ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

അക്കരെയുള്ള വീട് മോഡേണ്‍ കഫേയിലെ ചന്ദ്രേട്ടനാണ് അക്കരെയുള്ള വീട്ടിലേക്ക് എന്‍റെ കൂടെ വന്നത്. ഇങ്ങനെയൊരു വീടുണ്ടെന്നു പറഞ്ഞതും ചന്ദ്രേട്ടന്‍തന്നെ. ‘‘കലയൂരിലേക്ക് ആരു വരാനാ വീടന്വേഷിച്ചിട്ട്?’’ വാടകവീടു കിട്ടുമോ എന്നു ചോദിച്ചു ചെന്നപ്പോള്‍ ചന്ദ്രേട്ടന്‍ ആദ്യം ചിരിക്കുകയാണ് ചെയ്തത്. ‘‘കലയൂരില്‍ ഫാക്ടറികളൊന്നുമില്ലല്ലോ. ആകെയുള്ളത് ഒരു പഞ്ചായത്താപ്പീസും വില്ലേജാപ്പീസുമാണ്. ചെറിയ ഒരു പോസ്റ്റാപ്പീസുമുണ്ട്. ഒരു ഹൈസ്കൂളുള്ളതിലെ ടീച്ചര്‍മാരധികവും ഈ നാട്ടുകാര്‍തന്നെയാണ്. പിന്നെ വാടകക്ക് കൊടുക്കാന്‍ മാത്രം നീക്കിവെച്ച വീടുകള്‍ ഉണ്ടാവാന്‍ ഒരു വഴിയുമില്ലല്ലോ.’’ അക്കരെയുള്ള...

അക്കരെയുള്ള വീട്

മോഡേണ്‍ കഫേയിലെ ചന്ദ്രേട്ടനാണ് അക്കരെയുള്ള വീട്ടിലേക്ക് എന്‍റെ കൂടെ വന്നത്. ഇങ്ങനെയൊരു വീടുണ്ടെന്നു പറഞ്ഞതും ചന്ദ്രേട്ടന്‍തന്നെ.

‘‘കലയൂരിലേക്ക് ആരു വരാനാ വീടന്വേഷിച്ചിട്ട്?’’ വാടകവീടു കിട്ടുമോ എന്നു ചോദിച്ചു ചെന്നപ്പോള്‍ ചന്ദ്രേട്ടന്‍ ആദ്യം ചിരിക്കുകയാണ് ചെയ്തത്. ‘‘കലയൂരില്‍ ഫാക്ടറികളൊന്നുമില്ലല്ലോ. ആകെയുള്ളത് ഒരു പഞ്ചായത്താപ്പീസും വില്ലേജാപ്പീസുമാണ്. ചെറിയ ഒരു പോസ്റ്റാപ്പീസുമുണ്ട്. ഒരു ഹൈസ്കൂളുള്ളതിലെ ടീച്ചര്‍മാരധികവും ഈ നാട്ടുകാര്‍തന്നെയാണ്. പിന്നെ വാടകക്ക് കൊടുക്കാന്‍ മാത്രം നീക്കിവെച്ച വീടുകള്‍ ഉണ്ടാവാന്‍ ഒരു വഴിയുമില്ലല്ലോ.’’

അക്കരെയുള്ള വീടായാല്‍ ബുദ്ധിമുട്ടുണ്ടോ എന്നാണ് ചന്ദ്രേട്ടന്‍ ചോദിച്ചത്. ആദ്യം ഒന്നു സംശയിച്ചു. അക്കരെയെത്താന്‍ തോണിയൊക്കെ കടക്കണമെങ്കില്‍ മിനക്കേടാണ്. അപ്പോഴാണ് പന്ത്രണ്ടു കൊല്ലം മുമ്പ് അക്കരെക്ക് പാലം വന്ന കഥ ചന്ദ്രേട്ടന്‍ പറഞ്ഞത്. അപ്പോള്‍ത്തന്നെയാണ് പുഴക്കു കുറുകെയുള്ള പാലം കണ്ട ഓർമയും വന്നത്.

കലയൂരുകാരുടെ സ്വപ്നമായിരുന്നത്രേ ആ പാലം. അതുവരെ അക്കരെക്കു പോകാന്‍ തോണി വേണം. കാലവര്‍ഷത്തില്‍ കലയൂര്‍പ്പുഴ കലിതുള്ളിയൊഴുകുമ്പോള്‍ കടത്ത് അസാധ്യമാവും. അതോടെ അക്കര ഒരു വിദേശരാജ്യമാവും. അക്കരെ കൃഷിയുള്ളവര്‍ക്കൊക്കെ വലിയ കഷ്ടപ്പാടുള്ള സമയമാണ് അത്. പാലം വന്നതോടെ പുതിയൊരു ലോകം തുറന്നുകിട്ടിയതുപോലെയായി കലയൂര്‍ക്കാര്‍ക്ക്.

ഇന്നലെ ‘മനോമയം’ പത്രാധിപരുമായുള്ള കാര്‍ത്തികേയന്‍ സാറിന്‍റെ ഫോണ്‍വിളി അവസാനിച്ചപ്പോള്‍ എനിക്കും പുതിയൊരു ലോകം തുറന്നു കിട്ടിയതുപോലെയായിരുന്നു.

പത്രാധിപര്‍ എന്തെല്ലാം പറഞ്ഞാണ് സാറിനെ നോവലെഴുത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനത്തില്‍നിന്നു തടഞ്ഞതെന്ന് എനിക്കു മനസ്സിലായില്ല. തുടക്കത്തില്‍ സാര്‍ അങ്ങോട്ട് എന്തൊക്കെയോ പറയാന്‍ ശ്രമിച്ചിരുന്നു. പിന്നെപ്പിന്നെ എല്ലാം മൂളിമൂളിക്കേള്‍ക്കുകയായിരുന്നു. ആ ഫോണ്‍വിളി കഴിഞ്ഞപ്പോഴേക്കും സാര്‍ ശാന്തനായിരുന്നു.

ഉച്ചക്ക് ഊണു കഴിഞ്ഞ് കാര്‍ത്തികേയന്‍ സാര്‍ നാലുമണി വരെ ഉറങ്ങി. ഉണര്‍ന്നുവന്നത് ചിരിച്ചുകൊണ്ടായിരുന്നു.

‘‘ഇന്നിനി കേട്ടെഴുത്തും കോലെഴുത്തുമൊന്നും വേണ്ട,’’ സാര്‍ പറഞ്ഞു, ‘‘നമുക്ക് വെറുതെ വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം.’’

കാര്‍ത്തികേയന്‍ സാറിന്‍റെ അടുത്ത് പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അങ്ങനെ വെറുതെയിരിക്കാന്‍ തോന്നിയില്ല. അതുകൊണ്ട് വൈകുന്നേരത്തെ ചായ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. മോഡേണ്‍ കഫേയിലേക്കാണ് നടന്നത്. വീടിന്‍റെ കാര്യം ചോദിക്കാമെന്നു വെച്ചു. മൂപ്പര്‍ക്കു പക്ഷേ ചായക്കടയിലെ തിരക്കൊഴിഞ്ഞിട്ടു വേണമല്ലോ അവിടെനിന്ന് എഴുന്നേല്‍ക്കാന്‍! രാവിലെ വരാന്‍ പറഞ്ഞാണ് ഇന്നലെ എന്നെ തിരിച്ചയച്ചത്. രാവിലെ ചെന്നപ്പോഴോ? തിരക്കോടു തിരക്ക്. ഒടുവില്‍ ഒരു 11 മണി കഴിഞ്ഞപ്പോഴാണ് കൗണ്ടറില്‍ തല്‍ക്കാലം ഒരാളെ ഇരുത്തി എന്‍റെ കൂടെ വന്നത്.

‘‘ഇവിടന്ന് നടക്കാവുന്ന വഴിയേയുള്ളൂ,’’ ഓട്ടോറിക്ഷ വിളിക്കണോ എന്നു ചോദിച്ചപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘സാറിന് നടക്കാന്‍ വയ്യെങ്കില്‍ വണ്ടിപിടിക്കാം.’’

അസ്സലായി! അറുപതിലധികം വയസ്സുള്ള ചന്ദ്രേട്ടന്‍ നടക്കാന്‍ തയാറാണെങ്കില്‍പ്പിന്നെ എനിക്കാണോ വിഷമം?

‘‘നടക്കാം ചന്ദ്രേട്ടാ. നാടൊക്കെ ഒന്നു കാണുകയും ചെയ്യാമല്ലോ.’’

‘‘വയസ്സായ ഒരു സ്ത്രീയുടെ വീടാണ്,’’ നടന്നുതുടങ്ങിയപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ഒറ്റക്കാണ് താമസം. അവരുടെ കൂടെ താമസിക്കാന്‍ സാറിന് വിഷമമൊന്നുമില്ലല്ലോ.’’

‘‘അതൊന്നും പ്രശ്നമല്ല ചന്ദ്രേട്ടാ. അത്യാവശ്യം സൗകര്യമുള്ള ഒരു മുറി കിട്ടിയാല്‍ മതി.’’

‘‘ഇന്നലെ ഞാന്‍ അവിടെ പോയിരുന്നു. അവര്‍ ഇതുവരെ ആരെയും അങ്ങനെ വാടകയ്ക്കു താമസിപ്പിച്ചിട്ടൊന്നുമില്ല എന്നു പറഞ്ഞു. എന്നാലും വിരോധമൊന്നുമില്ല അവര്‍ക്ക്. ഇനി സാറിന്‍റെ തീരുമാനം പോലെയിരിക്കും.’’

‘‘നമുക്ക് ആദ്യം വീടു കാണാം,’’ ഞാന്‍ പറഞ്ഞു. ‘‘എന്നിട്ടാവാം തീരുമാനം.’’

നടന്നുനടന്ന് ഞങ്ങള്‍ പുഴയുടെ തീരത്തേക്ക് അടുക്കുകയായിരുന്നു. ഇവിടെ വന്ന ദിവസം സമയം പോക്കാന്‍വേണ്ടി ഇരുന്ന കാഞ്ഞിരത്തിന്‍റെ ചുവട്ടിലെത്തി.

‘‘നമുക്ക് ഈ പാലം കടന്നുപോവണം.’’ പാലത്തിലേക്കു കയറിയപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ഈ പാലം വരുന്നതുവരെ അമലശ്ശേരി മറ്റൊരു രാജ്യമായിരുന്നു. തോണി കടന്നുപോണം. പക്ഷേ, അവര്‍ക്കായിരുന്നു അത് കൂടുതല്‍ ആവശ്യം. പല ആവശ്യങ്ങള്‍ക്കും അവര്‍ക്ക് ഇക്കരേക്ക് വരേണ്ടതുണ്ടായിരുന്നു. കുട്ടികള്‍ കലയൂര്‍ ഹൈസ്കൂളിലേക്ക് വന്നിരുന്നത് തോണി കടന്നായിരുന്നു.’’

അക്കരെയുള്ള ദേശത്തിന്‍റെ പേര് അമലശ്ശേരി എന്നാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.

പാലം ഇറങ്ങിച്ചെന്നത് ഒരമ്പലത്തിന്‍റെ മുറ്റത്തേക്കായിരുന്നു.

‘‘അമലശ്ശേരി അമ്പലമാണ്,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘നല്ല പഴക്കമുണ്ട്. ഭഗവതിയാണ് പ്രതിഷ്ഠ. ഇവിടത്തെ മീനഭരണി പ്രസിദ്ധമാണ്.’’

നടയടച്ചിരിക്കുകയാണ്. ആല്‍ത്തറയില്‍ മൂന്നോ നാലോ പേര്‍ ഇരിക്കുന്നുണ്ട്. അമ്പലമുറ്റം മുറിച്ചുകടന്ന് ചന്ദ്രേട്ടന്‍ കുറച്ചകലേക്ക് ചൂണ്ടിക്കാട്ടി.

പാലം തുടങ്ങുന്ന ഇടത്ത് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന വാകമരത്തിന്‍റെ ചുവട്ടില്‍ ഒരു ബസ് ആളുകളെ കാത്തുകിടക്കുന്നുണ്ടായിരുന്നു.

‘‘ടൗണിലേക്ക് പോവുന്ന ബസ്സാണ്,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ദിവസത്തില്‍ ആറു ട്രിപ്. അമലശ്ശേരിയിലുള്ളവര്‍ക്ക് ആകെയുള്ള ആശ്രയമാണ്.’’

രണ്ടോ മൂന്നോ പേര്‍ ബസില്‍ കയറിയിരിപ്പുണ്ട്. കണ്ടക്ടറും ഡ്രൈവറും പുറത്ത് എന്തോ സംസാരിച്ചുനില്‍ക്കുന്നുണ്ട്. പുറപ്പെടാന്‍ കുറച്ചു സമയംകൂടി ഉണ്ടാവണം.

പാലം കടന്ന് ഏകദേശം അര കിലോമീറ്റര്‍ എത്തിയതേയുള്ളൂ വഴിയില്‍നിന്നു നേരെ കയറിച്ചെല്ലാവുന്ന പഴയ വീട് കണ്ണില്‍പ്പെട്ടു. ഏറക്കുറെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയാണ്. ആള്‍ത്താമസമൊന്നുമില്ലാത്ത ഈ വീടാണോ ചന്ദ്രേട്ടന്‍ എനിക്കുവേണ്ടി കണ്ടെത്തിയിട്ടുള്ളത്? ഞാന്‍ സംശയത്തോടെ ചന്ദ്രേട്ടനെ നോക്കി.

‘‘ഇതല്ല,’’ ചന്ദ്രേട്ടന്‍ ചിരിച്ചു. ‘‘ഇതിലിപ്പോള്‍ ആരും താമസമില്ല. റോഡിന്‍റെ വക്കത്തു കാണുന്ന ഈ കെട്ടിടം പഴയ ഒരു ചായക്കടയായിരുന്നുവത്രേ. എനിക്ക് ഓർമ വെക്കുമ്പൊഴേ ചായക്കടയൊക്കെ അടഞ്ഞുകിടക്കുകയാണ്. ഞാന്‍ പറഞ്ഞത് ഇതിന്‍റെ വലത്തു വശത്തു കാണുന്ന വീടാണ്.’’

ചന്ദ്രേട്ടന്‍ വലതു വശത്തേക്ക് ചൂണ്ടിക്കാട്ടി.

അപ്പോഴാണ് അതിന്‍റെ അരികില്‍ത്തന്നെയുള്ള ഓടിട്ട വീട് ഞാന്‍ കാണുന്നത്. മുറ്റത്ത് പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഒരു മാവുള്ളതുകൊണ്ട് അതു പെട്ടെന്നു കണ്ണില്‍പ്പെടില്ല. മുറ്റത്തെത്തിയപ്പോഴാണ് ഒരു വീടിന്‍റെ മുന്നിലാണ് നില്‍പ്പെന്ന് അറിയുന്നതുതന്നെ.

‘‘ഇതാണ് ഞാന്‍ പറഞ്ഞ വീട്,’’ ചന്ദ്രേട്ടന്‍ പറഞ്ഞു.

കാടുപിടിച്ചു കിടക്കുന്ന മുറ്റം. പൂമുഖത്തേക്കുള്ള നടവഴിയില്‍പ്പോലും പുല്ലു വളര്‍ന്നിട്ടുണ്ട്. വീടിന്‍റെ ജനലുകള്‍ അടഞ്ഞുകിടക്കുന്നു. ഇതിലും ആള്‍ത്താമസമുണ്ടെന്നു തോന്നില്ല.

‘‘ഇവിടെ ഒരു സ്ത്രീ താമസമുണ്ടെന്നല്ലേ പറഞ്ഞത് ചന്ദ്രേട്ടാ?’’

‘‘ഉവ്വുവ്വ്. വേശ്വമ്മ. പ്രായം എത്രയായി എന്ന് എന്നോടു ചോദിക്കരുത്. ഞാന്‍ അവരെ കാണുമ്പൊഴേ അവര്‍ക്ക് നല്ല പ്രായമായിട്ടുണ്ട്.’’

വീട് ഒറ്റ നോട്ടത്തില്‍ എനിക്കു ബോധിച്ചില്ല. നല്ല പഴക്കം തോന്നുന്നുണ്ട്. ഓടൊക്കെ കറുത്തുപോയിരിക്കുന്നു. പൂമുഖത്തേക്കുള്ള പടവുകളിലെ സിമന്‍റ് മാത്രമല്ല പൂമുഖത്തിണ്ണയും അടര്‍ന്നിട്ടുണ്ട്. ഞാന്‍ ചന്ദ്രേട്ടനെ നോക്കി.

എന്‍റെ നോട്ടത്തില്‍നിന്നു തന്നെ ചന്ദ്രേട്ടനു കാര്യം മനസ്സിലായി എന്നു തോന്നുന്നു.

‘‘പുറത്തുനിന്നു കാണുന്നതു കൂട്ടണ്ട. നമുക്ക് അകം മുഴുവന്‍ കണ്ടിട്ടു തീരുമാനിച്ചാല്‍ മതി. സാറിന് എഴുതുകയോ വായിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. ആരും ശല്യപ്പെടുത്താന്‍ വരില്ല.’’

ഞാന്‍ എഴുത്തിന്‍റെ ആവശ്യത്തിനായി വന്നതാണെന്ന് ചന്ദ്രേട്ടന്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ആണെന്നോ അല്ലെന്നോ ഞാന്‍ പറയാന്‍ പോയില്ല. ചായക്കടയില്‍ ആദ്യം കയറിച്ചെന്നപ്പോള്‍ത്തന്നെ കലയൂര്‍ കാര്‍ത്തികേയനെ അന്വേഷിച്ചതാണല്ലോ. ചന്ദ്രേട്ടന്‍ ഊഹിച്ചെടുത്തതില്‍ അത്ഭുതമില്ല.

‘‘സാറ് ഇപ്പോള്‍ കലയൂരുള്ള കാര്യം ഞങ്ങളാരും അറിഞ്ഞിരുന്നില്ല,’’ ഇന്നലെ വീട് അന്വേഷണത്തിന് സഹായം ചോദിച്ചുകൊണ്ട് ചെന്നപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘കാര്‍ത്തികേയന്‍ സാറിന്‍റെ മിന്നലാട്ടം കണ്ടുവെന്ന് അന്നു മോഹനന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിക്കാതിരുന്നത് അതുകൊണ്ടാണ്. സാറ് മാവേലിക്കരയില്‍നിന്ന് കലയൂര്‍ക്കു വരുന്നതൊക്കെ വളരെ അപൂർവമാണ്. വന്നാല്‍ത്തന്നെ ആരും അറിയാറുമില്ല. ആരെയും അടുപ്പിക്കാത്ത പ്രകൃതമാണല്ലോ.’’

‘‘ചന്ദ്രനല്ലേ?’’

മുറ്റം മുറിച്ചുകടന്ന് ഞങ്ങള്‍ പൂമുഖത്തോട് അടുക്കുകയായിരുന്നു. അപ്പോഴാണ് പൂമുഖത്തു നില്‍ക്കുന്ന സ്ത്രീയെ ഞാന്‍ കാണുന്നത്. മുഷിഞ്ഞ ലുങ്കിയും അയഞ്ഞു തൂങ്ങുന്ന ബ്ലൗസുമാണ് വേഷം. ബ്ലൗസിനു കുറുകെ ഒരു തോര്‍ത്ത് ഇട്ടിരിക്കുന്നു. കാഴ്ചയില്‍ എണ്‍പതിനു മീതെ പ്രായം തോന്നിക്കുന്നുണ്ട്.

‘‘കണ്ണിനു കാഴ്ച കുറവാണ്,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘തീരെ ഇല്ലെന്നല്ല. സൂക്ഷം കുറവാണ്. വേശ്വമ്മ കാതുകൊണ്ടാണ് എല്ലാം കാണുന്നത്.’’

‘‘കയറിവന്നാട്ടെ.’’ പരുക്കന്‍ ശബ്ദം.

പൂമുഖത്തേക്ക് കയറിയെത്തിയപ്പോള്‍ ചന്ദ്രേട്ടന്‍ എന്നെ അവരുടെ മുന്നിലേക്ക് പിടിച്ചുനിര്‍ത്തി.

‘‘ഇതാണ് ഞാന്‍ പറഞ്ഞ ആള്‍,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘വീടു നോക്കാന്‍ ഒരാളു വരുന്നുണ്ടെന്നു ഇന്നലെ ഞാന്‍ പറഞ്ഞത് ഓർമയില്ലേ വേശ്വമ്മേ?’’

ഓർമയുണ്ടെന്നു തലയാട്ടി അവര്‍ എന്നെ സൂക്ഷിച്ചുനോക്കി. പിന്നെ എന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.

‘‘ഇത്രേം ചെറുപ്പമാണ് അല്ലേ?’’

അപ്പോള്‍ കാഴ്ചക്ക് അത്ര കുഴപ്പമൊന്നുമില്ലല്ലോ.

‘‘ഇവിടെ ആരും ഇതിനു മുമ്പ് വാടകക്ക് താമസിക്കാന്‍ വന്നിട്ടില്ല,’’ പൂമുഖത്തിണ്ണയില്‍ ഇരിക്കാന്‍ പറഞ്ഞ് തിണ്ണയാകെ തോര്‍ത്തുമുണ്ടു കൊണ്ട് വീശി വൃത്തിയാക്കുന്നതിനിടെ അവര്‍ പറഞ്ഞു. ‘‘രണ്ടാമതൊരാളുടെ ശബ്ദം കേള്‍ക്കുന്നതുതന്നെ വല്ലപ്പോഴും ഈ ചന്ദ്രന്‍ വരുമ്പോഴാണ്.’’

‘‘വേശ്വമ്മ കാണണം എന്നു വിചാരിക്കുമ്പോഴൊക്കെ ഞാന്‍ അവതരിക്കാറില്ലേ?’’ ചന്ദ്രേട്ടന്‍ ചിരിച്ചു.

‘‘അങ്ങനെ ഞാനിപ്പോള്‍ വിചാരിക്കാറൊന്നുമില്ലല്ലോ.’’

‘‘അതുകൊണ്ടല്ലേ ഞാനിപ്പോള്‍ വരാതിരിക്കുന്നത്!’’ ചന്ദ്രേട്ടനും തിരിച്ചടിച്ചു.

‘‘എനിക്കിപ്പോള്‍ അങ്ങനെ ആരുടെയും സഹായമൊന്നും ആവശ്യം വരുന്നില്ല. ശീലിച്ചാല്‍ ഒറ്റക്കിരിക്കുന്നത് നല്ല സുഖമാണ് ചന്ദ്രാ. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ.’’

വേശ്വമ്മ ചിരിച്ചു. അപ്പോള്‍ അവരുടെ നിര തെറ്റാത്ത പല്ലുകള്‍ കണ്ടു. നല്ല ഭംഗിയുള്ള ചിരി. പ്രായം അവരുടെ പല്ലുകളെ ബാധിച്ചിട്ടില്ലെന്നു തോന്നി.

‘‘മുറികളൊക്കെ ഒന്നു കാണാം,’’ ചന്ദ്രേട്ടന്‍ പറഞ്ഞു.

 

 

വേശ്വമ്മയുടെ പിന്നാലെ ഞങ്ങള്‍ അകത്തേക്ക് കടന്നു. ഈ ഉച്ചനേരത്തും അകത്ത് ഇരുട്ടാണ്. ഞാന്‍ മൊബൈലിലെ ടോര്‍ച്ച് തെളിയിക്കാന്‍ ഭാവിക്കുകയായിരുന്നു. അപ്പോഴേക്കും ചന്ദ്രേട്ടന്‍ മുറിയിലെ ലൈറ്റിട്ടു.

ഒരുവിധം വലിപ്പമുള്ള ഒരു മുറിയിലായിരുന്നു ഞങ്ങള്‍ നിന്നിരുന്നത്.

മുറിയുടെ മൂലയില്‍ ഒരു കട്ടിലുണ്ട്. അതില്‍ പഴയ ഒരു കിടക്ക ചുരുട്ടിവെച്ചിരിക്കുന്നു. ലാപ്ടോപ് വെക്കാനും ചാര്‍ജ് ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങളുണ്ടോ എന്നാണ് ഞാന്‍ ആദ്യം നോക്കിയത്. ഒരു മേശയും അതിനു മുന്നില്‍ ചൂരല്‍വരിഞ്ഞ ഒരു കസേരയും. അലക്ഷ്യമായി കിടക്കുന്ന മറ്റൊരു പ്ലാസ്റ്റിക് കസേരയും ഒരു മൂലയിലുണ്ട്. മേശയോടടുത്തുള്ള ചുമരില്‍ പ്ലഗ് പോയന്‍റുണ്ട്. മുറിയില്‍നിന്ന് നേരിട്ടു കടക്കാവുന്ന ഒരു ടോയ് ലെറ്റ് കൂടിയുണ്ടെങ്കില്‍ എന്‍റെ ആവശ്യത്തിനുള്ളതൊക്കെയായി. അതേതായാലും ഉണ്ടെന്നു തോന്നിയില്ല. എന്നാലും കുഴപ്പമില്ല.

‘‘കുളിമുറിയും കക്കൂസും പുറത്താണ്,’’ ഞാന്‍ നോക്കുന്നതു കണ്ട് ചന്ദ്രേട്ടന്‍ പറഞ്ഞു.

‘‘ആള്‍ ഈ മുറിയില്‍ കിടന്നോട്ടെ ചന്ദ്രാ,’’ വേശ്വമ്മ പറഞ്ഞു. ‘‘ഞാന്‍ അപ്പുറത്തെ മുറിയില്‍ കിടന്നോളാം.’’

‘‘വേശ്വമ്മ ഈ മുറിയിലാണോ കിടക്കാറുള്ളത്?’’

‘‘അതു സാരമില്ല,’’ വേശ്വമ്മ പറഞ്ഞു.

‘‘ആ മുറി കൂടി കാണിച്ചുതരാമോ?’’ ഞാന്‍ ചോദിച്ചു.

വേശ്വമ്മ ഞങ്ങളെ അവിടേക്ക് കൊണ്ടുപോയി. കുറച്ചുകൂടി ചെറിയ മുറിയാണ്. അവിടെയും ഒരു കട്ടില്‍ കിടപ്പുണ്ട്. മേശയോ കസേരയോ ഇല്ല. അതുകൊണ്ട് ഇത് എനിക്കു കിട്ടിയിട്ടു കാര്യവുമില്ല.

സ്വന്തം കിടപ്പുമുറിയും കട്ടിലും അവര്‍ എനിക്കു വിട്ടുതന്നതാണെന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി.

‘‘വേറെ ഒരു മുറി കൂടിയില്ലേ വേശ്വമ്മേ?’’ ചന്ദ്രേട്ടന്‍ ചോദിച്ചു.

‘‘അതിനെ മുറി എന്നൊന്നും പറയാന്‍ വയ്യ,’’ വേശ്വമ്മ പറഞ്ഞു. ‘‘ജനലൊന്നുമില്ല. ഞാനതു തുറക്കാറുതന്നെയില്ല.’’

എന്നാലും അതൊന്നു നോക്കിയാലെന്താ എന്ന് എനിക്കു തോന്നാതിരുന്നില്ല. എഴുത്തിന് ഒരുപക്ഷേ അതാവും നല്ലത് എന്നു തോന്നി.

‘‘അതു നോക്കിയിട്ട് ഒരു കാര്യവുമില്ല,’’ വേശ്വമ്മ പറഞ്ഞു. ‘‘കുറെ പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. വൃത്തിയാക്കിയെടുക്കുന്നത് എളുപ്പമാവില്ല.’’

‘‘സാറ് അതൊന്നും നോക്കണ്ട,’’ ചന്ദ്രേട്ടന്‍ ശബ്ദം താഴ്ത്തി എന്നോടു പറഞ്ഞു. ‘‘ഞാന്‍ പറഞ്ഞില്ലേ, അവര് എവിടെയെങ്കിലും ചുരുണ്ടുകൂടിക്കിടന്നോളും. പിന്നെ സാറ് കൊടുക്കുന്ന കാശ് അവര്‍ക്ക് ഒരു സഹായവുമാവും.’’

ആയിരം എന്നാണ് ചന്ദ്രേട്ടന്‍ പറഞ്ഞത്. എഴുന്നൂറ്റമ്പത് കൊടുത്താല്‍ മതി എന്നും പറഞ്ഞിരുന്നു. വാടകക്ക് പിശകേണ്ടെന്നു തോന്നി. ഇത്രക്ക് സൗകര്യമുള്ള താമസത്തിന് ആയിരം ഒട്ടും വലിയ സംഖ്യയല്ല.

‘‘ഇക്കരെയാണ് താമസമെന്നു വെച്ച് യാത്രക്ക് ബുദ്ധിമുട്ടൊന്നും വരില്ല,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ടൗണിലേക്ക് ശ്രീലക്ഷ്മിയുണ്ടല്ലോ. കൂടുതല്‍ ബസ്സുകള്‍ വേണമെന്നുണ്ടെങ്കില്‍ കലയൂര്‍ സിറ്റിയിലെത്തിയാല്‍ മതി. അതും പോരെങ്കില്‍ ഹൈവേയിലേക്കു പോകണം.’’

ചന്ദ്രേട്ടന്‍ നഗരത്തിലെത്താനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതന്നു.

എനിക്കങ്ങനെ സ്ഥിരമായി നഗരത്തിലേക്ക് പോവേണ്ട കാര്യമൊന്നുമില്ല. ഈ ദൗത്യം തീരുന്നതു വരെ ഇനി ഓഫീസില്‍ പോയില്ലെങ്കിലും സാരമില്ല. പുരോഗതി ഫോണ്‍ വഴി അപ്പപ്പോള്‍തന്നെ അറിയിച്ചുകൊണ്ടിരുന്നാല്‍ മതി എന്നാണ് എഡിറ്റര്‍ പറഞ്ഞിട്ടുള്ളത്.

ഇന്നു വൈകുന്നേരംതന്നെ കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍നിന്ന് പെട്ടിയെടുത്തുകൊണ്ടുവരാം.

ഇത്ര വേഗം വീടു ശരിയാവുമെന്ന് സാര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാന്‍ അവിടെ കുറച്ചു ദിവസങ്ങള്‍ കൂടി താമസിക്കുമെന്നു തന്നെയാണ് അദ്ദേഹം കരുതുന്നത്. മാത്രമല്ല അവിടെനിന്നു മാറുന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമുണ്ടാവാനും വഴിയില്ല.

ഇന്നലെ വൈകുന്നേരം മടങ്ങിവന്നപ്പോള്‍ സാര്‍ സിറ്റൗട്ടില്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചന്ദ്രേട്ടന്‍ വീടു ശരിയാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ടെന്ന് സാറിനെ അറിയിച്ചപ്പോള്‍ ചോദിച്ചു.

‘‘ഇവിടെനിന്നു മാറണമെന്ന് തീര്‍ച്ചയാക്കിയോ?’’

‘‘കണ്ടുവരുന്നതില്‍ തരക്കേടൊന്നുമില്ലല്ലോ,’’ ഞാന്‍ പറഞ്ഞു. ‘‘പറ്റിയ വീടു കിട്ടിയാലേ മാറുന്നുള്ളൂ.’’

അത്യാവശ്യം സൗകര്യമൊക്കെയുള്ള കിടപ്പുമുറിയായിരുന്നു സാറ് എനിക്കിന്നലെ വിട്ടുതന്നത്. സരോജിനി എല്ലാം അടിച്ചുവാരിത്തുടച്ച് വൃത്തിയാക്കിയിരുന്നു. അലക്കിവെച്ചിരുന്ന വിരിക്കും പുതപ്പിനും സുഖകരമായ ഒരു മണമുണ്ടായിരുന്നു. ചൂട് തീരെയുണ്ടായിരുന്നില്ല. പോരാത്തതിന് ജനല്‍ തുറന്നിട്ടപ്പോള്‍ ചെറിയ ഒരു കാറ്റും കിട്ടി. എന്നിട്ടും ശീലംപോലെ ഫാന്‍ നേരിയ വേഗത്തിലിട്ടുവെന്നു മാത്രം.

കുറേ ദിവസങ്ങള്‍ക്കുശേഷം ലോഡ്ജിലെ കൊതുകുകടിയില്ലാതെ സുഖമായി ഉറങ്ങാമല്ലോ എന്നു കരുതിയതാണ്. ഇത്രയൊക്കെ സൗകര്യമുണ്ടായിട്ടും എന്തുകൊണ്ടോ എനിക്ക് മനസ്സുവിട്ട് ഉറങ്ങാന്‍ പറ്റിയില്ല. ഒന്നു മയങ്ങുമ്പോഴേക്കും ഉണര്‍ന്നുകൊണ്ടിരുന്നു. കാര്‍ത്തികേയന്‍ സാറിന്‍റെ കൂര്‍ക്കംവലി അടുത്ത മുറി കടന്ന് എത്തിയിരുന്നു. കലശലായ ഉറക്കച്ചടവോടെയാണ് എഴുന്നേറ്റത്. താമസം കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍വേണ്ട എന്ന് ഉറപ്പാക്കിയത് അതുകൊണ്ടുകൂടിയാണ്.

‘‘ഭക്ഷണത്തിന്‍റെ കാര്യം എങ്ങനെയാണ്?’’ ചന്ദ്രേട്ടന്‍ അന്വേഷിച്ചു. ‘‘ഇവിടെ സൗകര്യമില്ലെങ്കില്‍ ഞാന്‍ പകര്‍ച്ചയെത്തിക്കാം.’’

ഉച്ചക്ക് മിക്കവാറും കാര്‍ത്തികേയന്‍ സാറിനു കൊണ്ടുവരുന്ന പകര്‍ച്ചയുണ്ടാവും. വൈകുന്നേരത്തെ കാപ്പിയും അവിടെ കഴിയും. വേശ്വമ്മക്ക് ഭക്ഷണമുണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പ്രാതല്‍ ചന്ദ്രേട്ടന്‍റെ ഹോട്ടലില്‍നിന്നാക്കാം. അത്താഴത്തിന്‍റെ കാര്യം -

‘‘വല്ലതും ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റുമോ വേശ്വമ്മേ?’’ ചന്ദ്രേട്ടന്‍ ചോദിച്ചു. ‘‘അത്താഴം മാത്രം മതിയാവും.’’

‘‘എനിക്കെന്താ ബുദ്ധിമുട്ട്? ഒരാള്‍ക്കുള്ളത് കൂടി ഉണ്ടാക്കിയാല്‍ മതിയല്ലോ. രാത്രി ഞാന്‍ കഞ്ഞിയാണ് പതിവ്. അതൊക്കെ മതിയാവുമോ സാറിന്?’’

‘‘എന്തെങ്കിലും മതി. ഭക്ഷണമൊന്നും അത്ര വലിയ കാര്യമായി കാണണ്ട.’’

ഞങ്ങള്‍ വീടിന്‍റെ പൂമുഖത്തേക്കു തന്നെ തിരിച്ചെത്തി. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവ് മുറ്റത്ത് പരക്കെ തണല്‍ വിരിച്ചിട്ടുണ്ട്.

‘‘ഇതെന്തു മാവാ വേശ്വമ്മേ?’’ ഞാന്‍ ചോദിച്ചു.

 

‘‘അറിയില്ല,’’ വേശ്വമ്മ പറഞ്ഞു. ‘‘മാങ്ങയുണ്ടായിട്ടു വേണ്ടേ അത് അറിയാന്‍? ഇതുവരെ കായ്ച്ചിട്ടില്ല.’’

‘‘എന്നാല്‍ ഇക്കൊല്ലം അതു കായ്ക്കും,’’ ഞാന്‍ പറഞ്ഞു.

‘‘ഇനി ഈ വൃശ്ചികമാസം ഇത്രയായിട്ടോ?’’

‘‘അതുണ്ടാവും വേശ്വമ്മേ.’’

‘‘എന്താ ഇത്ര ഉറപ്പ്?’’

‘‘ഞാനിവിടെയുണ്ടാവുമല്ലോ. അതുതന്നെ.’’

ചായക്കടയുള്ള വീട് പുറത്തുനിന്നു നോക്കുമ്പോള്‍ ഇതിനേക്കാള്‍ വലിയതാണ്. ഇതിനേക്കാള്‍ പഴക്കവുമുണ്ടെന്നു തോന്നുന്നു. ഒരേ തൊടിയിലായതുകൊണ്ട് വേശ്വമ്മയുടെ ബന്ധുക്കള്‍ ആരുടെയെങ്കിലുമാവണമല്ലോ.

‘‘അത് ആരുടെ വീടാ ചന്ദ്രേട്ടാ?’’

‘‘അതൊക്കെ സാറ് വേശ്വമ്മയോടുതന്നെ നേരിട്ട് അന്വേഷിച്ചോളൂ.’’ ചന്ദ്രേട്ടന്‍ ചിരിച്ചു. ‘‘എനിക്ക് അത്രയ്ക്കൊക്കെയേ അവരെ പരിചയമുള്ളൂ.’’

ഏതായാലും അത് അടഞ്ഞുകിടക്കുകയാണ്. അതായത് ഈ രണ്ടു വീടുകളിലും കൂടി വേശ്വമ്മ മാത്രമേ താമസമുള്ളൂ എന്നർഥം.

ചന്ദ്രേട്ടന്‍ പറഞ്ഞതു ശരിയാണ്. പുറത്തുനിന്നു കാണുന്നതു പോലെയല്ല. വേണ്ടത്ര സ്വകാര്യതയുണ്ട്. വഴിയോരത്താണെങ്കിലും അടുത്തൊന്നും വീടുകളില്ല. ആവശ്യത്തിനുള്ള സൗകര്യവുമുണ്ട്. എന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാന്‍ പറ്റിയ ഇടമാണെന്ന് എനിക്കു തോന്നി. കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടില്‍ ഇതിലും എത്രയോ സൗകര്യമുണ്ടെന്നതു ശരി തന്നെ. പക്ഷേ ഇവിടത്തെ അന്തരീക്ഷം അവിടെ കിട്ടില്ല.

എഴുതാന്‍ ആവശ്യമുള്ളത്ര സൗകര്യം. അധികം അംഗങ്ങളില്ലാത്ത കുടുംബം. എന്നാല്‍, ഒറ്റക്കാണെന്ന ബുദ്ധിമുട്ടുമില്ല. പ്രായക്കൂടുതലും കാഴ്ചക്കുറവുമുള്ളതുകൊണ്ട് വേശ്വമ്മ എന്‍റെ സ്വകാര്യതയെ ബാധിക്കില്ല.

ഇതിലും അനുയോജ്യമായ ഒരു വീടു കിട്ടുന്നത് എളുപ്പമല്ല. എഡിറ്റര്‍ വേണമെന്നു പറഞ്ഞ സൗകര്യങ്ങള്‍ എല്ലാം ഒത്തിണങ്ങിയിരിക്കുന്നു. ചന്ദ്രേട്ടനോടാണ് നന്ദി പറയേണ്ടത്.

മുറ്റത്തെത്തി ഞാന്‍ തിരിഞ്ഞുനോക്കി. ആദ്യം കണ്ടതുപോലെയല്ല. ഇപ്പോള്‍ ആ വീട് എനിക്കു പ്രിയപ്പെട്ടതായിരിക്കുന്നു.

‘‘ഇവിടന്ന് കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലേക്ക് മൂന്നു കിലോമീറ്ററുണ്ടാവും,’’ പടിക്കു പുറത്തേക്കു കൈചൂണ്ടി ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ഓട്ടോറിക്ഷയില്‍ പത്തു മിനിട്ടു മതി.’’

ഞങ്ങള്‍ വഴിയിലേക്കെത്തി.

‘‘വേശ്വമ്മ എന്നാണല്ലോ ചന്ദ്രേട്ടന്‍ അവരെ വിളിക്കുന്നത്,’’ കാര്‍ത്തികേയന്‍ സാറിന്‍റെ വീട്ടിലേക്ക് ഓട്ടോറിക്ഷ കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ ചന്ദ്രേട്ടനോടു ചോദിച്ചു. ‘‘എന്താ ശരിക്കും അവരുടെ പേര്?’’

‘‘അത് എനിക്കുമറിയില്ല,’’ ചന്ദ്രേട്ടന്‍ പറഞ്ഞു. ‘‘ഞങ്ങള്‍ വേശ്വമ്മ എന്നു വിളിക്കുന്നുവെന്നേയുള്ളൂ. നാട്ടുകാര്‍ വേശുമണി എന്നാണ് പറയാറുള്ളത്. അതുതന്നെയാണോ ശരിക്കുള്ള പേര് എന്ന് എനിക്കുറപ്പില്ല. ചെറുപ്പത്തില്‍ അവര്‍ വലിയ സുന്ദരിയായിരുന്നുവത്രേ. അതുകൊണ്ട് അങ്ങനെ വിളിച്ചുപോരുന്നതാണെന്നാണ് തോന്നുന്നത്.’’

പേരു മാത്രമല്ല. അവരെപ്പറ്റി മറ്റൊന്നുമറിയില്ലല്ലോ. ഇപ്പോള്‍ ഒറ്റക്കാണെന്നതു ശരി. പക്ഷേ അവര്‍ വിവാഹിതയാണോ? വേശ്വമ്മയ്ക്കു തന്നെ ഇത്രയും പ്രായമായിട്ടുണ്ടല്ലോ. അപ്പോള്‍ ഭര്‍ത്താവ് മരിച്ചുപോയതാവാം. എന്നാല്‍ കുട്ടികള്‍?

‘‘ചന്ദ്രേട്ടാ, ഈ വേശ്വമ്മ ശരിക്കും ആരാ?’’

‘‘അങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല,’’ കുറച്ചകലെനിന്ന് ഓടിയടുക്കുന്ന ഓട്ടോറിക്ഷക്ക് ചന്ദ്രേട്ടന്‍ കൈകാണിച്ചു. ‘‘കലയൂര്‍ ദേശത്ത് പേരുകേട്ട ഒരു പെണ്ണായിരുന്നു അവര്‍.’’

‘‘എന്നുവെച്ചാല്‍?’’

‘‘എനിക്ക് കാര്യമായൊന്നുമറിയില്ല. അച്ഛനും അമ്മയും പറഞ്ഞുകേട്ട കഥകളാണ്. അതൊക്കെ ശരിയാണോ എന്നുപോലും എനിക്കറിയില്ല.’’

‘‘ആ കഥയൊക്കെ എനിക്കു കേട്ടാല്‍ കൊള്ളാമെന്നുണ്ട് ചന്ദ്രേട്ടാ.’’

ഓട്ടോറിക്ഷ ഞങ്ങളുടെ മുന്നില്‍വന്നു നിന്നുകഴിഞ്ഞിരുന്നു.

‘‘കഥയൊക്കെ നമുക്കു പിന്നെ പറയാം,’’ ചന്ദ്രേട്ടന്‍ എന്നെ റിക്ഷയില്‍ കയറ്റാന്‍ തിരക്കുകൂട്ടി. ‘‘കടവരെ ഞാനും ഇതില്‍ വരാം. എനിക്കു കുറച്ചു തിടുക്കമുണ്ട്.’’

(തുടരും)

Tags:    
News Summary - Malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.