ചിത്രീകരണം: ചിത്ര എലിസബത്ത്

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

ആരംഭം

യൂസഫ്ഖാന്‍ സിറ്റൗട്ടിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ പൊടുന്നനെ ഞാന്‍ സിറ്റൗട്ടിന്‍റെ പടവുകള്‍ക്കു മുന്നില്‍ കാലുകള്‍ കവച്ചു നിന്നു. എനിക്കപ്പോള്‍ അതുമാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. സ്വയം അറിയാതെയാണ് എന്‍റെ കാലുകള്‍ ചലിച്ചത്.

ഞാന്‍ ആലോചിക്കുകയായിരുന്നു.

അയാള്‍ അകത്തേക്ക് കയറുകയും കാര്‍ത്തികേയന്‍ സാറിനെ കാണുകയും ചെയ്താല്‍ അതോടെ എല്ലാം അവസാനിക്കും. ഇക്ബാല്‍ പറഞ്ഞയച്ചിട്ടുള്ള ആളല്ല ഞാന്‍ എന്ന് സാറിനു മനസ്സിലായാല്‍ ആ നിമിഷം എനിക്ക് ഇവിടെനിന്ന് ഇറങ്ങിപ്പോവേണ്ടിവരും.

പരാജിതനായി തിരിച്ചുപോയി എഡിറ്ററുടെ മുന്നില്‍ച്ചെന്നു നില്‍ക്കേണ്ടിവരും.

അതിനൊക്കെപ്പുറമെയാണ് പ്രശസ്തനായ ഒരാളുടെ മുന്നില്‍ ആള്‍മാറാട്ടം നടത്തിയെന്ന കുറ്റം, നാണക്കേട്.

എനിക്കത് ആലോചിക്കാന്‍കൂടി കഴിഞ്ഞില്ല.

‘‘സാറ് അകത്തില്ലേ?’’

യൂസഫ്ഖാന്‍റെ ചോദ്യത്തിന് ഞാന്‍പോലും ആലോചിക്കാതെ പെട്ടെന്ന് ഒരുത്തരം എന്‍റെ നാവില്‍നിന്നു വീണു:

‘‘ഇല്ല.’’

യൂസഫ്ഖാന്‍ എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അകത്തുനിന്ന് വലിയൊരട്ടഹാസം കേട്ടത്. ആരോടോ അലറുകയാണ് കാര്‍ത്തികേയന്‍ സാര്‍.

ഞാന്‍ യൂസഫ്ഖാനെ നോക്കുകയായിരുന്നു. തീര്‍ച്ചയായും എന്‍റെ മുഖം വിളറിയിരിക്കണം. കുറ്റപ്പെടുത്തലോ ചിരിയോ പരിഹാസമോ അല്ലെങ്കില്‍ ഇതെല്ലാം കൂടിച്ചേര്‍ന്ന എന്തോ ആണ് അപ്പോള്‍ യൂസഫ്ഖാന്‍റെ മുഖത്തുണ്ടായിരുന്നത്. എന്‍റെ മുഖമാവട്ടെ തൊണ്ടിയോടെ പിടിക്കപ്പെട്ട കള്ളന്‍റേതുപോലെയായിരുന്നിരിക്കണം.

‘‘ഓ, വലിയ മര്യാദയായി. ആളെ നേരിട്ട് അയച്ചിട്ടുണ്ട് പോലും! അതുകൊണ്ട് വല്ല കാര്യവുമുണ്ടോ? ഇക്ബാലേ, താനിനി ഒന്നും പറയണ്ട.’’

ഇപ്പോള്‍ ശബ്ദം അടുത്തടുത്തു വരികയാണ്. കാര്‍ത്തികേയൻ സാര്‍ സിറ്റൗട്ടിലേക്ക് തന്നെയാണ് വരുന്നതെന്ന് എനിക്കു തോന്നി.

‘‘അതൊക്കെ ഞാന്‍ നേരിട്ടുതന്നെ പറഞ്ഞോളാം. താന്‍ ഫോണ്‍ വെച്ചിട്ട് പോടോ ഇക്ബാലേ!’’

കാര്‍ത്തികേയന്‍ സാര്‍ സിറ്റൗട്ടിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മുഖം ചുവന്നുതുടുത്തിരുന്നു. ചുണ്ടുകള്‍ വിറക്കുന്നുണ്ട്. അവ എന്തൊക്കെയോ പറയാന്‍ വിതുമ്പുകയാണ്.

അദ്ദേഹം എന്‍റെ നേരെയാണ് കുതിക്കുന്നതെന്ന് ഞാന്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കി. സിറ്റൗട്ടിന്‍റെ കല്‍പ്പടവുകള്‍ നിറഞ്ഞുനിന്ന നില്‍പ്പില്‍നിന്ന് പെട്ടെന്ന് ഞാന്‍ ഒഴിഞ്ഞുമാറി. അതോടെ യൂസഫ്ഖാന്‍ സ്വതന്ത്രനായി.

പേടികൊണ്ട് ഞാന്‍ വിറച്ചു. എല്ലാം അവസാനിക്കുകയാണ് എന്ന് എനിക്കു തോന്നി. ഏതു സമയവും ഇവിടെനിന്ന് ഇറങ്ങിക്കൊടുക്കേണ്ടിവരും.

കാര്‍ത്തികേയന്‍ സാര്‍ പക്ഷേ എന്നെ കണ്ടതേയില്ല. ഫോണ്‍ കട്ട് ചെയ്ത് അദ്ദേഹം യൂസഫ്ഖാന്‍റെ അടുത്തേക്കാണ് കുതിച്ചത്. മുഖത്തെ രൗദ്രഭാവം കണ്ട് ഞാനെന്‍റെ കണ്ണുകള്‍ പിന്‍വലിച്ചു.

‘‘ആരാ താന്‍?’’ അദ്ദേഹം യൂസഫ്ഖാനോടു ചോദിച്ചു.

‘‘ഞാന്‍... ഞാന്‍,’’ യൂസഫ്ഖാന്‍ വാക്കുകള്‍ക്കുവേണ്ടി തപ്പി.

‘‘തനിക്കിവിടെ ഒരു ബിസിനസുമില്ല’’,

കാര്‍ത്തികേയന്‍ സാര്‍ ഗേറ്റിനു പുറത്തേക്ക് വിരല്‍ചൂണ്ടി യൂസഫ്ഖാനോടു പറഞ്ഞു. ‘‘ഞാന്‍ ഇക്ബാലിനോടു പറഞ്ഞിട്ടുണ്ട്. തനിക്കു പോകാം.’’

യൂസഫ്ഖാന്‍റെ മുഖത്ത് അമ്പരപ്പുണ്ട്. എന്താണ് സംഭവിച്ചതെന്നറിയാതെ അയാള്‍ എന്‍റെ മുഖത്തേക്കാണ് ഇപ്പോള്‍ നോക്കുന്നത്. എനിക്കും ഒന്നും മനസ്സിലായിട്ടില്ലെന്ന് എന്‍റെ മുഖം കണ്ടപ്പോള്‍ അയാള്‍ക്കു മനസ്സിലായിട്ടുണ്ടാവണം.

‘‘തന്നോടാണ് പറഞ്ഞത്,’’ കാര്‍ത്തികേയന്‍ സാറിന്‍റെ ശബ്ദം ഉയര്‍ന്നു. ‘‘മലയാളം പറഞ്ഞാല്‍ മനസ്സിലാവില്ലേ?’’

എന്തോ പറയാന്‍ തുടങ്ങിയ യൂസഫ്ഖാനെ കൈകൊണ്ടു വിലക്കി സാര്‍ തുടര്‍ന്നു. ‘‘അതാണ് ഗെയ്റ്റ്. അറിയാമല്ലോ!’’

സിറ്റൗട്ടിന്‍റെ പടവുകളില്‍നിന്ന് യൂസഫ്ഖാന്‍ മുറ്റത്തേക്കിറങ്ങി. ഗേറ്റ് തുറന്ന് അയാള്‍ പോകുന്നത് ഞാന്‍ ഒരു വിറയലോടെ നോക്കിനിന്നു.

അടുത്തത് എന്‍റെ ഊഴമാണല്ലോ. കാര്‍ത്തികേയന്‍ സാറിന്‍റെ മുഖത്തേക്ക് നോക്കാന്‍പോലും ധൈര്യമില്ലാതെ ഞാന്‍ ഗേറ്റിലേക്കുതന്നെ നോക്കിക്കൊണ്ടു നിന്നു.

എന്‍റെ ഭാഗ്യത്തിന് അപ്പോള്‍ ഗേറ്റു കടന്ന് ഒരാള്‍ വരുന്നതു കണ്ടു. ഹോട്ടലില്‍നിന്ന് ആ പയ്യനാണ്. അവന്‍റെ കൈയില്‍ ഒരു ഫ്ലാസ്കുണ്ട്. എനിക്ക് അപ്പോള്‍ അവനോട് വല്ലാത്ത സ്നേഹം തോന്നി.

കാര്‍ത്തികേയന്‍ സാറിന്‍റെ മുഖം കണ്ട് അവന്‍ ഒന്നു പരിഭ്രമിച്ചുവെന്നു തോന്നുന്നു. ഫ്ലാസ്ക് തിണ്ണയില്‍ വെച്ച് അവന്‍ വീണ്ടും അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കി.

കാര്‍ത്തികേയന്‍ സാറിന്‍റെ കലി അടങ്ങിയിട്ടുണ്ടായിരുന്നില്ല. അദ്ദേഹം അപ്പോഴും ഗേറ്റിലേക്ക് നോക്കിക്കൊണ്ടു നില്‍ക്കുകയാണ്.

പയ്യന്‍ എന്‍റെ മുഖത്തേക്കും കാര്‍ത്തികേയന്‍ സാറിന്‍റെ മുഖത്തേക്കും മാറിമാറി നോക്കി. അന്തരീക്ഷത്തിന് എന്തോ പന്തികേടുണ്ടെന്ന് അവനും തോന്നിയിരിക്കണം.

‘‘സാര്‍,’’ ഒടുവില്‍ അവന്‍ ശബ്ദിച്ചു.

‘‘എന്താ?’’

വെടി പൊട്ടുംപോലെയായിരുന്നു കാര്‍ത്തികേയന്‍ സാറിന്‍റെ പ്രതികരണം.

‘‘രാത്രിയിലേക്ക് എന്താ കൊടുത്തയക്കേണ്ടതെന്നു ചോദിച്ചുവരാന്‍ പറഞ്ഞിട്ടുണ്ട്,’’ വിക്കിവിക്കി അവന്‍ അറിയിച്ചു.

‘‘കഞ്ഞിയും ചുട്ട പപ്പടവും’’, കാര്‍ത്തികേയന്‍സാര്‍ പറഞ്ഞു. ‘‘രാത്രി ഏഴുമണിയോടെ എത്തിക്കണം.’’

പയ്യന്‍ തലയാട്ടി നടക്കാന്‍ തുടങ്ങിയപ്പോള്‍ കാര്‍ത്തികേയൻ സാര്‍ പിന്‍വിളി വിളിച്ചു.

‘‘പിന്നേയ്, കഞ്ഞി ഒരാള്‍ക്കു മതിയെന്നു പറയണം.’’

അതും പറഞ്ഞ് അദ്ദേഹം എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അകത്തേക്ക് നടന്നു.

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പൂമുഖത്തുതന്നെ നിന്നു. കഞ്ഞി ഒരാള്‍ക്കു മതി എന്നു പറഞ്ഞതോടെത്തന്നെ എന്‍റെ വിധി എഴുതപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇനി എപ്പോള്‍ ഇറങ്ങണമെന്നു തീരുമാനിച്ചാല്‍ മാത്രം മതി.

തിണ്ണയിലിരിക്കുന്ന ഫ്ലാസ്ക് എന്നെ പരിഹാസത്തോടെ നോക്കുന്നതായി എനിക്കു തോന്നി.

പിരിയുന്നത് മാന്യമായിട്ടാവാം. ആള്‍മാറാട്ടം നടത്തിയതിന് കാര്‍ത്തികേയന്‍ സാറിനോട് മാപ്പു പറയാം. തിരിച്ചുചെന്നിട്ട് എഡിറ്ററെ കാര്യങ്ങള്‍ വിശദമായി ധരിപ്പിക്കാം. പണി പാളിയതിന് ഞാന്‍ മാത്രമല്ലല്ലോ ഉത്തരവാദി. വേണ്ടത്ര ഹോംവര്‍ക് ചെയ്യാതെ എന്നെ ഇവിടേക്കയച്ച എഡിറ്റര്‍ക്കു തന്നെയാണ് കൂടുതല്‍ ഉത്തരവാദിത്തം.

അതൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം. ദൗത്യം പൊളിഞ്ഞത് എഡിറ്റര്‍ ക്ഷമിച്ചുവെന്നു വരില്ല. ‘മനോമയ’ത്തിന്‍റെയെന്നപോലെ ‘ശാരിക’യുടെയും ജീവന്മരണപ്രശ്നമാണ്. എഡിറ്റര്‍ ക്ഷോഭിക്കുമെന്നു തീര്‍ച്ച.

സാരമില്ല. ഏറിവന്നാല്‍ എന്താണുണ്ടാവുക? ‘ശാരിക’യില്‍നിന്നു പിരിച്ചവിടും. അത്രയല്ലേയുള്ളൂ? അതിലെനിക്ക് വലിയ വിഷമമൊന്നും തോന്നേണ്ടതില്ല. രണ്ടു മാസത്തെ പരിചയം; പരിചിതമല്ലാത്ത ഒരു ലോകം തുറന്നുകിട്ടിയല്ലോ. അതൊക്കെ ധാരാളം.

ഞാന്‍ ഫ്ലാസ്കെടുത്ത് അകത്തേക്ക് നടന്നു.

കാര്‍ത്തികേയന്‍ സാര്‍ സെറ്റിയിലിരിക്കുകയാണ്. അകത്തേക്ക് കടന്നുവന്ന എന്നെ അദ്ദേഹം ഗൗനിച്ചില്ല. ഫ്ലാസ്ക് ടീപോയില്‍ വെച്ച് ഞാന്‍ അടുക്കളയില്‍നിന്ന് ഒരു കപ്പെടുത്തു കൊണ്ടുവന്നു. ചായ പകര്‍ന്ന് ഞാന്‍ കപ്പ് കാര്‍ത്തികേയന്‍ സാറിനു നേരെ നീട്ടി.

അപ്പോഴാണ് അദ്ദേഹം എന്‍റെ മുഖത്തേക്കൊന്നു നോക്കിയത്. യാന്ത്രികമായി കപ്പു വാങ്ങി അദ്ദേഹം ചോദിച്ചു.

‘‘ഫ്ലാസ്കില്‍ ചായ ബാക്കിയില്ലേ?’’

ഞാന്‍ ഉവ്വെന്നു തലയാട്ടി. കാര്‍ത്തികേയന്‍ സാര്‍ ഫ്ലാസ്കിനു വേണ്ടി കൈനീട്ടി.

‘‘അടുക്കളയില്‍നിന്ന് ഒരു കപ്പു കൂടി കൊണ്ടുവാ,’’ ഫ്ലാസ്കിന്‍റെ ഭാരം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

ഞാന്‍ കപ്പു കൊണ്ടുവന്ന് അദ്ദേഹത്തിനു നേരെ നീട്ടി.

അദ്ദേഹം അതു വാങ്ങി ഫ്ലാസ്കില്‍നിന്ന് ചായയൊഴിച്ച് എന്‍റെ നേരെ നീട്ടി.

കപ്പു വാങ്ങുമ്പോള്‍ എന്‍റെ കൈ വിറച്ചിരുന്നത് അദ്ദേഹം ശ്രദ്ധിച്ചുവെന്നു തോന്നി.

സെറ്റിയിലിരുന്ന് ചായ കുടിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കിയില്ല. രണ്ടുപേരും നിശ്ശബ്ദരായിരുന്ന് ചായ കുടിച്ചു.

കാര്‍ത്തികേയന്‍ സാര്‍ ചായ കുടിച്ചു തീര്‍ത്ത് കപ്പ് ടീപോയില്‍ വെച്ചപ്പോള്‍ ഞാന്‍ എന്‍റെ കപ്പും അദ്ദേഹത്തിന്‍റെ കപ്പും ഫ്ലാസ്കും എടുത്ത് അടുക്കളയിലേക്ക് നടന്നു.

‘‘വേണ്ട,’’ കാര്‍ത്തികേയന്‍ സാറിന്‍റെ ശബ്ദമുയര്‍ന്നു. ‘‘അതൊന്നും കഴുകിവെക്കണ്ട. അതിനൊക്കെ ഇവിടെ ആളുണ്ട് എന്നു ഞാന്‍ പറഞ്ഞിട്ടില്ലേ?’’

എല്ലാം തിരിച്ച് ടീപോയില്‍ത്തന്നെ വെച്ച് ഞാന്‍ എന്‍റെ തോൾസഞ്ചിയെടുത്തു ചുമലിലിട്ടു. കാര്‍ത്തികേയന്‍ സാറിന്‍റെ നേരെ കുനിഞ്ഞ് ഞാന്‍ പറഞ്ഞു.

‘‘ഞാന്‍ പൊയ്ക്കോട്ടെ?’’

കാര്‍ത്തികേയന്‍ സാര്‍ എന്നെ രൂക്ഷമായി നോക്കി.

‘‘ഇരിക്കെടോ അവിടെ!’’

ഞാന്‍ സെറ്റിയിലേക്ക് വീണുപോയി.

‘‘അങ്ങനെ പോവാന്‍ പറ്റില്ല!’’ അദ്ദേഹം പറഞ്ഞു. ‘‘എനിക്കു തന്നോട് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. അതിനു മറുപടി പറഞ്ഞിട്ടു മതി ഇനി ബാക്കിയെല്ലാം.’’

എന്താണ് അദ്ദേഹം ചോദിക്കാന്‍ പോവുന്നതെന്ന് നല്ലവണ്ണം അറിയാം. ഞാനായിട്ട് എടുത്ത് അണിഞ്ഞതല്ലെങ്കിലും ഇതോടെ ‘മനോമയ’ത്തിന്‍റെ കേട്ടെഴുത്തുകാരന്‍ എന്ന മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. അല്ലെങ്കില്‍ അത് ഇതിനു മുമ്പുതന്നെ അഴിഞ്ഞുവീണു കഴിഞ്ഞിരിക്കുന്നുവല്ലോ.

ഞാന്‍ ‘ശാരിക’യുടെ ആളാണെന്നും നോവല്‍ തരപ്പെടുത്താന്‍ എഡിറ്റര്‍ എന്നെ ഇങ്ങോട്ടു പറഞ്ഞയച്ചതാണെന്നും വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ അത് എഡിറ്റര്‍ക്കും ‘ശാരിക’ക്കും ചീത്തപ്പേരുണ്ടാക്കും. ‘മനോമയ’ത്തിന് അത് ഒരു വിജയവുമാവും. രണ്ടു മാസത്തെ ബന്ധമേ ഉള്ളൂവെങ്കിലും ‘ശാരിക’യെ ഒറ്റുകൊടുക്കുന്നത് ശരിയല്ല എന്നെനിക്കു തോന്നി. കുറ്റം എനിക്കു തന്നെയിരിക്കട്ടെ.

എനിക്കിനി പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല. കാര്‍ത്തികേയൻ സാറിന്‍റെ വിചാരണ നേരിടാന്‍ തയാറായി ഞാന്‍ സെറ്റിയില്‍ ഇരുന്നു.

‘‘സത്യം പറയണം,’’ കാര്‍ത്തികേയന്‍ സാറിന്‍റെ ശബ്ദത്തിന് അതുവരെയില്ലാത്ത കനമുണ്ടായിരുന്നു. ‘‘താന്‍ ആരാ?’’

‘‘ഞാന്‍ തലിയാര്‍ഖാന്‍,’’ ശബ്ദത്തിന്‍റെ വിറയല്‍ എനിക്കു നല്ലവണ്ണം അറിയാനാവുന്നുണ്ട്.

‘‘അത് അങ്ങനെത്തന്നെയാണല്ലോ താന്‍ പറഞ്ഞത്,’’ അദ്ദേഹം തുടര്‍ന്നു. ‘‘അതു ഞാന്‍ വിശ്വസിച്ചു എന്നു തന്നെയിരിക്കുക. എനിക്കിനിയും ചില കാര്യങ്ങള്‍ അറിയണം. അതിനൊക്കെ താന്‍ സത്യസന്ധമായ മറുപടി തരണം: തന്നെ ആരാണ് ഇങ്ങോട്ടയച്ചത്?’’

‘‘ആരും അയച്ചതല്ല സര്‍. ഞാന്‍ സ്വയം വന്നതാണ്.’’

‘‘എന്തിന്?’’

‘‘സര്‍, ഞാനിപ്പോള്‍ ഒരു ഗവേഷണത്തിലാണ്.’’

പെട്ടെന്നു തോന്നിയതാണ്. എങ്ങനെയാണ് അത് എന്‍റെ നാവിന്‍തുമ്പത്തു കയറിപ്പറ്റിയതെന്നു നിശ്ചയമില്ല. ഒരുപക്ഷേ ജനപ്രിയ സാഹിത്യത്തിന്‍റെ ചരിത്രം എഴുതുന്ന കാര്യം എഡിറ്റര്‍ പറഞ്ഞത് മനസ്സില്‍ കിടന്നതുകൊണ്ടാവാം.

‘‘എന്തു ഗവേഷണം?’’

‘‘കോട്ടയത്തുണ്ടായിരുന്ന വാരികകളെപ്പറ്റി.’’

‘‘ഗവേഷണത്തിനു കണ്ട വിഷയം! പൈങ്കിളി വാരികകള്‍! തനിക്കു മറ്റൊന്നും കിട്ടിയില്ലെടോ ഗവേഷണത്തിന്?’’ ഒന്നു നിര്‍ത്തി അദ്ദേഹം തുടര്‍ന്നു. ‘‘എന്നാല്‍ ഒന്നു ചോദിക്കട്ടെ: ഇത്തരത്തിലുള്ള വാരികകള്‍ ഇപ്പോള്‍ എത്രയുണ്ടെന്നു പറയാമോ?’’

‘‘മൂന്നെണ്ണം: ശാരിക, മനോമയം, നാളീകം.’’

എന്നെ ഒന്നു തറപ്പിച്ചു നോക്കി കാര്‍ത്തികേയന്‍ സാര്‍ അടുത്ത ചോദ്യം തൊടുത്തു.

‘‘ശരി. പക്ഷേ അതിന് എന്നെ കാണാന്‍ വന്നതെന്തിനാണ്?’’

‘‘ഞാനതിന്‍റെ ചരിത്രം പഠിക്കാനുള്ള ഉദ്യമത്തിലാണ് സര്‍. അതിന്‍റെ ഭാഗമായി ആദ്യം അന്നത്തെ എഴുത്തുകാരെപ്പറ്റി മനസ്സിലാക്കണം. അതാണ് സാറിനെ കാണാന്‍ വന്നത്. അക്കാലത്തെ എഴുത്തുകാരില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നുവല്ലോ കാര്‍ത്തികേയന്‍ സാർ.’’

‘‘അതിന് താന്‍ എന്‍റെ നോവലുകള്‍ വല്ലതും വായിച്ചിട്ടുണ്ടോ?’’

‘‘ശേഖരിച്ചു വെച്ചിട്ടുണ്ട്,’’

വായിച്ചിട്ടുണ്ടെന്നു നുണ പറഞ്ഞാലുണ്ടാവുന്ന അപകടം മണത്ത് ഞാന്‍ പറഞ്ഞു. ‘‘ഗവേഷണത്തിന്‍റെ ഭാഗമായി ഇനി വായിക്കണം.’’

അളക്കുന്നതുപോലെ അദ്ദേഹം എന്നെ അടിമുടി നോക്കി. അദ്ദേഹത്തിന്‍റെ മുഖത്തെ കഠിനമായ പുച്ഛം എനിക്കു വായിച്ചെടുക്കാനാവുന്നുണ്ട്.

‘‘അപ്പോള്‍ നോവല്‍ കേട്ടെഴുതാന്‍ വന്നതാണ് താന്‍ എന്നു പറഞ്ഞതോ?’’

 

‘‘ഞാനങ്ങനെ പറഞ്ഞില്ലല്ലോ സര്‍. എന്നെ പരീക്ഷിക്കാന്‍വേണ്ടി സാര്‍ ഡിക്റ്റേഷന്‍ തന്നപ്പോള്‍ അതങ്ങെഴുതി എന്നുമാത്രം. അപ്പോഴും അത് കേട്ടെഴുത്തിനുള്ള ടെസ്റ്റ് ആണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.’’

‘‘അതു ശരി! ഇത് എത്രാമത്തെ നുണയാണ്?’’

‘‘ഇതു സത്യമാണ് സര്‍. ഞാന്‍ നോവല്‍ കേട്ടെഴുതാന്‍വേണ്ടി വന്നതല്ല.’’

‘‘അപ്പോള്‍ താനെന്നെ തെറ്റിദ്ധരിപ്പിച്ചതാണ് അല്ലേ?’’

‘‘തീര്‍ച്ചയായും അല്ല. എന്നെ കണ്ടയുടനെ കേട്ടെഴുത്തുകാരനാണ് എന്ന് സാറാണ് തെറ്റിദ്ധരിച്ചത്. ഞാനതു തിരുത്തിയില്ല എന്നതു സത്യം. പിന്നെ സാറിന് നോവല്‍ കേട്ടെഴുതാന്‍ ഒരാളെ വേണമെന്നു പറഞ്ഞപ്പോള്‍ അതു ചെയ്യാമെന്ന് എനിക്കു തോന്നിയെന്നു മാത്രം.’’

പിഴവ് തനിക്കാണ് പറ്റിയതെന്നു ബോധിച്ചതുകൊണ്ടാവാം അദ്ദേഹം കുറച്ചു നേരം തല താഴ്ത്തി ഇരുന്നു.

‘‘അതു പിന്നെ ഇക്ബാല്‍ ഒരാളെ അയക്കാമെന്നു പറഞ്ഞിട്ട് ആ ദിവസംതന്നെ ഒരുത്തന്‍ വന്നു കയറുമ്പോള്‍ അങ്ങനെ ധരിച്ചുപോവുന്നത് സ്വാഭാവികമല്ലേ?’’

കാര്‍ത്തികേയന്‍ സാറിന്‍റെ ശബ്ദം അല്‍പം താഴ്ന്നിരുന്നു. ‘‘മൂന്നു മാസം! പേന ഉറയ്ക്കായ്ക! ഗതികേടായിപ്പോയി. അപ്പോഴാണ് ഒരാള്‍ വാക്കു മാറുന്നത്. ഭാര്യയുടെ പ്രസവമാണത്രേ. ഒരു മാസം കഴിഞ്ഞിട്ടേ വരാന്‍ പറ്റൂവത്രേ. എന്നിട്ട് ഞാന്‍ ഒച്ച വെച്ചപ്പോള്‍ വേറെ ആളെ പറഞ്ഞയക്കാമത്രേ. ആരായാലും എന്തിന്‍റെ പേരിലായാലും വാക്കു മാറുന്നതൊന്നും എനിക്കു സഹിക്കാനാവില്ല!’’

കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം അദ്ദേഹം തുടര്‍ന്നു.

‘‘ഇനി പറയണം; തനിക്കും എന്തെങ്കിലുമുണ്ടോ? അനിയത്തീടെ കെട്ടുകല്യാണം, അച്ഛന്‍റെ ദീനം, അമ്മേടെ പിണ്ണം... അങ്ങനെ എന്തെങ്കിലും?’’

ഞാന്‍ ഒന്നും മിണ്ടിയില്ല.

‘‘ഉണ്ടെങ്കില്‍ ഇപ്പോള്‍ ഈ നിമിഷം പറയണം’’,

ടീപോയില്‍ വലത്തെ കൈപ്പത്തി അടിച്ചുകൊണ്ട് കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘എനിക്ക് അധികം സമയമില്ല. വേറെ ആളെ അന്വേഷിക്കാനാണ്.’’

‘‘ഞാന്‍ എഴുതിക്കോളാം സാര്‍.’’

ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് അല്‍പം ശാന്തത വന്നിട്ടുണ്ടെന്ന് എനിക്കു തോന്നി.

‘‘വാക്കല്ലേ?’’

അദ്ദേഹം വലത്തെ കൈ നീട്ടി. ഞാന്‍ ആ കൈയില്‍ തൊട്ടു.

‘‘തലിയാര്‍ഖാന്‍, ഒരു സംശയം. താന്‍ ഗവേഷണത്തിനു വന്നതാ​െണന്നല്ലേ പറഞ്ഞത്? അപ്പോള്‍ കേട്ടെഴുത്തിനു നിന്നാല്‍ അതു നടക്കുമോ?’’

‘‘അതിനെപ്പറ്റി സര്‍ വേവലാതിപ്പെടേണ്ട. നോവലെഴുത്തിന്‍റെ വഴികളെപ്പറ്റി എനിക്കു നേരിട്ടു പഠിക്കാമല്ലോ. ഈ ഗവേഷണത്തില്‍ അതു പ്രധാനമാണ്. എനിക്കത് ഗുണംചെയ്യുകയേ ഉള്ളൂ.’’

കുറച്ചുനേരം നിശ്ശബ്ദനായിരുന്ന് കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു.

‘‘ഓക്കെ. ഞാന്‍ തന്നെ വിശ്വാസത്തിലെടുത്തിരിക്കുന്നു. താന്‍ പറഞ്ഞതൊക്കെ നുണയാണെങ്കില്‍പ്പോലും സത്യമായിത്തന്നെ എടുക്കുന്നു. തന്നെ എന്‍റെ കേട്ടെഴുത്തുകാരനായി ഇതിനാല്‍ അപ്പോയന്‍റ് ചെയ്തിരിക്കുന്നു.’’

ഞാന്‍ ചുമലില്‍നിന്ന് തോള്‍സഞ്ചി അഴിച്ചെടുത്ത് സെറ്റിയുടെ അടുത്തുവെച്ചു.

‘‘അതിനു മുമ്പ് ചില കണ്ടീഷനുകളുണ്ട് എനിക്ക്. പണ്ട് വ്യാസനും ഗണപതിയും തമ്മില്‍ ഒരു കരാറുണ്ടാക്കിയത് താന്‍ കേട്ടിട്ടില്ലേ?’’

ഞാന്‍ ഉവ്വെന്നു തലയാട്ടി.

‘‘എന്നാല്‍ ഇത് അതുപോലെയല്ല. കുറച്ചു വ്യത്യാസമുണ്ട്. ഇവിടെ ഗണപതിക്ക് ഒരു റോളുമില്ല. അയാള്‍ ഒരടിമ മാത്രമാണ്. വ്യാസന്‍ പറയുന്നത് വള്ളിപുള്ളി വിടാതെ എഴുതിയെടുക്കുക. അതു മാത്രമേ പാടുള്ളൂ. പിന്നെ തനിക്ക് എന്തെങ്കിലും സംശയമുണ്ടാവാന്‍ ഇത് ഘടാഘടിയന്‍ ശ്ലോകങ്ങളൊന്നുമല്ലല്ലോ. സാധാരണക്കാര്‍ക്കുപോലും എളുപ്പത്തില്‍ മനസ്സിലാവുന്ന വെറുമൊരു നോവല്‍! അതുകൊണ്ട് ഇടയ്ക്ക് ചോദ്യം എന്ന ഒരു പ്രശ്നംതന്നെ ഉദിക്കുന്നില്ല.’’

‘‘ഇടക്ക് അബദ്ധത്തില്‍ ഒരു ചോദ്യമെങ്ങാന്‍ ചോദിച്ചുപോയാല്‍ ഗണപതിയുടെ ജോലി പോവുമോ?’’

കാര്‍ത്തികേയന്‍ സാര്‍ ഉറക്കെ ചിരിച്ചു.

‘‘അക്കാര്യത്തില്‍ ഉറപ്പൊന്നും തരാന്‍ കഴിയില്ല. അത് വ്യാസന്‍റെ അപ്പോഴത്തെ മൂഡുപോലെയിരിക്കും.’’

ഇപ്പോള്‍ അന്തരീക്ഷത്തിന് അല്‍പം ലാഘവം വന്നിട്ടുണ്ട്. ആശ്വാസം തോന്നി. ഒരു കടമ്പ കടന്നുവല്ലോ.

‘‘അപ്പോള്‍ ഇനി നമുക്ക് കാര്യങ്ങള്‍ മേല്‍പ്പോട്ട് ആലോചിക്കാം അല്ലേ?’’

ആവാമെന്ന് ഞാന്‍ തലയാട്ടി.

‘‘അതിനു മുമ്പ് നമുക്ക് ചില കാര്യങ്ങള്‍ തീരുമാനിക്കണം. ആദ്യം ഇന്നത്തെ കാര്യംതന്നെ. തനിക്ക് ഇന്നു മടങ്ങിപ്പോവണോ?’’

 

‘‘മടങ്ങിപ്പോവാതെ തരമില്ലല്ലോ. രാത്രി ഒരാള്‍ക്കുള്ള കഞ്ഞി മതി എന്ന് സാര്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞില്ലേ?’’കാര്‍ത്തികേയന്‍ സാര്‍ ഉറക്കെ ചിരിച്ചു.

‘‘തനിക്കതു മനസ്സിലായില്ല അല്ലേ? രണ്ടു കൊല്ലമായി ഞാന്‍ രാത്രിയില്‍ ഒന്നും കഴിക്കാറില്ല. എന്തെങ്കിലും കുറച്ച് പച്ചക്കറികള്‍ മാത്രം. എന്‍റെ വയറു കണ്ടിട്ട് തനിക്കു വിശ്വാസമാവുന്നില്ലെന്നറിയാം. എന്നാലും വിശ്വസിച്ചേ തീരൂ.’’

‘‘അങ്ങനെയാണെങ്കില്‍ ഇന്നത്തെ കഞ്ഞി മുഴുവനും ഞാന്‍ കുടിച്ചോളാം.’’

‘‘അടുത്ത കാര്യം. താന്‍ എവിടെ താമസിക്കാനാണ് ഉദ്ദേശിക്കുന്നത്?’’

‘‘തീരുമാനിച്ചിട്ടില്ല. ഏതായാലും ഇവിടെയല്ല. എനിക്ക് ഒറ്റക്കിരിക്കാന്‍ സൗകര്യമുണ്ടാവണം.’’

‘‘ശരി. അതും സമ്മതിച്ചിരിക്കുന്നു. ഇനി അവസാനത്തെ ചോദ്യം: എന്നാണ് പണി തുടങ്ങേണ്ടത്?’’

ഇന്നു തിരിച്ച് ഓഫീസില്‍ പോയില്ലെങ്കിലും ലോഡ്ജില്‍ എത്തിയേ തീരൂ. ഉടുപ്പുകള്‍ വേറെ കരുതിയിട്ടില്ല. ഇനി എല്ലാ തയാറെടുപ്പുമായി വരാം. ഒന്നോ രണ്ടോ ദിവസം ഈ വീട്ടില്‍ തങ്ങിയാലും സാരമില്ല. മൂന്നു മാസത്തേക്ക് താമസിക്കാന്‍ വേറെ സ്ഥലം കണ്ടെത്തണം. സംസാരത്തിനിടക്ക് കുറിച്ചുവെക്കുന്ന നോട്ടുകള്‍ ലാപ്ടോപ്പിലാക്കുന്ന പണി ഇവിടെയിരുന്നാല്‍ ശരിയാവില്ല.

‘‘ഇന്നെനിക്ക് തിരിച്ചുപോകണം സാര്‍.’’

‘‘വേണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ,’’ അദ്ദേഹം ചിരിച്ചു. ‘‘പക്ഷേ ഇന്നെന്തോ ഒരു നല്ല ദിവസമായി എനിക്കു തോന്നുന്നു. സമയം അഞ്ചുമണി ആയിട്ടേയുള്ളൂ. രാത്രി എട്ടു മണി വരെ ബസ്സുണ്ട്. എന്തെങ്കിലും രണ്ടുവരി എഴുതി നമുക്ക് ആരംഭം കുറിച്ചാലോ?’’

ഞാന്‍ ടീപോയില്‍നിന്ന് പേനയെടുത്ത് കൈയില്‍ പിടിച്ചു.

‘‘എവിടെ താളിയോല? ഗണപതി കൈയും വീശിയാണ് പോന്നിട്ടുള്ളത് അല്ലേ?’’ തന്‍റെ കിടപ്പുമുറിയിലേക്ക് ചൂണ്ടി കാര്‍ത്തികേയൻ സാര്‍ പറഞ്ഞു. ‘‘വിഘ്നേശ്വരാ, അവിടുന്ന് എന്‍റെ കിടപ്പുമുറിയില്‍നിന്ന് താളിയോല എടുത്തുകൊണ്ടുവന്നാലും!’’

കിടപ്പുമുറിയിലെ മേശപ്പുറത്ത് എ-ഫോര്‍ ഷീറ്റുകളുടെ ഒരു പാക്കറ്റ് വെച്ചിട്ടുണ്ടായിരുന്നു. തിരിച്ചുവന്ന് മൊബൈലിലെ വോയ്സ് റെക്കോര്‍ഡര്‍ ഓണ്‍ചെയ്ത് സാറിന്‍റെ അടുത്തേക്ക് നീക്കിവെച്ചു. എല്ലാം തയാറായെന്ന് ഞാന്‍ തല കുലുക്കിയപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ തൊണ്ട ശരിയാക്കി പറഞ്ഞു.

‘‘എഴുതിക്കോളൂ. നോവലിന്‍റെ തലക്കെട്ട്: ജമന്തിപ്പൂക്കള്‍.’’

തലക്കെട്ട് ഇപ്പോള്‍ സൂചിപ്പിക്കില്ല എന്നു സാര്‍ പറഞ്ഞത് മറന്നു പോയതാണോ? അതോ എന്നെ വിശ്വസ്തരുടെ പട്ടികയില്‍ ചേര്‍ത്തതാണോ? ഏതായാലും തുടക്കം നന്നായി.

ഞാന്‍ അത് അത്യാവശ്യം വലിയ അക്ഷരങ്ങളില്‍ത്തന്നെയെഴുതി.

കാര്‍ത്തികേയന്‍ സാര്‍ കുറച്ചുനേരം കണ്ണടച്ചിരുന്നു.

‘‘നേരം പുലര്‍ന്നു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. കാഴ്ചയില്‍ സ്വപ്നപ്രായമായ രാധാദേവീപുരം സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു വണ്ടി വന്നുനിന്നു. കന്യാകുമാരിയിലേക്ക് പോവുന്ന ഒരെക്സ്പ്രസ് വണ്ടിയായിരുന്നു അത്. അധികം ദീര്‍ഘദൂരവണ്ടികളൊന്നും നിര്‍ത്തുന്ന സ്റ്റേഷനല്ല രാധാദേവീപുരം. ഇതും ഒരു ധന്‍ബാദ് എക്സ്പ്രസുമൊഴിച്ചാല്‍ മൂന്നോ നാലോ പാസഞ്ചര്‍ വണ്ടികള്‍ മാത്രമേ ഇവിടെ നിര്‍ത്താറുള്ളൂ. അതുകൊണ്ടുതന്നെ പ്ലാറ്റ്ഫോമില്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വന്നുനിന്ന വണ്ടിയില്‍ കയറിപ്പറ്റാന്‍ ആകെ രണ്ടുപേരേ പ്ലാറ്റ്ഫോമിലുണ്ടായിരുന്നുള്ളൂ.’’

(തുടരും)

Tags:    
News Summary - Malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.