പതിനൊന്നു മണി കഴിഞ്ഞിരുന്നു കലയൂരില്‍ ബസിറങ്ങിയപ്പോള്‍. വെയില് കുറച്ചു മൂത്തിട്ടുണ്ട്. ഏതു സ്റ്റോപ്പിലാണ് ഇറങ്ങേണ്ടതെന്ന് ചെറിയ ഒരാശയക്കുഴപ്പമുണ്ടായി. കലയൂര് ഹെല്‍ത്ത് സെന്ററാണോ കലയൂര് സിറ്റിയാണോ എന്നു കണ്ടക്ടര്‍ ചോദിച്ചപ്പോഴാണ് രണ്ടു സ്റ്റോപ്പുകളുണ്ടെന്ന് അറിഞ്ഞതുതന്നെ. സിറ്റി എന്നു പറയുകയാണ് നല്ലതെന്നു തോന്നി. ഓട്ടോറിക്ഷ കിട്ടാന്‍ എളുപ്പമുണ്ടാവുമല്ലോ. കലയൂര് കാര്‍ത്തികേയന്റെ വീട്ടിലേക്ക് ഇനി അഥവാ നടക്കാനുള്ള ദൂരമേ ഉള്ളൂവെങ്കിലും വഴി ചോദിച്ചറിയാന്‍ ഏറ്റവും പറ്റിയത് ഓട്ടോറിക്ഷക്കാരോടാണല്ലോ എന്നും കരുതി. എന്നിട്ടോ? ഇവിടെ ഇറങ്ങിയപ്പോള്‍ ഒരൊറ്റ ഓട്ടോറിക്ഷ പോലും കാണാനില്ല.
ഏതായാലും സാവകാശമുണ്ട്. കലയൂര് സിറ്റി ഒന്നു കണ്ടുകളയാമെന്നു തീരുമാനിച്ച് ഞാന്‍ ബസ് സ്റ്റോപ്പില്‍നിന്ന് തിരിച്ചുനടന്നു. പേരില്ലാത്ത ഒരു പലചരക്കു കട കണ്ടു. അതിനു തുടര്‍ച്ചയായി ഒരു റേഷന്‍ കട, രണ്ടു പച്ചക്കറിക്കടകള്‍, നീതി മെഡിക്കല്‍ സ്റ്റോര്‍. ഒരു തുന്നല്‍ക്കടയും ഒരു ചെരിപ്പുകടയും കാണാനുണ്ട്. രൂക്ഷമായ മണംകൊണ്ട് പച്ചമരുന്നിന്റെ കട പെട്ടെന്ന് തിരിച്ചറിഞ്ഞു. അതിന്റെ തൊട്ട് മൊബൈല്‍ ഫോണിന്റെ രണ്ടു കടകള്‍. പിന്നെ ഒരു ഫോട്ടോ സ്റ്റുഡിയോ. ഒരു ഹാര്‍ഡ് വെയര്‍ ഷോപ്പും മറ്റൊരു പലചരക്കു കടയും. മോഡേണ്‍ കഫേ എന്ന് വലിയ ബോര്‍ഡുള്ള ഒരു ചായക്കടയുമുണ്ട്. കെട്ടിടങ്ങള്‍ക്കെല്ലാം നല്ല പഴക്കമുണ്ട്. സാമാന്യം തരക്കേടില്ലാത്ത ഒരു കെട്ടിടം എന്നു പറയാന്‍ ആകെയുള്ളത് കലയൂര് സര്‍വീസ് സഹകരണ ബാങ്കിന്റെയാണ്. ഇത്രയും ചെറിയ ഒരങ്ങാടിയെയാണ് സിറ്റി എന്നു വിശേഷിപ്പിക്കുന്നത്!
എതിരെ വന്ന പയ്യനോട് കലയൂര് കാര്ത്തികേയന് സാറിന്റെ വീട് അന്വേഷിച്ചു. അവനാവട്ടെ ‘ക്യാ’ എന്നു ചോദിച്ച് അന്തംവിട്ടു നില്ക്കുകയാണുണ്ടായത്. അപ്പോഴാണ് കലയൂരിലും മറുനാടന്‍ തൊഴിലാളികള്‍ ഉണ്ടാകാമല്ലോ എന്ന് ആലോചിച്ചത്. അല്ല അഥവാ ഇനി മലയാളിയാണെങ്കില്ത്തന്നെ ഈ തലമുറയില്‍പ്പെട്ട ഒരു ചെറുപ്പക്കാരന് കാര്ത്തികേയന്സാറിനെപ്പറ്റി അറിയാന്‍ ഒരു വഴിയുമില്ല. മുപ്പത്തിമൂന്നു കൊല്ലം മുമ്പ് എഴുത്തു നിര്‍ത്തിയ ആളാണല്ലോ.
ഒരു ചായ കുടിച്ചിട്ടാവാം ബാക്കി കാര്യങ്ങള്‍ എന്നു തീരുമാനിച്ചു. ചായക്കടയുടെ മരയഴികളില്‍ തൂങ്ങിക്കിടക്കുന്ന തപാല്പ്പെട്ടിയിലാണ് ആദ്യം കണ്ണുടക്കിയത്. തുരുമ്പു പിടിച്ച പെട്ടിയിലെ ചുവന്ന ചായം ഏറക്കുറെ അടര്‍ന്നുപോയിരിക്കുന്നു. താഴെയുള്ള അടപ്പിലെ കറുത്ത തകിടില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്:
Next Clearance 4 P.M
കലയൂരില്‍ ആരെങ്കിലും ഇപ്പോഴും കത്തുകള്‍ എഴുതാറുണ്ടാവുമോ? ആര്‍ക്കറിയാം? ‘ശാരിക’ക്ക് വരുന്ന സന്ദേശങ്ങളില്ത്തന്നെ എത്ര കുറച്ചേ കത്തുകളുടെ രൂപത്തിലുള്ളൂ! പണ്ടൊക്കെയാണെങ്കില്‍ ഏതെങ്കിലും ദേശത്ത് എത്തിപ്പെട്ടാല്‍ ഒരാളുടെ വീടറിയാനുള്ള എളുപ്പവഴി പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കുകയാണ് എന്നു കേട്ടിട്ടുണ്ട്. ആരും കത്തെഴുതാത്ത ഈ കാലത്ത് ആ വഴിക്ക് നോക്കിയിട്ട് ഏതായാലും കാര്യമൊന്നുമുണ്ടാവില്ല, തീര്‍ച്ച.
ചായക്കടയില്‍ തീരെ തിരക്കുണ്ടായിരുന്നില്ല. കൗണ്ടറിലിരിക്കുന്ന ആളെ ഒഴിച്ചാല്‍ ആകെ രണ്ടുപേരേയുള്ളൂ. അതിലൊരാളുടെ മുഖത്തും തലയിലും ഒറ്റ രോമംപോലുമില്ല. കടയിലേക്ക് കയറിച്ചെന്ന എന്നെ അയാള്‍ വട കടിച്ചുകൊണ്ട് രൂക്ഷമായി നോക്കി. അയാളുടെ മുഖഭാവം കണ്ടാല്‍ ഞാന്‍ പറഞ്ഞിട്ടാണ് അയാള്‍ വട ഓര്‍ഡര്‍ ചെയ്തതെന്നു തോന്നും. രണ്ടാമനായ താടിക്കാരന് പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. അയാളുടെ മുന്നിലുള്ള കിണ്ണത്തില്‍ മസാലദോശയുടെയും ചട്ടിണിയുടെയും അവശിഷ്ടങ്ങള്‍ കാണാനുണ്ട്. ഞാന്‍ കയറിച്ചെന്നത് അയാള്‍ ശ്രദ്ധിച്ചിട്ടില്ല.
ചുമരിനടുത്ത് ഒരിടം തിരഞ്ഞെടുത്ത് കയ്യിലെ ബാക്പാക് അടുത്ത കസേരയില്‍ വെച്ച് ഞാന്‍ ഇരുന്നു. നല്ല ചൂട് തോന്നുന്നുണ്ട്. ഒന്നു കാറ്റുകൊള്ളാമെന്നു വെച്ചാല്‍ ഒരു ഫാന്‍പോലും കാണാനില്ല.
കൗണ്ടറിലിരുന്ന് റേഡിയോവില്‍നിന്ന് ഏതോ ഒരു തമിഴ്പാട്ടു കേള്‍ക്കുകയായിരുന്ന ചായക്കടക്കാരന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. ഞാന്‍ ചായക്കൊപ്പം കടിക്കാന്‍ ഒരു പരിപ്പുവട കൂടി പറഞ്ഞു.
എഡിറ്ററോട് കൂടുതല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതായിരുന്നു. ചുരുങ്ങിയപക്ഷം ഏതു സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത് എന്നെങ്കിലും. എഡിറ്റര്‍ക്ക് അതൊന്നും അറിയാതെ വരില്ല തീര്‍ച്ച. വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കിലും ‘ശാരിക’യില്‍ കാര്ത്തികേയന് സാറിന്റെ നോവലുകള്‍ വന്നിട്ടുണ്ടെന്നാണല്ലോ പറഞ്ഞത്.
എന്നിട്ടും ഇത്തരമൊരു നീക്കത്തിന് എന്തിനാണ് എന്നെത്തന്നെ തിരഞ്ഞെടുത്തത് എന്നാണ് എനിക്കു മനസ്സിലാവാത്തത്. കാര്യം നടക്കാന്‍ എഡിറ്റര്‍തന്നെ നേരിട്ടു ചോദിക്കുന്നതല്ലേ നല്ലത്? ഈ രംഗത്ത് പുതുമുഖമായ എന്നെ ഇറക്കിക്കളിച്ചിട്ട് എന്തു കിട്ടാനാണ്? ഇനി എഡിറ്റര്‍ക്കു സൗകര്യമില്ലെങ്കില്‍ ശ്രീരാഗിനെയോ ബാബുവിനെയോ അയക്കാമായിരുന്നു. എന്നേക്കാള്‍ പ്രവര്ത്തനപരിചയമുള്ളവര് അവരാണല്ലോ.
മൂന്നു മാസമാണ് കാര്ത്തികേയന് സാര്‍ ‘മനോമയ’ത്തോട് ആവശ്യപ്പെട്ടിട്ടുള്ള സമയം. അപ്പോഴേക്കും നോവല്‍ പൂര്ത്തിയാക്കിക്കൊടുക്കാം എന്നാണത്രേ ധാരണ. ഓരോ അധ്യായമായി ആഴ്ചതോറും കൊടുക്കുന്ന അഭ്യാസമൊന്നും തന്നെക്കൊണ്ടാവില്ലെന്ന് അദ്ദേഹം ‘മനോമയം’ പത്രാധിപരോട് പറഞ്ഞുപോല്‍.
‘മനോമയ’വുമായി ബന്ധപ്പെട്ട ഇത്രയും വിശദാംശങ്ങള്‍ എങ്ങനെയാണ് എഡിറ്റര്‍ക്കു കിട്ടുന്നത്? ‘മനോമയ’ത്തിന്റെ പത്രാധിപര്‍ വഴിയാവാന്‍ ഒരു സാധ്യതയുമില്ല. കടുത്ത ശത്രുക്കളായിട്ടാണ് അവര്‍ തമ്മില്‍ത്തമ്മില്‍ കാണുന്നുണ്ടാവുക. നീക്കങ്ങള്‍ എല്ലാം പരമരഹസ്യമായാണ് നടത്തുന്നത്. പന്തയത്തില്‍ ഒന്നും ചോര്‍ന്നുപോവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട്. പിന്നെ ആരാണ് ഇതെല്ലാം ചോര്‍ത്തിക്കൊടുക്കുന്നത്? ഏതെങ്കിലും ഒരു ചാരനാവുമെന്നു തീര്‍ച്ച.
അങ്ങനെയാണെങ്കില്‍ ‘മനോമയ’ത്തിന് ഒരു ചാരന് ‘ശാരിക’യിലുമുണ്ടാവില്ലേ? ആരാണത്? ശ്രീരാഗാണോ? അതോ ബാബുവോ? ഇനി അതുകൊണ്ടാവുമോ താരതമ്യേന പുതുമുഖമായ എന്നെത്തന്നെ എഡിറ്റര്‍ ഈ ദൗത്യം ഏൽപിച്ചത്? റിസീവറുടെ പണി തല്ക്കാലം ദേവനെ ഏൽപിച്ചുകൊള്ളാമെന്നാണ് എഡിറ്റര്‍ പറഞ്ഞത്. ആരെങ്കിലും ചോദിച്ചാല്‍ നാട്ടില്‍ പോവുകയാണെന്നു പറഞ്ഞാല്‍ മതി. കാര്ത്തികേയന് സാറിനെ കാണാനാണ് പോവുന്നതെന്ന് ഓഫീസിലെ ആരോടും പറയരുത്.
‘‘നീക്കങ്ങള്‍ നമ്മള് മൂന്നുപേരും മാത്രം അറിഞ്ഞാല്‍ മതി,’’ എഡിറ്റര്‍ കര്‍ശനമായി പറഞ്ഞു. ‘‘തല്ക്കാലം എല്ലാം രഹസ്യമായിരിക്കണം.’’
മൂന്നുപേര്‍ മാനേജിങ് എഡിറ്ററടക്കമാണ്. രാവിലെ കലയൂര്ക്ക് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹത്തെ ചെന്നു കണ്ടപ്പോള്‍ പറഞ്ഞു: ‘‘എഡിറ്റര്‍ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ. ഇനി എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ നിർദേശംപോലെ ചെയ്താല്‍ മതി.’’
ഒരുതരത്തില്‍ എനിക്ക് ഒരു സന്തോഷം തോന്നായ്കയില്ല. ഒരു മാസം കഴിഞ്ഞപ്പോഴേക്കും റിസീവറുടെ പണി കുറേശ്ശ മടുത്തുതുടങ്ങിയിരുന്നു. ചില ദിവസങ്ങള്‍ കാര്യമായ ജോലിയൊന്നും ഉണ്ടാവാറില്ല. വാരിക ചൊവ്വാഴ്ചയാണ് ഇറങ്ങുക. ബുധനും വ്യാഴവുമാണ് കുറച്ചെങ്കിലും വിളികളും വാട്സ്ആപ് സന്ദേശങ്ങളും കിട്ടുക. മറ്റുള്ള ദിവസങ്ങളിലൊന്നും കാര്യമായ അനക്കമുണ്ടാവാറില്ല.
പുതിയ ദൗത്യത്തിന് ഒരു ത്രില്ലുണ്ട്. അതേസമയം അത് ഫലം കണ്ടില്ലെങ്കിലോ എന്ന ആശങ്കയുമുണ്ട്. എഡിറ്റര്‍ എന്നെ വിശ്വസിച്ചേൽപിച്ച ദൗത്യമല്ലേ? അതു പിഴച്ചാല്‍ മറ്റാരെയും പഴി ചാരാനാവില്ല. പരിപൂര്‍ണ ഉത്തരവാദിത്തം എന്റെയാണല്ലോ.
‘മനോമയ’ത്തിനു കൊടുക്കാമെന്നേറ്റ നോവല്‍ കരസ്ഥമാക്കുക എന്നത് അത്ര എളുപ്പമുള്ള പണിയൊന്നുമല്ല. അങ്ങനെ വാക്കു തെറ്റിക്കാന്‍ മാത്രം ആദര്ശബോധമില്ലാത്ത ആളാവണമെന്നില്ലല്ലോ കാര്ത്തികേയന് സാര്‍. പിന്നെ പ്രതിഫലത്തിന്റെ കാര്യമാണ്. കൂടുതല്‍ കൊടുക്കാമെന്നു തന്നെ വെക്കുക. ഏതു വഴിയും സ്വീകരിക്കാമെന്നാണല്ലോ എഡിറ്റര്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ എത്രയാണ് ‘മനോമയ’ത്തിന്റെ ഓഫര്‍ എന്നറിഞ്ഞാലല്ലേ അക്കാര്യത്തില്‍ ഒരു മറുനീക്കത്തിനുള്ള സാധ്യതയുള്ളൂ?
‘‘കലയൂര് കാര്ത്തികേയന് എന്ന ആള് ഇവിടെയല്ലേ താമസിക്കുന്നത്?’’
വടയും ചായയും കൊണ്ടുവന്നപ്പോള്‍ ഞാന്‍ ചായക്കടക്കാരനോടു ചോദിച്ചു.
‘‘അങ്ങനെ പറയാം,’’ ചായക്കടക്കാരന് ചിരിച്ചു. ‘‘പക്ഷേ ആള് ഇവിടെയുള്ള സമയം കുറവാണ്. മാവേലിക്കരയില്‍ ഒരു മോളുണ്ട്. അധികസമയവും അവിടെയാണ്. മോള്‍ക്ക് എന്തോ ശാരീരികപ്രശ്നമുള്ള ഒരു കുട്ടിയുണ്ട്. അതിനെ നോക്കലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാനപണി.’’
‘‘അപ്പോള്‍ അദ്ദേഹത്തിനു ഭാര്യയില്ലേ?’’
‘‘ഉവ്വുവ്വ്. രണ്ടുപേരും കൂടിയാണ് പോവുക. രണ്ടു പെണ്മക്കളാണ് മൂപ്പര്‍ക്ക്. മറ്റേയാള്‍ കാസര്‍ക്കോടാണ്. ഇടക്ക് അവിടേക്ക് പോവും. കലയൂര് ഉള്ള കാലം ഇല്ലെന്നുതന്നെ പറയാം.’’
അതു ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല. എഡിറ്റര്‍ പിന്നെ എന്തറിഞ്ഞിട്ടാണ് എന്നെ ഇങ്ങോട്ടയച്ചത്?
‘‘അപ്പോള്‍ അദ്ദേഹത്തെ കാണണമെങ്കില്‍ മാവേലിക്കരക്ക് പോവേണ്ടിവരുമോ?’’
പത്രം വായിച്ചുകൊണ്ടിരുന്ന താടിക്കാരന് ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
‘‘മിനിയാന്നു രാവിലെ ആ വീടിന്റെ ഇറയത്ത് മൂപ്പരുടെ മിന്നലാട്ടം കണ്ടുവോ എന്ന് എനിക്കൊരു സംശയമുണ്ട്,’’ അയാള്‍ പറഞ്ഞു. ‘‘സൂക്ഷം അറിയില്ല.’’
‘‘താന്‍ സ്വപ്നം കണ്ടതാവും,’’ ചായക്കടക്കാരന് പറഞ്ഞു. ‘‘ഞാന്‍ ഇന്നു രാവിലെയുംകൂടി ആ വീടിന്റെ മുന്നിലൂടെ പോയതാ. വീട് അടഞ്ഞു കിടക്കുകയാണ്.’’
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മറ്റൊരു കാര്യമാണ് ചിന്തിച്ചത്. കലയൂര് കാര്‍ത്തികേയനെപ്പറ്റി കാര്യമായി ഒന്നും എനിക്കറിയില്ല. അദ്ദേഹത്തിന്റെ കൃതികളാണെങ്കില്‍ ഒരെണ്ണംപോലും ഞാന്‍ വായിച്ചിട്ടുമില്ല. അതുകൊണ്ട് നേരിട്ടു കാണുമ്പോള്‍ ചോദിക്കാനുള്ള ഒരു നുറുങ്ങു വിവരംപോലുമില്ല. എന്തെങ്കിലുമൊരു തുടക്കം കിട്ടണ്ടേ?
അപ്പോള്‍ അതുവരെ തോന്നാത്ത ഒരു ബുദ്ധി തോന്നി. നാട്ടുകാര്ക്കറിയില്ലെങ്കിലും ഗൂഗ്ളിന് അറിയാതിരിക്കില്ലല്ലോ. Kalayoor Karthikeyan എന്ന് തിരഞ്ഞു.
ജി. കാര്‍ത്തികേയനും ശിവകാര്ത്തികേയനുമടക്കം കുറച്ചു കാര്ത്തികേയന്മാരുടെ ചിത്രങ്ങളും വിവരങ്ങളും ഗൂഗ്ള്‍ വിളമ്പിത്തന്നു. അതിലൊന്നും എഴുത്തുകാരനായ കലയൂര് കാര്‍ത്തികേയനില്ല.
Kalayoor Karthikeyan Writer എന്ന് ഇട്ടുകൊടുത്തു. ഉടനെ വന്നു മറുപടി: ‘‘നിങ്ങള്‍ നടത്തിയ Kalayoor Karthikeyan Writer എന്ന തിരയലിന് ഫലങ്ങളൊന്നും കണ്ടെത്താനായില്ല.’’
ഗൂഗ്ള്‍ കയ്യൊഴിഞ്ഞു; ശരിതന്നെ. ഞാന്‍ വാട്സ്ആപ് തുറന്ന് മെറ്റയോടു ചോദിച്ചു. Writer എന്ന വിശേഷണവുംകൂട്ടിയാണ് ചോദിച്ചത്. മറുപടിക്കു താമസമുണ്ടായില്ല:
Kalayoor Karthikeyan is a Malayalam poet and writer from Kerala, India. He is known for his contributions to Malayalam literature, particularly in the genres of poetry and short stories. Some notable aspects of his work and life:
1. Literary style: Karthikeyan's poetry is characterized by its simplicity, depth, and exploration of themes such as love, nature, and social issues.
2. Awards and recognition: He has received several awards, including the Kerala Sahitya Akademi
Award and the Edasseri Award.
3. Literary movements: Karthikeyan was associated with the ‘Sixties’ movement in Malayalam literature, which focused on experimental and progressive writing.
Published works:
1. ‘Kalayoor Karthikeyan Kavithakal’ (Poetry collection)
2. ‘Oru Kudamattathu’ (Short story collection)
3. ‘Anubhavangal’ (Memoirs)
കൃതികളുടെ പട്ടിക കണ്ടാൽ കലയൂർ കാർത്തികേയൻ നോവലിസ്റ്റാണെന്നതിന് ഒരു തെളിവുമില്ല.
ഇനി ചാറ്റ് ജിപിടി തന്നെ ശരണം. ഞാൻ ആപ് തുറന്ന് kalayoor karthikeyan writerനെ തപ്പി. ഇവിടെയും മറുപടിക്കു സംശയമൊന്നുമില്ല.
Kalayoor Karthikeyan (1934-2018) was a renowned Malayalam poet, writer, and social critic from Kerala, India. He was known for his powerful and thought-provoking writings, which often explored themes of social justice, politics, and human relationships.
Some notable aspects of his work and life:
1. Literary contributions: Karthikeyan authored numerous poetry collections, novels, and essays, including ‘Kalayoor Karthikeyan Kavithakal’ and ‘Oru Kudamattathu’.
2. Awards and recognition: He received several awards, including the Kerala Sahitya Akademi Award, the Kendra Sahitya Akademi Award, and the Padma Shri.
3. Social activism: Karthikeyan was an outspoken critic of social injustices and advocated for the rights of marginalized communities.
4. Influence: His writings influenced a generation of Malayalam writers and intellectuals.
കൂടെ ഇങ്ങനെയൊരു ഓഫറുമുണ്ടായിരുന്നു:
Is there something specific you’d like to know about his works, awards, or perhaps a particular book of his?
അതിന് കലയൂര് കാര്‍ത്തികേയന്റെ ഏതെങ്കിലും ഒരു പുസ്തകത്തെക്കുറിച്ചെങ്കിലും വല്ലതും അറിഞ്ഞിട്ടു വേണ്ടേ?
ഞാന്‍ ഫോണ്‍ ഡെസ്കില്‍ തിരിച്ചുവെച്ച് ചായക്കടക്കാരനിലേക്ക് തന്നെ തിരിഞ്ഞു.
‘‘വീട് അടഞ്ഞുകിടക്കുകയാെണന്ന് ഉറപ്പുണ്ടോ?’’
‘‘നിങ്ങള്‍ക്ക് എന്താ മൂപ്പരെക്കൊണ്ടുള്ള ആവശ്യം?’’ ഒരു മറുചോദ്യമാണ് ഉയര്‍ന്നത്.
ഞാന്‍ ഒന്നും മിണ്ടിയില്ല. കാര്യം വളരെ രഹസ്യമാക്കിവെക്കാനാണല്ലോ എഡിറ്റര്‍ നിർദേശിച്ചിരിക്കുന്നത്. ആരു വഴിയും ഒന്നും ചോര്‍ന്നു പോവരുത്.
‘‘ചന്ദ്രേട്ടനെന്തിനാ ആ കുട്ടിയോട് ഇങ്ങനെ ചാടിക്കടിക്കുന്നത്?’’ താടിക്കാരന് ചിരിച്ചു. ‘‘ആ കുട്ടി ഒരു സംശയം ചോദിച്ചു. പറ്റുമെങ്കില്‍ അതിന് മറുപടി കൊടുക്കുക; അല്ലെങ്കില്‍ അറിയില്ലെന്നു പറയുക.’’
‘‘ഞാന്‍ ചാടിക്കടിച്ചില്ലല്ലോ മോഹനാ. അടുത്ത കാലത്തൊന്നും മൂപ്പരെ അന്വേഷിച്ച് ആരും ഇവിടെ വന്നിട്ടില്ലെന്ന് പറഞ്ഞതല്ലേയുള്ളൂ,’’ ചന്ദ്രേട്ടന് ക്ഷമാപണത്തോടെ തുടര്‍ന്നു. ‘‘നാട്ടുകാര്‍തന്നെ ഇപ്പോള്‍ മൂപ്പരെ മറന്ന മട്ടാണ്. അതുകൊണ്ട് ചോദിച്ചുവെന്നേയുള്ളൂ.’’ പിന്നെ എന്റെ നേരെ തിരിഞ്ഞു. ‘‘സാറിന് ഒന്നും തോന്നരുത്.’’
‘‘അതു ശരിയാണ്,’’ മോഹനന് ചിരിച്ചു. ‘‘ഒരു മിന്നലാട്ടമെന്ന് ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ. അതു ശരിയാവണമെന്നില്ല. ഞാനും മൂപ്പരെ കണ്ടിട്ട് ആറേഴു കൊല്ലമായിട്ടുണ്ടാവും. ആള് അധികവും ഇവിടെയുണ്ടാവാറില്ലല്ലോ. ഇനി ഉണ്ടെങ്കില്‍ത്തന്നെ പുറത്തേക്ക് ഇറങ്ങാറുമില്ല. എന്തിന് പുറത്തേക്ക്? വീടിന്റെ മുറ്റത്തേക്ക് തന്നെ ഇറങ്ങാറില്ല.’’
‘‘അതെ. ഇങ്ങനെ അടച്ചിരുന്നിട്ട് എന്താ ചെയ്യുന്നതെന്ന് അറിയില്ല. നോവലെഴുത്തൊക്കെ എന്നോ നിര്ത്തിയതാണല്ലോ.’’
‘‘എഴുത്ത് നിര്‍ത്താന്‍ എന്താ കാരണം?’’ വല്ല പിടിവള്ളിയും കിട്ടിയാലോ എന്നു കരുതി ഞാന്‍ ചോദിച്ചു.
‘‘അതൊക്കെ ആര്‍ക്കറിയാം?’’ ചന്ദ്രേട്ടന് കൈമലര്‍ത്തി. ‘‘നാട്ടുകാരനാണെന്നു പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. നാട്ടില്‍ ആര്‍ക്കും അദ്ദേഹത്തെ അറിയില്ല. പുറത്താണ് പ്രസിദ്ധി മുഴുവന്‍. ഞാന്‍ മൂപ്പരുടെ നോവലുകളൊന്നും വായിച്ചിട്ടുമില്ല.’’
‘‘നിര്‍ത്തിയതാണോ?’’ മോഹനനും പിന്‍വാങ്ങി. ‘‘നിര്‍ത്തിച്ചതാണെന്നും പറയുന്നുണ്ടല്ലോ ചിലര്‍.’’
‘‘നാട്ടില്‍നിന്ന് ഒരാള്‍ നോവലെഴുതുമ്പോള്‍ അത് ആരാ നിര്‍ത്തിക്കാന്‍ പോവുന്നത്?’’ ചന്ദ്രേട്ടന് ചിരിച്ചു. ‘‘ആളുകള്‍ക്ക് എന്താ പറയാന്‍ പാടില്ലാത്തത്?’’
‘‘നാട്ടുകാര്‍ക്ക് ആളെപ്പറ്റി ഒന്നും അറിയില്ല. രണ്ടു കൊല്ലം മുമ്പ് ഇവിടെ പഞ്ചായത്തിലെ വലിയ ആളുകളെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു പരിപാടി. മന്ത്രിയൊക്കെ വന്ന ചടങ്ങാണ്. കുറേപ്പേരെ സ്റ്റേജിലിരുത്തി മന്ത്രി പൊന്നാട അണിയിച്ചു. അതില്‍ കലയൂര് കാര്ത്തികേയന് ഉണ്ടായിരുന്നില്ല. പരിപാടി കഴിഞ്ഞിട്ടാണ് കാര്‍ത്തികേയനെ വിട്ടുകളഞ്ഞതു ശരിയായില്ല എന്നു പറഞ്ഞു കുറച്ച് ആളുകള്‍ ബഹളം കൂട്ടിയത്.’’
‘‘മൂപ്പരെ വിളിച്ചിരുന്നു എന്നും വരാതിരുന്നതാണ് എന്നും കേട്ടിരുന്നു.’’
‘‘അങ്ങനെയാണ് ഭാരവാഹികള്‍ അന്നു പറഞ്ഞത്. ശരിക്ക് എന്താണുണ്ടായത് എന്ന് ആര്‍ക്കുമറിയില്ല. ഇങ്ങനെ ഒരു കാര്യം ആലോചിക്കുമ്പോള്‍ നാട്ടില്‍ ആര്‍ക്കെങ്കിലും മൂപ്പരുടെ പേര് ഓർമ വരണ്ടേ? അതിനേയ്, ഇടക്കൊക്കെ പുറത്തിറങ്ങി നടക്കണം.’’
ഇനി അധികനേരം അവിടെ ഇരുന്നിട്ടു കാര്യമില്ലെന്നു തീരുമാനിച്ച് ഞാന്‍ എഴുന്നേറ്റു.
‘‘കാര്ത്തികേയന് സാറിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തരാമോ ചന്ദ്രേട്ടാ?’’
വഴി വിശദമായി പറഞ്ഞുതന്നതിനു ശേഷം പുറത്തേക്ക് ഒന്നു നോക്കി ചന്ദ്രേട്ടന് തുടര്‍ന്നു:
‘‘നല്ല വെയിലാണല്ലോ. നടക്കാനൊന്നും ശ്രമിക്കേണ്ട. സ്റ്റാൻഡില്‍ ഓട്ടോറിക്ഷ കിടപ്പുണ്ടാവും. കാര്ത്തികേയന് സാറിന്റെ വീട് എന്നു പറഞ്ഞാല്‍ അവര്‍ക്ക് അറിഞ്ഞുവെന്നു വരില്ല. ഏതായാലും ഞാന്‍ പറഞ്ഞുതന്നത് ഓർമിച്ചാല്‍ മതി.’’
അതേതായാലും ശരിയായില്ല. ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഇപ്പോഴും റിക്ഷകളൊന്നും കാണാനില്ല. ചന്ദ്രേട്ടന്റെ നിർദേശങ്ങള്‍ ഓർമവെച്ച് നടക്കാന്‍തന്നെ തീരുമാനിച്ചു.
ബസിറങ്ങിയ നേരത്തെ പോലെയല്ല. വെയിലിന് ഒന്നുകൂടി ചൂടു വെച്ചിട്ടുണ്ട്.
കണ്ടക്ടര്‍ പറഞ്ഞ ഹെല്‍ത്ത് സെന്റര്‍ സ്റ്റോപ്പ് കണ്ടു. സിറ്റി സ്റ്റോപ്പില്‍നിന്ന് കഷ്ടിച്ച് ഇരുന്നൂറു മീറ്ററുണ്ട്. സിറ്റിയിലുള്ളതു പോലെ കടകളില്ല. ആകെ ഒരു പെട്ടിക്കടയാണ് ഉള്ളത്.
മെയിന്‍ റോഡാണെങ്കിലും പണ്ടെന്നോ ടാറിട്ടതാണ്. അധികഭാഗവും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. രണ്ടു വശത്തും അത്യാവശ്യം വീടുകളുണ്ടെങ്കിലും വഴിയില്‍ അധികം ആളുകളെയൊന്നും കാണാനില്ല.
പോകെപ്പോകെ വഴി വിജനമാവുകയാണ്. ഒരു വീടിന്റെ മുന്നില്‍ ഒന്നുരണ്ടു കോഴികള്‍ ചിക്കിപ്പരത്തുന്നതു കണ്ടു. മറ്റൊരു വീടിന്റെ മുറ്റത്ത് ഒരു സ്ത്രീ തഴപ്പായയില്‍ കൊപ്ര ഉണക്കാനിടുന്നു. ഒന്നോ രണ്ടോ ആളുകള്‍ സൈക്കിളില്‍ എന്റെ എതിരെ വന്നതും ഒരു ബൈക്ക് യാത്രക്കാരന് എന്നെ കടന്നുപോയതുമൊഴിച്ചാല് വഴിയില്‍ ആരെയും കണ്ടുമുട്ടിയില്ല.
കുറച്ചു പോയപ്പോള്‍ കുറച്ചു പീടികകളും ഒന്നുരണ്ടു പെട്ടിക്കടകളും കണ്ടു. ഒരു സ്കൂളാണ്. നല്ല പഴക്കമുള്ള നീണ്ട ഒരു കെട്ടിടം. മുന്നില്‍ ഒരു ബോര്‍ഡുണ്ട്: ‘കലയൂര് ഹൈസ്കൂള്‍, കലയൂര്.’
ക്ലാസ് കൂടിയ സമയമാണെന്നു തോന്നുന്നു. മുറികളില്‍നിന്ന് ഇരമ്പം കേള്‍ക്കാനുണ്ട്.
ടൗണിലേക്കുള്ള റോഡ് കഴിഞ്ഞ് ചന്ദ്രേട്ടന് പറഞ്ഞ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി കണ്ടു. പള്ളിക്കു ശേഷം നൂറു മീറ്റര്‍ കഴിഞ്ഞ് വലത്തോട്ടുള്ള റോഡ് തികച്ചും വിജനംതന്നെ.
വലത്തോട്ടുള്ള ആദ്യത്തെ വഴി തിരിഞ്ഞു. ചെമ്മണ്‍പാതയാണ്. ചന്ദ്രേട്ടന് പറഞ്ഞ ലക്ഷണങ്ങളെല്ലാമുള്ള വീട് കണ്ടുപിടിച്ചു. കുറച്ച് പഴക്കമുള്ള ഓടിട്ട വീട്.
ആദ്യംതന്നെ ശ്രദ്ധിച്ചത് മുറ്റത്തെ പാഴിലകളാണ്. സിറ്റൗട്ടിലേക്കും പാറിവീണു കിടക്കുന്നുണ്ട് അവ. അടുത്തൊന്നും അവിടെ ആരുടെയെങ്കിലും കാല്‍പ്പെരുമാറ്റം ഉണ്ടായതിന്റെ ഒരു ലക്ഷണവും കാണാനില്ല.
വീടിന്റെ ജനലുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പക്ഷേ സിറ്റൗട്ടില്‍ ഒരു ചാരുകസേര കിടക്കുന്നുണ്ട്. അത് പതിവായി അങ്ങനെ കിടക്കുന്നതാണോ? അതോ കാര്ത്തികേയന് സാര്‍ വീട്ടിലുണ്ടെന്നതിന്റെ ലക്ഷണമാണോ?
തുരുമ്പുപിടിച്ച ഇരുമ്പു ഗേറ്റിനു മുന്നില്‍ ഞാന്‍ കുറച്ചുനേരം കാതോര്‍ത്തു നിന്നു. അകത്തുനിന്ന് എന്തെങ്കിലും അനക്കം കേള്‍ക്കാനുണ്ടോ?
അപ്പോഴാണ് ഒരു ഞെട്ടലോടെ ഞാന്‍ മറ്റൊരു കാര്യം ഓർമിച്ചത്: കാര്ത്തികേയന് സാറിനോട് എന്തു പറഞ്ഞാണ് ഞാന്‍ സ്വയം പരിചയപ്പെടുത്തേണ്ടത്? ‘ശാരിക’യില്‍നിന്നു വരുന്നതാണെന്നു പറഞ്ഞാല്‍ ശരിയാവുമോ? ‘മനോമയ’ത്തിനു നോവല്‍ കൊടുക്കാം എന്നു തീരുമാനിച്ചിരിക്കുന്ന സമയത്ത് ‘ശാരിക’യില്‍നിന്നു വരുന്ന ഒരാളെ അദ്ദേഹം സംശയദൃഷ്ടിയോടെയല്ലാതെ കാണുമോ?
ചോദിച്ചാല്‍ സ്വന്തം പേരു പറഞ്ഞാൽപോലും അത് അബദ്ധമാവും. മറ്റെന്തെങ്കിലും പേരു പറയാമെന്നു തന്നെ വെക്കുക. പക്ഷേ എന്തിനാണ് വന്നതെന്നു ചോദിച്ചാല്‍ എന്തു മറുപടി പറയും?
എഡിറ്റര്‍ ഒന്നും പറഞ്ഞുതന്നിട്ടില്ല. ഞാനാവട്ടെ ചോദിച്ചതുമില്ല. ഇനിയിപ്പോള്‍ എല്ലാം വൈകിപ്പോയി.
അകത്ത് ആരോ ചുമയ്ക്കുന്ന ശബ്ദം കേട്ടതുപോലെ തോന്നി ഞാന്‍ കുറച്ചുനേരം കാതോര്‍ത്തുനിന്നു. പിന്നീട് ഒരനക്കവുമില്ല. എനിക്കു വെറുതെ തോന്നിയതാവുമോ?
എന്തായാലും ഒന്നു പരിശോധിക്കാതെ മടങ്ങുന്നതു ശരിയാവില്ല. ഞാന്‍ സിറ്റൗട്ടിലേക്ക് കയറി കോളിങ് ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി.
സിറ്റൗട്ടിന്റെ ചുമരില്‍ അവിടവിടെയായി മാറാല കെട്ടിയിട്ടുണ്ട്. അടുത്ത കാലത്തൊന്നും നിലം അടിച്ചുവാരിയതിന്റെ ലക്ഷണമില്ല. കാര്ത്തികേയന് സാര്‍ എത്തിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ കിടക്കാന്‍ ഒരു വഴിയുമില്ല.
കോളിങ് ബെല്‍ രണ്ടു പ്രാവശ്യം അടിച്ചിട്ടും അകത്തുനിന്ന് ഒരനക്കവും കേട്ടില്ല. ആരും അകത്തില്ല എന്ന് എനിക്കു തീര്‍ച്ചയായി.
കാര്ത്തികേയന് സാറിനെ സിറ്റൗട്ടില്‍ കണ്ടു എന്ന് മോഹനേട്ടന് പറഞ്ഞത് വെറും തോന്നലായിരുന്നു എന്നും തീര്‍ച്ചയായി.
പാഴിലകള്‍ താണ്ടി ഞാന്‍ ഗെയ്റ്റിനു പുറത്തെത്തി.
ഇനി എന്തുചെയ്യണം? ഞാന്‍ മൊബൈലെടുത്ത് എഡിറ്ററെ വിളിച്ചു. വിവരങ്ങള്‍ അറിയിച്ചപ്പോള്‍ എഡിറ്റര്‍ക്ക് ഒരതിശയവും ഉള്ളതായി തോന്നിയില്ല. കാര്ത്തികേയന് സാര്‍ ഇവിടെ ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടുതന്നെയാണോ അദ്ദേഹം എന്നെ ഇവിടേക്ക് അയച്ചത്?
എനിക്കൊന്നും മനസ്സിലാവുന്നില്ല. എഡിറ്ററോടു ചോദിക്കുക തന്നെ.
‘‘ഞാന്‍ തിരിച്ചുപോന്നോട്ടെ സര്?’’ വിവരങ്ങള്‍ ധരിപ്പിച്ച് ഞാന്‍ ചോദിച്ചു.
‘‘വേണ്ട വേണ്ട. താന്‍ ഇന്ന് അവിടെത്തന്നെ നില്‍ക്കെടോ. ഇന്നു രാത്രിയല്ലെങ്കില്‍ നാളെ രാവിലെ കാര്ത്തികേയന് സാര്‍ അവിടെ എത്തും.’’
കാര്ത്തികേയന് സാര്‍ നാളെയാണ് എത്തുന്നതെന്ന് എഡിറ്റര്‍ക്കു മുമ്പേ അറിയാമായിരുന്നുവെങ്കില്പ്പിന്നെ എന്തിനാണ് തിരക്കിട്ട് എന്നെ ഇന്നുതന്നെ അയച്ചത്?
‘‘അതിന് സര്, ഇവിടെ തങ്ങാനുള്ള ഡ്രസ്സൊന്നും ഞാനെടുത്തിട്ടില്ല.’’
‘‘തലിയാര്‍ഖാന്‍, താന്‍ ചെറിയ കുട്ടിയൊന്നുമല്ലല്ലോ. ഡ്രസ്സൊന്നും എടുക്കാതെ പോവാന്‍ തന്നോടു ഞാന്‍ പറഞ്ഞിരുന്നോ? വെറുതെ സില്ലിയായ ഓരോ കാരണങ്ങള്‍ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്. കാര്ത്തികേയന് സാറിനെ കണ്ടിട്ടേ താന്‍ തിരിച്ചുപോരുന്നുള്ളൂ.’’
മറുപടിക്കു കാക്കാതെ എഡിറ്റര്‍ ഫോണ്‍ കട്ടാക്കി.
കാര്ത്തികേയന് സാർ വൈകുന്നേരം എത്തുമോ?
ഇപ്പോള്‍ പന്ത്രണ്ടു മണിയേ ആയിട്ടുള്ളൂ. വൈകുന്നേരമാവാന്‍ ഇനിയും കഴിയണം നാലഞ്ചു മണിക്കൂര്‍. അത്രയും നേരം എവിടെച്ചെന്നിരിക്കും? എങ്ങനെ കഴിച്ചുകൂട്ടും?
ഒരു പകല്‍ മുഴുവന്‍ കറങ്ങിനടക്കാന്‍ കലയൂരെന്താ കാഴ്ചബംഗ്ലാവാണോ?
എനിക്ക് എഡിറ്ററോട് അരിശം തോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.