ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

നിനച്ചിരിക്കാതെ ഒരതിഥി കോളിങ് ബെല്‍ അലറുന്ന ശബ്ദം കേട്ട് കാര്‍ത്തികേയന്‍ സാറും ഞാനും മുഖത്തോടുമുഖം നോക്കി. ആരായിരിക്കും ഈ രാവിലെ പത്തുമണി സമയത്ത്? എട്ടുമണിയോടെ പ്രാതലുമായി ഹോട്ടലില്‍നിന്നുള്ള പയ്യന്‍ എത്തും. തലേന്നത്തെ അത്താഴപ്പാത്രങ്ങളുമെടുത്ത് മടങ്ങിപ്പോവും. പിന്നെ വരിക പന്ത്രണ്ടുമണിക്കാണ്, ഉച്ചയൂണുമായി. അതുകഴിഞ്ഞാല്‍ വൈകുന്നേരം നാലുമണിക്കേ വീണ്ടും വരൂ. അവന്‍റെ സമയമൊക്കെ വളരെ കൃത്യമാണ്. സരോജിനിയുടെ സമയം രാവിലെ എട്ടരയാണ്. പതിനൊന്നുമണിയോടെ പണിയെല്ലാം അവസാനിപ്പിച്ച് മടങ്ങിപ്പോവും. പിന്നെ പിറ്റേന്നു രാവിലെ അതേ സമയത്തേ വരൂ. ഇന്നാവട്ടെ അവര്‍ പതിവിലും നേരത്തേ പണിയൊക്കെ...

നിനച്ചിരിക്കാതെ ഒരതിഥി

കോളിങ് ബെല്‍ അലറുന്ന ശബ്ദം കേട്ട് കാര്‍ത്തികേയന്‍ സാറും ഞാനും മുഖത്തോടുമുഖം നോക്കി. ആരായിരിക്കും ഈ രാവിലെ പത്തുമണി സമയത്ത്?

എട്ടുമണിയോടെ പ്രാതലുമായി ഹോട്ടലില്‍നിന്നുള്ള പയ്യന്‍ എത്തും. തലേന്നത്തെ അത്താഴപ്പാത്രങ്ങളുമെടുത്ത് മടങ്ങിപ്പോവും. പിന്നെ വരിക പന്ത്രണ്ടുമണിക്കാണ്, ഉച്ചയൂണുമായി. അതുകഴിഞ്ഞാല്‍ വൈകുന്നേരം നാലുമണിക്കേ വീണ്ടും വരൂ. അവന്‍റെ സമയമൊക്കെ വളരെ കൃത്യമാണ്.

സരോജിനിയുടെ സമയം രാവിലെ എട്ടരയാണ്. പതിനൊന്നുമണിയോടെ പണിയെല്ലാം അവസാനിപ്പിച്ച് മടങ്ങിപ്പോവും. പിന്നെ പിറ്റേന്നു രാവിലെ അതേ സമയത്തേ വരൂ. ഇന്നാവട്ടെ അവര്‍ പതിവിലും നേരത്തേ പണിയൊക്കെ തീര്‍ത്ത് മടങ്ങിയിരിക്കുന്നു.

പിന്നെ ആരാണ് ഈ പത്തുമണിക്ക്?

രാവിലെ പത്തുമണി എന്നത് ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട സമയമാണ്. വേശുവമ്മയുടെ പ്രാതല്‍ കഴിച്ച് ഒമ്പതുമണിയോടെ അവിടെനിന്നിറങ്ങുന്ന ഞാന്‍ ഒമ്പതരയോടെയാണ് ‘ജമന്തി’യിലെത്തുക. സരോജിനി ഉണ്ടാക്കിത്തരുന്ന ചായ കുടിക്കും. പിന്നെ അരമണിക്കൂര്‍ ചെറിയ ചെറിയ വര്‍ത്തമാനങ്ങളൊക്കെയായി അങ്ങനെയിരിക്കും. അതിനു ശേഷമാണ് എഴുത്തിനെപ്പറ്റി ചിന്തിക്കുക. റൈറ്റിങ് പാഡെടുത്ത് ഞാന്‍ തയാറാവും. വോയ്സ് റെക്കോഡര്‍ ഓണ്‍ചെയ്ത് മൊബൈല്‍ സാറിന്‍റെ അടുത്തേക്ക് നീക്കിവെക്കും.

പക്ഷേ, ഇങ്ങനെയൊക്കെ പതിവുണ്ടെന്നേയുള്ളൂ. അധികദിവസവും എഴുത്തു നടക്കാറില്ല. ആദ്യത്തെ ആ അധ്യായത്തിനുശേഷം കാര്യമായ എഴുത്തൊന്നും നടന്നിട്ടില്ല. ആ അധ്യായമാണെങ്കില്‍ ഇനി ഉപയോഗിക്കേണ്ട എന്ന് സാര്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇനി എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങണം.

അതാവട്ടെ ഇനിയും നടന്നിട്ടുമില്ല. ഒന്നും പറഞ്ഞുതരാനുള്ള മനസ്സ് കാര്‍ത്തികേയന്‍ സാറിന് ഇനിയും കൈവന്നിട്ടില്ല.

പക്ഷേ, ഇന്നു രാവിലെ പതിവില്ലാതെ കാര്‍ത്തികേയന്‍ സാര്‍ കുറച്ച് ഉത്സാഹത്തിലാണെന്നു തോന്നി.

‘‘ഇങ്ങനെയായാല്‍ പോരാ,’’ ഫ്ലാസ്കില്‍നിന്ന് ഞാന്‍ പകര്‍ന്നുകൊടുത്ത ചായ കുടിക്കുമ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘ഇന്ന് നമുക്കിത് എങ്ങനെയായാലും വീണ്ടും തുടങ്ങണം. നല്ലതായാലും ചീത്തയായാലും എന്തെങ്കിലുമൊക്കെ എഴുതിനോക്കണം. തന്നെ വെറുതെ മിനക്കെടുത്തുന്നതിനും ഒരു പരിധിയൊക്കെയുണ്ടല്ലോ.’’

എനിക്ക് സന്തോഷം തോന്നി. ചായ കുടിച്ചുതീര്‍ത്ത് റൈറ്റിങ് പാഡും വോയ്സ് റെക്കോഡറും തയാറാക്കി വെച്ചപ്പോഴാണ് കോളിങ് ബെല്‍ അടിച്ചത്.

ആരാ ഈ അസമയത്ത്?

ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ കോളിങ് ബെല്‍ ഒരുവട്ടംകൂടി അലറി.

‘‘ചെന്നു നോക്കെടോ,’’ കാര്‍ത്തികേയൻ സാര്‍ പറഞ്ഞു.

നന്നെ ശോഷിച്ച ഒരു വയസ്സനായിരുന്നു മുറ്റത്ത്. കൈ തിരുകിക്കയറ്റിവെച്ച ഉലഞ്ഞ വെളുത്ത ഷര്‍ട്ടും അത്രതന്നെ മുഷിഞ്ഞ ഒറ്റമുണ്ടുമാണ് വേഷം. മുഖത്ത് അവിടവിടെയായി വളര്‍ച്ചയെത്തിയ നരച്ച രോമങ്ങള്‍. ഒട്ടിയ കവിളുകളും ശോഷിച്ച കൈകാലുകളുമുള്ള അയാള്‍ ആകെ പരവശനായി കാണപ്പെട്ടു.

‘‘എന്താ വേണ്ടത്?’’

എന്‍റെ സ്വരം കുറച്ച് പരുഷമായിട്ടുണ്ടെന്ന് എനിക്കു തന്നെ തോന്നി. വയസ്സന്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ബാലന്‍സ് തെറ്റാതെ നില്‍ക്കാന്‍ പണിപ്പെടുന്നുണ്ട്. വീഴാതിരിക്കാന്‍ സിറ്റൗട്ടിന്‍റെ തിണ്ണയില്‍ പിടിച്ചിരിക്കുകയാണ്.

‘‘കാര്‍ത്തികേയന്‍ ഇല്ലേ?’’

കാഴ്ചയിലുള്ള അവശതയൊന്നും അയാളുടെ ശബ്ദത്തിലുണ്ടായിരുന്നില്ല. അത്രയും ആധികാരികമായ ഒരന്വേഷണം അയാളില്‍നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതുമില്ല. എനിക്ക് കുറച്ച് അലോസരം തോന്നി.

‘‘എന്താ കാര്യം’’, ഞാന്‍ ചോദിച്ചു.

‘‘എനിക്ക് അയാളെ ഒന്നു കാണണം.’’

ഞാന്‍ അയാളെ വീണ്ടും അടിമുടി നോക്കി. പ്രായം എണ്‍പതിനുമേല്‍ ആയിട്ടുണ്ടാവണം. കാര്‍ത്തികേയന്‍ സാറിനെ അയാള്‍ എന്നു പറയാന്‍ മാത്രം അധികാരമുണ്ടെങ്കില്‍ ആള്‍ക്ക് സാറുമായി അത്രക്ക് അടുപ്പമുണ്ടാവണം.

‘‘ആരാണെന്നാണ് പറയേണ്ടത്?’’

അതിനു മറുപടി പറയുന്നതിനുപകരം അയാള്‍ സിറ്റൗട്ടിലേക്കുള്ള പടവുകളില്‍ കാല്‍ വെക്കുകയാണുണ്ടായത്. ഇടത്തെ കൈകൊണ്ട് തിണ്ണയില്‍ പിടിച്ച് അയാള്‍ സിറ്റൗട്ടിലേക്ക് കയറിയെത്തി. അയാളെ തടയണോ കടത്തിവിടണോ എന്നറിയാതെ ഒരു നിമിഷം ഞാന്‍ നിന്നു. പിന്നെ അയാളെ അങ്ങനെ അകത്തേക്കു കടത്തിവിടണ്ട എന്ന തീരുമാനത്തില്‍ തടയാന്‍ വേണ്ടി അടുത്തേക്ക് ചെന്നപ്പോള്‍ വില കുറഞ്ഞ മദ്യത്തിന്‍റെ മണം മൂക്കിലേക്കടിച്ചു. അയാളുടെ കാല്‍വെപ്പുകള്‍ ഇടറുന്നുണ്ട്. എന്നാലും ചുമരില്‍ പിടിച്ചുപിടിച്ച് ഇരിപ്പുമുറിയുടെ വാതില്‍ക്കല്‍ വരെ എത്താന്‍ അയാള്‍ക്കു സാധിച്ചു.

‘‘കാര്‍ത്തികേയാ’’, കട്ടിളപ്പടിയില്‍ പിടിച്ചുനിന്ന് അയാള്‍ വിളിച്ചു.

കാര്‍ത്തികേയന്‍ സാര്‍ തിരിഞ്ഞു നോക്കി. വിരുന്നുകാരന്‍റെ അപ്രതീക്ഷിത വരവ് സാറിന്‍റെ മുഖത്ത് ഞെട്ടലുണ്ടാക്കിയെന്നു തോന്നി.

‘‘എവിടുന്നാ താന്‍ ഈ അസമയത്ത്?’’ സാര്‍ സെറ്റിയില്‍നിന്ന് എഴുന്നേറ്റു.

‘‘അസമയമോ? രാവിലെ പത്തുമണി എങ്ങനെയാണ് അസമയമാവുന്നത്?’’

 

അയാള്‍ സാറിന്‍റെ അടുത്തേക്ക് ഒരു വിധം നടന്നെത്തി.

‘‘നമ്മള്‍ എത്ര കാലമായെടോ കണ്ടിട്ട്!’’ കാര്‍ത്തികേയന്‍ സാറിന്‍റെ കൈ പിടിച്ച് അയാള്‍ പറഞ്ഞു.

കാര്‍ത്തികേയന്‍ സാറിന്‍റെ മുഖം ഒന്നു ചുളിഞ്ഞതുപോലെ തോന്നി. അദ്ദേഹം എതിരെയുള്ള സെറ്റി ചൂണ്ടിക്കാട്ടിയപ്പോള്‍ വിരുന്നുകാരന്‍ അങ്ങോട്ടുനീങ്ങി. സെറ്റിയില്‍ ഇരിക്കാന്‍ പണിപ്പെടുന്നതുകണ്ട് ഞാന്‍ സഹായിച്ചു. അപ്പോള്‍ മദ്യത്തിന്‍റെ മണം വീണ്ടും മൂക്കിലേക്കടിച്ചു.

‘‘ഈ രാവിലെത്തന്നെ താനിങ്ങനെ!’’ കാര്‍ത്തികേയന്‍ സാറിന്‍റെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.

‘‘പിന്നെ! ഒരു സന്തോഷം വരുമ്പോള്‍ നമ്മളത് ആഘോഷിക്കണ്ടേ?’’ വിരുന്നുകാരന്‍ കൈകള്‍കൊണ്ട് ഒരു പ്രത്യേക ചേഷ്ടയോടെ സ്വയം ന്യായീകരിച്ചു. ‘‘അതല്ലേ ഞാന്‍ നേരം വെളുക്കുമ്പോള്‍ത്തന്നെ ഇങ്ങോട്ടു പോന്നത്!’’

ഫ്ലാസ്കില്‍ ബാക്കിയുള്ള ചായ കപ്പിലേക്ക് ഒഴിക്കാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. കാര്‍ത്തികേയന്‍ സാര്‍ അതുവേണ്ട എന്ന് ആംഗ്യംകൊണ്ട് അറിയിച്ചു.

‘‘താന്‍ കലയൂരുണ്ടാവുമെന്ന് ഞാന്‍ കരുതിയതേയില്ല. സ്ഥിരമായി മാവേലിക്കരയിലാണല്ലോ താമസം. അതുകൊണ്ട് ഞാന്‍ ഇന്നലെ അവിടെപ്പോയി. അപ്പോഴാണ് താന്‍ ഇപ്പോള്‍ ഇവിടെയാണെന്ന് അറിഞ്ഞത്. തന്‍റെ മകള്‍ തന്നെ ഫോണില്‍ വിളിച്ചു തരാന്‍ ഭാവിച്ചതാണ്. ഞാന്‍ അതു വേണ്ടെന്നു പറഞ്ഞു. എനിക്കിത് തന്നോട് നേരിട്ടുതന്നെ പറയണം.’’

‘‘എന്താ വിശേഷം?’’

‘‘പറയാം. ഞാന്‍ തന്നോടു പറഞ്ഞിട്ടില്ലേ, എന്‍റെ നോവലുകളില്‍ ഒന്നുപോലും ഒരു പുസ്തകമായിട്ടില്ലെന്ന്? നല്ല കാലത്തൊന്നും ഞാന്‍ അതിനു വേണ്ടി ശ്രമിച്ചിട്ടില്ല. കുറേ കഴിഞ്ഞ് പ്രായമായപ്പോഴാണ് എനിക്ക് അങ്ങനെ ഒന്നു വേണമെന്നു തോന്നിയത്. അപ്പോള്‍ പ്രസാധകരൊന്നും അതിനു തയ്യാറായതുമില്ല. തയ്യാറായ ചിലരാവട്ടെ പണം ഇറക്കണമെന്നു പറഞ്ഞു. എന്‍റെ കയ്യില്‍ എവിടുന്നാ പണം? ഞാന്‍ ആ ഉദ്യമം ഉപേക്ഷിച്ചതാണ്. അപ്പോള്‍ അതാ വരുന്നു തീരെ അപ്രതീക്ഷിതമായി ഒരാരാധകന്‍!’’

മുന്നോട്ട് ആഞ്ഞിരുന്ന് അയാള്‍ തുടര്‍ന്നു.

‘‘നമ്മള്‍ വിചാരിച്ചപോലെയല്ല കലയൂരേ, എം.ടിക്കും മുകുന്ദനും മാത്രമല്ല; നമുക്കുമുണ്ട് ആരാധകര്‍! പൈങ്കിളി എഴുത്തുകാരായ നമ്മള്‍ക്കും! നിരൂപകര്‍ക്കും ബുദ്ധിജീവികള്‍ക്കും വേണ്ടെങ്കിലും വായനക്കാര്‍ക്ക് നമ്മളെ വേണം കാര്‍ത്തികേയാ. അത് ഒരു സന്തോഷമല്ലേ? അപ്പോള്‍ അതു തന്നെയും അറിയിക്കണ്ടേ? അതാണ് നേരം വെളുക്കും മുമ്പേ ഇങ്ങോട്ടുപോന്നത്.’’

‘‘എന്താ ഉണ്ടായതെന്ന് പറയെടോ’’, കാര്‍ത്തികേയൻ സാര്‍ അക്ഷമനാവുന്നുണ്ടെന്ന് മനസ്സിലായി.

‘‘പറയാം. ‘പ്രിയദ’യില്‍ വന്ന എന്‍റെ നോവല്‍ ‘മകയിരപ്പൂനിലാവ്’ തനിക്കോർമയുണ്ടോ എന്നറിയില്ല. ‘പ്രിയദ’യൊക്കെ എന്നോ പൂട്ടിപ്പോയി. ആരാധകന്‍ അത് ബുക്സ്റ്റാളുകളിലൊക്കെ തപ്പിനടന്നു കിട്ടാതെ എന്‍റെ അടുത്ത് എത്തിപ്പെട്ടതാണ്. അപ്പോഴാണ് എന്‍റെ ഒരു നോവലും പുസ്തകമായിട്ടില്ലെന്ന് അയാളറിയുന്നത്. അയാള്‍ക്ക് അത്ഭുതമായി. താനത് എങ്ങനെയും പുസ്തകമാക്കാം എന്ന് അയാള്‍ പറഞ്ഞു. പഴയ വാരികയില്‍നിന്ന് നോവല്‍ തപ്പിയെടുത്ത് വീണ്ടും അയാള്‍ വന്നു. ഇനി ഇത് തന്‍റെ ഉത്തരവാദിത്തമാണ് എന്നു പറഞ്ഞാണ് അയാള്‍ പോയത്.’’

വിരുന്നുകാരന്‍ മറ്റൊരെഴുത്തുകാരനാണ് എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. പക്ഷേ കാര്‍ത്തികേയന്‍ സാര്‍ എന്തുകൊണ്ടാണ് അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്താത്തത് എന്ന് എനിക്കു മനസ്സിലായില്ല. ആരാണ് എന്ന ചോദ്യത്തോടെ ഞാന്‍ കാര്‍ത്തികേയന്‍ സാറിന്‍റെ മുഖത്തു നോക്കിയെങ്കിലും അദ്ദേഹം എന്‍റെ നോട്ടം അവഗണിക്കുകയാണുണ്ടായത്.

വിരുന്നുകാരന്‍ എന്‍റെ നേരെ തിരിഞ്ഞു. കുറച്ചു വെള്ളം വേണമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് അദ്ദേഹം തുടര്‍ന്നു.

‘‘ഇതൊന്നും ഫോണിലൂടെ പറഞ്ഞാല്‍ ശരിയാവില്ലെടോ. അതാണ് ഇപ്പോള്‍ ഞാന്‍ ഇങ്ങോട്ടുവന്നത്.’’

‘‘അപ്പോള്‍ അത് ആഘോഷിക്കാന്‍ വന്നതാണല്ലേ?’’ കാര്‍ത്തികേയന്‍ സാര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതുപോലെ ചോദിച്ചു. വിരുന്നുകാരന്‍ മദ്യപിച്ചുവന്നത് സാറിന് തീരെ ഇഷ്ടമായിട്ടില്ലെന്നു വ്യക്തമായിരുന്നു.

ഞാന്‍ കൊണ്ടുക്കൊടുത്ത വെള്ളം ഒറ്റയടിക്ക് കുടിച്ചുതീര്‍ത്ത് വിരുന്നുകാരന്‍ വീണ്ടും വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു.

‘‘ആഘോഷിക്കാതെ എങ്ങനെയാണെടോ? പിന്നെ തന്നെ കണ്ടിട്ടും കുറേ കാലമായല്ലോ. അന്ന് ലോഡ്ജില്‍ വെച്ചു കണ്ടതാണ്. താന്‍ അതോടെ എഴുത്തു നിര്‍ത്തി എന്നു കേട്ടു. ഞാന്‍ പിന്നെയും എഴുതിയെടോ. ജീവിക്കാന്‍ വേറെ മാർഗമൊന്നുമുണ്ടായിരുന്നില്ലല്ലോ എനിക്ക്. പക്ഷേ, എന്തുചെയ്യാം! ഓരോന്നോരോന്നായി വാരികകളൊക്കെ പൂട്ടിപ്പോയില്ലേ? എനിക്കാണെങ്കില്‍ വേറെ പണിയൊന്നും അറിഞ്ഞുംകൂടായിരുന്നു. വെറുമൊരു പത്താംക്ലാസുകാരന് എന്തു ജോലി കിട്ടാന്‍?’’

രണ്ടാമത്തെ ഗ്ലാസിലെ വെള്ളം കുടിച്ചുതീര്‍ത്ത് മതി എന്ന് ആംഗ്യം കാണിച്ചു. പിന്നെ മുണ്ടിന്‍റെ കോന്തല പൊക്കി മുഖവും കഴുത്തും തുടച്ചു. അദ്ദേഹത്തിന്‍റെ കഴുത്ത് ഉറയ്ക്കാത്തതുപോലെ തോന്നി. വളരെ പണിപ്പെട്ട് മുഖം കാര്‍ത്തികേയന്‍ സാറിനു നേരെ തിരിച്ചു.

‘‘തനിക്കങ്ങനെ പെട്ടെന്ന് എഴുത്തുനിര്‍ത്തേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. അന്ന് ലോഡ്ജില്‍ അതൊരു സംസാരവിഷയമായി. നമ്മള്‍ രണ്ടുപേര്‍ മാത്രമല്ല; വേറെയും എഴുത്തുകാരുണ്ടായിരുന്നല്ലോ ലോഡ്ജില്‍. കൃത്യമായി പറഞ്ഞാല്‍ നമ്മളെ രണ്ടുപേരെ കൂടാതെ ഏഴുപേര്‍. നമ്മളേക്കാളൊക്കെ ചെറുപ്പമായിരുന്നു അവര്‍. അതില്‍ മൂന്നുപേര്‍ ആദ്യമായി നോവലെഴുതുന്നവരായിരുന്നു. നോവലെഴുത്തിന്‍റെ ടെക്നിക്കൊക്കെ എന്നോടാണ് ചോദിച്ചിരുന്നത്. അവര്‍ ഒരു ഗുരുവിനെപ്പോലെയാണ് എന്നെ കണ്ടത്. ഹഹ! ഗുരുദക്ഷിണയും കിട്ടിയിരുന്നു!’’

വലത്തെ കയ്യിലെ നാലു വിരല്‍ മടക്കി തള്ളവിരല്‍ ചുണ്ടുകള്‍ക്കിടയിലേക്ക് ചൂണ്ടി അദ്ദേഹം ചിരിച്ചു.

അദ്ദേഹം വല്ലാതെ വിയര്‍ത്തിരുന്നു. അസ്വസ്ഥതയോടെ ഷര്‍ട്ട് മുന്നിലേക്ക് വലിച്ചുപിടിച്ച് നെഞ്ചിലേക്ക് മൂന്നാലു വട്ടം ഊതിക്കൊണ്ട് തട്ടിലേക്ക് നോക്കി. നിശ്ചലമായ സീലിങ് ഫാന്‍ നോക്കി എന്‍റെ നേരെ തിരിഞ്ഞു.

‘‘ഒന്നു ഫാനിടടോ.’’

ഞാന്‍ ഫാനിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു. വേഗം പോരാ എന്ന ഭാവത്തോടെ അദ്ദേഹം എന്നെ വീണ്ടും നോക്കിയപ്പോള്‍ ഫാന്‍ ഫുള്‍ സ്പീഡിലേക്കാക്കി.

ശക്തിയായ കാറ്റ് ആസ്വദിച്ചുകൊണ്ട് അദ്ദേഹം കുറച്ചുനേരം ഇരുന്നു.

‘‘അത് ഒരു കാലം!’’

ഫാനിന്‍റെ പ്രചണ്ഡമായ കാറ്റില്‍ പുറങ്ങള്‍ മറിഞ്ഞുകൊണ്ടിരിക്കുന്ന വാരികകള്‍ക്കു മീതെ തന്‍റെ മൊബൈല്‍ സ്ഥാപിക്കുന്നതിനിടയില്‍ കാര്‍ത്തികേയന്‍ സാര്‍ എന്നെ തറപ്പിച്ചു നോക്കി.

‘‘ശിഷ്യന്മാര്‍ കുറേയുണ്ടായിരുന്നു. അവരോടൊക്കെ പറയണമെന്നുണ്ട്. പക്ഷേ പറഞ്ഞിട്ടെന്താ? എനിക്കിപ്പോള്‍ അവരില്‍ ഒരാളുടെപോലും പേര് ഓർമിക്കാന്‍ കഴിയുന്നില്ല കലയൂരേ. അവരൊക്കെ എവിടെയാണെന്നോ ഇപ്പോഴും എഴുതുന്നുണ്ടോ എന്നതൊക്കെ പോട്ടെ അവരില്‍ ആരെങ്കിലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. നമ്മുടെ ലോഡ്ജില്‍ത്തന്നെ അത്രയും പേര്‍. മറ്റുള്ള ലോഡ്ജുകളിലോ? അവിടെയൊക്കെയുമുണ്ടാവും അന്ന് അത്രയൊക്കെ എഴുത്തുകാര്‍! ഞാനിടയ്ക്ക് അതേപ്പറ്റിയൊക്കെ ഓര്‍ക്കാറുണ്ട്. അവരൊന്നും ഇപ്പോള്‍ എഴുതുന്നില്ലെന്നുറപ്പ്. പിന്നെ എന്തു ചെയ്യുകയാണാവോ!’’

അദ്ദേഹം ചിരിച്ചു.

അതിവേഗം തിരിയുന്ന ഫാനിലേക്ക് നോക്കുന്ന കാര്‍ത്തികേയന്‍ സാര്‍ ആ ചിരിയില്‍ പങ്കുകൊണ്ടില്ല. ഫാനിന്‍റെ വേഗം കൂട്ടിയതുതന്നെ ഇഷ്ടമായിട്ടില്ല എന്ന് എനിക്കു തോന്നി. വിരുന്നുകാരന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

‘‘എനിക്കു തന്നേപ്പോലെ വിശ്രമിക്കാനുള്ള ചുറ്റുപാടുകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് എഴുത്തു തുടരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പലതും വളരെ സ്പീഡില്‍ എഴുതിത്തീര്‍ത്തവയായിരുന്നു. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് വെറുതെ ഒന്ന് കണക്കുകൂട്ടിനോക്കി, ഞാനെത്ര നോവലുകള്‍ എഴുതിയിട്ടുണ്ടെന്ന്. പേരുകള്‍ ഓര്‍ത്തെടുക്കാന്‍ തന്നെ ബുദ്ധിമുട്ടി. ഓർമവരുന്ന മുറക്ക് ഒരു കടലാസില്‍ എഴുതിവെച്ചു. 132 എണ്ണമായി. ഇനിയും ഉണ്ടാവണം. അതിന് അന്നത്തെ വാരികകളൊക്കെ തപ്പി പോവണ്ടേ? ഇനി ആ ആരാധകന്‍ വരട്ടെ. അപ്പോള്‍ അവയൊക്കെ തപ്പിയെടുക്കാന്‍ പറയണം.’’

പിന്നെ കുറച്ചുനേരം എന്തോ ചിന്തിച്ചതിനു ശേഷം തുടര്‍ന്നു.

‘‘ആ വാരികകളൊക്കെ ഇപ്പോള്‍ എവിടെയെങ്കിലും ഉണ്ടോ എന്നു തന്നെ ആര്‍ക്കറിയാം!’’

കാര്‍ത്തികേയന്‍ സാര്‍ തീരെ പ്രതികരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വിരുന്നുകാരന്‍ എന്‍റെ നേരെ തിരിഞ്ഞു.

‘‘നീ ആരാ?’’

‘‘തലിയാര്‍ഖാന്‍.’’

‘‘അതായിക്കോട്ടെ. നീ കലയൂരിന്‍റെ ആരാണെന്നാണ് ഞാന്‍ ചോദിച്ചത്.’’

എന്തു പറയണമെന്ന് അറിയാതെ ഞാന്‍ പരുങ്ങി. കാര്‍ത്തികേയന്‍ സാറിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ വിരുന്നുകാരനോട് ഞാന്‍ സംസാരിക്കുന്നതുതന്നെ സാറിനു പിടിക്കുന്നില്ല എന്നു മനസ്സിലായി. ഞാന്‍ ഒന്നും മിണ്ടിയില്ല.

ടീപോയിലെ റൈറ്റിങ് പാഡിലേക്കും കാര്‍ത്തികേയന്‍ സാറിന് അഭിമുഖമായി വെച്ച മൊബൈല്‍ ഫോണിലേക്കും സൂക്ഷിച്ചുനോക്കി വിരുന്നുകാരന്‍ എന്‍റെ നേരെ തിരിഞ്ഞു.

‘‘കലയൂരിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ വന്നതാണോ?’’

മറ്റൊന്നും പറയാനില്ലാത്തതു കാരണം ഞാന്‍ അതെ എന്നു തലയാട്ടി.

‘‘അതു നന്നായി. ഞാനാരാണെന്നു നിനക്കു മനസ്സിലായോ?’’

‘‘കൃത്യമായി മനസ്സിലായില്ല.’’

‘‘ഞാനും ഒരെഴുത്തുകാരനാണെടോ. കുമാരന്‍ എന്നാണ് എന്‍റെ പേര്. കേട്ടിട്ടുണ്ടോ? കോതച്ചിറ കുമാരന്‍.’’

ആ പേര് എവിടെയോ കേട്ടിട്ടുള്ളതുപോലെ എനിക്കു തോന്നി. എഡിറ്റര്‍ പറഞ്ഞിട്ടാണോ? അതോ ഇനി കാര്‍ത്തികേയന്‍ സാറിന്‍റെ വര്‍ത്തമാനത്തിനിടയില്‍ കേട്ടതാണോ? അല്ല; എഡിറ്റര്‍ തന്നെ. ആദ്യകാലത്തെ പ്രധാനപ്പെട്ട നാല് എഴുത്തുകാരെപ്പറ്റി പറഞ്ഞത് എഡിറ്ററല്ലേ?

‘‘ഞാനും അത്ര മോശപ്പെട്ട എഴുത്തുകാരനൊന്നുമല്ല,’’ മുഖം കോട്ടി ഒന്നു ചിരിച്ച് അദ്ദേഹം തുടര്‍ന്നു. ‘‘എനിക്കുമുണ്ടെടോ ചിലതൊക്കെ പറയാന്‍. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമല്ല; കുറേ എഴുത്തുകാരുണ്ടെടോ ഞങ്ങളെപ്പോലെ. അതില്‍ പലരും മരിച്ചുപോയി. ബാക്കിയുള്ളവരെയൊക്കെ താന്‍ പോയി കാണണം.’’

എന്നെ ഒന്ന് ഉഴിഞ്ഞുനോക്കി കുമാരന്‍ സാര്‍ തുടര്‍ന്നു.

‘‘നീ ഏതു പത്രത്തില്‍നിന്നാണ്?’’

ഞാന്‍ ഒന്നും മിണ്ടിയില്ല.

‘‘ഏതു പത്രത്തില്‍നിന്നായാലും വേണ്ടില്ല. എഴുതുമ്പോള്‍ എല്ലാം വരണം. പറയുമ്പോള്‍ എല്ലാവര്‍ക്കും മുട്ടത്തു വര്‍ക്കി മതി! അയാള്‍ മാത്രമല്ലെടോ കലയൂരും കോതച്ചിറയുമൊക്കെ അതിലുണ്ടാവണം. ഞങ്ങളൊക്കെ ഒരേ പ്രസ്ഥാനത്തിന്‍റെ ആളുകളാണെടോ. എത്രയെത്ര പേരാണ് ഞങ്ങളുടെ നോവലുകള്‍ വായിച്ചിരുന്നത് എന്നറിയുമോ? ഒരു കാലത്ത് ഞങ്ങളുടെ നോവലുകളാണ് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായെന്നേയുള്ളൂ. പൈങ്കിളി നോവലിസ്റ്റുകള്‍! അതാണല്ലോ ഞങ്ങള്‍ക്കുള്ള ഓമനപ്പേര്!’’

 

അല്‍പം പണിപ്പെട്ടിട്ടാണെങ്കിലും കുമാരൻ സാര്‍ സെറ്റിയില്‍നിന്ന് എഴുന്നേറ്റു. കാര്‍ത്തികേയന്‍ സാറിന്‍റെ അടുത്തുചെന്ന് അദ്ദേഹം പറഞ്ഞു.

‘‘എന്നാല്‍ ഞാന്‍ പോട്ടെ?’’

കാര്‍ത്തികേയന്‍ സാര്‍ അദ്ദേഹത്തിന്‍റെ മുഖത്തുനോക്കി വെറുതെ തലയാട്ടിയതല്ലാതെ ഒന്നും മിണ്ടിയില്ല.

കുമാരന്‍ സാര്‍ സിറ്റൗട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ഒപ്പം നടന്നു.

‘‘സോറി,’’ ഞാന്‍ പറഞ്ഞു.

കുമാരന്‍ സാര്‍ തിരിഞ്ഞുനിന്നു.

‘‘എന്തിന്?’’

‘‘കാര്‍ത്തികേയന്‍ സാര്‍ ഇന്ന് ഒട്ടും മൂഡിലല്ല. അതുകൊണ്ടാണ് സാറിനോട് കാര്യമായി ഒന്നും സംസാരിക്കാതിരുന്നത്.’’

‘‘അതു സാരമാക്കണ്ട,’’ കുമാരൻ സാര്‍ ചിരിച്ചു. ‘‘അവന്‍ പണ്ടും ഇങ്ങനെയായിരുന്നു. അധികമൊന്നും സംസാരിക്കില്ല. അതുകൊണ്ട് കൂട്ടുകെട്ടുകള്‍ കുറവായിരുന്നു. വലിയ എഴുത്തുകാര്‍ക്കൊക്കെ മൂഡിന്‍റെ പ്രശ്നം വരാറുണ്ടല്ലോ. ദിവസങ്ങളോളം ആരോടും മിണ്ടില്ല എന്നൊക്കെ കേട്ടിട്ടുണ്ട്. എഴുത്തു തുടങ്ങിയാല്‍ അതു തീരുന്നതുവരെ കുടുംബക്കാരോടടക്കം വളരെ വിചിത്രമായി പെരുമാറുമത്രേ. ആ സ്വഭാവമൊക്കെ അതേ പടിയുള്ള ആളാണ് കാര്‍ത്തികേയന്‍. പക്ഷേ എന്നേപ്പോലെയുള്ള എഴുത്തുതൊഴിലാളികള്‍ക്കൊന്നും അങ്ങനെയില്ല. ഞങ്ങള്‍ യന്ത്രങ്ങളാണ്. ടൈം ടേബിള്‍ വെച്ചാണ് എഴുതുക. മൂഡു വരാനൊന്നും കാത്തുനില്‍ക്കില്ല. കലയൂരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം അതാണ്. അവന്‍ ഞങ്ങളുടെ ഇടയിലേക്ക് കൂട്ടംതെറ്റിവന്നതാണ് എന്നു ഞങ്ങള്‍ പറയാറുണ്ട്.’’

പിന്നെ കൈവരിയില്‍ പിടിച്ച് സിറ്റൗട്ടിന്‍റെ കല്‍പ്പടവുകള്‍ ശ്രദ്ധാപൂര്‍വം ഇറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.

‘‘ഇന്‍റര്‍വ്യൂ നന്നാവട്ടെ. അച്ചടിച്ചുവന്നാല്‍ എനിക്ക് ഒരു കോപ്പി അയച്ചുതരണം.’’

കുമാരന്‍ സാര്‍ ഗേറ്റ് കടന്നുപോയപ്പോള്‍ ഞാന്‍ ഇരിപ്പുമുറിയിലേക്കു തന്നെ ചെന്നു. കാര്‍ത്തികേയന്‍ സാര്‍ മുഖം കുനിച്ചിരിപ്പാണ് അപ്പോഴും.

‘‘ഇതു ശരിയായില്ല സര്‍.’’

‘‘ഏത്?’’

‘‘ഒരെഴുത്തുകാരന്‍ വന്നിട്ട് സാര്‍ അദ്ദേഹത്തോട് ശരിക്ക് ഒന്നും മിണ്ടിയില്ലല്ലോ. അതും സാറിന്‍റെ അടുത്ത ഒരു കൂട്ടുകാരന്‍.’’

‘‘താന്‍ ആരാ തെറ്റും ശരിയുമൊക്കെ തീരുമാനിക്കാന്‍?’’ സാറിന്‍റെ ശബ്ദം കനത്തു. ‘‘ആരോട് എപ്പോള്‍ എങ്ങനെ പെരുമാറണമെന്നൊക്കെ ഞാന്‍ തന്നെ തീരുമാനിച്ചോളാം. താനെന്നെ പഠിപ്പിക്കാന്‍ വരണ്ട.’’

‘‘പഴയ ഒരു കൂട്ടുകാരനോട് ഇങ്ങനെയാണോ പെരുമാറേണ്ടത്?’’ ഞാന്‍ വിട്ടില്ല. ‘‘അതും ഒരു സന്തോഷവര്‍ത്തമാനം അറിയിക്കാന്‍ വേണ്ടി വന്ന ആളോട്! ഇത്രയ്ക്കു ദേഷ്യം വരാന്‍ കാര്യമെന്തായിരുന്നു?’’

‘‘ദേഷ്യമൊന്നുമില്ല,’’ കാര്‍ത്തികേയന്‍ സാര്‍ ഒന്നു തണുത്തു. ‘‘തനിക്കൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല.’’

രണ്ടു കൈകള്‍കൊണ്ടും തല താങ്ങിപ്പിടിച്ച് അദ്ദേഹം കുറച്ചു നേരം കുനിഞ്ഞിരുന്നു.

‘‘കുമാരന്‍ പണ്ടും ഇങ്ങനെയായിരുന്നു’’, അദ്ദേഹം തന്നോടുതന്നെയെന്ന പോലെ പറഞ്ഞു. ‘‘പതിനെട്ടു വയസ്സില്‍ എഴുത്തു തുടങ്ങിയതാണവന്‍. എന്നേക്കാളൊക്ക വളരെ മുമ്പ്. ധാരാളം വായനക്കാരുമുണ്ടായിരുന്നു. അന്ന് ഇത്രയൊന്നും വാരികകളുണ്ടായിരുന്നില്ല; പക്ഷേ ഉള്ളതിലൊക്കെ അവന്‍റെ നോവലുണ്ടായിരുന്നു. ഒരു രാജകുമാരനെപ്പോലെയായിരുന്നു അവന്‍റെ ജീവിതം. കണ്ടാലും ഒരു സിനിമാനടന്‍റെ ഭംഗിയുണ്ടായിരുന്നു. ഇപ്പോഴോ? താന്‍ കണ്ടതാണല്ലോ അവന്‍റെ രൂപം!’’

ഉണങ്ങി വിറകിന്‍കൊള്ളി പോലെ ശുഷ്കിച്ച ആ മനുഷ്യന്‍ ഒരു കാലത്ത് സുന്ദരനായിരുന്നു എന്ന് സങ്കൽപിക്കാന്‍പോലും കഴിഞ്ഞില്ല.

‘‘നല്ല വരുമാനവുമുണ്ടായിരുന്നു. എല്ലാം അവനായിത്തന്നെ നശിപ്പിച്ചു. അതിരുവിട്ട കുടി. ഞാന്‍ കുറേ ഉപദേശിച്ചതാണ്. അപ്പോഴൊക്കെ എന്നോടു തട്ടിക്കയറി. എഴുത്തുകാരന് അത് അവകാശമാണത്രേ. എന്തെഴുത്തുകാരന്‍! ഞങ്ങളൊക്കെ ജീവിക്കാന്‍ വേണ്ടിയാണല്ലോ എഴുതിക്കൊണ്ടിരുന്നത്. അല്ലാതെ ഇത് മഹാസാഹിത്യമൊന്നുമല്ല എന്ന് മനസ്സിലാക്കേണ്ടതായിരുന്നു.’’

സിറ്റൗട്ടിലേക്കുള്ള വാതിലിലൂടെ പുറത്തേക്കു നോക്കി കുറച്ചുനേരം ഇരുന്നതിനുശേഷം കാര്‍ത്തികേയന്‍ സാര്‍ തുടര്‍ന്നു.

‘‘ഒരു പ്രാപ്തിയുമില്ലാത്ത ഭാര്യ. അവന്‍ വീട്ടിലേക്ക് കാശൊന്നും കൊടുക്കാറില്ല. നാലു കുട്ടികള്‍. അവരൊക്കെ എവിടെയെത്തിയോ ആവോ!’’

‘‘സാര്‍ പിന്നെ അതൊന്നും അന്വേഷിച്ചിട്ടില്ലേ?’’

‘‘ഇല്ല. അവനെ കണ്ടപ്പോള്‍ എനിക്ക് അന്നത്തെ ലോഡ്ജിലെ കാര്യങ്ങള്‍ ഓര്‍മവന്നു. അതാണ് എന്‍റെ മൂഡുപോയത്. അവന്‍ ഇപ്പോഴെങ്കിലും ഒന്നു നേരെയായിട്ടുണ്ടാവുമെന്നു കരുതി. എവിടെ!’’

ഒന്നു നെടുവീര്‍പ്പിട്ടതിനു ശേഷം സാര്‍ തുടര്‍ന്നു: ‘‘അവന്‍ പറഞ്ഞതു ശരിയാണ്. കുറേ ശിഷ്യന്മാരുണ്ടായിരുന്നു. വൈകുന്നേരമായാല്‍ അവന്‍റെ മുറിയില്‍ എന്നും കുടിയും കൂക്കുവിളിയുമായിരുന്നു. എഴുത്തൊന്നും ശരിക്കു നടന്നിരുന്നില്ല. പിന്നെ വാരികയില്‍നിന്ന് ആള്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ എഴുതിക്കൊടുക്കും. പൈങ്കിളി എന്നൊക്കെ പറയുമെങ്കിലും അതിനും വേണ്ടേ ഒരു നിലവാരം? അതിനും വേണ്ടേ ഒരു ഗൗരവം?’’

ഇത്രയും നേരം സാര്‍ തന്നോടുതന്നെയെന്ന പോലെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. പിന്നെ മുഖമുയര്‍ത്തി എന്നെ നോക്കി കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു:

‘‘അവരെപ്പോലെയുള്ളവരൊക്കെക്കൂടിയാണെടോ ഈ പ്രസ്ഥാനം നശിപ്പിച്ചത്. പത്രാധിപന്മാരെ മാത്രം പറഞ്ഞിട്ടു കാര്യമില്ല; എഴുത്തുകാര്‍ക്കും അതില്‍ പങ്കുണ്ട്.’’

കാര്‍ത്തികേയന്‍ സാര്‍ വീണ്ടും ചിന്തയില്‍ നഷ്ടപ്പെട്ടതുപോലെ ഇരുന്നു.

‘‘എന്നാലും സാര്‍ ഇത്ര മോശമായി അദ്ദേഹത്തോടു പെരുമാറേണ്ടിയിരുന്നില്ല.’’

‘‘സങ്കടം കൊണ്ടാണെടോ. വാരികകള്‍ ഉള്ള കാലത്ത് അവന്‍ എങ്ങനെയൊക്കെയോ ജീവിച്ചിരുന്നു. അതു നിലച്ചുപോയതിനു ശേഷം എന്തുണ്ടായി എന്നറിയില്ല. നല്ല കാലത്ത് കുറച്ചു പുസ്തകങ്ങള്‍ ഇറക്കിയിരുന്നെങ്കില്‍ അതില്‍നിന്നുള്ള റോയൽറ്റിയെങ്കിലും കിട്ടിയേനെ. അപ്പോള്‍ അതിനൊന്നും ശ്രമിച്ചില്ല. ഇനി ഇപ്പോള്‍ ആരു വാങ്ങാനാണ് അവന്‍റെ പുസ്തകങ്ങള്‍?’’

കാര്‍ത്തികേയന്‍ സാര്‍ മുഖമുയര്‍ത്തി എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

‘‘കുറച്ചു രൂപ കൊടുക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ എന്തു കൊടുത്തിട്ടും കാര്യമില്ലല്ലോ. ഒക്കെ ബാറുകളില്‍ കലക്കിക്കളയും. എന്നാലും എന്തെങ്കിലും കൊടുക്കാമായിരുന്നു.’’

‘‘ഇപ്പോള്‍ കൊടുക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല സര്‍. സാറിന്‍റെ കയ്യില്‍ വേണ്ടത്ര പണമുണ്ടെന്നു തോന്നുന്നു.’’

കുമാരന്‍ സാറിന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ തിരുകിവെച്ച കുറേ നോട്ടുകള്‍ പുറത്തേക്കു തുറിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു.

കാര്‍ത്തികേയന്‍ സാര്‍ കുറേ നേരം നിശ്ശബ്ദനായി മുഖം താഴ്ത്തി ഇരുന്നു.

‘‘പഴയ കാലമൊക്കെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. അപ്പോഴാണ് അവന്‍ വന്നു കയറിയത്.’’

‘‘അങ്ങനെ എല്ലാം മറക്കാന്‍ കഴിയുമോ സര്‍,’’ വോയ്സ് റെക്കോര്‍ഡര്‍ സാറിന്‍റെ മുന്നിലേക്ക് ഒന്നു കൂടി അടുപ്പിച്ചുവെച്ച് ഞാന്‍ റൈറ്റിങ് പാഡ് കയ്യിലെടുത്തു. ‘‘നമുക്ക് എഴുത്തു തുടരണ്ടേ?’’

‘‘ഒന്നു കൊണ്ടുപോടോ തന്‍റെ ഫോണും കടലാസും!’’ മൊബൈല്‍ ഫോണ്‍ എന്‍റെ മുന്നിലേക്കുതന്നെ തട്ടിനീക്കി കാര്‍ത്തികേയന്‍ സാര്‍ മുരണ്ടു. ‘‘ഒരു മുടിഞ്ഞ നോവലെഴുത്ത്!’’

ഇന്നിനി ഒന്നും നടക്കില്ലെന്ന് എനിക്കുറപ്പായി. മറ്റൊരു ദിവസം കൂടി പാഴായിപ്പോവുകയാണ്. വോയ്സ് റെക്കോഡറും റൈറ്റിങ് പാഡും ഞാന്‍ ടീപോയുടെ ഒരരികിലേക്ക് നീക്കിവെച്ചു.

കാര്‍ത്തികേയന്‍ സാറിനെ കുറച്ചുനേരത്തേക്ക് ഒറ്റക്കു വിടുന്നതാണ് നല്ലത്.

ഫ്ലാസ്കില്‍ ബാക്കിയുള്ള ചായ ഒരു കപ്പിലേക്ക് പകര്‍ന്ന് സാറിനു കൊടുത്ത് ഞാന്‍ സിറ്റൗട്ടിലേക്കു നടന്നു.

(തുടരും)

Tags:    
News Summary - malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.