കൊടുക്കണം, ഒരു ചുവപ്പ് കാർഡ് ട്രംപിനും

ഒരിക്കലും ഒരു കളിയും കളിസ്ഥലത്തിനുള്ളിൽ ഒതുങ്ങുന്നില്ല. കളി മിക്കപ്പോഴും നടക്കുന്നത് കളിസ്ഥലത്തിന് പുറത്താണ്. ബൗണ്ടറി ലൈനുകൾ കടന്ന്, ബോർഡർ വരകൾ കവിഞ്ഞ്. കച്ചവടവും വംശീയതയും ദേശീയവെറികളും എല്ലാം കളിയിൽ അടങ്ങിയിരിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്ബാളും അതിൽ അപവാദമല്ല. സ്ഥിരീകരണമാണ്.

അമേരിക്ക ഇത്തവണ ആതിഥേയ റോളിലാണ്. സ്വാഭാവികമായി അമേരിക്കൻ സങ്കുചിത ദേശീയ വെറിയുടെ പ്രകടന ഇടമായി ലോകകപ്പ് മാറി. ചുവപ്പ് കാർഡ് കിട്ടിയ അമേരിക്കൻ സ്‌ട്രൈക്കർ ഫൊളാറിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇടപെടൽ നടത്തിയത് അതിൽ ഒന്നുമാ​ത്രം. ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയോട് ആവശ്യപ്പെട്ടതോടെ താരത്തിന്റെ സസ്‌പെൻഷൻ നടപ്പാക്കുന്നത് നീട്ടിവെച്ചു. അടുത്ത മത്സരത്തിൽ കളിക്കാൻ അനുമതി കിട്ടി.

ഫിഫയുടെ നടപടിയെ വിമർശിച്ച് യൂറോപ്യൻ ഫുട്‌ബാൾ ഫെഡറേഷനും (യുവേഫ) മുൻ താരങ്ങളും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഫിഫയുടെ തീരുമാനത്തെ അഭിനന്ദിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിപ്പുമിട്ടു. ‘‘ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫക്ക് നന്ദി!’’ –എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ബോസ്നിയക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിലാണ് ബലോഗൻ ചുവപ്പ് കാർഡ് നേടിയത്. സ്വാഭാവികമായി അടുത്ത കളി നഷ്ടപ്പെടും.

ലോകകപ്പ് നിയമാവലിയനുസരിച്ച് ചുവപ്പുകാർഡിനെതിരെ അപ്പീൽ അനുവദനീയമല്ല. നേരിട്ടുള്ള റെഡ് കാർഡാണെങ്കിൽ ഒരു മത്സരത്തിൽ വിലക്കെന്നാണ് നിയമം. സാഹചര്യമനുസരിച്ച് ഇത് നീട്ടാം. എന്നാൽ, ഒരു മത്സരത്തിൽമാത്രം വിലക്ക് ലഭിച്ച ബലോഗന്റെ സസ്‌പെൻഷൻ ഫിഫ ഒരു വർഷത്തേക്ക് മരവിപ്പിച്ചു. സസ്‌പെൻഷൻ ഒരു വർഷത്തെ പ്രൊബേഷൻ കാലാവധിയോടെ താൽക്കാലികമായി നീട്ടിവെക്കുകയാണെന്നാണ് ഫിഫ തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചത്.

​ട്രംപ് ഇടപെട്ട് വിലക്ക് നീക്കിയെങ്കിലും കാര്യമുണ്ടായില്ല. കളത്തിൽ മികച്ച പ്രകടനം പുലർത്താൻ ബലോഗന് സാധിച്ചില്ല. ആകെ 19 ടച്ചുകളും മൂന്ന് ഷോട്ടുകളുമാണ് ബലോഗൻ നേടിയത്. ഒറ്റ ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് പോയത്. ഗോളോ അസിസ്‌റ്റോ ആ ബൂട്ടിൽ നിന്ന് പിറന്നതുമില്ല. യു.എസ് സ്‌ട്രൈക്കർ നിരാശപ്പെടുത്തിയെന്ന് മാത്രമല്ല ടീം തകർന്നടിഞ്ഞു. ഒന്നിനെതിരെ നാലുഗോളുകൾക്ക് ബെൽജിയത്തോട് തോറ്റ് അമേരിക്ക ടൂർണമെന്റിൽനിന്ന് പുറത്തായി.

ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന അതിരുകടന്ന തീരുമാനമാണ് ട്രംപിന്റെ ഇടപെടൽ എന്ന് യൂറോപ്യൻ ഫുട്ബാൾ ഫെഡറേഷൻ (യുവേഫ) പ്രസ്താവിച്ചത് ശരിയാണ്. കളിയു​െടയും ലോകകപ്പി​ന്റെയും വിശ്വാസ്യതയെ തന്നെ തകർക്കും. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ വിവാദമാണ് ട്രംപ് മൂലമുണ്ടായത്. കായികരംഗത്തെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളുടെ ഇടപെടലിന്റെ തുറന്ന ഉദാഹരണമാണത്.

ബോസ്നിയക്കെതിരായ യു.എസിന്റെ വിജയത്തിന് പിന്നാലെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെ നേരിട്ട് വിളിച്ച് ബലോഗന്റെ ചുവപ്പ് കാർഡ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നതായി എ.ബി.സി ന്യൂസ് സ്ഥിരീകരിക്കുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ‘‘ആ റെഡ് കാർഡ് വിധിയിലൂടെ യു.എസ് ടീം ചതിക്കപ്പെടുകയായിരുന്നു’’ എന്നാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പാകെ ന്യായീകരിച്ചത്.

ചുവപ്പ് കാർഡ് നൽകേണ്ടത് ട്രംപിനും കളിയെ വംശീയതക്കും വർണവെറിക്കും സങ്കുചിത ദേശീയബോധത്തിനും ​വിധേയമാക്കുന്നവർക്കുമാണ്. കായിക പ്രേമികൾ ആ കാർഡ് എടുത്തുയർത്തി കാട്ടിയില്ലെങ്കിൽ കളിയുടെ സൗന്ദര്യംതന്നെ നശിക്കും. കളിയും അധികാരത്തിന്റെ പൽചക്രമായി മാറും. അതു പാടില്ല.

Tags:    
News Summary - Trump’s Red Card Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.