്പ് ഫലത്തിൽ ചോദ്യം ചെയ്യപ്പെടും. മൂന്നാംവട്ടം അധികാരം ലഭിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നീങ്ങുന്ന പിണറായി സർക്കാറിന് പരാജയം നേരിട്ടാൽ അത് രാജ്യത്തുതന്നെ സി.പി.എമ്മിന്റെ നിലനിൽപ് അപകടത്തിലാക്കും. വീണ്ടും തോറ്റാൽ കോൺഗ്രസ് തകർന്നടിഞ്ഞേക്കും. ഈ വാക്വത്തിലേക്ക് ഹിന്ദുത്വ ശക്തികൾ കുതിച്ചുകയറി വരുകയുംചെയ്യും.
മേൽത്തട്ടിൽ കാണുന്നത്ര നിഷ്‍കളങ്കമല്ല തെരഞ്ഞെടുപ്പിൽ അടിത്തട്ടിലെ കാര്യങ്ങൾ. ഇന്നുവരെയുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം അടിത്തട്ടിൽ നടന്ന നീക്കുപോക്കുകൾ വലിയരീതിയിൽ ഫലത്തെ മാറ്റിമറിച്ചു. തിരശ്ശീലക്ക് പിന്നിലെ ആ അപകടങ്ങളെപ്പറ്റി ബോധ്യമുണ്ടാവണം എല്ലാ വോട്ടർമാർക്കും.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേ ഡീൽ നടന്നിരിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ബി.ജെ.പിയുമായി എൽ.ഡി.എഫിന് ഡീൽ ഉണ്ടെന്ന് യു.ഡി.എഫും തിരിച്ചാണുള്ളതെന്ന് എൽ.ഡി.എഫും ആരോപിക്കുന്നുണ്ട്. എന്നാൽ, ‘ഡീലി’നുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ട്. കുറഞ്ഞത് ഏഴു മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി ജയസാധ്യത വിലയിരുത്തുന്നുണ്ട്. മഞ്ചേശ്വരം, വട്ടിയൂർക്കാവ്, പാലക്കാട്, നേമം എന്നിങ്ങനെയുള്ള ഈ മണ്ഡലങ്ങളിൽ ചിലതെല്ലാം ബി.ജെ.പിയെ ജയിപ്പിച്ചാൽ മറ്റിടങ്ങളിൽ അവർ വോട്ടുമറിച്ചു ചെയ്യാൻ സന്നദ്ധമാകും എന്നത് ആർക്കാണറിയാത്തത്. എന്നാൽ, വോട്ടുകൾ ഭിന്നിപ്പിക്കാതെ, ജയസാധ്യതയുള്ള സ്ഥാനാർഥികളെ വിജയിപ്പിച്ചാൽ ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കാൻ നിഷ്പ്രയാസം സാധിക്കും. ആ ജാഗ്രത വോട്ടർമാർ കാട്ടേണ്ടതുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ബി.ജെ.പിയുടെ വിജയം കൃത്യമായി പഠനവിധേയമാക്കേണ്ടതുണ്ട്. മണ്ഡലം പിടിക്കാൻ ബി.ജെ.പി കൃത്യമായ പദ്ധതിയൊരുക്കി. മറ്റ് ജില്ലകളിലെ വോട്ടർമാരെ തൃശൂരിലെ സമ്മതിദായകരാക്കി മാറ്റി. അങ്ങനെ വോട്ടുചോരിയിലൂടെയും കൃത്രിമങ്ങളിലൂടെയും വിജയം സാധ്യമാകുമെന്ന് ഹിന്ദുത്വ കക്ഷികൾ പഠിച്ചിട്ടുണ്ട്. ഇത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഹിന്ദുത്വ കക്ഷികളുടെ ഏെതാരു വിജയത്തിനും ജനാധിപത്യവും മതേതരത്വവും വലിയ വിലകൊടുക്കേണ്ടിവരും.
അപവാദ പ്രചാരണങ്ങൾ, നുണയുടെ ഘോഷം, പണത്തിന്റെ കുത്തൊഴുക്ക്, നവമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം എന്നിങ്ങനെ ജയംമാത്രം ലക്ഷ്യമാക്കിയ നീക്കങ്ങൾ ഫലത്തിൽ അന്തരീക്ഷം മലീമസമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനോടടുപ്പിച്ച് വർധിക്കാനാണ് സാധ്യത. വോട്ടർപട്ടികയിൽ വന്ന മാറ്റങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ ആരാകുമെന്ന് ആരും ആർക്കും പറഞ്ഞുനൽകേണ്ടതില്ല. വിജയ പരാജയങ്ങളെ ഈ ‘കടുംവെട്ട്’ ബാധിക്കുമെന്ന കാര്യം ഉറപ്പ്.
തെരഞ്ഞെടുപ്പ് കമീഷൻ ആരുടെ പക്ഷത്ത് എന്നതാണ് മറ്റൊരു ചോദ്യം. രാജ്യത്ത് കുറച്ചുനാളായി കമീഷന്റെ പ്രവർത്തനത്തിൽ പക്ഷപാതിത്വവും ദുരൂഹതയും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അടുത്തിടെ ഇലക്ഷൻ കമീഷന്റെ സർക്കുലറിൽ കമീഷന്റെ സീലിന് പകരം ബി.ജെ.പിയുടെ സീൽ വന്നു എന്നത് ചെറിയ കാര്യമല്ല. അത് കേവലം ‘ക്ലറിക്കൽ മിസ്റ്റേ’ക്കുമല്ല. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളെ ഭരണകക്ഷി തങ്ങൾക്കുവേണ്ടി ഉപയോഗിച്ചുവെന്നതിന് നിരവധി ആക്ഷേപങ്ങൾ അടുത്ത കാലത്തായി ഉണ്ടായി.
ചുരുക്കത്തിൽ, ഔദ്യോഗിക സംവിധാനത്തിലൂടെയും അല്ലാതെയും തെരഞ്ഞെടുപ്പിൽ അട്ടിമറികൾ പലത് നടക്കാൻ സാധ്യതയുണ്ട്. ചെറിയൊരു അട്ടിമറി പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാലമാണിത്. അതിനാൽതന്നെ വോട്ടർമാർ ജാഗ്രത പുലർത്തിയേ തീരൂ. നമുക്ക് വേണ്ടത് സുതാര്യവും, സത്യസന്ധവുമായ, നേരായ തെരഞ്ഞെടുപ്പു പ്രക്രിയയാണ്. അതാണ് ജനാധിപത്യത്തെ നിലനിർത്തുക. അതിന് ജനാധിപത്യ വിശ്വാസികൾ കൂടുതൽ ക്രിയാത്മകമായി രംഗത്തുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.