നിഷേധം
‘‘ഇത് ഇങ്ങനെയൊക്കെയാവുമെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു,’’ കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘എന്നാലും ഒന്നു പരിശ്രമിച്ചു നോക്കാം എന്നു കരുതിയതാണ്. ഇതൊന്നും എനിക്കു പറഞ്ഞിട്ടുള്ളതല്ലെന്ന് ഇപ്പോള്‍ ബോധ്യമായി.’’
എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുകയായിരുന്നു കാര്‍ത്തികേയന്‍ സാര്‍. അദ്ദേഹത്തെ അകത്തു കൊണ്ടുപോയി ഇരുത്താന്‍ ഞാന്‍ പാടുപെട്ടു. എന്തോ പന്തികേടു കണ്ട് സരോജിനി അടുത്തുവന്ന് സാറിന്‍റെ മുഖത്തെ ഭാവം നോക്കിനിന്നപ്പോള്‍ ഞാന്‍ അവരോട് കുറച്ച് വെള്ളം കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു.
വെള്ളം കുടിച്ചുകഴിഞ്ഞ് കാര്‍ത്തികേയന്‍ സാര്‍ സെറ്റിയിലേക്ക് ചാരിയിരുന്നു.
‘‘അത്യാഗ്രഹമായിപ്പോയി. കയ്യോടെ നിഷേധിച്ചാല്‍ മതിയായിരുന്നു. എത്ര പിടിച്ചുനിന്നതാണ്. എന്നിട്ടും പെട്ടെന്ന് ഒരു നിമിഷത്തില്‍ അടിപതറിപ്പോയി.’’
എന്താണ് സംഭവിച്ചതെന്ന് എനിക്കു കൃത്യമായി മനസ്സിലായില്ലെങ്കിലും ആദ്യത്തെ അധ്യായം സാര്‍ വിചാരിച്ചതുപോലെ ആയിട്ടില്ല എന്നതാണ് കാര്യമെന്ന് ഊഹിച്ചു.
‘‘എന്തുപറ്റി സര്‍? നോവല്‍ നന്നായിട്ടുണ്ടല്ലോ.’’
‘‘നന്നായിട്ടുണ്ടെന്നോ? താന്‍ എന്നെ സുഖിപ്പിക്കാന്‍ വേണ്ടി പറയുകയല്ലേ? എനിക്കറിയാം. അത് എന്‍റെ ഭാഷയേയല്ല. എനിക്ക് സ്വന്തമായി ഒരു ഭാഷയില്ല എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. കുറച്ച് ഒ.വി. വിജയന്‍, കുറച്ച് എം.ടി, കുറച്ച് ആനന്ദ്... അല്‍പം നന്തനാര്‍കൂടി ആവേശിച്ചിട്ടുണ്ട്. വേറെ ആരൊക്കെയാണ് കടന്നുകൂടിയിട്ടുള്ളത് എന്ന് ആര്‍ക്കറിയാം? ഒരു കാര്യം മാത്രം ഉറപ്പ്: ഇതില്‍ കലയൂര്‍ കാര്‍ത്തികേയന്‍ ഇല്ല.’’
‘‘വായിച്ചതില്‍ ചിലതൊക്കെ അവിടവിടെ പ്രതിഫലിച്ചാല്‍ അതൊരു കുറ്റമല്ല സര്‍.’’
‘‘താനെഴുതുമ്പോള്‍ ഒക്കെ ഓക്കെ,’’ കാര്‍ത്തികേയന്‍ സാര്‍ പുച്ഛത്തോടെ ചിരിച്ചു. ‘‘തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. എന്‍റെ കാര്യം അതാണോ? ഇത് ഞാനെഴുതിയതാണ് എന്ന് എന്‍റെ വായനക്കാര്‍ സമ്മതിച്ചുതരുമോ? എന്തിന്, മനോമയം പത്രാധിപര്‍ അനുവദിക്കുമോ?’’
ഞാന്‍ ഒന്നും മിണ്ടിയില്ല.
‘‘കാര്യങ്ങള്‍ ഇനി വെച്ചു താമസിപ്പിക്കേണ്ടതില്ല,’’ കാര്‍ത്തികേയന്‍ സാര്‍ അകത്തേക്ക് ചൂണ്ടി പറഞ്ഞു. ‘‘താന്‍ എന്‍റെ ഫോണ്‍ എടുത്തുകൊണ്ടുവരൂ. എന്‍റെ കിടക്കയിലുണ്ട്.’’
ഫോണ്‍ എടുക്കാന്‍ പോയപ്പോള്‍ എന്തിനാണ് കാര്‍ത്തികേയൻ സാറിന്‍റെ പുറപ്പാടെന്ന് എനിക്കു മനസ്സിലായില്ല. കയ്യില്‍ കൊടുത്തപ്പോള്‍ വാങ്ങാതെ അതില്‍ ‘മനോമയം’ പത്രാധിപരുടെ നമ്പര്‍ തപ്പിയെടുക്കാന്‍ ആവശ്യപ്പെട്ടു.
‘‘എന്തു പേരിലാണ് സേവ് ചെയ്തിരിക്കുന്നത്?’’ ഞാന്‍ ചോദിച്ചു.
‘‘പേരൊന്നുമില്ല. മനോമയം എഡിറ്റര്‍ എന്നു കാണും.’’
‘‘എന്തിനാണ് സര്‍?’’ ഞാന്‍ പേര് തപ്പിയെടുത്തു.
‘‘അതു തന്നോടു പറയണോ?’’ അദ്ദേഹം ശബ്ദമുയര്‍ത്തി. ‘‘പറഞ്ഞത് അനുസരിച്ചാല്‍ മതി.’’
കാര്‍ത്തികേയന്‍ സാര്‍ രണ്ടുവട്ടം വിളിച്ചുനോക്കിയെങ്കിലും അങ്ങേപ്പുറത്ത് ഫോണ്‍ എടുത്തില്ല. ഫോണ്‍ ടീപോയിലേക്ക് എറിഞ്ഞ് അദ്ദേഹം വീണ്ടും സെറ്റിയിലേക്ക് ചാരി കണ്ണടച്ചു.
എന്തെല്ലാമോ പന്തികേടു സംഭവിച്ചതായി സരോജിനിക്കു തോന്നിയിരിക്കണം. ഇടക്കിടെ അടുത്തുവന്ന് അവര്‍ ഞങ്ങളെ രണ്ടു പേരെയും ശ്രദ്ധിച്ചു. എനിക്ക് വല്ലാത്ത അലോസരം അനുഭവപ്പെട്ടു. ഒടുവില്‍ വീട്ടിലെ പണി കഴിഞ്ഞ് പോവാന്‍ അനുവാദം ചോദിച്ച് സരോജിനി മുന്നില്‍ വന്നുനിന്നത് സാര്‍ കണ്ടില്ല.
എന്താ ഉണ്ടായത് എന്ന് അവര്‍ എന്നോട് കണ്ണുകള്‍കൊണ്ടു ചോദിച്ചു. ഒന്നുമില്ലെന്ന് ഞാന്‍ കണ്ണുകള്‍കൊണ്ടുതന്നെ മറുപടി കൊടുത്തു. വീട്ടില്‍ പൊയ്ക്കൊള്ളാന്‍ ഞാന്‍ ആംഗ്യം കാണിച്ചു.
‘‘കുറച്ചുനേരം കിടക്കണോ സര്‍?’’ സരോജിനി പോയപ്പോള്‍ ഞാന്‍ ചോദിച്ചു.
എന്‍റെ ചോദ്യം സാര്‍ കേട്ടതായി ഭാവിച്ചില്ല. തുടര്‍ന്ന് എന്താണ് വേണ്ടതെന്നറിയാതെ ഞാന്‍ അദ്ദേഹത്തിനെതിരെയുള്ള സെറ്റിയില്‍ ഇരുന്നു.
‘മനോമയം’ പത്രാധിപര്‍ ഏതു നിമിഷവും തിരിച്ചുവിളിക്കാന്‍ ഇടയുണ്ടെന്ന് എനിക്കു തോന്നി. ആ വിളി വന്നാല്‍ കാര്‍ത്തികേയൻ സാര്‍ എന്താവും അദ്ദേഹത്തോടു പറയുക?
ഈ ഉദ്യമത്തില്‍നിന്നു പിന്മാറുന്നു എന്നാവുമോ? അങ്ങനെ ഒരു വികാരത്തിന്‍റെ പുറത്ത് പെട്ടെന്നൊരു തീരുമാനം എടുക്കുന്നതില്‍നിന്ന് കാര്‍ത്തികേയന്‍ സാറിനെ തടഞ്ഞേ തീരൂ.
ഇപ്പോള്‍ ഈ നോവല്‍ എന്‍റെകൂടി ആവശ്യമായിട്ടുണ്ട്. ഈ രഹസ്യദൗത്യം വിജയിച്ച് ആ കൃതി കയ്യിലാക്കിക്കൊണ്ടു വേണം എനിക്ക് ഇവിടെനിന്നു പോവാന്‍. അതിന് അത്യാവശ്യം കള്ളക്കളികളൊക്കെ നടത്തിയാലും തെറ്റൊന്നുമില്ല.
കാര്‍ത്തികേയന്‍ സാര്‍ കണ്ണടച്ചു കിടക്കുകതന്നെയാണ്. ആ അവസരം ഉപയോഗിച്ച് ഞാന്‍ ടീപോയില്‍ കിടക്കുന്ന ഫോണ്‍ എടുത്ത് ഫ്ലൈറ്റ് മോഡിലാക്കി. ഇനി അഥവാ ‘മനോമയം’ പത്രാധിപര്‍ തിരിച്ചുവിളിച്ചാല്‍ത്തന്നെ തല്‍ക്കാലം കിട്ടാന്‍ പാടില്ല.
‘‘സാര്‍ ഒന്ന് നല്ലവണ്ണം ഉറങ്ങിക്കോളൂ. ഊണു കഴിക്കാറാവുമ്പോള്‍ ഞാന്‍ വിളിക്കാം.’’
അല്‍പംകൂടി സമയം കിട്ടിയാല്‍ സാര്‍ ഒന്ന് സ്വസ്ഥനാവുമെന്ന് എനിക്കു തോന്നി. പക്ഷേ, സാര്‍ ഇരുന്ന ഇരിപ്പില്‍നിന്ന് അനങ്ങിയില്ല. കുറച്ചുനേരം അങ്ങനെയിരുന്നാലും തരക്കേടൊന്നുമില്ല. അല്‍പം കഴിഞ്ഞാല്‍ ശാന്തനാവാന്‍ വഴിയുണ്ട്. ഞാനും സെറ്റിയിലേക്ക് അമര്‍ന്നു.
അപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഫോണ്‍ ശബ്ദിച്ചു. ഒരു നിമിഷത്തെ സ്തബ്ധതക്കു ശേഷമാണ് അത് എന്‍റെ ഫോണാണല്ലോ എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് മോഡിലുള്ള ഫോണില്‍ വിളി വരില്ലല്ലോ എന്ന് പെട്ടെന്ന് ഓർമിച്ചില്ല.
എഡിറ്ററാണ്.
കാര്‍ത്തികേയന്‍ സാര്‍ കണ്ണടച്ച് ഇരിപ്പുതന്നെയാണ്. ഞാന്‍ ഫോണുംകൊണ്ട് സിറ്റൗട്ടിലേക്ക് പോയി.
‘‘എഴുത്തു നടക്കുന്നുണ്ടല്ലോ അല്ലേ?’’ എഡിറ്റര്‍ അന്വേഷിച്ചു.
‘‘ഉവ്വ് സര്‍.’’
സംഭവിച്ചതൊന്നും വെളിപ്പെടുത്തണമെന്ന് എനിക്കു തോന്നിയില്ല. എഡിറ്റര്‍ അല്ലെങ്കില്‍ത്തന്നെ വേണ്ടതിലധികം ജാഗ്രതയിലാണ്.
‘‘തന്നോട് ഒരു കാര്യം പറയാനാണ് വിളിച്ചത്. കാര്‍ത്തികേയൻ സാറിന്‍റെ വീട്ടില്‍ വന്നുപോകുന്നവരുടെ മേല്‍ തന്‍റെ ഒരു കണ്ണുവേണം. മാത്രമല്ല, അദ്ദേഹത്തിന്‍റെ ഫോണില്‍ വരുന്ന വിളികളും ഒന്നു ശ്രദ്ധിക്കണം. തന്നെയും പലയിടത്തുനിന്നും നിരീക്ഷിക്കാന്‍ സാധ്യതയുണ്ട്. എപ്പോഴും ജാഗ്രതയോടെ ഇരിക്കണം.’’
എനിക്കു ചിരിവന്നു. ഇതെന്താ വല്ല യുദ്ധമോ മറ്റോ ആണോ? എഡിറ്റര്‍ വേണ്ടതിലധികം ജാഗരൂകനാണ്. ഒരുപക്ഷേ ഇതൊക്കെ എന്നെ ചൂടാക്കി നിലനിര്‍ത്താനായിരിക്കാം.
‘‘തന്നെക്കൂടാതെ അവിടെ ആരൊക്കെയാണ് കയറിയിറങ്ങുന്നത്?’’
സരോജിനി, മുറ്റമടിക്കാന്‍ വരുന്ന അവരുടെ മകള്‍, ഹോട്ടലില്‍നിന്നുള്ള പയ്യന്‍. ആലോചിച്ചാല്‍ ഇത്രയൊക്കെയേ ഉള്ളൂ. നാട്ടുകാരാരും ഇവിടേക്ക് വരാന്‍ സാധ്യതയില്ല. ആരുമായും കാര്‍ത്തികേയന്‍ സാറിന് ബന്ധമില്ലല്ലോ. ഇപ്പറഞ്ഞവരാവട്ടെ എന്‍റെ ദൗത്യത്തെപ്പറ്റി മനസ്സിലാക്കിയിട്ടുമില്ല. പിന്നെ എന്തു കുന്തമാണ് എഡിറ്റര്‍ക്കു വേണ്ടത്?
വരുന്ന ആളുകളുടെ പട്ടിക നിരത്തിയിട്ടും അദ്ദേഹത്തിനു തൃപ്തിയായതായി തോന്നിയില്ല.
‘‘താന്‍ എവിടെയാണ് താമസിക്കാന്‍ പോവുന്നത്?’’ എഡിറ്റര്‍ അന്വേഷിച്ചു.
‘‘കാര്‍ത്തികേയന്‍ സാര്‍ ഇവിടെ താമസിക്കണമെന്നു പറയുന്നുണ്ട്.’’
‘‘എന്നിട്ടു താന്‍ സമ്മതിച്ചുവോ?’’
‘‘ഇല്ല. വേറെ എവിടെയെങ്കിലും താമസിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.’’
‘‘അതു മതി. കലയൂരില്‍ എന്തെല്ലാമാണ് നടക്കുന്നതെന്ന് പഠിക്കാന്‍ തനിക്ക് അത് ഒരവസരമാണ്. മാത്രമല്ല, സാറിന്‍റെ നാട്ടിലുള്ള നില മനസ്സിലാക്കുകയും ആവാമല്ലോ.’’
ഇതിലൊക്കെ എന്താണ് കാര്യമെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്തായാലും എഡിറ്റര്‍ പറയുന്നത് അനുസരിക്കുക തന്നെ.
‘‘മറ്റൊരു കാര്യം,’’ എഡിറ്റര്‍ തുടര്‍ന്നു. ‘‘വാടകവീട് അന്വേഷിക്കുമ്പോള്‍ തികച്ചും ഒഴിഞ്ഞുകിടക്കുന്ന വീടൊന്നും തനിക്കു കിട്ടിക്കൊള്ളണമെന്നില്ല. മാത്രമല്ല, അങ്ങനെയൊരു വീട്ടില്‍ താമസിക്കുന്നത് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കും. എന്നാല്‍, ധാരാളം അംഗങ്ങളുള്ള വീടായാലും പ്രശ്നമാണ്. അവരുടെയൊക്കെ കണ്ണുവെട്ടിച്ചിട്ടു വേണ്ടിവരുമല്ലോ തന്‍റെ എഴുത്ത്. ഐഡിയല്‍ എന്നു പറയുന്നത് ആരെങ്കിലും ഒറ്റക്കു താമസിക്കുന്ന വീടാണ്. അതും കുറച്ച് പ്രായമായ വല്ലവരുമാണെങ്കില്‍ ഉത്തമമാവും.’’
എനിക്കു ചിരി വന്നു. വീട്ടുടമസ്ഥന്‍ കണ്ണുപൊട്ടനാവണം എന്ന് നിബന്ധന വെച്ചില്ലല്ലോ!
ഇങ്ങനെ എല്ലാ കാര്യങ്ങളും ഒത്തുപോവുന്ന തരത്തിലുള്ള വീടു കിട്ടുന്നത് എളുപ്പമല്ല തീര്‍ച്ച. പിന്നെ കലയൂരില്‍ പരിചയക്കാര്‍ ആരുമില്ല താനും. ആകെ ഒരാളെ പരിചയപ്പെട്ടത് മോഡേണ്‍ കഫേയിലെ ചന്ദ്രേട്ടനെയാണ്. ചന്ദ്രേട്ടനോടുതന്നെ ചോദിച്ചുനോക്കാം.
എഡിറ്ററുടെ ഫോണ്‍ തീര്‍ന്ന് അകത്തെത്തിയപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ കണ്ണു തുറന്നിരിക്കുന്നു.
‘‘തലിയാര്‍ഖാന്‍!’’
ഞാന്‍ അടുത്തേക്കു ചെന്നു.
‘‘തന്നോട് ഒരു കാര്യം ചോദിക്കട്ടെ? ആദ്യത്തെ അധ്യായം താന്‍ പകര്‍ത്തിയെഴുതിയതാണല്ലോ. എന്താ തന്‍റെ അഭിപ്രായം അതിനെപ്പറ്റി?’’
ഞാന്‍ വെറുതെ ഒന്നു ചിരിച്ചു.
‘‘എന്തായാലും പറഞ്ഞോളൂ. എനിക്ക് സത്യസന്ധമായ അഭിപ്രായമാണ് വേണ്ടത്.’’
‘‘അതിലെ ഭാഷക്ക് ഒട്ടും പുതുമ തോന്നിയില്ല,’’ മടിച്ചുമടിച്ച് ഞാന്‍ പറഞ്ഞു. ‘‘ഈ ഭാഷയില്‍ ധാരാളം കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു. ഇത് കലയൂര്‍ കാര്‍ത്തികേയന്‍റെ സൃഷ്ടിയാണോ എന്ന് സാറ് സംശയിച്ചതുപോലെ എനിക്കും തോന്നി. എന്തൊക്കെയോ മാറ്റൊലിക്കൊള്ളുന്നതു പോലെ. എന്‍റെ പരിമിതമായ വായന വെച്ചാണ് പറയുന്നത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം സര്‍.’’
‘‘അപ്പോള്‍ ഞാനതു കീറിക്കളഞ്ഞത് നന്നായി അല്ലേ?’’
‘‘അതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലല്ലോ. അത് എന്‍റെ ലാപ്പില്‍ കിടപ്പുണ്ട്. എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്നതേയുള്ളൂ.’’
‘‘ആര്‍ക്കാണതു വേണ്ടത്! പറ്റുമെങ്കില്‍ അത് അവിടെ നിന്നുകൂടി കളഞ്ഞോളൂ.’’
എനിക്കുള്ള സംശയം മറ്റൊന്നായിരുന്നു. നോവല്‍ പറഞ്ഞുതരുമ്പോള്‍ അതിലെ ഭാഷയെപ്പറ്റി കാര്‍ത്തികേയന്‍ സാര്‍ മനസ്സിലാക്കാഞ്ഞതെന്ത്? കയ്യെഴുത്തുപ്രതി വായിക്കുമ്പോഴാണോ ഇതൊക്കെ കണ്ടെത്തുന്നത്?
കാര്‍ത്തികേയന്‍ സാര്‍ എന്തോ ചിന്തയിലാണ്ട് കുറച്ചുനേരമിരുന്നു.
‘‘കുറേ നോവലുകളെഴുതിയതാണല്ലോ. എനിക്കുകൂടി ഇഷ്ടമുള്ള ഒരു നോവല്‍ എഴുതണമെന്ന് കുറച്ചുകാലമായി ചിന്തിക്കുന്നു. ഞാന്‍ ആദ്യം എഴുതിയ നോവല്‍ നഷ്ടപ്പെട്ടു. അത് ഇതുവരെ ഞാനെഴുതിയ നോവലുകള്‍ പോലെയൊന്നുമായിരുന്നില്ല. കുറേ കാലമായി അത് ഒന്നു പുനഃസൃഷ്ടിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, തുടക്കംതന്നെ പാളി.’’
‘‘അതെന്താ സര്‍, നോവല്‍ നഷ്ടപ്പെട്ടുവെന്നു പറഞ്ഞത്?’’
‘‘അതൊക്കെ പിന്നെപ്പറയാം. ഈ ഊരാക്കുടുക്കില്‍നിന്ന് എനിക്ക് മോചനം വേണം. അതാണിപ്പോള്‍ ഉടനെ വേണ്ടത്.’’
‘‘എന്ത് ഊരാക്കുടുക്ക്?’’
‘‘പത്രാധിപര്‍ക്കു കൊടുത്ത വാക്ക്. അതില്‍നിന്നു പിന്‍വാങ്ങിയാല്‍ തീരാവുന്നതല്ലേയുള്ളൂ പ്രശ്നം? എനിക്കയാളോട് ഒരു ബാധ്യതയുമില്ല. താന്‍ ആ പത്രാധിപരെ വീണ്ടും ഒന്നു വിളിച്ചുതരൂ.’’
അപ്പോള്‍ അതാണ് കാര്യം. കാര്‍ത്തികേയന്‍ സാര്‍ നോവലെഴുത്തില്‍നിന്നു പിന്മാറുന്നു. അതായത് എന്‍റെ പണി ഇവിടെ തീരുന്നു. എഡിറ്റര്‍ എന്നെ വിശ്വസിച്ചേൽപിച്ച ദൗത്യം ഇതോടെ അവസാനിക്കുന്നു എന്നർഥം.
‘‘അങ്ങനെ എടുപിടീന്ന് ഒരു തീരുമാനം എടുക്കണോ സര്‍? സാവകാശം ഒന്ന് ആലോചിച്ചിട്ടു പോരേ?’’
‘‘ആവാമായിരുന്നു. അതു നമുക്ക് പിന്നീട് ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, ഡെഡ് ലൈന്‍ വെച്ചുള്ള ഈ എഴുത്ത്! അതു നടക്കില്ല. കഴുത്തിലെ കയര്‍ ആദ്യം ഒന്ന് അഴിച്ചുമാറ്റട്ടെ. താന്‍ ആ പത്രാധിപരെ ഒന്നു വിളിച്ചുതാടോ.’’
അപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ ഉറപ്പിച്ചുതന്നെയാണ്. എന്‍റെ ദൗത്യത്തിന് വിരാമമാവുകയാണ്. ഉടനെ വേണ്ടത് എഡിറ്ററെ വിവരം അറിയിക്കുകയാണ്. പക്ഷേ, കാര്‍ത്തികേയന്‍ സാറിന്‍റെ മുന്നില്‍ വെച്ച് വിളിക്കുന്നതെങ്ങനെ?
സാറിന്‍റെ ഫോണ്‍ ഞാന്‍ ഫ്ലൈറ്റ് മോഡില്‍ ഇട്ടിരിക്കുകയാണല്ലോ. അതുകൊണ്ട് ഉടനെ ‘മനോമയം’ പത്രാധിപര്‍ക്ക് അദ്ദേഹത്തെ കിട്ടില്ല. പക്ഷേ, ഫോണ്‍ ആ മോഡില്‍ത്തന്നെ വെക്കാന്‍ പറ്റില്ലല്ലോ. സാറിന്‍റെ വീട്ടുകാരോ മറ്റോ വിളിച്ചാലോ?
‘‘ഞാന്‍ പറഞ്ഞതു കേട്ടില്ലേ?’’
എനിക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. കാര്‍ത്തികേയന്‍ സാറിന്‍റെ ഫോണെടുത്ത് ഫ്ലൈറ്റ് മോഡില്‍നിന്നു മാറ്റി ‘മനോമയം’ പത്രാധിപരെ വിളിച്ചു.
‘‘ദ സബ്സ്ക്രൈബര്‍ യു ഹാഫ് കോള്‍ഡ് ഈസ് പ്രസന്‍റ് ലി സ്വിച്ച്ഡ് ഓഫ്.’’
ഭാഗ്യം, എനിക്ക് ശ്വാസം വിടാന്‍ സമയം കിട്ടിയിരിക്കുന്നു.
‘‘തിരക്കിലാവും. കുറച്ചു കഴിഞ്ഞ് വീണ്ടും വിളിക്കാം അല്ലേ?’’
‘‘സര്‍ ആ നോവലിന്‍റെ കാര്യം പറയൂ. എങ്ങനെയാണ് അതു നഷ്ടപ്പെട്ടത്?’’
‘‘അതങ്ങനെ ഒറ്റവാക്കില്‍ തീരുന്ന കഥയൊന്നുമല്ലെടോ. അതിലേക്ക് എത്തണമെങ്കില്‍ കുറേയധികം പറയേണ്ടിവരും. അതൊക്കെ ഇനി പറഞ്ഞിട്ടെന്താ?’’
‘‘അങ്ങനെയല്ല. കലയൂര്‍ കാര്‍ത്തികേയന്‍റെ കഥ കേള്‍ക്കാന്‍ വായനക്കാര്‍ കാത്തിരിക്കുന്നുണ്ട്.’’
‘‘ഉവ്വുവ്വ്. കലയൂര്‍ കാര്‍ത്തികേയന്‍റെ കഥ! താനെന്നെ കളിയാക്കുകയൊന്നും വേണ്ട. ഞാനാരാണ് എന്നും ആരല്ല എന്നുമൊക്കെ എനിക്കു നല്ലതുപോലെ അറിയാം.’’
‘‘ശരി. എന്നാല്‍, എനിക്കു വേണ്ടിയെങ്കിലും ആ കഥ പറയണം സര്‍. ഇതിങ്ങനെ എന്നെ വല്ലാതെ സസ്പെന്‍സില്‍ നിര്‍ത്തിയിട്ട്!’’
‘‘കലയൂര്‍ കാര്‍ത്തികേയന്‍റെയല്ല; കലയൂരിന്‍റെ കഥ പറയണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഒരു തരത്തില്‍ അതായിരുന്നു എന്‍റെ നഷ്ടപ്പെട്ട ആ നോവല്‍. ഏതൊരാള്‍ക്കും ഒരു നോവല്‍ എഴുതാം എന്നു പറയാറുണ്ടല്ലോ. അതുപോലെത്തന്നെ ഓരോ ദേശത്തിനും ഓരോ കഥയുമുണ്ട്. നമ്മുടെ വാരികകള്‍ക്കൊന്നും അത്തരം കഥകള്‍ വേണ്ടല്ലോ. അതുകൊണ്ടാണ് അവരുടെ ആവശ്യത്തിനനുസരിച്ച് ഇത്രയും പ്രേമകഥകളൊക്കെ ഞാന്‍ എഴുതിക്കൂട്ടിയത്. പ്രേമകഥകള്‍ക്കാണെങ്കില്‍ അവസാനവുമില്ല. തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും മറിച്ചിട്ടുതിരിച്ചും അതങ്ങനെ പരന്നുകിടക്കും. എനിക്കു മടുത്തെടോ.’’
‘‘അതിനും വായനക്കാരുണ്ടല്ലോ. ഒരുപക്ഷേ മുഖ്യധാരാ സാഹിത്യത്തിനുള്ളതിലധികം വായനക്കാര്‍ അതിനല്ലേ ഉള്ളത്?’’
‘‘എന്നിട്ടെന്തു കാര്യം? കലയൂര്‍ കാര്‍ത്തികേയനെ ആരും എഴുത്തുകാരുടെ പട്ടികയില്‍ പെടുത്തിയിട്ടില്ലല്ലോ. ഉവ്വോ? നൂറിലധികം നോവലുകളെഴുതിയിട്ടുണ്ട്; ലക്ഷക്കണക്കിന് വായനക്കാരുമുണ്ടായിരുന്നു; എന്നിട്ടെന്താ കാര്യം? ഒരു പുരസ്കാരം! ഒരംഗീകാരം. എവിടെ? അതാണ് രണ്ടുകൊല്ലം മുമ്പ് കലയൂരിലെ പ്രമുഖരെ ആദരിക്കുന്ന ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചിട്ടും ഞാന്‍ പങ്കെടുക്കാതിരുന്നത്. മാത്രമല്ല; 33 കൊല്ലം ഒന്നും എഴുതാതിരുന്നതുകൊണ്ട് പണ്ട് എനിക്കുള്ള വായനക്കാരും ഇല്ലാതായിരിക്കുന്നു ഇപ്പോള്‍. എടോ, ഞാനിന്ന് മരിച്ചുപോയി എന്നു കരുതുക. പത്രത്തില്‍ എന്തായിരിക്കും വാര്‍ത്ത. ഒന്നുമുണ്ടാവില്ല. ചരമക്കോളത്തില്‍ രണ്ടു വരിയുണ്ടാവുമായിരിക്കും: കലയൂര്‍ കാര്‍ത്തികേയന്‍ (85) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: ശ്രീജ, പ്രീജ. ചിലപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ പേരുംകൂടി ഉണ്ടായെന്നുവരും. നൂറിലധികം നോവലുകളെഴുതിയ ആളുടെ ചരമവാര്‍ത്തയാണ്!’’
‘‘ചരമവാര്‍ത്തയല്ലല്ലോ കാര്യം. അതൊക്കെ റിപ്പോര്‍ട്ടര്‍മാരുടെ മനോധർമമനുസരിച്ചിരിക്കും. അല്ലാതെന്ത്? ഇത്രയും കാലം നോവലുകളെഴുതി വായനക്കാരെ ആനന്ദിപ്പിച്ചില്ലേ? അത് ആര്‍ക്കും നിഷേധിക്കാനാവില്ലല്ലോ.’’
‘‘തനിക്കതു മനസ്സിലാവില്ല. തനിക്കെന്നല്ല ആര്‍ക്കും. ഇക്കൂട്ടത്തില്‍ ഞാന്‍ മാത്രമൊന്നുമല്ലല്ലോ. എത്രയെത്ര നോവലിസ്റ്റുകള്‍ ഉണ്ടായിരുന്നതാണ് നമുക്ക് വാരികകളുടെ ആ മഹാപ്രളയകാലത്ത്? കോട്ടയത്തെ ലോഡ്ജില്‍ തമ്പടിച്ച് എഴുതിക്കൊണ്ടിരുന്ന കാലത്ത് എത്രയെത്ര എഴുത്തുകാരുണ്ടായിരുന്നതാ? അവരൊക്കെ ഇപ്പോഴും എഴുതുന്നുണ്ടോ? പോട്ടെ, ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആരെങ്കിലും അന്വേഷിക്കാറുണ്ടോ? ഇല്ലല്ലോ. ആര്‍ക്കാണ് അതൊക്കെ അറിയാന്‍ താല്‍പര്യം?’’
‘‘എനിക്കു താല്‍പര്യമുണ്ട് സര്‍. എങ്ങനെയാണ് കലയൂര്‍ കാര്‍ത്തികേയന്‍ ഈ രംഗത്തേക്ക് എത്തിപ്പെട്ടത്? എന്തുകൊണ്ടാണ് 33 കൊല്ലം മുമ്പ് പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചത്?’’
‘‘താനെന്നെ ഇന്‍റര്‍വ്യൂ ചെയ്യാനാണോ ഇരിക്കുന്നത്? തന്‍റെ ദൗത്യം അതല്ലല്ലോ. ഞാന്‍ പറയുന്നത് കേട്ടെഴുതുകയല്ലേ? അത് വേണ്ടെന്നു ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്‍റെ ജോലിയും തീര്‍ന്നിരിക്കുന്നു. രണ്ടു ദിവസത്തെ കൂലി തരാം. അതു വാങ്ങി പെട്ടെന്ന് സ്ഥലം വിടണം.’’
ഞാന്‍ കുറച്ചുനേരം ചിന്തിക്കുന്നതുപോലെ ഭാവിച്ച് ഇരുന്നു. കാര്‍ത്തികേയന്‍ സാറിനെ അങ്ങനെ വിട്ടുകൊടുക്കുന്നത് ശരിയല്ല. അത്യാവശ്യം ചില അഭിനയം വേണ്ടിവരും.
ഞാന്‍ എഴുന്നേറ്റു. ലാപ്ടോപ് ബാക്പാക്കിലേക്ക് തിരുകിവെച്ചു. എഴുന്നേറ്റുനിന്ന് സാറിനു നേരെ കൈകൂപ്പി. പിന്നെ പെട്ടിയെടുത്തു കയ്യില്‍ പിടിച്ചു.
‘‘എന്നാല്‍ അങ്ങനെയാവട്ടെ കാര്‍ത്തികേയന്‍ സാര്‍. ഒരു ദിവസത്തെ കൂലിയല്ലേ? അത് ഞാന്‍ സഹിച്ചോളാം. പിന്നെ അതിനു തക്കവണ്ണം ജോലിയൊന്നും ഞാന്‍ ചെയ്തിട്ടുമില്ലല്ലോ. ഞാന്‍ ഇറങ്ങട്ടെ.’’
കാര്‍ത്തികേയന്‍ സാര്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം തിടുക്കപ്പെട്ട് സെറ്റിയില്‍നിന്ന് എഴുന്നേറ്റു.
‘‘അങ്ങനെയങ്ങു പോവാന്‍ ഞാന്‍ സമ്മതിക്കില്ല. എനിക്കു ചിലതൊക്കെ പറയാനുണ്ട്. അത് താന്‍ കേള്‍ക്കുകയും വേണം.’’ അടുത്തേക്കെത്തി എന്‍റെ പെട്ടി പിടിച്ചുവാങ്ങി അദ്ദേഹം തുടര്‍ന്നു.
‘‘ഈ പെട്ടി ഇനി എന്‍റെ അനുവാദമില്ലാതെ തനിക്ക് തൊടാന്‍ കിട്ടില്ല. താന്‍ ഇവിടെ താമസിക്കാന്‍ വന്നതല്ലേ? ഇനി എനിക്കു പറയാനുള്ളതു മുഴുവന്‍ തീരുന്നതു വരെ താന്‍ എന്‍റെ തടവിലാണ്.’’
എന്നെ ബലമായി സെറ്റിയില്‍ പിടിച്ചിരുത്തി കാര്‍ത്തികേയൻ സാർ ചിരിച്ചു.
‘‘ഞാന്‍ എല്ലാം പറയാം. താന്‍ അത് കേട്ടെഴുതുകയൊന്നും വേണ്ട. അതിനു തക്കവണ്ണം മഹത്വമുള്ളതൊന്നും ഞാന്‍ ചെയ്തിട്ടില്ല. എന്നാലും തനിക്കു കേള്‍ക്കണമെന്നല്ലേ പറഞ്ഞത്? ഞാന്‍ തയ്യാറാണ്.’’
അതുതന്നെയാണ് എനിക്കു വേണ്ടിയിരുന്നത്. വിജയഭാവം പുറത്തു കാണിക്കാതെ ഞാന്‍ ഗൗരവം നടിച്ച് ഇരുന്നു.
‘‘ഞാന്‍ ഒന്നും മിണ്ടുന്നില്ല. ഗണപതിക്ക് അതിന് അവകാശമില്ലല്ലോ.’’
കാര്‍ത്തികേയൻ സാര്‍ ചിരിച്ചു.
‘‘താന്‍ എന്നെ തോൽപിച്ചുകളഞ്ഞു!’’
ആ സമയത്ത് കാര്‍ത്തികേയന്‍ സാറിന്‍റെ ഫോണ്‍ ശബ്ദിച്ചു. ഞാന്‍ എത്തിച്ചു നോക്കി. മോണിറ്ററില്‍ Manomayam Editor എന്ന് തെളിഞ്ഞു കാണാനുണ്ടായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.