“പൂവ്വാമരത്ത്മ്മല് വീണു തത്ത പൂവത്തുംകായൊന്നു കൊത്തീ തത്ത..” (വേട്ടെക്കാരുമകൻ തോറ്റം) ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് ഇടനാട്ടിലും മലനാട്ടിലും ചുവന്ന തളിരുകളാൽ സമ്പന്നമായ വലിയ മരങ്ങൾ കാണാം. ചുവന്ന തളിരിലകൾ ദൂരെനിന്ന് കാണുമ്പോൾ പൂക്കളാണെന്നേ തോന്നൂ. പൂവം തളിർത്തുനിൽക്കുന്നതാണിത്. ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന വലിയ വൃക്ഷമാണ് പൂവം. 20 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. കേരളത്തിലെ അർധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും...
“പൂവ്വാമരത്ത്മ്മല് വീണു തത്ത
പൂവത്തുംകായൊന്നു
കൊത്തീ തത്ത..”
(വേട്ടെക്കാരുമകൻ തോറ്റം)
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് ഇടനാട്ടിലും മലനാട്ടിലും ചുവന്ന തളിരുകളാൽ സമ്പന്നമായ വലിയ മരങ്ങൾ കാണാം. ചുവന്ന തളിരിലകൾ ദൂരെനിന്ന് കാണുമ്പോൾ പൂക്കളാണെന്നേ തോന്നൂ. പൂവം തളിർത്തുനിൽക്കുന്നതാണിത്.
ഇന്തോ-മലേഷ്യൻ മേഖലയിൽ കാണപ്പെടുന്ന വലിയ വൃക്ഷമാണ് പൂവം. 20 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. കേരളത്തിലെ അർധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു. തൊലിക്ക് ചാരനിറമാണ്. സമ്മുഖമായി വിന്യസിക്കപ്പെട്ടിട്ടുള്ള 4-6 സഹപത്രങ്ങൾ ചേർന്ന ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. സഹപത്രങ്ങൾക്ക് 5-15 സെന്റിമീറ്റർ നീളവും 2-4.5 സെന്റിമീറ്റർ വീതിയും കാണും.
െഫബ്രുവരി-മാർച്ച് മാസങ്ങളിലാണ് പൂക്കുന്നത്. പച്ചകലർന്ന മഞ്ഞനിറമുള്ള ചെറിയ പൂക്കൾക്ക് ദളങ്ങളില്ല. ബാഹ്യദളങ്ങൾ അഞ്ചെണ്ണം. 7-8 കേസരങ്ങളുണ്ട്. പച്ചനിറമുള്ള കായകൾക്ക് ഒന്നര സെന്റിമീറ്ററോളം വണ്ണമുണ്ട്. കായ്കൾക്ക് പലപ്പോഴും മുള്ളുപോലുള്ള ഏതാനും മുഴകൾ കാണാം.
ദൂതളം, പൂവത്തി, പൂവണം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Schleichera oleosa എന്നാണ്. സ്വിസ് സസ്യശാസ്ത്രജ്ഞനായിരുന്ന J.C. Schleicherനോടുള്ള ആദരസൂചകമായിട്ടാണ് ജനുസ്സ് നാമം നൽകിയിരിക്കുന്നത്. Oleosa എന്ന സ്പീഷീസ് നാമത്തിനർഥം എണ്ണമയമുള്ളത്/എണ്ണ അടങ്ങിയിരിക്കുന്നത് എന്നാണ്.
സോപ്പിൻ കായ ഉൾപ്പെടുന്ന സാപ്പിൻഡേസിയേ (Sapindaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Ceylon Oak, GumlacTree, KusumTree, Macassar Oil Tree, Honey Tree എന്നീ പേരുകളുണ്ട്. കുസുംഭാ എന്നാണ് സംസ്കൃതനാമം.
തൊലിയും വിത്തെണ്ണയും ഔഷധമാണ്. ചർമരോഗങ്ങൾ, വാതം, ചൊറിച്ചിൽ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. തലയിൽ ഉണ്ടാകുന്ന വട്ടച്ചൊറിക്കും (alopecia) വിത്തെണ്ണ ഉപയോഗിക്കാറുണ്ട്.
കോലരക്കു പ്രാണികളുടെ (Lac insect) ആതിഥേയ സസ്യമാണ്.
കനമുള്ള തടി ആയതിനാൽ കൃഷിയുപകരണങ്ങൾ, വാഹനഭാഗങ്ങൾ, ചക്ക്, പണിയായുധങ്ങളുടെ പിടി എന്നിവക്ക് ഉപയോഗിക്കുന്നു.
പാതയോര വൃക്ഷമായി വെച്ചുപിടിപ്പിക്കാൻ അനുയോജ്യമായ മരം കൂടിയാണിത്. ഇരുതലച്ചി, മലയൻ, റെഡ് ഫ്ലാഷ്, നാട്ടുവേലി നീലി, യവന തളിർനീലി, നീലകൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാഭക്ഷണ സസ്യം കൂടിയാണ്.
കൂടാതെ, ആവണപ്രഭു (Castor semilooper) Episparis liturata, ക്രിക്കുല (Cricula trifenestrata ), മാരമ്പൻ (Marumba dyras ), Cheromettia apicata, Calliteara horsfieldii, Cusiala raptaria, Selepa celtis എന്നീ നിശാശലഭങ്ങളും ഈ മരത്തെ ലാർവാഭക്ഷണസസ്യമാക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് വളരെ പ്രായമേറിയ ഒരു പൂവം ഉള്ള സ്ഥലം അറിയപ്പെടുന്നത് പൂവം എന്ന പേരിലാണ്. ഈ മരവുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളുമുണ്ട്. പൂവവുമായി ബന്ധപ്പെട്ട ഒരു തെയ്യവുമുണ്ട് –പൂവത്തിൻകീഴിൽ ഭഗവതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.