ദാമുവേട്ടന്
രാവിലത്തെ നടത്തത്തില്‍ ഇപ്പോള്‍ സ്ഥിരമായി കാണുന്ന മുഖം ദാമുവേട്ടന്‍റേതാണ്. അതിന് ഒരു പ്രത്യേകതയുമുണ്ട്. ഞങ്ങള്‍ കണ്ടുമുട്ടുന്നത് എന്നും ഒരേ സ്ഥലരാശിയില്‍ വെച്ചാണ്. ഞാന്‍ ഇവിടെനിന്ന് ഇറങ്ങുന്ന സമയവും ദാമുവേട്ടന്‍ വീട്ടില്‍നിന്നു പുറപ്പെടുന്ന സമയവും അത്രമേല്‍ കൃത്യമാണ്. എന്തുകൊണ്ടോ ദാമുവേട്ടനെ ഒരുദിവസം കണ്ടില്ലെങ്കില്‍ ഒരപൂര്‍ണത തോന്നിയിരുന്നതുകൊണ്ട് ഞാന്‍ എന്‍റെ സമയം കൃത്യമായി പാലിച്ചു തുടങ്ങുകയാണുണ്ടായത്.
എന്നാലും എല്ലാം ചിട്ടപ്പടിയാണ്. ഹൈസ്കൂള്‍ കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടു നടന്ന് ഞാന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്നിലെത്തുന്നു. എന്‍റെ ലാസ്റ്റ് പോയന്‍റ് അവിടെയാണല്ലോ. അവിടെനിന്നു തിരിച്ചുനടന്ന് ഹൈസ്കൂള്‍ എത്തുന്നതിനു മുമ്പ് വലത്തോട്ടുള്ള വഴിയില്‍നിന്ന് ദാമുവേട്ടന്‍ പ്രത്യക്ഷനാവുന്നു. അവിടെ വഴിയുടെ ഓരത്തേക്കു നീങ്ങിനിന്ന് ദാമുവേട്ടന്‍ മൂത്രമൊഴിക്കും. പിന്നെ ദാമുവേട്ടനും ഞാനും കൂടി കലയൂര്‍ സിറ്റിയിലേക്ക് നടക്കുന്നു. ആ നടത്തം ദാമുവേട്ടന്‍റെ താളത്തിനൊപ്പമാണ്. ദാമുവേട്ടന് വേഗം നടക്കാനാവില്ല. തൊണ്ണൂറിനോടടുത്തു പ്രായമുള്ള ഒരാള്‍ക്ക് അത്ര എളുപ്പത്തില്‍ അതു സാധിക്കുകയില്ലല്ലോ. വളരെയധികം സമയമെടുത്ത് കലയൂര്‍ സിറ്റിയിലെത്തിയാല്‍ ദാമുവേട്ടന്‍ ചന്ദ്രേട്ടന്‍റെ മോഡേണ്‍ കഫേയില്‍ കയറുന്നു.
അവിടെ വെച്ചാണ് ഞങ്ങള്‍ പിരിയുക. ഞാന്‍ ചായക്കടയില്‍ കയറാറില്ല. അവിടെ കയറിയിരുന്നാല്‍ കൂടുതല്‍ പേരെ കണ്ടുമുട്ടും. ആര്‍ക്കും പിടികൊടുക്കരുത് എന്ന എഡിറ്ററുടെ നിർദേശം ഓർമയുള്ളതുകൊണ്ട് ഞാന്‍ വളരെ കരുതലോടെയാണ് മറ്റുള്ളവരുമായി ഇടപഴകാറുള്ളത്. അനാവശ്യമായോ അലക്ഷ്യമായോ ഒരു വാക്കു പോലും വായില്‍നിന്നു വീഴരുത്.
ദാമുവേട്ടനോടും അങ്ങനെത്തന്നെ. ദാമുവേട്ടന്‍ പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ എനിക്കും എന്‍റെ പേരു പറയേണ്ടിവന്നുവെന്നു മാത്രം. അതുപോലും വേണ്ടായിരുന്നു എന്ന് പിന്നീടു തോന്നിയെങ്കിലും. ചിലത് എന്‍റെ നിയന്ത്രണങ്ങളില്‍നിന്ന് അറിയാതെ കുതറിവീഴുന്നുണ്ട്.
പേരിന്‍റെ പ്രത്യേകത മറ്റു പലരിലും പതിവുള്ളതുപോലെ ദാമുവേട്ടനിലും കൗതുകമുണ്ടാക്കി.
‘തലിയാര്‍ഖാന്‍!’ ദാമുവേട്ടന്‍ സന്തോഷത്തോടെ ചിരിച്ചു. ‘‘തനിക്ക് ആ പേരിട്ടതാരായാലും ഒരു കുതിരപ്പവനുണ്ട് എന്‍റെ വക. എനിക്കും വളരെ ഇഷ്ടമുള്ള കമന്‍റേറ്ററായിരുന്നു ഏയെഫസ്.’’
ഇതിപ്പോള്‍ രണ്ടാമത്തെ ആളാണ് എ.എഫ്.എസ് തലിയാര്‍ഖാനെപ്പറ്റി പറയുന്നത്. അദ്ദേഹം ആ തലമുറയിൽപെട്ട എത്രപേര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു എന്ന് ഞാനപ്പോള്‍ ആലോചിച്ചുപോയി.
എന്നാലും അതിനെപ്പറ്റി കൂടുതല്‍ സംസാരമുണ്ടായില്ല. അന്ന് കാര്യമായ വര്‍ത്തമാനമൊന്നും നടന്നില്ല എന്നതാണ് സത്യം. എഡിറ്റര്‍ കണ്‍വെട്ടത്ത് എവിടെയോ ഉണ്ട് എന്ന ബോധം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ദാമുവേട്ടനോട് കഴിയുന്നതും വേഗം യാത്രപറഞ്ഞു പിരിയാനാണ് അപ്പോള്‍ എനിക്കു തോന്നിയത്.
എന്നാലും ദാമുവേട്ടന്‍റെ ചില ചോദ്യങ്ങളെ നേരിടേണ്ടിവന്നു.
എല്ലാവര്‍ക്കും ആദ്യം ചോദിക്കാനുള്ളത് ഈ നാട്ടില്‍ താമസിക്കാന്‍ വന്നതിന്‍റെ ഉദ്ദേശ്യമാണ്. പ്രത്യേകിച്ച് ജോലിസാധ്യതയൊന്നുമില്ലാത്ത കലയൂരില്‍ പുറത്തുനിന്ന് ആളുകള്‍ വന്നു താമസിക്കുന്നത് തികച്ചും അപൂർവമാണ്. അതുകൊണ്ടുതന്നെ എന്താണ് ജോലി എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മിക്കവാറും ദിവസങ്ങളില്‍ കണ്ടുമുട്ടാറുള്ള പത്രക്കാരനും ലോട്ടറി ടിക്കറ്റുകാരനും ഒക്കെ ആദ്യമായി അന്വേഷിച്ചത് അതാണ്. അവര്‍ക്ക് കൃത്യമായ ഒരു മറുപടി കൊടുക്കാതെ ചിരിച്ചൊഴിയുകയാണ് ചെയ്തത്. ദാമുവേട്ടനാവട്ടെ എന്നോട് അക്കാര്യം അന്വേഷിച്ചതേയില്ല. എന്നാല്‍, മറ്റാരും ചെയ്തിട്ടില്ലാത്തതുപോലെ താമസം എവിടെയാണെന്ന് അന്വേഷിക്കുകയാണുണ്ടായത്.
‘‘ഒരുകാലത്ത് ഞാന്‍ അവിടം വരെയൊക്കെ നടക്കാറുണ്ടായിരുന്നു,’’ ലൊക്കേഷന്‍ പറഞ്ഞപ്പോള്‍ ദാമുവേട്ടന്‍ പറഞ്ഞു. ‘‘ഇപ്പോള്‍ അത്ര ദൂരമൊന്നും നടക്കാന്‍ വയ്യെടോ. കഷ്ടിച്ച് ഇരുപതു മിനിറ്റ്. അപ്പോഴേയ്ക്കും കാലു കഴയ്ക്കാന്‍ തുടങ്ങും.’’
ദാമുവേട്ടന്‍റെ ഒപ്പം നടക്കുന്നത് എനിക്ക് അത്ര സുഖമുള്ള കാര്യമായിരുന്നില്ല. ഇടക്ക് ഞാനറിയാതെത്തന്നെ എന്‍റെ നടത്തത്തിന്‍റെ വേഗം കൂടിപ്പോവും. അതുകൊണ്ട് ദാമുവേട്ടന്‍ ഒപ്പമെത്താന്‍ പലപ്പോഴും എനിക്കു തിരിഞ്ഞുനില്‍ക്കേണ്ടിവന്നു.
എന്നാലും ആ കുറച്ചു സമയത്തിനുള്ളില്‍ ദാമുവേട്ടന്‍ കുറേ സംസാരിച്ചു. അത് അധികവും കലയൂരിനെപ്പറ്റിയായിരുന്നു.
‘‘കലയൂരിന് വലിയ ചരിത്രമൊന്നും അവകാശപ്പെടാനില്ല. പാവം പിടിച്ച ഒരു നാട്ടുപ്രദേശം. നല്ല ഒരാശുപത്രിയോ ഒരു സിനിമാ തിയറ്ററോ എന്തിന് നല്ല ഒരു ചന്തപോലും ഇല്ല ഇവിടെ. കാലയൂര്‍ എന്നായിരുന്നു ആദ്യത്തെ പേര് എന്നു കേട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നിരുന്ന പ്രദേശമാണത്രേ. പുറത്തുനിന്നു വരുന്നവര്‍ക്ക് അതൊരു തമാശയായി. പുറത്തുപോവുന്ന കലയൂര്‍ക്കാര്‍ക്കും സ്വന്തം നാടിന്‍റെ പേരുപറയാന്‍ നാണമായി. പിന്നെ നാട്ടുകാര്‍ എല്ലാവരും ഒത്തുചേര്‍ന്ന് കലയൂരാക്കിയതാണ്.’’
ദാമുവേട്ടന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു.
‘‘എന്നാലോ അതിനുമാത്രം കലാകാരന്മാരൊന്നും ഇല്ല ഇവിടെ. ആകെയുള്ളത് ഒരു കാര്‍ത്തികേയനാണ്. അവനാവട്ടെ പത്തുമുപ്പതു കൊല്ലം മുമ്പ് എഴുത്തു നിര്‍ത്തി. പിന്നെ വലിയ ആളുകളൊന്നും സമ്മതിച്ചുതരില്ലല്ലോ അവന്‍ എഴുത്തുകാരനാണെന്ന്. അവന്‍ എഴുതുന്നതു മുഴുവന്‍ ഇക്കിളി സാഹിത്യമാണെന്നാണല്ലോ അവര്‍ പറയുന്നത്! ഇക്കിളിയെന്നല്ല പറയേണ്ടത് അല്ലേ; പൈങ്കിളിസാഹിത്യം!’’
വിഷയം കാര്‍ത്തികേയന്‍ സാറിലെത്തിയപ്പോള്‍ സ്വാഭാവികമായും എനിക്ക് കൂടുതല്‍ സംസാരിക്കണമെന്നു തോന്നിയെങ്കിലും ഞാന്‍ അതിനു തുനിഞ്ഞില്ല. കൂടുതല്‍ താല്‍പര്യം കാണിച്ചാല്‍ കലയൂരിലെ എന്‍റെ താമസത്തിന്‍റെ ഉദ്ദേശ്യം അദ്ദേഹത്തിനു വെളിപ്പെട്ടു പോകുമല്ലോ. അതുകൊണ്ട് തിരക്കു നടിച്ച് വേഗം പിരിഞ്ഞുപോവുകയാണുണ്ടായത്.
എന്നാല്‍, ആ കരുതല്‍കൊണ്ട് വലിയ കാര്യമൊന്നുമുണ്ടായില്ല. പിറ്റേന്നു കണ്ടപ്പോള്‍ ഉടനെ ചോദിച്ചത് ഇതാണ്:
‘‘യുവാവിന്‍റെ നോവലെഴുത്ത് ഏതുവരെയായി?’’
ചോദ്യം എന്നെ ഞെട്ടിച്ചെങ്കിലും അതു പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ദാമുവേട്ടന്‍റെ കയ്യിലെ കാലന്‍കുട നോക്കി ചോദിച്ചു.
‘‘ഇപ്പോള്‍ മഴക്കാലമൊന്നുമല്ലല്ലോ ദാമുവേട്ടാ. വെയിലായിട്ടുമില്ല. പിന്നെ എന്തിനാണ് ഈ കുട?’’
‘‘ഇതാണ് ഇതിന്‍റെ ഉപയോഗം,’’ കാലന്‍കുട രണ്ടു പ്രാവശ്യം നിലത്തു കുത്തിക്കാണിച്ച് ദാമുവേട്ടന്‍ പറഞ്ഞു. ‘‘വയസ്സായെടോ. പക്ഷേ അതു സമ്മതിച്ചുകൊടുക്കാന്‍ ഒരു മടി. ഇതാവുമ്പോള്‍ രണ്ടു കാര്യവും സാധിക്കും. കാണുന്നവര്‍ക്ക് വടി കുത്തിനടക്കുകയാണെന്ന് തോന്നില്ലല്ലോ!’’
ശരിയാണ്; ഞൊറികള്‍ വൃത്തിയായി മടക്കി ഇലാസ്റ്റിക് നാടകൊണ്ട് കെട്ടിപ്പൂട്ടിയിരിക്കുന്നു. ഇപ്പോള്‍ അത് ലക്ഷണമൊത്ത ഒരൂന്നുവടി പോലെയാണ്. ആവശ്യത്തിലധികം ഉറക്കെ ചിരിച്ച് ഞാന്‍ ആ തമാശ വരവു വെച്ചു.
‘‘എന്നാലും എന്‍റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല,’’ ദാമുവേട്ടന്‍ ഓർമിപ്പിച്ചു.
‘‘എന്താ ദാമുവേട്ടന്‍ ചോദിച്ചത്?’’ ഞാന്‍ മറന്നുവെന്നു നടിച്ചു.
‘‘നോവലെഴുത്ത് ഏതുവരെയായി എന്ന്.’’
‘‘നോവലോ! ഏതു നോവല്‍? എന്തു നോവല്‍?’’ പിടി കൊടുക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ തിരിച്ചു ചോദിച്ചു. ‘‘അതിന് ഞാന്‍ എഴുത്തുകാരനല്ലല്ലോ!’’
എന്‍റെ പരിഭ്രമം കണ്ടിട്ടാവാം ദാമുവേട്ടന്‍ ചിരിച്ചു.
‘‘എഴുത്ത് എന്നല്ലേ പറഞ്ഞുള്ളൂ? താന്‍ എഴുത്തുകാരനാണ് എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. പിന്നെ ഒരു കാര്യമുണ്ട്: തലിയാര്‍ഖാന്‍ വെറും കമന്‍റേറ്റര്‍ മാത്രമായിരുന്നില്ല. എഴുത്തുകാരനും കൂടിയായിരുന്നു.’’
‘‘പേര് അതായിപ്പോയി എന്നു വെച്ച് ആ പേരുള്ള എല്ലാവരും എഴുത്തുകാരാവണമെന്നില്ലല്ലോ ദാമുവേട്ടാ.’’
‘‘തീര്‍ച്ചയായുമില്ല. പക്ഷേ എഴുത്ത് പല തരത്തിലുമാവാമല്ലോ. കേട്ടെഴുത്തും എഴുത്താണല്ലോ. അത് ഏതുവരെയായി എന്നാണ് ചോദിച്ചത്.’’
ഞാന്‍ ഇത്രയും രഹസ്യമായി നീങ്ങിയിട്ടും എങ്ങനെയാണ് ദാമുവേട്ടന് ഇതു ചോര്‍ന്നുകിട്ടിയത്? എന്തെങ്കിലും കുറച്ചെങ്കിലും അറിയുന്നത് ചന്ദ്രേട്ടനാണ്. പക്ഷേ ചന്ദ്രേട്ടനും ഇതുവരെ ഒന്നും എന്നില്‍നിന്ന് ചൂഴ്ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന് അതിലൊന്നും വലിയ താല്‍പര്യമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. ചായക്കടക്കപ്പുറം മറ്റൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല ചന്ദ്രേട്ടന്. അന്ന് എന്നെ വേശുവമ്മയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയതിനു ശേഷം കണ്ടിട്ടുപോലുമില്ല. ഞാനാവട്ടെ കഫേയുടെ മുന്നിലെത്തുമ്പോള്‍ അതിന്‍റെ ഉള്ളിലേക്ക് നോക്കുകപോലും ചെയ്യാതെ തിടുക്കത്തില്‍ സ്ഥലംവിടുകയാണല്ലോ പതിവ്.
പിന്നെ? ആരാവും ദാമുവേട്ടന് വിവരം ചോര്‍ത്തിക്കൊടുത്തത്? സരോജിനിയാവുമോ? പക്ഷേ, കാര്‍ത്തികേയന്‍ സാര്‍ നോവല്‍ പറഞ്ഞുതരുന്ന സമയത്ത് ഒരിക്കല്‍പ്പോലും ആ പരിസരത്തൊന്നും അവരെ കണ്ടിട്ടില്ല. ഞങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. പകര്‍ച്ച കൊണ്ടുവരുന്ന പയ്യനാണ് പിന്നെ ബാക്കിയുള്ളത്. അതിനു തക്കവണ്ണമുള്ള ബുദ്ധിയൊന്നും അവനുണ്ടെന്നു തോന്നിയിട്ടില്ല. അടുക്കുപാത്രം കൊണ്ടുവെച്ച് ആ നിമിഷത്തില്‍ത്തന്നെ സ്ഥലംവിടുകയാണ് അവന്‍ പതിവ്. തിരിച്ചുകൊണ്ടുപോവാന്‍ വരുമ്പോഴും അങ്ങനെത്തന്നെ.
എഡിറ്റര്‍ പറയുന്നതു ശരിയാണ്. വളരെ സൂക്ഷിച്ചിരിക്കണം. ആരൊക്കെയോ എന്നെ പിന്തുടരുന്നുണ്ടെന്നു തോന്നുന്നു. ഇനിയും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ദാമുവേട്ടനോട് എന്തു മറുപടി പറയണമെന്ന് എനിക്കു പെട്ടെന്ന് തോന്നിയില്ല. ചോദ്യം അവഗണിക്കുകയാണ് നല്ലതെന്ന് തീരുമാനിച്ച് വെറുതെ ഒന്നു ചിരിച്ചു. ഒരുവിധത്തിലും പിടികൊടുക്കരുത്. ദാമുവേട്ടനെ പരിചയപ്പെട്ട് അധികം വൈകാതെത്തന്നെ അത് ‘പൂമൊട്ടുകളി’ല്‍ ‘ജമന്തിപ്പൂക്കള്‍’ എന്ന ഖണ്ഡകാവ്യമെഴുതിയ കവിയാണെന്ന് എനിക്കു പിടികിട്ടിയിരുന്നു. അപ്പോള്‍ സംസാരത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഉറപ്പിച്ചതായിരുന്നു.
‘‘കാര്‍ത്തികേയന്‍ നല്ല എഴുത്തുകാരനാണ്,’’ ഞാന്‍ മറുപടിയൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മനസ്സിലാക്കി ദാമുവേട്ടന്‍ തുടര്‍ന്നു. ‘‘അവന് എന്‍റെ സര്‍ട്ടിഫിക്കറ്റൊന്നും ആവശ്യമില്ലെന്നറിയാം. കേരളം മുഴുക്കെ വായിക്കപ്പെടുന്ന എഴുത്തുകാരനല്ലേ അവന്‍? എന്നാലും എനിക്ക് ഒരുകാര്യം തോന്നുന്നുണ്ട്: നാടുവിട്ടു പോയിരുന്നില്ലെങ്കില്‍ അവന് ഇത്രമാത്രം ഉയര്‍ച്ച ഉണ്ടാവുമായിരുന്നില്ല.’’
‘‘എന്തിനാണ് കാര്‍ത്തികേയന്‍ സാര്‍ നാടുവിട്ടുപോയത്?’’ ഞാന്‍ ചോദിച്ചു.
‘‘അപ്പോള്‍ അതൊന്നും ഇപ്പോഴും അറിയില്ലേ?’’ ദാമുവേട്ടന്‍ നടത്തം നിര്‍ത്തി എന്‍റെ മുഖത്തേക്ക് ഉറ്റുനോക്കി. ‘‘പിന്നെ എന്തറിഞ്ഞിട്ടാണ് യുവാവേ, താന്‍ അവന്‍റെ കേട്ടെഴുത്തുകാരനായത്?’’
‘‘ഞാന്‍ കേട്ടെഴുത്തുകാരനാണെന്ന് ദാമുവേട്ടനോട് ആരു പറഞ്ഞു?’’ ഞാന്‍ അജ്ഞത നടിക്കാന്‍ ഒരു ശ്രമംകൂടി നടത്തി. ‘‘ഇനി ആണെങ്കില്‍ത്തന്നെ ആത്മകഥ കേട്ടെഴുതാനല്ലല്ലോ ഞാന്‍ ഇവിടെയെത്തിയിട്ടുള്ളത്!’’
പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ സ്വയം ഒന്നു നാക്കു കടിച്ചുപോയി. രഹസ്യങ്ങള്‍ അറിയാതെ ചോര്‍ന്നു പോവുകയാണോ? എഡിറ്ററുടെ താക്കീത് അല്‍പനേരത്തേക്ക് മറന്നുപോയതില്‍ ഞാന്‍ എന്നെത്തന്നെ ശപിച്ചു.
‘‘ആത്മകഥയോ നോവലോ എന്തെങ്കിലുമാവട്ടെ. പക്ഷേ അത് വളരെ ശ്രദ്ധിച്ചുവേണം. ആദ്യത്തേതാണെങ്കില്‍ ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോന്ന ജീവിതമാണ്. ഇനി നോവലാണെങ്കിലോ, അവന്‍ കുറേ കാലത്തിനു ശേഷം എഴുതുന്നതാണ്. ഒരുപാടു പേര്‍ കാത്തിരിക്കുന്നുണ്ടാവും. അതുകൊണ്ടാണ് ശ്രദ്ധിക്കണം എന്നു പറഞ്ഞത്.’’
‘‘അങ്ങനെ ഒരുപാടു പേരൊക്കെ കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ കാത്തിരിക്കുന്നുണ്ടോ ദാമുവേട്ടാ?’’ ഞാന്‍ ചോദിച്ചു. ‘‘മുപ്പത്തിമൂന്നു കൊല്ലംമുമ്പുള്ള വായനക്കാരാണോ ഇപ്പോഴുള്ളത്?’’
‘‘പക്ഷേ ഒരു കാര്യമുണ്ട്,’’ അതു ശ്രദ്ധിക്കാതെ ദാമുവേട്ടന്‍ തുടര്‍ന്നു. ‘‘ഉയര്‍ച്ച എന്നു പറഞ്ഞുവെന്നേയുള്ളൂ. സത്യത്തില്‍ ഇത് ഉയര്‍ച്ച തന്നെയാണോ എന്ന് എനിക്കിപ്പോഴും സംശയം തോന്നാറുണ്ട്. അവന്‍ ഇത്തരത്തിലുള്ള ഒരെഴുത്തുകാരനാവേണ്ട ആളല്ലായിരുന്നു. നിങ്ങളൊക്കെ പറയുന്ന ആ മുഖ്യധാരാ സാഹിത്യമുണ്ടല്ലോ. അവന്‍ അന്ന് ‘പൂമൊട്ടുകളി’ല്‍ ചേര്‍ക്കാന്‍ തന്ന നോവല്‍ അത്തരത്തിലൊന്നായിരുന്നു.’’
‘‘ഏതായിരുന്നു ആ നോവല്‍?’’
‘‘ജമന്തിപ്പൂക്കള്‍,’’ ദാമുവേട്ടന്‍ തുടര്‍ന്നു. ‘‘അതേ പേരില്‍ എന്‍റെ ഒരു ഖണ്ഡകാവ്യം പൂമൊട്ടുകളില്‍ ചേര്‍ത്തിരുന്നു. ആദ്യത്തെ ലക്കം കഴിഞ്ഞപ്പോള്‍ത്തന്നെ ഞാനതു നിര്‍ത്താന്‍ തീരുമാനിച്ചു. അന്നേക്ക് കാലഹരണപ്പെട്ടു കഴിഞ്ഞ ഇടപ്പിള്ളിക്കവിതാശൈലിയിലായിരുന്നു അത്. അവന്‍റെ നോവലിന് ഒരുതരത്തിലും മാച്ചായിരുന്നില്ല അത്. ഒരു വാശിക്ക് ആ പേരുതന്നെ എന്‍റെ ഖണ്ഡകാവ്യത്തിന് ഇട്ടതില്‍ എനിക്കു കുറ്റബോധം തോന്നി.’’
‘‘എന്നിട്ട് നോവല്‍ വന്നില്ലേ?’’
‘‘ഞാനത് ഓരോ ലക്കമായി പ്രസിദ്ധീകരിക്കാനിരിക്കുകയായിരുന്നു. കഷ്ടകാലംകൊണ്ട് അന്ന് അതൊന്നും നടന്നില്ല.’’
‘പൂമൊട്ടുകള്‍’ എപ്പോഴാണ് നിന്നുപോയത്? അതിലധികം എന്തുകൊണ്ടാണ് അതു നിന്നുപോയത് എന്നായിരുന്നു എനിക്കറിയേണ്ടിയിരുന്നത്. തന്‍റെ ഖണ്ഡകാവ്യം കാലത്തിനൊത്തതല്ല എന്ന തിരിച്ചറിവില്‍ ദാമുവേട്ടന്‍ തന്നെ അവസാനിപ്പിച്ചതായിരിക്കാം. പക്ഷേ, കാര്‍ത്തികേയന്‍ സാറിന്‍റെ നോവലിന് എന്തു സംഭവിച്ചു? എല്ലാം വിശദമായി ചോദിച്ചറിയണം. കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ കേട്ടെഴുതുന്നതിന് അത് കൂടുതല്‍ പ്രചോദനമായേക്കും.
നാലു ദിവസമായി കാര്‍ത്തികേയന്‍ സാറിന്‍റെ കേട്ടെഴുത്ത് നടക്കുന്നില്ലായിരുന്നു. സുഖമില്ലെന്നു പറഞ്ഞ് അദ്ദേഹം കിടപ്പുമുറിയില്‍നിന്നു പുറത്തിറങ്ങിയതേയില്ല. അതാവട്ടെ എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. പണി വൈകും തോറും എഡിറ്ററുടെ അക്ഷമ കൂടിക്കൂടി വരുകയാണ്. പുരോഗതി അന്വേഷിച്ചുകൊണ്ടുള്ള ഫോണ്‍വിളികള്‍ക്ക് എനിക്ക് കൃത്യമായ മറുപടി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
‘‘ജമന്തിപ്പൂക്കള്‍ എന്ന ആ നോവലിന് എന്തു സംഭവിച്ചു ദാമുവേട്ടാ?’’ ഞാന്‍ ചോദിച്ചുപോയി.
ദാമുവേട്ടന്‍ അതു കേട്ടതായി ഭാവിച്ചില്ല. അപ്പോഴേക്കും ഞങ്ങള്‍ മോഡേണ്‍ കഫേക്ക് മുന്നില്‍ എത്തിപ്പോയിരുന്നു.
‘‘ഇനി ഒരു ചായ കുടിച്ചിട്ടാവാം ബാക്കി,’’ ദാമുവേട്ടന്‍ നടത്തം നിര്‍ത്തി. ‘‘രാവിലെ ചന്ദ്രന്‍റെ ഒരു ചായ കുടിക്കുന്നത് എന്‍റെ നിത്യകർമങ്ങളില്‍പ്പെട്ടതാണ്. വേണമെങ്കില്‍ തനിക്കും ഒന്നു പരീക്ഷിച്ചുനോക്കാവുന്നതാണ്.’’
‘‘ഞാന്‍ നേര്‍ത്തെ ഒരു കട്ടന്‍ കുടിച്ചാണ് ഇറങ്ങിയത്.’’
‘‘ഓഹോ! എന്നാല്‍ വേണ്ട,’’ ദാമുവേട്ടന്‍ ഒളികണ്ണിട്ട് എന്നെ നോക്കിച്ചിരിച്ചു. ‘‘ആ കട്ടന്‍റെ ഉഷാറൊന്നും ചന്ദ്രന്‍റെ ചായക്കുണ്ടാവാന്‍ വഴിയില്ല.’’
മോഡേണ്‍ കഫേയില്‍ കയറി ഒരു ചായ കുടിക്കാനുള്ള ആഗ്രഹം തോന്നായ്കയൊന്നുമല്ല. എന്നാലും അത് ഒഴിവാക്കുക എന്ന മുൻ തീരുമാനത്തില്‍ ഉറച്ചുനിന്ന് ഞാന്‍ ദാമുവേട്ടനോടു യാത്രപറഞ്ഞു.
പിന്നെ എനിക്കു തോന്നി: ദാമുവേട്ടന്‍ എന്നെ പെട്ടെന്നു ഡിസ്മിസ് ചെയ്തതാണോ? ‘ജമന്തിപ്പൂക്കളെ’പ്പറ്റിയുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയതാണോ? താന്‍ കൂടുതല്‍ പറഞ്ഞുപോയോ എന്നൊരു സംശയം ദാമുവേട്ടനെ പിടികൂടിയെന്നു തോന്നുന്നു.
ആ നോവല്‍ നഷ്ടപ്പെട്ടതില്‍ ദാമുവേട്ടനു കയ്യുണ്ടോ? ദാമുവേട്ടനോടുതന്നെ നേരിട്ടു ചോദിക്കണമെന്ന് ഞാന്‍ തീര്‍ച്ചയാക്കി.
പിറ്റേന്നു രാവിലെ ഞങ്ങള്‍ സ്ഥിരം കണ്ടുമുട്ടാറുള്ള സ്ഥലം എത്തിയപ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. ഞാന്‍ ഹൈസ്കൂളിനു മുന്നില്‍ കുറച്ചു നേരം കാത്തുനിന്നു. പിന്നെ പതുക്കെ തിരിച്ചുനടക്കാന്‍ തുടങ്ങി. കലയൂര്‍ സിറ്റി എത്തുന്നതുവരെ ഏതു നിമിഷവും അദ്ദേഹം എത്തിയേക്കാം എന്നു വ്യാമോഹിച്ച് നടത്തം പതുക്കെയാക്കി. ഇടക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടാണ് നടന്നത്. പക്ഷേ, കാര്യമുണ്ടായില്ല. ദാമുവേട്ടന്‍ അന്നു നടക്കാന്‍ വന്നതേയില്ല.
എന്നെ ഒരാശങ്ക പിടികൂടി. കാര്‍ത്തികേയന്‍ സാറിനേക്കാള്‍ പ്രായമുള്ള ആളാണ് ദാമുവേട്ടന്‍. അത്ര മികച്ച ആരോഗ്യമുണ്ടെന്നൊന്നും പറയാന്‍ വയ്യ. അല്ലെങ്കില്‍ത്തന്നെ ഒരാളുടെ ആയുസ്സിനെപ്പറ്റിയൊക്കെ എങ്ങനെ ഉറപ്പിക്കാന്‍? അദ്ദേഹം ഇനി ഈ വഴി ഒരിക്കലും വന്നില്ലെങ്കില്‍?
ദാമുവേട്ടന്‍ വന്നില്ലെങ്കില്‍ എന്താ? അത് എന്നെ ബാധിക്കുന്ന കാര്യമല്ല. പക്ഷേ, കാര്‍ത്തികേയന്‍ സാറിന് എന്തെങ്കിലും സംഭവിച്ചാല്‍? രണ്ടു ദിവസമായി ഞാന്‍ അദ്ദേഹത്തെ ഡോക്ടറുടെ അടുത്തേക്കു കൊണ്ടുപോവാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ, അദ്ദേഹം വഴങ്ങുന്നില്ല. നോവലിന്‍റെ പണി നിലച്ചുപോവുമോ എന്ന് എനിക്ക് ആശങ്ക തോന്നിത്തുടങ്ങിയിരിക്കുന്നു. ഇത്രയും നാളത്തെ പരിശ്രമം എവിടെയുമെത്താതെ പോവുന്നത് എനിക്ക് ആലോചിക്കാന്‍ പോലുമാവുന്നില്ല.
ഏതായാലും അതിന്‍റെ പിറ്റേന്ന് പതിവുള്ള സ്ഥലത്തു വെച്ചുതന്നെ ദാമുവേട്ടനെ കണ്ടു.
‘‘പേടിപ്പിച്ചുകളഞ്ഞല്ലോ ദാമുവേട്ടാ!’’ ഞാന്‍ പറഞ്ഞു.
‘‘ഞാന്‍ തട്ടിപ്പോയെന്നു വിചാരിച്ചുവോ യുവാവേ?’’ ദാമുവേട്ടന്‍ ചിരിച്ചു. ‘‘അങ്ങനെ പെട്ടെന്ന് ഗുഡ്നൈറ്റ് പറയുന്ന തരക്കാരനല്ലെടോ ഞാന്‍. അതല്ലേ ഈ എണ്‍പത്തിയെട്ടാം വയസ്സിലും ഇങ്ങനെ തന്നെ ബോറടിപ്പിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായത്?’’
‘‘അങ്ങനെ പോവാന്‍ ഞാന്‍ ദാമുവേട്ടനെ സമ്മതിക്കുകയുമില്ല,’’ ഞാനും ചിരിച്ചു. ‘‘എനിക്ക് ദാമുവേട്ടനെക്കൊണ്ട് കുറേ കാര്യങ്ങളുണ്ട്.’’
‘‘താന്‍ പരിഭ്രമിക്കണ്ട. തന്‍റെ ആവശ്യങ്ങളൊക്കെ നിറവേറ്റിയിട്ടേ ഞാന്‍ പോവൂ. പിന്നെ തന്നെ അറിയിക്കാതെ ഞാന്‍ പോവുകയുമില്ല.’’ സ്കൂളിന്‍റെ മുന്നിലുള്ള വൈദ്യുതിക്കാലില്‍ തൂക്കിയിട്ടിരുന്ന ഒരു ഫ്ലക്സ് ബോര്‍ഡിലേക്ക് ചൂണ്ടി ദാമുവേട്ടന്‍ തുടര്‍ന്നു. ‘‘ഇതാ, ഇതുപോലെ ഒരുദിവസം തൂങ്ങിക്കിടക്കും. തനിക്ക് എന്നെ ഒരിടത്തും അന്വേഷിച്ചുപോവേണ്ടിവരില്ല.’’
മോടി പിടിപ്പിച്ച ‘ആദരാഞ്ജലികള്‍’ എന്ന അക്ഷരങ്ങള്‍ക്കു താഴെ ഒരു വയോവൃദ്ധന്‍റെ ചിത്രമായിരുന്നു അത്. ‘ചെറുപറമ്പത്ത് നാരായണന്‍ മകന്‍ രാമന്‍കുട്ടി (81)’ എന്ന വിശേഷണം ചിത്രത്തിനു താഴെ.
അപ്പോഴാണ് ഞാന്‍ ഓർമിച്ചത്. ദാമുവേട്ടനെപ്പറ്റി ഇനിയും ഒന്നും എനിക്കറിഞ്ഞുകൂടാ. എ.എഫ്.എസ് തലിയാര്‍ഖാനെ പരിചയമുള്ള ആള്‍ ഒരു വെറും നാട്ടിന്‍പുറത്തുകാരനാവാന്‍ സാധ്യതയില്ല. വീടെവിടെയാണ് എന്നുപോലും എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. പള്ളിക്കു മുമ്പ് ഇടത്തോട്ടുള്ള വഴിയില്‍നിന്ന് ആവിര്‍ഭവിക്കുന്നതുകൊണ്ട് ആ വഴിയിലെവിടെയോ ആണ് അദ്ദേഹത്തിന്‍റെ വീട് എന്ന് ഊഹിച്ചെടുക്കാം എന്നുമാത്രം. പക്ഷേ ആരാണ് ദാമുവേട്ടന്‍? വീട്ടില്‍ ആരെല്ലാമുണ്ട്? ദാമുവേട്ടന്‍ വിവാഹിതനാണോ? ഭാര്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? കുട്ടികളും പേരക്കുട്ടികളുമുണ്ടോ?
‘‘വീട്ടില്‍ ആരൊക്കെയുണ്ട് ദാമുവേട്ടാ?’’ ചോദിക്കാന്‍ തന്നെ നിശ്ചയിച്ചു.
‘‘എല്ലാവരുമുണ്ട്,’’ ദാമുവേട്ടന്‍ ചിരിച്ചു.
അതോടെ ഉറപ്പായി. അങ്ങനെ പിടിതരാന്‍ ഉദ്ദേശിക്കുന്ന ആളല്ല ദാമുവേട്ടന്‍.
കാര്‍ത്തികേയന്‍ സാര്‍, ദാമുവേട്ടന്‍, ജമന്തി. ഈ മൂന്നു പേരില്‍ ഇപ്പോള്‍ ആദ്യത്തെ രണ്ടുപേരെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. മൂന്നാമത്തെ ആള്‍ ഇപ്പോഴും കാണാമറയത്തുതന്നെ.
അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട് എന്നുതന്നെ ഉറപ്പില്ലല്ലോ. ഉണ്ടെങ്കില്‍ എവിടെയാണ് അവരിപ്പോള്‍? ‘പൂമൊട്ടുകളി’ല്‍ ഇംഗ്ലീഷ് കവിതകളെഴുതിയിരുന്നു എന്നല്ലേ നോവലില്‍ പറഞ്ഞിട്ടുള്ളത്? അവര്‍ പിന്നീട് പ്രശസ്തയായ ഒരു കവയിത്രിയായോ? അതോ അത് കാര്‍ത്തികേയന്‍ സാറിന്‍റെ വെറും ഭാവന മാത്രമായിരുന്നുവോ? അല്ലെങ്കില്‍ വെറും നാട്ടിന്‍പുറത്തുള്ള ഒരു പെണ്‍കുട്ടി ഇംഗ്ലീഷില്‍ കവിതയെഴുതുക എന്നു വെച്ചാല്‍?
ദാമുവേട്ടനോടു തന്നെ ചോദിച്ചു.
‘‘നോവലും കഥയും വായിക്കുമ്പോള്‍ ഇതൊക്കെ ശരിക്കും നടക്കുന്നതാണോ എന്നാലോചിച്ചാല്‍ അതിന്‍റെ രസമൊക്കെ പോയില്ലേ?’’ ദാമുവേട്ടന്‍ ചിരിച്ചു. ‘‘പിന്നെ കഥയില്‍ ചോദ്യമില്ല എന്ന് നമ്മുടെ പൂർവസൂരികള്‍ പറഞ്ഞുവെച്ചിട്ടുമുണ്ടല്ലോ!’’
അതെനിക്ക് തൃപ്തികരമായ ഒരുത്തരമായിരുന്നില്ല. എന്‍റെ ന്യായമായ ചോദ്യത്തെ ഒരു തര്‍ക്കുത്തരംകൊണ്ടു ഖണ്ഡിച്ചതിന് ദാമുവേട്ടനോട് നേരിയ ഒരു ഈര്‍ഷ്യയും തോന്നി.
‘‘കവിതയുടെ കാര്യം പോട്ടെ. ആളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും പറയാന്‍ പാടില്ലേ ദാമുവേട്ടാ?’’
‘‘ആര്‍ക്കറിയാം!’’ ഉറക്കെയുള്ള ഒരു ചിരിയായിരുന്നു അതിനുള്ള മറുപടി. ‘‘നമ്മളാരും ചിരഞ്ജീവികളൊന്നുമല്ലല്ലോ!’’
പിന്നെ ചിരി നിര്‍ത്തി കൂട്ടിച്ചേര്‍ത്തു. ‘‘കലയൂരിന്‍റെ ശരിക്കുള്ള പേര് കാലയൂരെന്നാണെന്നു പറഞ്ഞില്ലേ ഞാന്‍? മരണദേവന് പ്രിയപ്പെട്ട ദേശമാണ് ഇവിടം. എത്രയോ പേര്‍ ഇതിനകം ഇവിടെ ജനിച്ചുമരിച്ചുപോയിരിക്കുന്നു! അവരില്‍ ആരൊക്കെ ഇപ്പോഴുണ്ട്, ആരൊക്കെ മരിച്ചുപോയി എന്ന കണക്കൊക്കെ ആരുടെ പക്കലാണുള്ളത്!’’
ദാമുവേട്ടന്‍ വീണ്ടും ചിരിച്ചു.
‘‘പിന്നെ താന്‍ പറഞ്ഞ ആ മൂന്നാമത്തെ ആളുണ്ടല്ലോ. അന്വേഷിച്ചാല്‍ തനിക്ക് അവരെ വളരെ എളുപ്പം കണ്ടെത്താനാവും. ഞങ്ങള്‍ കലയൂര്‍ക്കാര്‍ പാവങ്ങളാണെടോ. തന്നെപ്പോലെ രഹസ്യം സൂക്ഷിക്കുന്ന പതിവൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെയൊക്കെ ജീവിതം, നിങ്ങള്‍ പറയാറുള്ള ആ ഭാഷയുണ്ടല്ലോ, അതുപോലെ എല്ലാം തുറന്ന പുസ്തകങ്ങളാണ്.’’
അപ്പോഴേക്കും ഞങ്ങള്‍ മോഡേണ്‍ കഫേയുടെ മുന്നില്‍ എത്തിയിരുന്നു. ദാമുവേട്ടന്‍ യാത്രപോലും പറയാതെ കഫേയിലേക്കു കയറി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.