ആണവായുധം ഇല്ലാത്ത ലോകം

ലോക ജനതക്ക് ഭീഷണിയാണ് ആണവായുധങ്ങൾ. വികസിത രാജ്യങ്ങൾക്ക് മാത്രമല്ല, ഇന്ത്യയും പാകിസ്താനുംപോലുള്ള മൂന്നാം ലോക വികസ്വര രാജ്യങ്ങൾക്കുമുണ്ട് ആണവായുധ കരുത്ത്.ഒര​ു യുദ്ധത്തിൽ ആണവായുധങ്ങൾ വിവേചനരഹിതമായി പ്രയോഗിക്കാൻ സാധ്യതയേറെയാണ്. പ്രത്യേകിച്ച് ട്രംപുമാർ ലോകം ഭരിക്കുമ്പോൾ. അടുത്തിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗു​െട്ടറസ് നടത്തിയ പ്രസ്താവന അധികം പേർ ശ്രദ്ധിച്ചുവോ എന്നറിയില്ല. ‘‘ലോകം അതിഗുരുതരമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അമ്പത് വർഷത്തിനിടെ, ഇതാദ്യമായി ആണവായുധങ്ങളെ നിയന്ത്രിക്കുന്ന ഉടമ്പടിയില്ലാത്തൊരു ലോകത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.... ആണവായുധം ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഏറ്റവും ഉയർന്നുനിൽക്കുന്ന സന്ദർഭമാണിത്.’’ എന്തുകൊണ്ട്?

ഉത്തരം ലളിതമാണ്. ലോകത്തെ, 80 ശതമാനം ആണവായുധങ്ങളും കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളായ റഷ്യയും യു.എസും തമ്മിൽ ആണവായുധ നിർവ്യാപനത്തിനായി ഒപ്പിട്ട അവസാനത്തെ ഉടമ്പടിയുടെ കാലാവധി ഫെബ്രുവരി നാലിന് അവസാനിച്ചുവെന്നത് തന്നെ കാരണം. 2011 ഫെബ്രുവരി അഞ്ചിന്, ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവും ഒപ്പുവെച്ച കരാർ ഇല്ലാതായിരിക്കുന്നു. ന്യൂ സ്റ്റാർട്ട് അഥവാ, ‘ദി സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി’ എന്നറിയപ്പെടുന്ന ഈ ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളും തങ്ങളുടെ ആണവായുധങ്ങൾ അടക്കം എണ്ണത്തിലും വിന്യാസത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. വിന്യസിക്കാവുന്ന ആയുധങ്ങളുടെ എണ്ണം 1550ഉം മിസൈൽ, ബോംബറുകൾ എന്നിവയുടെ എണ്ണം 700ഉം ആക്കി നിജപ്പെടുത്താൻ തീരുമാനിച്ചു. കരാർ കാലാവധി കഴിഞ്ഞതോടെ, ആയുധനിർമാണത്തിലും വിന്യാസത്തിലും നിയന്ത്രണമില്ലെന്നു വന്നിരിക്കുന്നു.

2018 വരെ, ഇരു രാജ്യങ്ങളും കരാർ പാലിച്ചു.2017ൽ, കരാർ നീട്ടാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിർദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. 1987ൽ, സോവിയറ്റ് യൂനിയനുമായി യു.എസ് ഒപ്പുവെച്ച മധ്യദൂര ആണവായുധ നിയന്ത്രണ കരാറിൽനിന്ന് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. 2023 ഫെബ്രുവരിയിൽ തങ്ങളുടെ ആണവായുധ ശേഖരങ്ങൾ പരിശോധിക്കുമെന്ന യു.എസ്-നാറ്റോ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ന്യൂ സ്റ്റാർട്ട് കരാറിൽനിന്ന് പിൻവാങ്ങുന്നുവെന്നു പുടിൻ പ്രസ്താവിച്ചു.

ഫലത്തിൽ ന്യൂ സ്റ്റാർട്ട് കരാർ അവസാനിക്കുന്നതോടെ, വൻശക്തി ആണവായുധ രാജ്യങ്ങളെ നിയന്ത്രിക്കുന്ന ഒരു നിയമമില്ല. അത് തീർത്തും അപകടകരമായ അവസ്ഥയാണ്. 1970ൽ, ആണവ നിർവ്യാപന കരാർ പ്രാബല്യത്തിൽ വന്നശേഷം ഒരുപക്ഷേ, ഇതാദ്യമായിട്ടാകും ഇത്തരമൊരു സാഹചര്യം. ഈ രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്നത് ഉന്മാദ ദേശീയതയുടെ ഭ്രാന്തന്മാരാണ്.

ചൈനയും വലിയതോതിൽ ആണവായുധ സമ്പുഷ്ടീകരണം നടത്തിയിട്ടുണ്ട്. നിലവിൽ ചൈനക്ക് 600 ആണവായുധങ്ങളുണ്ടെന്നാണ് കണക്ക്. അമേരിക്കയുടെ കൈയിൽ 1770 ആണവായുധങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അണിയറയിൽ 1930 എണ്ണം വേറെയും. റഷ്യക്ക് ഇത് യഥാക്രമം, 1718ഉം 2591ഉമാണ്. അഥവാ, ആണവായുധ സമ്പുഷ്ടീകരണത്തിൽ ശക്തമായൊരു മത്സരം നടക്കുമ്പോഴാണ് എല്ലാ വൻശക്തികൾക്കും ‘സ്വതന്ത്ര’മായി വിഹരിക്കാനുള്ള അവസരം കൈവന്നിരിക്കുന്നത്. അതല്ല വേണ്ടത്. ആണവ നിരായുധീകരണം തന്നെയാണ് മുന്നിലുള്ള ഏക പാത. അതാണ് സമാധാനത്തിന്റെ വഴി.


Tags:    
News Summary - A world without nuclear weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.