ഇലന്ത

1968ൽ ഇറങ്ങിയ ‘പണമാ പാശമാ’ എന്ന തമിഴ് സിനിമയിൽ “ എലന്തപ്പയം... എലന്തപ്പയം’’ എന്നു തുടങ്ങുന്ന ഒരു പാട്ടുണ്ട്. കണ്ണദാസൻ എഴുതി കെ.വി. മഹാദേവൻ സംഗീതം നൽകിയ ഈ ഗാനം പാടുന്നത് എൽ.ആർ. ഈശ്വരിയും രംഗത്തുള്ളത് സരോജാദേവിയുമാണ്. ഒരു ഉന്തുവണ്ടിയിൽ എലന്തപ്പഴം വിൽക്കുന്ന ആളായിട്ടാണ് സരോജാദേവി ഈ സീനിൽ ഉള്ളത്. പുരാണപ്രസിദ്ധമായ ഒരു വൃക്ഷമാണ് ഇലന്ത. ലന്ത എന്നും ഇതിനു പേരുണ്ട്. ശീലാവതി, കുഷ്ഠരോഗിയായ തന്റെ ഭർത്താവ് ഉഗ്രശ്രവസ്സിനു ലന്തക്കുരുകൊണ്ട് കറിയുണ്ടാക്കിക്കൊടുത്തതായി പരാമർശമുണ്ട്. “നല്ല വരിനെല്ലുകുത്തിയരിയാക്കി മെല്ലവേ പാകത്തിൽ വെച്ചുണ്ടാക്കി ലന്തക്കുരുകൊണ്ട് കൂട്ടാനുമുണ്ടാക്കി ചന്തത്തിൽ...

1968ൽ ഇറങ്ങിയ ‘പണമാ പാശമാ’ എന്ന തമിഴ് സിനിമയിൽ “ എലന്തപ്പയം... എലന്തപ്പയം’’ എന്നു തുടങ്ങുന്ന ഒരു പാട്ടുണ്ട്. കണ്ണദാസൻ എഴുതി കെ.വി. മഹാദേവൻ സംഗീതം നൽകിയ ഈ ഗാനം പാടുന്നത് എൽ.ആർ. ഈശ്വരിയും രംഗത്തുള്ളത് സരോജാദേവിയുമാണ്. ഒരു ഉന്തുവണ്ടിയിൽ എലന്തപ്പഴം വിൽക്കുന്ന ആളായിട്ടാണ് സരോജാദേവി ഈ സീനിൽ ഉള്ളത്.

പുരാണപ്രസിദ്ധമായ ഒരു വൃക്ഷമാണ് ഇലന്ത. ലന്ത എന്നും ഇതിനു പേരുണ്ട്. ശീലാവതി, കുഷ്ഠരോഗിയായ തന്റെ ഭർത്താവ് ഉഗ്രശ്രവസ്സിനു ലന്തക്കുരുകൊണ്ട് കറിയുണ്ടാക്കിക്കൊടുത്തതായി പരാമർശമുണ്ട്.

“നല്ല വരിനെല്ലുകുത്തിയരിയാക്കി

മെല്ലവേ പാകത്തിൽ വെച്ചുണ്ടാക്കി

ലന്തക്കുരുകൊണ്ട് കൂട്ടാനുമുണ്ടാക്കി

ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി

ആടിന്റെ പാലു കറന്നു തിളപ്പിച്ചു

കൂട്ടിക്കുഴച്ചങ്ങു ചോറു നൽകി”

എന്നാണ് പഴയൊരു പാട്ടു-കഥാപുസ്തകത്തിൽ പറയുന്നത്.

വളരെ പണ്ടുകാലത്തുതന്നെ (ബി.സി 1500-ബി.സി 1000) ഇന്ത്യയിലും ചൈനയിലും ലന്തപ്പഴം കൃഷിചെയ്തിരുന്നതായി കരുതപ്പെടുന്നു.

ഹിമാലയൻ താഴ്വാരത്തിലെ ഒരു ഇലന്തക്കൂട്ടങ്ങൾക്കിടയിലായിരുന്നു നര-നാരായണന്മാരുടെ ആശ്രമം ഉണ്ടായിരുന്നതത്രേ. ഈ സ്ഥലമാണ് പിന്നീട് പ്രസിദ്ധമായ ബദരീനാഥ് ആയിത്തീർന്നതെന്നും പറയപ്പെടുന്നു. സരസ്വതീപൂജയിൽ ഇലന്തക്കുരു പ്രധാനമാണ്. വരണ്ട പ്രദേശത്തെ രാജഫലമെന്നും മരുഭൂമിയിലെ ആപ്പിൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ഏഷ്യൻ രാജ്യങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ വളരുന്ന ഒരു ചെറിയ മരമാണിത്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇത് കേരളത്തിലെയും തമിഴ് നാട്ടിലെയും വരണ്ട ഇലപൊഴിയും കാടുകളിലും ചെങ്കൽക്കുന്നുകളിലും കാണപ്പെടുന്നു. കർണാടകത്തിനു സമീപത്തുള്ള കാസർകോടിലെ പല പ്രദേശങ്ങളിലും ബുകിരിപ്പഴം എന്നാണറിയപ്പെടുന്നത്. ഇവിടങ്ങളിലെ സ്കൂൾ വളപ്പുകളിലെ പ്രധാന വൃക്ഷമാണിത്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലും കണ്ണൂരിലെ പൊതുമരാമത്തു വകുപ്പിന്റെ ഓഫീസ് വളപ്പിലും ഇലന്തമരം വളർന്നുനിൽപുണ്ട്.

മരത്തടിയിലുള്ള തൊലിയിൽ നെടുകെ വിള്ളലുകൾ കാണാം. തടിക്ക് കടും ചാരനിറമാണ്. ചെറിയ ലഘുപത്രങ്ങൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. ഇലകളിൽ തടിച്ച മൂന്ന് സിരകൾ വ്യക്തമായി കാണാം. അനുപർണങ്ങൾ (stipules) രൂപാന്തരപ്പെട്ടുണ്ടായ രണ്ടുവീതം മുള്ളുകൾ ഇലയുടെ കടയ്ക്കൽതന്നെ കാണാം. ഇവയിൽ ഒന്ന് മേലോട്ടും മറ്റേത് താഴോട്ടും വളഞ്ഞിരിക്കും. പത്രകക്ഷങ്ങളിലാണ് പൂക്കളുണ്ടാകുന്നത്. ഫെബ്രുവരി മുതൽ മേയ് വരെയാണ് പൂക്കാലം.

നക്ഷത്രാകൃതിയുള്ള പൂക്കൾക്ക് പച്ചകലർന്ന മഞ്ഞനിറമാണ്. ദളങ്ങൾ അഞ്ച്. ബാഹ്യദളങ്ങളും കേസരങ്ങളും അഞ്ചുവീതം തന്നെ. മാംസളമായ ഉരുണ്ട ഫലത്തിനുള്ളിൽ ഒന്നോ രണ്ടോ വിത്തുകൾ കാണാം. വിളഞ്ഞ കായ്കൾക്ക് ഇളം ചുവപ്പുനിറമോ ഓറഞ്ച് നിറമോ ആണ്.

 

ലന്ത, ചിരിമുള്ള്, ചെറുമാലി എന്നീ പേരുകളിലും അറിയപ്പെടുന്നു. Ber Tree, Indian Cherry Plum, Jujub Tree എന്നിവയാണ് ഇംഗ്ലീഷ് നാമങ്ങൾ. സംസ്കൃതത്തിൽ കോലിഃ, ബദര, ബദരിഃ, ബദരികാ, ഫേനിലഃ എന്നീ പേരുകളുണ്ട്. Ziziphus mauritiana എന്നാണ് ശാസ്ത്രീയനാമം. റാംനേസിയേ (Rhamnaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Zizafun എന്ന പേർഷ്യൻ പദത്തിന്റെ ലാറ്റിൻരൂപമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. സ്പീഷീസ് നാമമായ mauritiana മൊറീഷ്യസിൽനിന്നുള്ളത് എന്ന സൂചന നൽകുന്നു.

ഇലന്തയുടെ പട്ടയും ഇലയും കായും വേരിന്മേൽത്തൊലിയും ഔഷധമായി ഉപയോഗിക്കുന്നു. അതിസാരം, വ്രണം, വെള്ളപോക്ക് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. കൂടാതെ അച്ചാറിടാനും ഉപയോഗിക്കാറുണ്ട്.

1683ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിന്റെ നാലാം വാല്യത്തിൽ ഈ സസ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ‘പെരിൻ തൊടലി‘ എന്ന പേരാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. (ഈ പേര് ഇപ്പോൾ ഉപയോഗത്തിലില്ല)

കുറച്ചുകൂടി വലുപ്പമുള്ള പഴങ്ങൾ ഉണ്ടാകുന്ന ഇനങ്ങൾ തോട്ടങ്ങളിൽ നട്ടുവളർത്തുന്നുണ്ട്. ചെറിയ നൈലോൺ കൊട്ടകളിലാക്കി കേരളത്തിലെ മാർക്കറ്റുകളിൽ ‘ബേർ’ എന്ന പേരിൽ എത്തുന്നത് ഇത്തരം വലിയ പഴങ്ങളാണ്. നാട്ടുലന്തപ്പഴം ‘ബുകിരി’ എന്ന പേരിൽ കാസർകോട് നഗരത്തിലെ പഴക്കടകളിൽ ലഭ്യമാണ്.

 

ഇലന്തയുടെ ജനുസ്സിൽ ഉൾപ്പെടുന്ന മറ്റ് അഞ്ചു ചെറു വൃക്ഷങ്ങൾകൂടി –കാട്ടിലന്ത (Ziziphus nummularia), ചെറുതുടലി (Ziziphus oenoplia), വൻ തുടലി (Ziziphus rugosa), കാട്ടുലന്ത (Ziziphus xylopyrus), കർക്കടമരം (Ziziphus glabrata) –കേരളത്തിൽ കാണപ്പെടുന്നുണ്ട്.

നാട്ടുകോമാളി (Common Pierrot), വരയൻ കോമാളി (Angled Pierrot), ഇരുളൻ കോമാളി (Dark Pierrot), നീലവരയൻ കോമാളി (Banded Blue Pierrot) എന്നീ ചെറു ചിത്രശലഭങ്ങളുടെ ലാർവകളുടെ ആഹാരസസ്യംകൂടിയാണ് ഇലന്ത.

Eublemma amabilis, Artaxa guttata Walker, Astygisa vexillaria (താമ്രശില), Petelia medardaria എന്നീ നിശാശലഭങ്ങളുടെയും ലാർവകൾ ഇതിന്റെ ഇലകൾ ആഹരിച്ചാ‍ണ് വളരുന്നത്.

Tags:    
News Summary - Flora of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.