കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു നിമിഷം

യുദ്ധങ്ങളുടെ, അധിനിവേശത്തിന്റെ, വംശീയ ഉന്മൂലനങ്ങളുടെ, കൂട്ടക്കൊലകളുടെ, ദുരന്തങ്ങളുടെ ആദ്യ ഇരകൾ എന്നും കുഞ്ഞുങ്ങളാണ്. എന്നാൽ, ജീവിതം തുടങ്ങുന്നതിനുമുമ്പേ കുരുന്നുകൾ കൊല്ലപ്പെടുകയോ അംഗഭംഗം വരുത്തപ്പെടുകയോ ചെയ്യുന്നു. തീർത്തും നിരപരാധികളായ കുട്ടികളുടെ ജീവൻ പലപ്പോഴും മുതിർന്നവരുടെ മതി​ഭ്രമങ്ങളിലും അധികാരദുരയിലും ഏറ്റുമുട്ടൽ വെറികളിലും പരിഗണിക്കപ്പെടാറുപോലുമില്ല.

കഴിഞ്ഞ വർഷം, 2025ൽ, ലോകത്തു നടന്ന സായുധ സംഘർഷങ്ങൾ കാൽ ലക്ഷത്തോ ളം കുഞ്ഞുങ്ങളെ ബാധിച്ചതായി ​സായുധ സംഘർഷങ്ങളിലെ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം കുറക്കാൻ രൂപവത്കരിച്ച സമിതിയുടെ ഏറ്റവും ഒടുവിലത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ലോകത്തുടനീളം നടന്ന 38,558 അതിക്രമങ്ങളിൽ 24,174 കുട്ടികൾ ഇരയായി. മുപ്പതുവർഷത്തിനിടെ നടന്ന ഏറ്റവും ഉയർന്ന ശിശുഹത്യാനിരക്കാണിത്. ഐക്യരാഷ്​ട്രസഭയുടെ ഭാഗമായി, 1996 ലാണ് ഈ സമിതി രൂപവത്കരിക്കപ്പെട്ടത്. 14,224 കുരുന്നുകൾ അംഗഭംഗത്തിനും വിധേയരായി. ഈ കുരുന്നുകളിൽ പകുതിയോളം ഫലസ്തീനിലായിരുന്നു. ഫലസ്തീനു പിന്നാലെയുള്ളത് കോംഗോ, നൈജീരിയ, മ്യാന്മർ, സോമാലിയ എന്നീ രാജ്യങ്ങളാണ്.

1986-1996 ദശകത്തിൽ ലോകവ്യാപകമായി രണ്ടു ദശലക്ഷം കുഞ്ഞുങ്ങൾ സായുധ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭ, ഇപ്പോൾ റിപ്പോർട്ട് തയാറാക്കിയ സമിതി രൂപവത്കരിച്ചത്. അന്ന് കുരുന്നുകളുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദി ആഭ്യന്തരയുദ്ധങ്ങളായിരുന്നു. വിമത കലാപ ഗ്രൂപ്പുകളും വംശീയ ഭീകരസംഘങ്ങളുമായിരുന്നു അന്ന് പഴികേട്ടത്. ഇന്ന് ഭരണകൂടങ്ങളാണ് കുരുന്നുകളെ കൊലപ്പെടുത്തുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. ഇത്തവണത്തെ റിപ്പോർട്ടിൽ വായിച്ചെടുക്കാവുന്ന ‘ഭരണകൂടം’ ഇസ്രായേൽ തന്നെയാണ്.

കുരുന്നുകൾ കൊല്ലപ്പെടുന്നതിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗു​െട്ടറസ് തന്റെ അമർഷം പരസ്യമായി പ്രകടിപ്പിച്ചു. കുട്ടികൾ​ക്കെതിരായ അതിഗുരുതരമായ അതിക്രമങ്ങൾ ഫലസ്തീനിൽ കൈയും കണക്കുമില്ലാതെ വർധിക്കുന്നത് ആശങ്കയുടെ ആഴം കൂട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ​ സേനക്കുപുറമെ അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി കടന്നുകയറ്റക്കാരും അതിൽ കാര്യമായ പങ്കുവഹിക്കുന്നുവെന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുവെന്നും ഗു​െട്ടറസ് വ്യക്തമാക്കി.

ഏത് യുദ്ധത്തിലായാലും സംഘർഷത്തിലായാലും കുട്ടികൾ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യരുത്. അവരുടേതാണ് ഈ ഭൂമി, ഈ ലോകം. ഈ മണ്ണിൽ അവർക്ക് മറ്റെല്ലാവരെയുംപോലെ ജീവിക്കാൻ അർഹതയുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കണം.

കുഞ്ഞുങ്ങൾ ആക്രമിക്കപ്പെടരുത് എന്നു പറഞ്ഞാൽ അതിനർഥം മറ്റൊന്നുകൂടിയാണ്–സംഘർഷ മുക്തമായ ഭൂഗോളം. സമാധാനത്തിൽ എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാനാകണം. അതിന് ​േവണ്ടത് സമാധാനമുള്ള, ജീവിക്കാൻ പ്രേരിപ്പിക്കുന്ന, കൊതിപ്പിക്കുന്ന മനോഹരമായ പ്രപഞ്ചവുമാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നു പറഞ്ഞാൽ അതുകൂടിയാണ് അർഥം. അതാവണം മു​ദ്രാവാക്യം. അതാവണം കാഴ്ചപ്പാട്.

Tags:    
News Summary - UN Report Reveals Record Rise in Child Casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.