തെരഞ്ഞെടുപ്പിന്റെ കാഹളം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്കും ചൂടിലേക്കും സംസ്ഥാനം വീണുകഴിഞ്ഞു. ഏപ്രിൽ 9ന്റെ ​പോളിങ് ദിന​ത്തിലേക്ക് 23 പ്രചാരണ ദിവസങ്ങൾ മാത്രമാണുള്ളത്. രാഷ്ട്രീയ കക്ഷികളും മുന്നണികളും ​സ്ഥാനാർഥി നിർണയത്തിന്റെയും മത്സരത്തി​ന്റെയും തിരക്കിലേക്ക് നീങ്ങിയിട്ടുണ്ട്. പലനിലക്കും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇടതുമുന്നണി ഭൂരിപക്ഷം സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒരു ചുവട് മുന്നിൽവന്നു. ആ ദിവസം തന്നെ അവർ സ്ഥാനാർഥിയുമായി റോഡ് ഷോ നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, അത് സാധ്യമായില്ല. ‘തുടക്കം’ എഴുതുമ്പോൾ 55 സ്ഥാനാർഥികളെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. മുസ്‍ലിം ലീഗ് തങ്ങളുടെ സ്ഥാനാർഥികളെ 17ാം തീയതി പ്രഖ്യാപിച്ചു.

വലിയ പൊട്ടിത്തെറികളാണ് ഇടത്, വലത് മുന്നണികളിൽ ഉണ്ടായത്. സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുകയാണ്. യു.ഡി.എഫ് പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യകൂടിയായ പി.കെ. ശ്യാമള മത്സരിക്കുന്നതിനെതിരെ സി.പി.എം കണ്ണൂർ ജില്ല സെ​ക്ര​േട്ടറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. പയ്യന്നൂരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ സ്ഥാനാർഥിയായി മത്സരത്തിനിറങ്ങി. ഇവിടെയും യു.ഡി.എഫ് പിന്തുണക്കുമെന്ന് അറിയുന്നു. കൊട്ടാരക്കരയിൽ സി.പി.എം നേതാവ് ഐഷ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ആഴ്ചകൾക്കുമുമ്പ് ചേർന്നിരുന്നു. കൊട്ടാരക്കരയിൽ ഐഷ പോറ്റിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ​ഒറ്റപ്പാലത്ത് പി.കെ. ശശിയും അണികളും സി.പി.എമ്മിനെ തുറന്ന് വിമർശിച്ച് പാർട്ടി വിട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വലിയ പ്രതിസന്ധി സി.പി.എമ്മിനാണ് സൃഷ്ടിച്ചത്. കേഡർ പാർട്ടിയായ സി.പി.എമ്മിൽ മുമ്പില്ലാത്ത വിധം അച്ചടക്കം ലംഘിച്ച് നേതാക്കൾതന്നെ പലതും വെളിപ്പെടുത്താനും തുറന്നുപറയാനും തയാറായിരിക്കുന്നുവെന്നത് സി.പി.എമ്മിന് വരുംദിവസങ്ങളിലും വലിയ തലവേദന തീർക്കും.

കോൺഗ്രസിലും അധികാരമോഹം തന്നെയാണ് പ്രശ്നമായി തീർന്നിട്ടുള്ളത്. കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് തുറന്ന് പ്രഖ്യാപിച്ചത് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലാക്കി. അടൂർ പ്രകാശും മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ലൈംഗിക ആരോപണം നേരിട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനും എൽദോസ് കുന്നപ്പള്ളിക്കും ​കോൺഗ്രസ് സീറ്റ് നിഷേധിച്ചിട്ടുണ്ട്. അതേസമയം, മുകേഷിന് സീറ്റ് നൽകിയില്ലെങ്കിലും പത്തനാപുരത്ത് ഗണേഷ് കുമാറിനോട് ആ സമീപനമല്ല എൽ.ഡി.എഫ് എടുത്തിട്ടുള്ളത്. തലശ്ശേരിയിൽ ഫസൽവധ​േക്കസ് പ്രതിയായ കാരായി രാജന്റെ സ്ഥാനാർഥിത്വവും സി.പി.എമ്മി​നെ തിരിഞ്ഞുകൊത്താനിടയുണ്ട്.

സി.പി.ഐയും ചരിത്രത്തിൽ ഇല്ലാത്ത വിധം പ്രതിസന്ധി നേരിടുകയാണ്. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ വീണ്ടും മത്സരിക്കാൻ താൽപര്യപ്പെട്ടത് പാർട്ടി നിഷേധിച്ചു. ആദ്യം കോൺഗ്രസ് പിന്തുണ നേടിയ അദ്ദേഹം ഒടുവിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിച്ചു. വൈക്കത്തെ മുൻ എം.എൽ.എ കെ. അജിത്തും സി.പി.ഐ പാളയം വിട്ട് ബി.ജെ.പി കൂടാരത്തിലെത്തി. കമ്യൂണിസ്റ്റ് മൂല്യബോധം എന്നവകാശപ്പെട്ട സംഘടനയുടെ അംഗങ്ങൾ പെട്ടെന്ന് എങ്ങനെ ഹിന്ദുത്വ ക്യാമ്പിൽ എത്തിയെന്നത് ഗൗരവമായ ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. കോൺഗ്രസ് നേതാക്കളായ ബാബു ദിവാകരൻ അടക്കം പലരും ബി.ജെ.പി കൗടാരത്തിലെത്തിയിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം സി.പി.എം മുൻ എം. എൽ.എ എസ്. രാജേന്ദ്രനും ഒരു നാണക്കേടുപോലുമില്ലാതെ ബി.ജെ.പിയിൽ അടുത്തിടെ ചേർന്നിരുന്നു.

​യു.ഡി.എഫ് ഇത്തണ വ്യത്യസ്തമായ തെരഞ്ഞെടുപ്പുതന്ത്രമായിരിക്കും സ്വീകരിക്കുക എന്ന് ആദ്യഘട്ടത്തിൽ തോന്നിപ്പിച്ചിരുന്നു. വൈക്കം ദലിത് ചിന്തകൻകൂടിയായ സണ്ണി എം. കപിക്കാടിനും വയനാട്ടിൽ സി.കെ. ജാനുവിനും സീറ്റ് നൽകുമെന്ന് പറഞ്ഞ് കേട്ടിരുന്നു. അതൊരു ചരിത്രപരമായ തീരുമാനവും ആകുമായിരുന്നു. എന്നാൽ, ആദ്യം സി.കെ. ജാനുവിന്റെ പേര് വെട്ടിയ കോൺഗ്രസ് വൈക്കത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ സണ്ണി എം. കപിക്കാടിന്റെ പേരും ഒഴിവാക്കി.

പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥികളിലൂടെ കണ്ണോടിക്കുമ്പോൾ ചില കാര്യങ്ങൾ സുവ്യക്തമാണ്. സ്ത്രീ പ്രാതിനിധ്യം ആനുപാതികമല്ല. ദലിത്, ആദിവാസി വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യമോ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കാനോ ശ്രമം നടത്തിയിട്ടില്ല. ചെറുപ്പക്കാരെ മതിയായ രീതിയിൽ പരിഗണിച്ചിട്ടില്ല. സവർണജാതി സമൂഹങ്ങളിൽനിന്നുള്ളവർക്കു ആനുപാതികമല്ലാത്ത പ്രാതിനിധ്യവും മുൻതൂക്കവും ലഭിച്ചിട്ടുണ്ട്. മുസ്‍ലിം ലീഗ് രണ്ട് വനിതാ സ്ഥാനാർഥികളെ നിർത്തിയത് കുറച്ചുകാണേണ്ട കാര്യമല്ല. പക്ഷേ, മൊത്തത്തിൽ രാഷ്ട്രീയ പാർട്ടികൾ ആധിപത്യ സമുദായങ്ങൾക്ക് വിധേയമായ കാഴ്ച ആശങ്കയുണർത്തുന്നുണ്ട്.

മൂന്നാം ഭരണം എന്ന ലക്ഷ്യമിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മത്സരിക്കുന്നത്. തുടർഭരണം ജനാധിപത്യത്തിന് ഗുണകരമല്ല എന്ന വാദം ഒരു വിഭാഗം സാംസ്കാരിക നായകർ ഉയർത്തിയിരുന്നു. എന്നാൽ, തുടർഭരണവും ജനാധിപത്യമാണ് എന്ന വാദം മറുപക്ഷവും ഉയർത്തുന്നു. തുടർഭരണത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നത് യാഥാർഥ്യമാണെങ്കിലും ഇപ്പോൾ അത് കൂടുതൽ ചർച്ച ചെയ്യേണ്ടതില്ല. ശാസ്ത്രീയമായ വികസനം, സുസ്ഥിരമായ സമ്പദ് ഘടന എന്നിവയാണ് കേരളത്തിന് ആവശ്യം. കടത്തിലും മറ്റ് സാമ്പത്തിക പ്രതിസന്ധികളിലും കേരളത്തെ നയിക്കാൻ ഉറച്ച നേതൃത്വം ആവശ്യമുണ്ട്.

പ​േക്ഷ, ചർച്ച ചെയ്യേണ്ട ഗൗരവമായ ഒരു കാര്യമുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ ആര് അധികാരത്തിൽ വരുന്നുവെന്നതിനേക്കാൾ എ​ത്രയോ മടങ്ങ് പ്രധാനമാണത്. ഹിന്ദുത്വ ശക്തികളുടെ വളർച്ച. നേമം, വട്ടിയൂർക്കാവ്, പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ വിവിധ സീറ്റുകളിൽ ബി.ജെ.പിക്ക് മുൻതൂക്കമുണ്ട്. ശരിയായരീതിയിൽ ഇവിടെ ഇട​െപട്ടില്ലെങ്കിൽ, ശരിയായ തെരഞ്ഞെടുപ്പുകൾ നടന്നില്ലെങ്കിൽ ഹിന്ദുത്വശക്തികൾ വിജയിക്കും. കഴിഞ്ഞ ലോക്സഭാ തെര​ഞ്ഞെടുപ്പിലടക്കം അവർ ചിലയിടങ്ങളിൽ മുൻതൂക്കം നേടിയിരുന്നു. അത് വാസ്തവത്തിൽ നമ്മുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണ്. ജനങ്ങളുടെ പ്രധാന ദൗത്യവും കടമയും നമ്മുടെ കേരളം പുരോഗമനപരമായി നിലനിൽക്കുകയാണ്. ഈ മണ്ണിൽ വർഗീയതക്കും വിദ്വേഷത്തിനും ഇടമില്ല എന്നുറക്കെ പ്രഖ്യാപിക്കുകയാണ് വേണ്ടത്. ഇവിടെ പരാജയപ്പെട്ടാൽ കേരളമാണ് തോൽക്കുക. അത് പാടില്ല.

Tags:    
News Summary - state has plunged into the assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-15 01:45 GMT