ചിത്രീകരണം: ചിത്ര എലിസബത്ത്

ജമന്തിപ്പൂക്കൾ നീണ്ടകഥയുടെ കഥ

‘ജമന്തി’യിലെ പകല്‍

ആദ്യത്തെ പകപ്പു മാറിയപ്പോള്‍ കുറച്ച് ആശ്വാസം അനുഭവപ്പെട്ടു. ഊന്നിനില്‍ക്കാന്‍ എനിക്ക് ഒരിടമുണ്ടായിരിക്കുന്നു.

എഡിറ്ററുടെ തന്ത്രത്തെപ്പറ്റി മതിപ്പും തോന്നി. തികച്ചും കരുതലോടെയാണ് അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍. ഞാന്‍ ഇവിടേക്ക് വരുമെന്ന് അദ്ദേഹം കാര്‍ത്തികേയന്‍ സാറിനോട് മുന്‍കൂട്ടി പറഞ്ഞുവെച്ചിരിക്കുന്നു. ഇനി കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടു കൂടാതെ നീക്കാം.

എന്നാലും എന്തായിരിക്കാം എഡിറ്റര്‍ എന്നെപ്പറ്റി സാറിനോട് പറഞ്ഞുവെച്ചിട്ടുണ്ടാവുക?

കാര്‍ത്തികേയന്‍ സാറിന്‍റെ നോവല്‍ നമുക്കു വേണം എന്ന് എഡിറ്റര്‍ പറഞ്ഞപ്പോള്‍ നോവലിന്‍റെ കൈയെഴുത്തുപ്രതി ഏതു വിധേനയും കൈക്കലാക്കുക എന്നാണ് ഞാന്‍ ധരിച്ചത്. അപ്പോഴാണ് നോവല്‍ എഴുതിത്തീര്‍ന്നിട്ടില്ല എന്നും ചിലപ്പോള്‍ എഴുതിത്തുടങ്ങിയിട്ടുതന്നെയുണ്ടാവില്ല എന്നും എഡിറ്റര്‍ പറഞ്ഞത്.

‘‘അപ്പോള്‍ ഞാനെന്താണ് ചെയ്യേണ്ടത് സര്‍?’’ ഞാന്‍ സംശയിച്ചു.

‘‘അതൊന്നും ഇപ്പോള്‍ പ്ലാന്‍ ചെയ്യേണ്ട,’’ എഡിറ്റര്‍ പറഞ്ഞു. ‘‘ആദ്യം വെറുതെ ഒന്നു കണ്ടുവരൂ. അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കലാണ് ആദ്യം വേണ്ടത്. പതുക്കെപ്പതുക്കെ അദ്ദേഹത്തിന്‍റെ വിശ്വാസമാർജിക്കുക. പിന്നീട് അദ്ദേഹത്തിന്‍റെ മട്ടും മൂഡും അറിഞ്ഞ് മനോധർമം പോലെ നമുക്ക് കരുക്കള്‍ നീക്കാം.’’

ആ ധൈര്യത്തിലാണ് ഇങ്ങോട്ടു പുറപ്പെട്ടത്. അതിപ്പോള്‍ ഇത്രത്തോളം എത്തിയിരിക്കുന്നു.

‘‘ഞാന്‍ ചോദിച്ചതു കേട്ടില്ലേ?’’ കാര്‍ത്തികേയൻ സാര്‍ വീണ്ടും ചോദിച്ചപ്പോള്‍ ആദ്യത്തെ സ്തബ്ധത എനിക്കു മാറിക്കിട്ടി. ‘‘രാവിലെ വരാമെന്നല്ലല്ലോ പറഞ്ഞിരുന്നത്.’’

‘‘എന്നാല്‍ ഞാന്‍ വൈകുന്നേരം വരാം സര്‍.’’

‘‘വേണ്ട,’’ ഒന്ന് ആലോചിച്ച് അദ്ദേഹം തുടര്‍ന്നു. ‘‘താന്‍ ഇത്രദൂരം വന്നതല്ലേ! അകത്തേക്ക് കേറിയിരിക്കാം.’’

മടിച്ചുമടിച്ച് ഞാന്‍ സിറ്റൗട്ടിലേക്കു കയറി. ചുമരില്‍ പതിച്ചുവെച്ച ‘ജമന്തി’ എന്ന ഫലകം അപ്പോഴാണ് എന്‍റെ കണ്ണില്‍പ്പെട്ടത്. അപ്പോള്‍ ഇതാണോ കാര്‍ത്തികേയന്‍ സാറിന്‍റെ വീടിന്‍റെ പേര്? സാധാരണയായി അത് ഗേറ്റിന്‍റെ തൂണിലാണല്ലോ എഴുതിവെക്കാറുള്ളത്? അവിടെയാവട്ടെ എന്തെങ്കിലും കണ്ടതായി തോന്നുന്നില്ല.

അകത്തേക്ക് നടക്കാന്‍ തുടങ്ങിയ കാര്‍ത്തികേയന്‍ സാര്‍ തിരിഞ്ഞുനിന്ന് എന്നെ അടിമുടി ഒന്നു നോക്കി. തലിയാര്‍ഖാനെ അളക്കുന്നതുപോലെയായിരുന്നു ആ നോട്ടം എന്ന് എനിക്കു തോന്നി. ഞാന്‍ ഒതുങ്ങിനിന്നു.

‘‘കുറച്ചുകൂടി പ്രായമുള്ള ആളാവുമെന്നാണ് കരുതിയത്. ഇത് ഒരു കൊച്ചുപയ്യന്‍. ആട്ടെ, തലിയാര്‍ഖാന്‍ പഠിക്കുകയാണോ?’’

‘‘ഒരു വര്‍ഷം മുമ്പ് എന്‍റെ ഡിഗ്രി കഴിഞ്ഞു.’’

‘‘എന്തായിരുന്നു വിഷയം?’’

‘‘ഇംഗ്ലീഷ് ലിറ്ററേച്ചര്‍.’’

കാര്‍ത്തികേയന്‍ സാര്‍ ഒന്നമര്‍ത്തി മൂളി. പിന്നെ ഒപ്പം വരാന്‍ ആംഗ്യം കാണിച്ച് അകത്തേക്ക് നടന്നു. ഇരിപ്പുമുറിയിലെത്തിയപ്പോള്‍ ഒരു സിംഗിൾ സെറ്റി ചൂണ്ടിക്കാട്ടി ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അനുസരിച്ചു.

‘‘തനിക്ക് മലയാളം അക്ഷരമാലയൊക്കെ ശരിക്കറിയാമോ?’’ എതിരെയുള്ള സെറ്റിയില്‍ തന്‍റെ ഭാരിച്ച ദേഹം ഇറക്കിവെച്ച് അദ്ദേഹം ചോദിച്ചു.

ഈ മനുഷ്യന്‍ കരുതിക്കൂട്ടി എന്നെ അപമാനിക്കാനുള്ള പുറപ്പാടാണല്ലോ. ഞാന്‍ ഒന്നും മിണ്ടിയില്ല.

‘‘അല്ല, ഏബീസീഡിയൊക്കെ കൃത്യമായി അറിയുന്നുണ്ടാവും. പക്ഷേ അമ്പത്തൊന്ന് അക്ഷരം തികച്ചറിയില്ല. കൂട്ടക്ഷരമൊന്നും പറയുകയേ വേണ്ട. ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെയാണ്. സ്കൂളില്‍ അക്ഷരമാലയൊന്നും പഠിപ്പിക്കുന്നില്ലല്ലോ ഇപ്പോള്‍.’’

ഞാന്‍ അമര്‍ഷമടക്കി ഒന്നു ചിരിച്ചുവെന്നു വരുത്തി.

അത്യാവശ്യം വലിപ്പമുള്ള ഇരിപ്പുമുറിയായിരുന്നു അത്. ഇരട്ട സെറ്റിയുടെ രണ്ടു വശങ്ങളിലായി രണ്ട് ഒറ്റ സെറ്റികള്‍. നടുക്കുള്ള ടീപോയില്‍ ഏതാനും ‘മനോമയ’ങ്ങള്‍ ചിതറിക്കിടക്കുന്നു.

മുറിയില്‍ ആകെ നിശ്ശബ്ദത തളംകെട്ടി നില്‍ക്കുന്നതുപോലെ. സാറിനെ കൂടാതെ മറ്റാരും വീട്ടില്‍ ഇല്ലെന്നു തോന്നുന്നു. ആകെയൊരു കെട്ടനാറ്റവും എനിക്ക് അനുഭവപ്പെട്ടു.

‘‘രാത്രി കുറേ വൈകിയാണ് ഉറങ്ങിയത്,’’ മുഖത്തെ കുറ്റിരോമങ്ങളില്‍ തലോടി കാര്‍ത്തികേയന്‍ സാര്‍ തുടര്‍ന്നു: ‘‘അതുകൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി.’’

‘‘സാറ് വേണമെങ്കില്‍ കുളിച്ചുവന്നോളൂ. ഞാന്‍ ഇവിടെ ഇരിക്കാം.’’

സാര്‍ അതു ശ്രദ്ധിച്ചില്ലെന്നു തോന്നി. ടീപോയില്‍ കിടക്കുന്ന ‘മനോമയ’ത്തിന്‍റെ ലക്കങ്ങള്‍ക്കിടയില്‍നിന്ന് ഒരു റൈറ്റിങ് പാഡ് വലിച്ചെടുത്ത് അദ്ദേഹം എന്‍റെ നേരെ നീട്ടി.

‘‘തന്‍റെ കയ്യില്‍ പേനയില്ലേ?’’

എന്താണ് അദ്ദേഹത്തിന്‍റെ ഭാവം എന്ന് എനിക്കു മനസ്സിലായില്ല. തോള്‍സഞ്ചിയില്‍ ഞാന്‍ പേനക്ക് വേണ്ടി പരതി. കൈയില്‍ എന്തൊക്കെയോ തടഞ്ഞുവെങ്കിലും പെട്ടെന്ന് എനിക്കു പേന കാണാനായില്ല. സാധാരണയായി എന്‍റെ സഞ്ചിയില്‍ അത് എപ്പോഴും ഇടാറുള്ളതാണല്ലോ.

‘‘അതു ശരി; പേനയില്ലാതെയാണോ ഈ പണിക്കു നടക്കുന്നത്?’’

ഞാന്‍ പരുങ്ങുന്നതു കണ്ട് കാര്‍ത്തികേയന്‍ സാര്‍ ചോദിച്ചു. അദ്ദേഹത്തിന്‍റെ മുഖത്ത് പുച്ഛം ഓളംവെട്ടി.

എന്തു പണിയാണ് സാര്‍ ഉദ്ദേശിക്കുന്നത്?

‘‘ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ പേനയുണ്ടാവില്ല, ഷര്‍ട്ടിന് പോക്കറ്റു തന്നെയുണ്ടാവില്ല; പിന്നെയല്ലേ?’’ പിറുപിറുത്തുകൊണ്ട് ടീപോയില്‍ കിടക്കുന്ന പേനയെടുത്ത് സാര്‍ എനിക്കു നീട്ടി. ‘‘ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു കാര്യം!’’

പേന വാങ്ങുമ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്നു വിറച്ചു.

‘‘ഈ പാഡില്‍ എഴുതൂ. തന്‍റെ കയ്യക്ഷരം എങ്ങനെയുണ്ടെന്നു നോക്കട്ടെ.’’

‘‘എന്താണെഴുതേണ്ടത്?’’

‘‘എന്തെങ്കിലും. അഞ്ചാറു വാചകങ്ങള്‍ മതി.’’

എനിക്ക് കാര്യങ്ങളൊന്നും പിടികിട്ടുന്നില്ല. കലയൂരില്‍ ആദ്യമായിട്ടാണ് വരുന്നതെന്നും കാര്‍ത്തികേയന്‍ സാറിനെ കേട്ടിട്ടുണ്ടെങ്കിലും നേരിട്ടുകാണുന്നത് ആദ്യമായിട്ടാണെന്നുമൊക്കെ എഴുതിത്തുടങ്ങി. പകുതിയായപ്പോള്‍ മതി എന്ന് ആംഗ്യം കാണിച്ച് സാര്‍ പാഡ് തിരികെ വാങ്ങി.

പാഡ് അടുത്തുനിന്നും അകലെനിന്നും പിടിച്ച് തൃപ്തി വന്നെന്നവണ്ണം എന്നെ നോക്കി.

‘‘എന്താ തന്‍റെ പ്രൊഫഷന്‍?’’

‘‘എനിക്കു മനസ്സിലായില്ല സര്‍.’’

‘‘താന്‍ ഒരു പ്രൊഫഷണല്‍ കേട്ടെഴുത്തുകാരനാണോ?’’

കേട്ടെഴുത്തുകാരന്‍! അപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ എന്നെ കേട്ടെഴുത്തുകാരനായി തെറ്റിദ്ധരിച്ചിരിക്കുകയാണ്! എന്തായാലും ഇനി അങ്ങനെത്തന്നെയാവട്ടെ.

‘‘പ്രൊഫഷണല്‍ കേട്ടെഴുത്തുകാരന്‍ എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാലും കുഴപ്പമില്ലാതെ ചെയ്യാന്‍ പറ്റുമെന്നു വിശ്വാസമുണ്ട്.’’

‘‘ഇതിനു മുമ്പ് വല്ലതും കേട്ടെഴുതിയിട്ടുണ്ടോ?’’

‘‘അങ്ങനെയില്ല.’’

‘‘ആട്ടെ. കേട്ടെഴുത്തല്ലാതെ സ്വന്തമായി വല്ലതും എഴുതിയിട്ടുണ്ടോ?’’

‘‘ഒരു നോവല്‍ എഴുതിയിട്ടുണ്ട്.’’

‘‘എന്നിട്ട് അത് പ്രസിദ്ധീകരിച്ചുവോ?’’

‘‘ഇല്ല. ഒരെഡിറ്ററുടെ കയ്യില്‍ കൊടുത്തിട്ടുണ്ട്.’’

‘‘അപ്പോള്‍ എഴുത്തുകാരനായ കേട്ടെഴുത്തുകാരന്‍,’’ കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു. ‘‘കൊള്ളാം.’’

അദ്ദേഹം വീണ്ടും റൈറ്റിങ് പാഡിലേക്ക് തിരിഞ്ഞു.

 

‘‘ഇതുവരെ ഇങ്ങനെയൊന്നും പരീക്ഷിച്ചുനോക്കിയിട്ടില്ല. എഴുതുമ്പോള്‍ ആരെങ്കിലും അടുത്തുണ്ടാവുന്നതു തന്നെ എനിക്കു സഹിക്കില്ല. എന്നിട്ടാണ് പറഞ്ഞുകൊടുത്ത് എഴുതിക്കുന്നത്. പക്ഷേ ഒരു നിവൃത്തിയുമില്ലാതായി. പേന കയ്യില്‍ ഉറയ്ക്കുന്നില്ല.’’

കാര്യങ്ങള്‍ ഇപ്പോള്‍ എനിക്ക് ഏകദേശം തിരിഞ്ഞുവന്നുതുടങ്ങി. ഞാന്‍ ആദ്യം അനുമാനിച്ചതുപോലെയല്ല. എഡിറ്റര്‍ എന്നെപ്പറ്റി അദ്ദേഹത്തോട് ഒന്നും പറഞ്ഞിട്ടില്ല. ഏതായാലും ഇപ്പോള്‍ ഒരു കേട്ടെഴുത്തുകാരന്‍റെ വേഷം കിട്ടിയല്ലോ. ഇനി ഇങ്ങനെത്തന്നെ പോട്ടെ.

പക്ഷേ, അപ്പോഴും സംശയം ബാക്കിയായിരുന്നു: ആരോടാണ് കാര്‍ത്തികേയന്‍ സാര്‍ കേട്ടെഴുത്തുകാരനെ പറഞ്ഞയക്കണം എന്ന് ആവശ്യപ്പെട്ടത്? ‘മനോമയ’ത്തിന്‍റെ പത്രാധിപരോടാവുമോ? ഇക്ബാല്‍ എന്നാണോ ‘മനോമയ’ത്തിന്‍റെ പത്രാധിപരുടെ പേര്?

ഏതായാലും ഒരു കാര്യം ഉറപ്പായി. കേട്ടെഴുത്തുകാരനായി മറ്റാരോ ആണ് വരാനുള്ളത്. ഞാനല്ല. കാര്‍ത്തികേയന്‍ സാര്‍ അയാളെയാണ് കാത്തിരിക്കുന്നത്.

എങ്കില്‍ യൂസഫ്ഖാന്‍ എന്നു തന്നെയാവുമോ അയാളുടെ പേര്?

അതായത് ഇപ്പോള്‍ സാറിന്‍റെ മുന്നില്‍ ഇരിക്കുന്നത് തലിയാര്‍ഖാനല്ല യൂസഫ്ഖാനാണ് എന്ന് ഒരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി.

‘‘ഇക്ബാല്‍ പറഞ്ഞത് തനിക്ക് രാവും പകലും ഒന്നും ഒരു പ്രശ്നമല്ലെന്നാണ്. പക്ഷേ എനിക്ക് അങ്ങനെയല്ല. പല പല ബുദ്ധിമുട്ടുകളുമുണ്ട്. ഉച്ചക്ക് കുറച്ചുനേരം കിടന്നേ പറ്റൂ. ഉച്ചക്ക് മാത്രമല്ല; ഇപ്പോള്‍ ബ്രെയ്ക് ഫാസ്റ്റ് കഴിഞ്ഞാലും ഒന്ന് മയങ്ങണമെന്നായിട്ടുണ്ട്. ഒരര മണിക്കൂര്‍. അതോടെ ഫ്രഷ് ആവും. ഓരോരോ പുതിയ ശീലങ്ങള്‍. വയസ്സായില്ലേ?’’

ചെന്നുപെട്ടിരിക്കുന്ന കുരുക്കിനെപ്പറ്റി അപ്പോള്‍ എനിക്കു തികച്ചും ബോധ്യം വന്നു. ഇതില്‍നിന്ന് എങ്ങനെ തലയൂരും എന്നായിരുന്നു എന്‍റെ ചിന്ത. യൂസഫ്ഖാനായി അഭിനയിക്കുന്ന കാര്യം നടക്കില്ല. വൈകുന്നേരം അയാള്‍ എത്തിക്കഴിഞ്ഞാല്‍ കള്ളിയൊക്കെ പൊളിയില്ലേ?

ഈ ദുര്‍ഘടത്തിലേക്ക് എന്നെ തള്ളിവിട്ടതിന് എനിക്ക് എഡിറ്ററോട് ദേഷ്യം തോന്നി. എന്തെങ്കിലും ഒരു സൂചനയെങ്കിലും തരേണ്ടതായിരുന്നു. ഈ ദൗത്യത്തിന്‍റെ തുടക്കത്തില്‍ത്തന്നെ എല്ലാം കൈവിട്ടുപോവുകയാണ്.

‘‘അതില്‍നിന്ന് രണ്ടു കപ്പ് ചായ എടുക്കണം,’’ ടീപോയുടെ താഴത്തെ തട്ടിലിരിക്കുന്ന ഫ്ലാസ്കിലേക്ക് ചൂണ്ടി കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു. ‘‘കപ്പ് അടുക്കളയിലുണ്ട്.’’

രണ്ടു കപ്പിലേക്ക് ചായ പകര്‍ന്നു കഴിഞ്ഞപ്പോള്‍ ഫ്ലാസ്ക് കൈയില്‍ വാങ്ങി കാര്‍ത്തികേയന്‍ സാര്‍ കുലുക്കിനോക്കി.

‘‘ഒരു കപ്പിനുള്ളതുകൂടി ഉണ്ടാവുമെന്നു തോന്നുന്നു. അതവിടെ ഇരിക്കട്ടെ. ഊണു കഴിഞ്ഞാല്‍ കുടിക്കാം. എനിക്കങ്ങനെയുള്ള ചില ദുശ്ശീലങ്ങളൊക്കെയുണ്ട്.’’

രണ്ടു കപ്പും സാറിനു നേരെ നീട്ടിയപ്പോള്‍ അദ്ദേഹം ചിരിച്ചു.

‘‘ചായപ്രാന്തനാണെങ്കിലും ഒരേസമയം രണ്ടു കപ്പൊന്നും കുടിക്കാറില്ല. ഒരെണ്ണം തനിക്കുള്ളതുതന്നെയാണ്.’’

ഒരിറക്ക് ചായ കുടിച്ച് കാര്‍ത്തികേയന്‍ സാര്‍ തുടര്‍ന്നു.

‘‘ഒരു കാര്യം പറയാന്‍ മറന്നു. ചായയില്‍ മധുരം കുറച്ചുമതി എന്ന് ഞാന്‍ ചായക്കടക്കാരനോടു പറഞ്ഞിരുന്നു. അടുക്കളയില്‍ പഞ്ചസാരയിരിപ്പുണ്ട്. തനിക്ക് മധുരം കുറവാണെങ്കില്‍ കൂടുതല്‍ ഇട്ടോളൂ.’’

കുടിച്ചു നോക്കിയപ്പോള്‍ വേണ്ടത്ര മധുരമുണ്ട്.

‘‘എനിക്കിതു മതി സര്‍.’’

‘‘എനിക്കു മതിയായിട്ടല്ല,’’ സാര്‍ ചിരിച്ചു. ‘‘പക്ഷേ എന്തു ചെയ്യാം! കടുത്ത ഷുഗറാണ്. ഇത്രയും പഞ്ചസാര തന്നെ പാടില്ലാത്തതാണ്. പിന്നെ ലീലാവതി തല്‍ക്കാലം കൂടെയില്ലല്ലോ. അപ്പോള്‍ ഒന്ന് ആഘോഷിക്കാമെന്നു വെച്ചു.’’

ലീലാവതി സാറിന്‍റെ ഭാര്യയായിരിക്കുമെന്ന് ഞാനൂഹിച്ചു.

‘‘നമുക്കൊന്ന് ഒത്തുപിടിക്കാം അല്ലേ തലിയാര്‍ഖാന്‍,’’ ചായ കുടിച്ചു തീര്‍ത്ത് കാര്‍ത്തികേയന്‍ സാര്‍ പറഞ്ഞു.

‘‘തനിക്ക് ഈ രംഗത്ത് ധാരാളം പരിചയമുണ്ടെന്നാണല്ലോ ഇക്ബാല്‍ പറഞ്ഞത്. പലരുടെയടുത്തും കേട്ടെഴുത്തിനു പോയി ശീലമുണ്ടെന്ന്. അതു നന്നായി. എഴുത്തുകാരന്‍റെ മാറിമാറിക്കൊണ്ടിരിക്കുന്ന മൂഡിനെപ്പറ്റിയൊക്കെ തനിക്കറിവുണ്ടാവുമല്ലോ. എന്‍റെ കാര്യം പറയുകയേ വേണ്ട. ലീലാവതി എത്ര സഹിച്ചിട്ടുണ്ടെന്നോ! എഴുത്തു തുടങ്ങിയാല്‍പ്പിന്നെ എനിക്കു ഭ്രാന്താണ്. ഓരോ നോവല്‍ തുടങ്ങുമ്പോഴും ഞാന്‍ വിചാരിക്കാറുണ്ട്. ഇത്തവണ ഞാനവളെ കഷ്ടപ്പെടുത്തില്ല; മര്യാദക്ക് പെരുമാറും എന്നൊക്കെ. എന്താ കാര്യം! ഒന്നോ രണ്ടോ അധ്യായം വരെ ഒരു കുഴപ്പവുമുണ്ടാവില്ല. പിന്നെ സംഗതി മാറും. അതുകൊണ്ടാണ് ഞാന്‍ എഴുത്തുപണിയൊക്കെ ലോഡ്ജിലിരുന്നാക്കിയത്.’’

എന്നെ നോക്കി ഒന്നു ചിരിച്ച് അദ്ദേഹം തുടര്‍ന്നു.

‘‘ഞാന്‍ എഴുത്തു നിര്‍ത്തിയതില്‍ എന്‍റെ ശത്രുക്കളെക്കാളേറെ സന്തോഷിച്ചത് ലീലാവതിയാവണം!’’

ഇവിടെനിന്ന് എങ്ങനെ രക്ഷപ്പെടും എന്നു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന എനിക്ക് കാര്‍ത്തികേയന്‍ സാറിന്‍റെ വര്‍ത്തമാനം കേട്ടുകൊണ്ടിരിക്കാന്‍ ഒരു രസവും തോന്നിയില്ല. വൈകുന്നേരം വരാമെന്നു പറഞ്ഞ് ഇപ്പോള്‍ത്തന്നെ മടങ്ങിപ്പോയാലോ?

പക്ഷേ, വെറുംകൈയോടെ എഡിറ്ററുടെ മുന്നിലേക്ക് തിരിച്ചുചെല്ലുന്ന കാര്യം ആലോചിക്കാനേ കഴിഞ്ഞില്ല. അദ്ദേഹം എന്നെ അത്രത്തോളം വിശ്വസിച്ച് ഏൽപിച്ച ദൗത്യമാണ്. തുടങ്ങുന്നതിനു മുമ്പു തന്നെ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങുന്നത് ഭീരുത്വമാണ്.

കാര്‍ത്തികേയന്‍ സാര്‍ ഇപ്പോഴും പാഡിലെ എന്‍റെ അക്ഷരങ്ങളുടെ ചന്തത്തില്‍ മുഴുകിയിരിപ്പാണ്. ഇത്ര ഭംഗിയായി എഴുതിക്കൊടുക്കേണ്ടായിരുന്നു എന്ന് എനിക്കു തോന്നി.

കോളിങ് ബെല്‍ ശബ്ദിച്ചു. ചെന്നു തുറക്കാന്‍ അദ്ദേഹം എന്നോട് കണ്ണുകൊണ്ട് ആവശ്യപ്പെട്ടു.

വലിയൊരടുക്കുപാത്രം കൈയില്‍ പിടിച്ച് ഒരാണ്‍കുട്ടി മുറ്റത്തു നില്‍ക്കുന്നു.

‘‘ഇത് ഇവിടെ തരാന്‍ പറഞ്ഞു.’’

ഞാനത് വാങ്ങി അകത്തേക്ക് കൊണ്ടുവന്നുവെച്ചു. കാര്‍ത്തികേയന്‍ സാറിന്‍റെ ഉച്ചത്തേക്കുള്ള ഭക്ഷണമാവണം.

‘‘താന്‍ വല്ലതും കഴിച്ചുവോ?’’ അടുക്കുപാത്രം കണ്ട് കാര്‍ത്തികേയന്‍ സാര്‍ ചോദിച്ചു.

‘‘ഞാന്‍ പുറത്തുപോയി കഴിച്ചോളാം സര്‍.’’

തല്‍ക്കാലം ഇവിടെനിന്നു രക്ഷപ്പെടാന്‍ ഒരു കാരണമായല്ലോ എന്ന് എനിക്കു സന്തോഷം തോന്നി. ഊണു കഴിക്കുന്നതിനിടയില്‍ ഇനിയത്തെ നീക്കങ്ങളെപ്പറ്റി ആലോചിക്കാം. പറ്റുമെങ്കില്‍ എഡിറ്ററെ വിളിച്ച് ചെന്നുപെട്ടിരിക്കുന്ന ദുര്‍ഘടത്തെപ്പറ്റി വിവരം കൊടുക്കാം. കുരുക്കഴിക്കാനുള്ള പോംവഴി ആരായാം.

അടുക്കുപാത്രം എടുത്ത് ഭാരം നോക്കുന്നതിനിടയില്‍ അദ്ദേഹം ഞാന്‍ പറഞ്ഞത് കേട്ടില്ലെന്നു തോന്നി.

‘‘എന്‍റെ തടി കണ്ടിട്ട് താന്‍ തെറ്റിദ്ധരിക്കണ്ട. ഞാന്‍ അധികമൊന്നും കഴിക്കാറില്ല. ഇതില്‍ തനിക്കുള്ളതുകൂടി ഉണ്ടാവും.’’

അതു വേണ്ട, സാറിന് തികയാതെ വരില്ലേ എന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും കാര്‍ത്തികേയന്‍ സാര്‍ അതൊന്നും വകവെച്ചുതരാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് അദ്ദേഹത്തി​െന്‍റ നിഷേധം സൂചിപ്പിക്കുന്ന തലയാട്ടലിലൂടെ വ്യക്തമായി.

‘‘സര്‍ ഇവിടെ ഒറ്റക്കാണോ?’’ എന്തെങ്കിലും ചോദിക്കാന്‍ വേണ്ടി മാത്രമാണ് ഞാനതു ചോദിച്ചത്.

 

‘‘തല്‍ക്കാലം അതെ. ലീലാവതി മാവേലിക്കരയില്‍ മോളുടെ അടുത്താണ്. അടുത്ത കാലത്തൊന്നും ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരുകാലത്ത് അത് ധാരാളം പതിവുള്ളതാണ്. ഒരു മാസത്തിന്‍റെ മുക്കാല്‍ ഭാഗവും പല പല ലോഡ്ജുകളിലാവും ഞാന്‍. ഓരോ നോവലിനും ഡെഡ് ലൈനുണ്ടാവും. അതിന്‍റെ ഉള്ളില്‍ എഴുതിക്കൊടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. അപ്പോള്‍ വീട്ടിലിരുന്ന് എഴുതിയാല്‍ ശരിയാവില്ല. പ്രത്യേകിച്ചും അന്ന് ശ്രീജയും പ്രീജയും ചെറിയ കുട്ടികളായിരുന്നുവല്ലോ. എന്തെങ്കിലും ശബ്ദം കേട്ടാല്‍ എന്‍റെ ശ്രദ്ധ പാളും. പിന്നെ എന്‍റെ മൂഡിനെപ്പറ്റി ഞാന്‍ പറഞ്ഞുവല്ലോ. അപ്പോള്‍ ലോഡ്ജുകള്‍ മാത്രമേ രക്ഷയുണ്ടായിരുന്നുള്ളൂ.’’

കാര്‍ത്തികേയന്‍ സാര്‍ സംസാരിക്കാനുള്ള മൂഡിലായിരുന്നു. ഇടയില്‍ക്കയറി അദ്ദേഹത്തിന്‍റെ രസം കളയണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ഇടക്ക് ആവശ്യമുള്ളതു വല്ലതും കിട്ടിയാലോ എന്നും തോന്നി.

‘‘തല്‍ക്കാലം ലീലാവതിക്ക് അവിടെ നിന്നേ തീരൂ. എഴുത്ത് അവിടെ വെച്ചുമതി എന്ന് അവള്‍ പറയായ്കയല്ല. പക്ഷേ എനിക്കത് ശരിയാവുമെന്നു തോന്നിയില്ല. ഇതിനും ഡെഡ് ലൈനുണ്ടല്ലോ. മൂന്നു മാസം. അനൗണ്‍സ് ചെയ്യാന്‍ കാത്തിരിക്കുകയാണ് അവര്‍. പേര് ചോദിച്ചുവെങ്കിലും ഞാന്‍ കൊടുത്തില്ല. ഇനി അഥവാ എഴുതിത്തുടങ്ങിയിട്ട് മുഴുമിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? ഒന്നും പറയാന്‍ വയ്യല്ലോ. പ്രായം അതല്ലേ?’’

സാര്‍ ഇടക്കിടെ പ്രായത്തെപ്പറ്റി സൂചിപ്പിക്കുന്നത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. ആത്മവിശ്വാസക്കുറവുണ്ടോ അദ്ദേഹത്തിന്?

‘‘പേരൊക്കെ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്,’’ സാര്‍ ചിരിച്ചു. ‘‘എന്താ തനിക്ക് അറിയണമെന്നുണ്ടോ? പക്ഷേ എന്‍റെ നാവില്‍നിന്ന് അതു വീഴുമെന്ന് താന്‍ മോഹിക്കണ്ട. അങ്ങനെ വീണാല്‍ ഉടനെ താനതു പറഞ്ഞു പരത്തില്ലേ?’’

‘‘ഞാന്‍ ആരോടു പറയാനാണ് സര്‍?’’

‘‘ആര്‍ക്കറിയാം? പേരിന്‍റെ കാര്യം വന്നാല്‍ ചുമരുകളേപ്പോലും വിശ്വസിക്കരുത് എന്നാണ് എന്‍റെ അനുഭവം. ഒരിക്കല്‍ അങ്ങനെയുണ്ടായി. ‘നന്ദിനി’യും ‘കല്‍ക്കണ്ട’വും നോവല്‍ ചോദിച്ചിട്ടുണ്ടായിരുന്നു. രണ്ടും ഞാന്‍ ഏല്‍ക്കുകയുംചെയ്തു. പക്ഷേ ആദ്യമെഴുതുന്നത് ‘നന്ദിനി’ക്കു കൊടുക്കാനാണ് ഞാന്‍ നിശ്ചയിച്ചിരുന്നത്. കാരണം ആദ്യം ചോദിച്ചത് അവരായിരുന്നു. അതെഴുതാന്‍ വേണ്ടി ഒരു ലോഡ്ജില്‍ മുറിയുമെടുത്തു. പിന്നെ എന്താണുണ്ടായത്? ‘നന്ദിനി’ക്കു കൊടുക്കാന്‍ നിശ്ചയിച്ച നോവലിന്‍റെ പരസ്യം ‘കല്‍ക്കണ്ട’ത്തില്‍ വരുന്നു: ഉടന്‍ തുടങ്ങുന്നു കലയൂര്‍ കാര്‍ത്തികേയന്‍റെ നോവല്‍ ‘മാവ് പൂക്കുന്ന മഞ്ഞുകാലം.’ ’’

കാര്‍ത്തികേയന്‍ സാര്‍ ഒന്നു നിര്‍ത്തി.

‘‘എടോ, ആ പരസ്യം കണ്ടിട്ട് ഞാന്‍ ഞെട്ടിപ്പോയി. നോവല്‍ എഴുതിത്തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. ‘നന്ദിനി’ക്കും പേരു പറഞ്ഞുകൊടുത്തിരുന്നില്ല. എന്നിട്ടും അതെങ്ങനെ ചോര്‍ന്നുപോയി എന്ന് ഞാന്‍ അന്തംവിട്ടു. പിന്നെ ഊഹിച്ചെടുത്തു. ലോഡ്ജില്‍ എനിക്കു ഭക്ഷണം കൊണ്ടുവന്നിരുന്ന പയ്യന്‍ എന്നെ ചുറ്റിപ്പറ്റി നില്‍ക്കാറുണ്ടായിരുന്നു. കുറച്ച് സാഹിത്യവാസനയൊക്കെയുണ്ടായിരുന്ന പയ്യനാണ്. മേശപ്പുറത്തെ കടലാസില്‍ ‘മാവ് പൂക്കുന്ന മഞ്ഞുകാലം’ എന്ന് വലുതായി എഴുതിവെച്ചത് അവന്‍ ശ്രദ്ധിച്ചിട്ടുണ്ടാവണം. അതോ ഇനി അവന്‍ ‘കല്‍ക്കണ്ട’ത്തിന്‍റെ ചാരനായിരുന്നുവോ ആവോ!’’

പിന്നെ എന്നെ മുഖം ഒന്നു ചെരിച്ചു നോക്കി ചുണ്ടുകോട്ടി കാര്‍ത്തികേയന്‍ സാര്‍ തുടര്‍ന്നു.

‘‘ഇനി താനും വല്ല വാരികയുടെയും ചാരനല്ല എന്ന് ഞാനെങ്ങനെ ഉറപ്പിക്കും?’’

എന്‍റെ ഉള്ളില്‍ ഒരാന്തലുണ്ടായി. സാര്‍ എന്ത് ഉദ്ദേശിച്ചിട്ടാണ് അങ്ങനെ പറഞ്ഞത്?

‘‘എന്നിട്ടെന്തുണ്ടായി സര്‍?’’

എന്‍റെ മുഖത്തെ വല്ലായ്മ മറയ്ക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.

‘‘അക്കാലത്ത് ‘നന്ദിനി’യുടെ പ്രധാന എതിരാളി ‘കല്‍ക്കണ്ട’മായിരുന്നു. ഈ സംഭവത്തോടെ ഞാന്‍ ‘കല്‍ക്കണ്ട’ത്തിന്‍റെ പേര് വെട്ടി. അവര്‍ വന്ന് കാലുപിടിച്ചിട്ടും പിന്നെ ‘കല്‍ക്കണ്ട’ത്തിന് ഒരു നോവലും കൊടുത്തിട്ടില്ല. ‘മാവ് പൂക്കുന്ന മഞ്ഞുകാലം’ എന്ന പേരില്‍ പിന്നെ ഒരു നോവലും ഞാന്‍ എഴുതിയിട്ടുമില്ല.’’

പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ട് ഞാന്‍ നിശ്ശബ്ദത പാലിച്ചു.

‘‘മത്സരമൊക്കെ നന്ന്. പ്രചാരത്തിനു വേണ്ടിയല്ലേ? പക്ഷേ നെറികേട് ഞാന്‍ സഹിക്കില്ല. അത് ആര്‍ക്കും അനുവദിച്ചുകൊടുത്തിട്ടുമില്ല ഇതുവരെ.’’

‘‘ഇത്രയും ഡിമാന്‍റുണ്ടായിരുന്ന കലയൂര്‍ കാര്‍ത്തികേയന്‍ പിന്നീട് ആ തൊഴില്‍ വേണ്ടെന്നു വെച്ചില്ലേ? അതിനെന്തായിരുന്നു കാരണം?’’ വിഷയം ഒന്നു മാറ്റിക്കിട്ടാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.

കാര്‍ത്തികേയന്‍ സാര്‍ എന്നെ രൂക്ഷമായി നോക്കി. അമിതസ്വാതന്ത്ര്യം എടുത്തതില്‍ ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി.

‘‘താന്‍ ഞാന്‍ പറയുന്നത് കേട്ടെഴുതാന്‍ വന്ന ആളാണ്. അതു മറക്കണ്ട. തനിക്ക് വായ വേണ്ട. ചെവി മാത്രം മതി.’’

വളരെ ഗൗരവത്തിലാണ് അതു പറഞ്ഞതെങ്കിലും അതു പറഞ്ഞുതീര്‍ന്ന ഉടനെ അദ്ദേഹം ഉറക്കെ ചിരിച്ചു.

‘‘പേടിച്ചുപോയി അല്ലേ? സാരമില്ലെടോ. എന്നെങ്കിലും ആരെങ്കിലും ഈ ചോദ്യം എന്നോടു ചോദിക്കുമെന്ന് എനിക്കു തോന്നിയിരുന്നു. അപ്പോള്‍ എന്താണ് മറുപടി പറയേണ്ടതെന്ന് ഇക്കഴിഞ്ഞ മുപ്പത്തിമൂന്നു കൊല്ലവും ഞാന്‍ ചിന്തിക്കുകയായിരുന്നു. നമുക്ക് അതൊക്കെ പിന്നീടാകാം. തല്‍ക്കാലം നമുക്ക് കേട്ടെഴുത്ത് മാത്രം മതി.’’

അദ്ദേഹം വീണ്ടും പാഡെടുത്തു നോക്കി.

‘‘ഇത്രയും നല്ല കയ്യക്ഷരം അപൂർവമായേ ഞാന്‍ കണ്ടിട്ടുള്ളൂ. എന്‍റെ കയ്യക്ഷരമൊക്കെ എത്ര മോശമാണെന്നോ! വാരികകളിലെ കമ്പോസിറ്റര്‍മാര്‍ എന്നെ എത്ര പ്രാകിയിട്ടുണ്ടോ ആവോ! ചിലപ്പോള്‍ തോന്നാറുണ്ട് ഞാന്‍ നോവലെഴുത്തു നിര്‍ത്തിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവരാവുമെന്ന്.’’

അദ്ദേഹം വീണ്ടും ഉറക്കെ ചിരിച്ചപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാനായില്ല.

‘‘ചിലപ്പോള്‍ ഇങ്ങനെയും തോന്നും: കമ്പോസിറ്റര്‍മാരുടെ ശാപംകൊണ്ടാവും എന്‍റെ എഴുത്ത് വറ്റിപ്പോയതെന്ന്!’’

സാര്‍ പാഡ് ടീപ്പോയില്‍ത്തന്നെ തിരിച്ചുവെച്ചു. അവിടെ കിടന്നിരുന്ന ‘മനോമയ’ത്തില്‍നിന്ന് ഒരെണ്ണമെടുത്ത് കൗതുകത്തോടെ മറിച്ചുനോക്കി.

‘‘വാരികക്ക് നല്ല ഭംഗിയുണ്ട് ഇപ്പോള്‍. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ. ലെറ്റര്‍ പ്രസിലെ അച്ചടി. തേഞ്ഞുപോയ അച്ചുകള്‍. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍. അന്ന് അത് ഒരു കുറവായി തോന്നിയിട്ടില്ല. എല്ലാ വാരികകളും അങ്ങനെയായിരുന്നുവല്ലോ. അതുകൊണ്ട് സര്‍ക്കുലേഷനെയും അതൊന്നും ബാധിച്ചിരുന്നില്ല.’’

ഞാനും അതിലൊന്നു കൈയിലെടുത്ത് മറിച്ചുനോക്കുകയാണെന്ന് ഭാവിച്ചു.

‘‘തനിക്കറിയുമോ?’’ ‘മനോമയ’ത്തില്‍ വലത്തെ ​ൈകയിലെ ചൂണ്ടുവിരല്‍കൊണ്ട് കുത്തി അദ്ദേഹം തുടര്‍ന്നു. ‘‘പതിനേഴു ലക്ഷംവരെ സര്‍ക്കുലേഷനുണ്ടായിരുന്ന വാരികയാണ്. വാരിക കിട്ടാന്‍ ഏജന്‍റുമാര്‍ തമ്മില്‍ മത്സരമായിരുന്നു. എഴുത്തുകാര്‍ക്കും നല്ല ഗുണം കിട്ടി. ഞങ്ങളുടെ റേറ്റ് ഒക്കെ കൂടിയത് ആ കാലത്താണ്.’’

സമയം എത്രയായിട്ടുണ്ടാവും? ഞാന്‍ മൊബൈലിലേക്കു നോക്കി.

ഒരു മണിയോടടുക്കുന്നു.

‘‘തനിക്കു വിശക്കുന്നുണ്ടാവും അല്ലേ?’’ കാര്‍ത്തികേയന്‍ സാര്‍ ചിരിച്ചു. ‘‘എന്‍റെ പല്ലുതേപ്പും കുളിയുമൊന്നും കഴിഞ്ഞിട്ടില്ല. ഇനി അതൊക്കെ നാളെയാവാം അല്ലേ?’’

സാര്‍ പറഞ്ഞതു ശരിയായിരുന്നു. രണ്ടാള്‍ക്കുണ്ണാനുള്ളതിലധികമുണ്ടായിരുന്നു അടുക്കുപാത്രത്തില്‍. കൂടെ തിരുകിവെച്ചിരുന്ന നാക്കിലയില്‍ വിളമ്പി സാറും പാത്രത്തില്‍നിന്നു നേരിട്ട് ഞാനും കഴിച്ചു. സാര്‍ വളരെ കുറച്ചേ കഴിച്ചുള്ളൂ.

‘‘മനസ്സു വിട്ട് ഉണ്ണാന്‍ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ കഥാപാത്രങ്ങള്‍ എപ്പോഴും കലമ്പല്‍ കൂട്ടിക്കൊണ്ടിരിക്കും. ഒന്നിനും രുചി തോന്നില്ല. വിശപ്പുമുണ്ടാവില്ല. അധികസമയവും ലോഡ്ജിലായിരുന്നതു ഭാഗ്യം. അല്ലെങ്കില്‍ ലീലാവതി എന്നെ ചീത്തപറഞ്ഞ് കണ്ണുപൊട്ടിക്കുമായിരുന്നു. എന്നാലും ലോഡ്ജില്‍നിന്ന് വല്ലപ്പോഴും വീട്ടിലെത്തുമ്പോള്‍ അവള്‍ ആദ്യം നോക്കുക എന്‍റെ ശരീരത്തിലേക്കായിരുന്നു.’’

കഴിഞ്ഞ 33 കൊല്ലത്തെ വിശ്രമജീവിതം ഏതായാലും സാറിന് നല്ല തടി വെച്ചുകൊടുത്തിട്ടുണ്ട്. ഞാന്‍ അറിയാതെ ചിരിച്ചു.

‘‘എനിക്കറിയാം എന്‍റെ കുംഭ കണ്ടിട്ടാണ് താന്‍ ചിരിക്കുന്നതെന്ന്. ഒന്നുമില്ലെടോ. ഉള്ളൊക്കെ പൊള്ളയാണ്.’’

അടുക്കുപാത്രം കഴുകിവെക്കാന്‍ അടുക്കളയിലേക്ക് കൊണ്ടുപോവാന്‍ തുനിഞ്ഞപ്പോള്‍ കാര്‍ത്തികേയന്‍ സാര്‍ എന്നെ തടഞ്ഞു.

‘‘അതിനൊക്കെ ആളുണ്ടെടോ. കുറച്ചുകാലമായി ഈ വീട് സരോജിനിയുടെ കസ്റ്റഡിയിലാണ്.’’

സരോജിനി ഇന്നലെ വൈകുന്നേരം കണ്ട സ്ത്രീയാവണം.

‘‘എനിക്ക് ഇനി കുറച്ചുനേരം ഒന്നു കിടക്കണം. നാലു മണി കഴിഞ്ഞാല്‍ ഹോട്ടലില്‍നിന്ന് ചായ കൊണ്ടുവരും. താന്‍ എന്നെ വിളിക്കണ്ട. ഞാന്‍ ഉണര്‍ന്നു വരുമ്പോള്‍ കുടിച്ചോളാം.’’

കാര്‍ത്തികേയന്‍ സാര്‍ എഴുന്നേറ്റു.

‘‘തനിക്കും വേണമെങ്കില്‍ ഒന്നു കിടക്കാം. യാത്ര ചെയ്തു വന്നതല്ലേ? രാത്രി പറ്റുമെങ്കില്‍ കുറച്ചുനേരം ഇരിക്കാം. ഒന്നു തുടങ്ങിക്കിട്ടണം. കിട്ടിയാല്‍ ജയിച്ചു. ഇല്ലെങ്കില്‍പ്പിന്നെ ഒന്നും നടക്കില്ല. 33 കൊല്ലമായില്ലേ? മനസ്സ് പണ്ടത്തേപ്പോലെ ഓടുമോ എന്ന് ആര്‍ക്കറിയാം?’’

 

സാര്‍ അകത്തേക്ക് പോയപ്പോള്‍ ഇരിപ്പുമുറിയിലെ ഇരട്ട സെറ്റിയില്‍ ഞാനും കിടന്നു. ഉച്ചയുറക്കമൊന്നും ഇതുവരെ ശീലിച്ചിട്ടില്ല.

സാറിന്‍റെ പുസ്തകങ്ങളില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അതെടുത്തു വായിക്കണമെന്നുണ്ടായിരുന്നു. ഇരിപ്പുമുറിയില്‍ പുസ്തകഷെല്‍ഫുകളൊന്നുമില്ല. ഞാന്‍ പതുക്കെ എഴുന്നേറ്റ് അകത്തേക്ക് നടന്നു.

കിടപ്പുമുറിയില്‍ കാര്‍ത്തികേയന്‍ സാര്‍ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ മുറിയിലും പുസ്തകങ്ങളൊന്നും കാണാനില്ല. അടഞ്ഞുകിടക്കുന്ന മറ്റൊരു മുറിയുള്ളത് തുറന്നു നോക്കി. ആ മുറിയില്‍ ഒരാള്‍ക്കു കിടക്കാവുന്ന ഒരു കട്ടില്‍ മാത്രമാണുള്ളത്.

മടുപ്പു തോന്നി. ഞാന്‍ തിരിച്ചുവന്ന് സെറ്റിയില്‍ത്തന്നെ കിടന്നു.

എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. കോളിങ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഹോട്ടലില്‍നിന്നുള്ള പയ്യനായിരിക്കണം. നാലുമണി കഴിഞ്ഞിരിക്കുന്നു.

സിറ്റൗട്ടിലേയ്ക്കു ചെന്നപ്പോള്‍ കണ്ടത് നാല്‍പതു വയസ്സോളം പ്രായമുള്ള ഒരാളെയാണ്.

‘‘എന്താ?’’ ഞാന്‍ ചോദിച്ചു.

‘‘എന്നോട് ഇന്നു നാലു മണിക്കു ശേഷം വരാന്‍ പറഞ്ഞിരുന്നു. എന്‍റെ പേര് യൂസഫ്ഖാന്‍.’’

മുറ്റത്തുതന്നെ നിന്ന് അയാള്‍ പറഞ്ഞു.

എന്‍റെ ഒരു കാര്യം നോക്കൂ. ഞാനപ്പോഴേയ്ക്കും അയാളുടെ കാര്യം മറന്നുകഴിഞ്ഞിരുന്നു.

‘‘സാറില്ലേ?’’

നിൽപു കണ്ടപ്പോള്‍ അയാള്‍ തികച്ചും അക്ഷമനാണെന്നു തോന്നി.

എന്തു മറുപടി പറയണമെന്ന് ഞാന്‍ ആലോചിക്കുന്നതിനിടെ അയാള്‍ സിറ്റൗട്ടിലേക്കുള്ള പടവുകളിലേക്ക് കാല്‍ വെച്ചു.

(തുടരും)

Tags:    
News Summary - Malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.