മരോട്ടിക്കായ് തിന്ന കാക്കയെപ്പോലെ എന്നൊരു പഴമൊഴിയുണ്ട്. വിഷാംശമുള്ള മരോട്ടിക്കായ തിന്നാൽ മത്തുപിടിച്ച് കാക്കകൾ അസ്വാഭാവികമായി പെരുമാറുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിഷാംശമുള്ള, മരോട്ടിക്കായ ഉണ്ടാകുന്ന മരമാണ് മരോട്ടി. എന്റെ വീടിനടുത്തുള്ള ചെറിയൊരു കാവിൽ ഇപ്പോഴും വലിയൊരു മരോട്ടിമരം മഴുവിന് ഇരയാകാതെ ബാക്കിയായിട്ടുണ്ട്.കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടമേഖലയിലെ ഒരു സ്ഥാനികവൃക്ഷമാണിത്. അതായത് പശ്ചിമഘട്ടത്തിൽ മാത്രം വളരുന്ന ഒന്ന്. കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർധ നിത്യഹരിതവനങ്ങളിലും കാവുകളിലും നാട്ടിൻപുറങ്ങളിലും ഈ വൃക്ഷം വളരുന്നുണ്ട്. വനങ്ങളിൽ ഇത് പുഴയോരങ്ങളിലാണ് ...
മരോട്ടിക്കായ് തിന്ന കാക്കയെപ്പോലെ എന്നൊരു പഴമൊഴിയുണ്ട്. വിഷാംശമുള്ള മരോട്ടിക്കായ തിന്നാൽ മത്തുപിടിച്ച് കാക്കകൾ അസ്വാഭാവികമായി പെരുമാറുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിഷാംശമുള്ള, മരോട്ടിക്കായ ഉണ്ടാകുന്ന മരമാണ് മരോട്ടി. എന്റെ വീടിനടുത്തുള്ള ചെറിയൊരു കാവിൽ ഇപ്പോഴും വലിയൊരു മരോട്ടിമരം മഴുവിന് ഇരയാകാതെ ബാക്കിയായിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടമേഖലയിലെ ഒരു സ്ഥാനികവൃക്ഷമാണിത്. അതായത് പശ്ചിമഘട്ടത്തിൽ മാത്രം വളരുന്ന ഒന്ന്. കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർധ നിത്യഹരിതവനങ്ങളിലും കാവുകളിലും നാട്ടിൻപുറങ്ങളിലും ഈ വൃക്ഷം വളരുന്നുണ്ട്. വനങ്ങളിൽ ഇത് പുഴയോരങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്.
25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ഇടത്തരം വൃക്ഷത്തിന്റെ തൊലിക്ക് മങ്ങിയ തവിട്ടുനിറമാണ്. തൊലിയിൽ വെളുത്ത പാടുകളും പുള്ളിക്കുത്തുകളും കാണാം. ശാഖകൾക്ക് ചാരനിറമാണ്. 8-17 സെന്റിമീറ്റർ നീളവും 3-8 സെന്റിമീറ്റർ വീതിയുമുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലകളുടെ അഗ്രഭാഗം കൂർത്തതാണ്. ഇലഞെട്ടിന് രണ്ടു സെന്റിമീറ്ററോളം നീളമുണ്ടാകും. 6 -7 പ്രായമായാൽ പൂക്കാനും കായ്ക്കാനും തുടങ്ങും.
ഡിസംബർ-മാർച്ച് മാസങ്ങളിലാണ് പൂക്കുന്നത്. ശാഖകളിലാണ് പൂക്കൾ ഉണ്ടാകുന്നത്. ചെറിയ ഏകലിംഗപുഷ്പങ്ങൾക്ക് മഞ്ഞിച്ച പച്ചനിറമാണ്. അര സെന്റിമീറ്റർ വ്യാസം ഉണ്ടാകും. ദളങ്ങളും വിദളങ്ങളും അഞ്ചു വീതം. 5-15 കേസരങ്ങൾ കാണും. 5 -7 സെന്റിമീറ്റർ വ്യാസമുള്ള ഉരുണ്ട കായ്കൾക്ക് തവിട്ടുനിറമാണ്. പരുപരുത്തതും ചെറുമുഴകളുള്ളതുമായ കട്ടിയുള്ള തോടിനുള്ളിലായി കട്ടികൂടിയ മാംസളഭാഗങ്ങൾക്കിടയിലായി പത്തിരുപത് വിത്തുകളുണ്ടാകും. വിത്തുകൾക്ക് മഞ്ഞനിറമാണ്.
നീരട്ടി, നീരളം, നീറ്റിക്കായ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Hydnocarpus pentandrus എന്നാണ്. കൂണുപോലുള്ള എന്നർഥം വരുന്ന hydnon, ഫലം എന്നർഥമുള്ള karpos എന്നീ ഗ്രീക് പദങ്ങൾ ചേർത്താണ് ഇതിന്റെ ജനുസ്സ് നാമം നൽകപ്പെട്ടിരിക്കുന്നത്. അഞ്ച് കേസരങ്ങളുള്ളത് എന്നാണ് സ്പീഷീസ് പദം നൽകുന്ന സൂചന. അക്കാരിയേസിയെ(Achariaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Chaulmoogra എന്നാണ് ഇംഗ്ലീഷിലുള്ള പേര്. കുഷ്ഠരോഗ സംഹാരി എന്ന നിലയിൽ സംസ്കൃതത്തിൽ തുവരകഃ, കുഷ്ഠവൈരീഃ എന്നീ പേരുകളുണ്ട്.
ജീവജാലങ്ങളെ മത്തുപിടിപ്പിക്കുന്ന മരോട്ടിക്കായിൽ ഔഷധ ഗുണങ്ങളും ലയിച്ചിരിക്കുന്നു. മുള്ളൻപന്നിയുടെ ഇഷ്ട ഭക്ഷണമായ മരോട്ടിക്കായ്, അത് ഭക്ഷിച്ചതിന്റെ ആലസ്യം തീർക്കുന്നത് മൂന്നു ദിവസം ഭക്ഷണം കഴിക്കാതെ മടയിൽ മയങ്ങിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇക്കാലത്ത് ഇതിനെ വേട്ടയാടി പിടിച്ച് ഇതിന്റെ മാംസം ഭക്ഷിക്കുന്ന മനുഷ്യന്, ചെറിയ രീതിയിൽ ഛർദിയുണ്ടാവുമത്രെ!
പണ്ടുകാലം മുതൽതന്നെ ഔഷധ ആവശ്യങ്ങൾക്ക് വേണ്ടിയും, കുരു ആട്ടിയെടുക്കുന്ന എണ്ണക്കു വേണ്ടിയും കാക്കയെ അകറ്റാനും മത്സ്യ ബന്ധനത്തിനും കേരവൃക്ഷ രോഗങ്ങൾക്കും ഇതിന്റെ പരിപ്പ് ഉപയോഗിച്ചിരുന്നു. കുരുക്കൾ ആട്ടിയെടുത്ത എണ്ണ ആയുർവേദ ഔഷധങ്ങളിൽ ചേരുവയാണ്. ത്വക് രോഗശാന്തിക്കായി പലവിധ തൈലങ്ങളിലും നീരളത്തെണ്ണ എന്ന മരോട്ടിയെണ്ണ പ്രധാനമായും ചേരുന്നുണ്ട്.
1678ൽ പ്രസിദ്ധീകരിക്കപ്പെട്ട ലാറ്റിൻ ഭാഷയിലുള്ള ഗ്രന്ഥമായ ഹോർത്തുസ് മലബാറിക്കൂസിന്റെ ഒന്നാം വാല്യത്തിൽ മരോട്ടിയുടെ ഉപയോഗത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു:‘കുരുവിൽനിന്നെടുക്കുന്ന എണ്ണ വേദനസംഹാരിയാണ്. ഇത് പുരട്ടിയാൽ കടിയകറ്റി ചൊറി സുഖപ്പെടുത്തുന്നു. ലവണദ്രാവകങ്ങൾ കണ്ണിലായാലുണ്ടാകുന്ന വിഷമാവസ്ഥക്കും ധാരയായി കണ്ണീർ പ്രവഹിക്കുന്നത് തടയാനും എണ്ണ നല്ലതാണ്. വ്രണങ്ങളിൽ പുരട്ടുന്നതിനും നല്ലതാണ്.’
മരോട്ടിയിൽ മുട്ടയിടുന്നതിനാലാണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന Tamil Yeoman എന്ന ചിത്രശലഭത്തിന് മരോട്ടിശലഭം എന്നു പേര് നൽകിയിരിക്കുന്നത്. മരോട്ടിശലഭം തമിഴ്നാടിന്റെ സംസ്ഥാന ചിത്രശലഭവുമാണ്. അടുത്തകാലത്തായി പറമ്പുകളിലും നാട്ടിൻപുറങ്ങളിലുമുള്ള മരോട്ടിമരങ്ങൾ പലകാരണങ്ങളാൽ മുറിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. ശലഭോദ്യാനങ്ങൾ ഒരുക്കുമ്പോഴെങ്കിലും ഈ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഇവയെ സംരക്ഷിക്കുന്നത് നല്ലതാണ്.
തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിലെ മരോട്ടിച്ചാൽ, തൃക്കാക്കരയിലെ മരോട്ടിച്ചുവട് എന്നീ സ്ഥലങ്ങൾക്ക് ഈ വൃക്ഷവുമായി ബന്ധപ്പെട്ടാണ് പേര് ലഭിച്ചിരിക്കുന്നത്. Hydnocarpus ജനുസ്സിൽ ഉൾപ്പെടുന്ന Hydnocarpus alpina (കാട്ടുമരോട്ടി), Hydnocarpus macrocarpa ( മലമരോട്ടി), Hydnocarpus pendulus (ചെറു മരോട്ടി), Hydnocarpus kurzii (നീരോട്ടി) എന്നിവയും കേരളത്തിൽ കാണപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.