റിസീവര്‍
‘‘എഴുത്തുമത്സരങ്ങളില്‍ ധാരാളം സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടല്ലേ?’’ ഞാന്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളിലൂടെ മാനേജിങ് എഡിറ്ററുടെ കണ്ണുകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.
‘‘അതുമാത്രമേ പക്ഷേ കാര്യമായുള്ളൂ,’’ സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് മുഖമുയര്‍ത്തി അദ്ദേഹം ചോദിച്ചു.
‘‘പഠനത്തിലൊന്നും അത്ര മിടുക്കുള്ളതായി തോന്നുന്നില്ലല്ലോ. എല്ലാത്തിലും ജസ്റ്റ് പാസ്. ശരിയല്ലേ?’’
ഞാന്‍ ഒന്നും മിണ്ടിയില്ല.
‘‘ഡിഗ്രി കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു കൊല്ലമായി. ഇതുവരെ നിങ്ങള്‍ എന്താണ് ചെയ്തത്?’’
എന്താണ് ചെയ്തത്?
ഉടനെ ജോലിക്കൊന്നും പോവണമെന്നു തോന്നിയില്ല. എന്തൊക്കെയോ എഴുതിക്കൂട്ടി. ഒരെഴുത്തുകാരനാവണമെന്നായിരുന്നു ആഗ്രഹം. ഒരു നോവല്‍ എഴുതിയത് എവിടെയുമെത്തിയില്ല. അത് കൈയെഴുത്തുപ്രതിയായിത്തന്നെ ഇപ്പോഴും ഇരിക്കുന്നു. ഞാനല്ലാതെ ആരുമതു വായിച്ചിട്ടുമില്ല.
മാനേജിങ് എഡിറ്ററോട് പറയാന്‍ ഒരു മറുപടിയുമില്ലാത്തതുകൊണ്ട് ഞാന്‍ മൗനംപാലിച്ചു.
‘‘അച്ഛന്‍റെ പേര് ശ്രീധരന്‍. അമ്മ മേരി. പിന്നെ നിങ്ങളുടെ പേര് എന്താ ഇങ്ങനെയാവാന്‍ കാരണം? അതും ഇത്രയും വിചിത്രമായ ഒരു പേര്?’’
അതിനു മറുപടി പറയണമെന്ന് എനിക്കു തോന്നാത്തതുകൊണ്ട് വെറുതെ ഒന്നു ചിരിച്ചു.
എല്ലാം മടക്കിവെച്ച് എനിക്കു നേരെ നീട്ടി മാനേജിങ് എഡിറ്റര്‍ തുടര്‍ന്നു.
‘‘ഈ ജോലിക്ക് ഇങ്ങനെ ഒന്നിനും മിണ്ടാതിരിക്കുന്ന ഒരാളെയല്ല ഞങ്ങള്‍ക്കാവശ്യം. മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ക്ക് ശ്രദ്ധിച്ചുകേള്‍ക്കാനാവണം. അവരോടു നന്നായി മറുപടി പറയാനാവണം. പിന്നെ ഭംഗിയായി സംസാരിക്കാനാവണം. ഇതൊക്കെ വളരെ പ്രധാനമാണ്. ഡെസ്കിലിരുന്ന് എഴുതിപ്പിടിപ്പിക്കലോ വെട്ടിത്തിരുത്തലോ അല്ലല്ലോ നിങ്ങളുടെ പണി. അത് പ്രത്യേകം ഓർമയുണ്ടാവണം.’’
‘ഒരു പ്രമുഖ പത്രസ്ഥാപനത്തിലെ ഡെസ്കിലേക്ക് ഒരാളെ ആവശ്യമുണ്ട്. മുന്‍കാല പരിചയം നിര്‍ബന്ധമില്ല. നേരിട്ടോ ഫോണ്‍വഴിയോ അപേക്ഷിക്കാം.’ അതായിരുന്നു പരസ്യത്തില്‍ കണ്ടത്. അപ്പോള്‍ സബ് എഡിറ്റര്‍ ആവും ആ തസ്തിക എന്നു വിചാരിച്ചു. പക്ഷേ എന്‍റെ ജോലി അതൊന്നുമല്ലെന്ന് മാനേജിങ് എഡിറ്ററുടെ ഇതുവരെയുള്ള പ്രഭാഷണത്തില്‍നിന്ന് എനിക്ക് ഒരേകദേശ വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍, അതെന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലായതുമില്ല. എന്നാലും ഞാന്‍ പറഞ്ഞു:
‘‘അതെനിക്കറിയാം സര്‍.’’
‘‘എന്നാലിനി എഡിറ്ററെ കണ്ടോളൂ.’’ ഇന്‍റര്‍കോമിന്‍റെ റിസീവറെടുത്ത് കാതില്‍ വെച്ച് ആരോടോ ശബ്ദം കുറച്ച് എന്തോ പറഞ്ഞതിനുശേഷം മാനേജിങ് എഡിറ്റര്‍ തുടര്‍ന്നു.
‘‘കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം നിങ്ങള്‍ക്കു പറഞ്ഞുതരും.’’
ഞാന്‍ എഴുന്നേറ്റു. കാബിനില്‍നിന്നു പുറത്തേക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍ മാനേജിങ് എഡിറ്റര്‍ വലതുകൈയിലെ ചൂണ്ടുവിരല്‍ ഉയര്‍ത്തി.
‘‘ഒരു കാര്യം കൂടി: സെലക്ട് ചെയ്യപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്നാണ് ജോയിന്‍ചെയ്യാന്‍ കഴിയുക?’’
പെട്ടെന്ന് ഒരു തീയതി പറയാന്‍ എനിക്കു വിഷമം തോന്നി. ഏതായാലും വീട്ടിലേക്ക് പോയി ഉടുപ്പുകളൊക്കെ എടുക്കണം.
‘‘അടുത്ത ആഴ്ച ഒരു ദിവസം ആവാം സര്‍.’’
‘‘നിങ്ങള്‍ കൃത്യമായ ഒരു തീയതി പറയണം. അത് അത്ര അകലെയുള്ള ഒരു തീയതിയായാല്‍ പറ്റില്ല. ഞങ്ങള്‍ക്ക് ആ കസേര പ്രധാനമാണ്. കഴിഞ്ഞ ഒരാഴ്ചയായി അത് ഒഴിഞ്ഞു കിടക്കുകയാണ്. ഞങ്ങള്‍ ആ ഫോണ്‍ ക്രാഡിലില്‍നിന്ന് താഴത്തെടുത്തു വെച്ചിട്ടും അത്രയായി.’’
‘‘എത്രയും വേഗം ആവാം സര്‍.’’
‘‘എന്നാല്‍ എനിക്കൊരു സജഷനുണ്ട്. ഇന്ന് ശനിയാഴ്ച. നാളെ ഞങ്ങള്‍ക്കു മുടക്കമാണ്. മറ്റന്നാള്‍ത്തന്നെ ജോയിന്‍ ചെയ്തോളൂ. തിങ്കളാഴ്ച നല്ല ദിവസം എന്നല്ലേ!’’
ഞാന്‍ തലയാട്ടി കാബിനില്‍നിന്നു പുറത്തുകടന്നു. പുറത്ത് ഇടത്തു വശത്തായി EDITOR എന്നെഴുതി വെച്ച കാബിനിന്‍റെ അരവാതിലില്‍ മുട്ടി.
നിവര്‍ത്തിവെച്ച ഒരു കടലാസു കെട്ടില്‍ എന്തോ എഴുതുന്നതിനിടയില്‍ എഡിറ്റര്‍ ഇടത്തെ കൈകൊണ്ട് എന്നോട് മുന്നിലെ കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
എഡിറ്റര്‍ മാനേജിങ് എഡിറ്ററേക്കാള്‍ പ്രായമുള്ള ആളായിരുന്നു. കാഴ്ചയില്‍ അറുപതു വയസ്സിലധികം തോന്നിക്കുന്നുണ്ട്. തലമുടി മുഴുവന്‍ നരച്ചതുകൊണ്ട് എനിക്കു തോന്നുന്നതാവാനും വഴിയുണ്ട്. കൈയിലെ ഫോള്‍ഡര്‍ മേശപ്പുറത്തു വെച്ച് ഞാന്‍ മുന്നിലെ കസേരയില്‍ ഇരുന്നു.
എഴുത്ത് അവസാനിപ്പിച്ച് കടലാസു കെട്ട് ഒരരികിലേക്ക് നീക്കിവെച്ച് എഡിറ്റര്‍ എന്‍റെ മുഖത്തുനോക്കി ചിരിച്ചു. ഞാന്‍ നീട്ടിക്കാണിച്ച ഫോള്‍ഡര്‍ വാങ്ങി അതില്‍നിന്ന് കടലാസുകള്‍ പുറത്തെടുത്ത് ഓരോന്നായി തുറന്നു നോക്കി. അതിനിടെ മുഖമുയര്‍ത്താതെ അദ്ദേഹം ചോദിച്ചു.
‘‘ശാരിക വായിക്കാറുണ്ടോ?’’
സത്യം പറഞ്ഞാല്‍ ഞാനിതുവരെ ‘ശാരിക’ ശരിക്കു വായിച്ചിട്ടില്ല. യാദൃച്ഛികമായി കൈയില്‍ കിട്ടിയപ്പോള്‍ മറിച്ചുനോക്കിയിട്ടുണ്ട് എന്നുമാത്രം. ഈ ജനുസ്സിലുള്ള മറ്റു ചില വാരികകളെപ്പോലെത്തന്നെ. എന്നാലും അവയില്‍ ഒന്നുപോലും കാര്യമായി വായിച്ചിട്ടില്ല.
‘‘അങ്ങനെ സ്ഥിരമായി കാണാറില്ല സര്‍.’’
കൈയെത്തിച്ച് തന്‍റെ പാര്‍ശ്വത്തിലുള്ള ഷെല്‍ഫില്‍നിന്ന് ഒരു വാരിക വലിച്ചെടുത്ത് എന്‍റെ മുന്നിലേക്കിട്ടുതന്ന് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടര്‍ന്നു.
ശാരിക വാരിക! പ്രാസമൊപ്പിച്ച പേര്! മുഖചിത്രം ഇത്തരമുള്ള മിക്ക പല പ്രസിദ്ധീകരണങ്ങളിലെപ്പോലെ ഒരു പെണ്ണിന്‍റെ തന്നെ. ഏതെങ്കിലും സീരിയല്‍ നടിയോ മോഡലോ ആവണം. മൂന്നാം പുറത്തില്‍ ‘ശാരിക’യുടെ വിവരങ്ങളുണ്ട്. 1936ല്‍ ആദ്യത്തെ ലക്കം. അതായത് എണ്‍പത്തിയൊമ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് തുടങ്ങിയതാണ് ‘ശാരിക’. മാനേജിങ് എഡിറ്ററുടെ പേരുണ്ടെങ്കിലും എന്‍റെ മുന്നിലിരിക്കുന്ന എഡിറ്ററുടെ പേരു കാണാനില്ല.
മൂന്നാം പുറത്തില്‍ത്തന്നെ സിനിമാനടി സുരജ എഴുതിയ അനുഭവക്കുറിപ്പ്. നാലാം പുറത്തില്‍ നോവല്‍. മറിച്ചു നോക്കുന്നതിനിടയില്‍ ഞാന്‍ നോവലുകളുടെ എണ്ണം പിടിച്ചുനോക്കി. ഏഴ്. പിന്നെ രണ്ടു കഥകളും ഒരു ബസ് ഡ്രൈവറുടെ അനുഭവക്കുറിപ്പും. നുറുങ്ങുകളായി കിടക്കുന്ന കുറേ ബോക്സുകളില്‍ പാചകക്കുറിപ്പുകളും ആരോഗ്യത്തിനുള്ള പൊടിക്കൈകളും. അവസാനത്തെ പുറത്ത് ഒരു മുഴുനീള കാര്‍ട്ടൂണ്‍.
നോവലുകള്‍ക്ക് അതിമനോഹരമായ ചിത്രങ്ങള്‍ അകമ്പടിയായുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ മുഖച്ഛായയാണുള്ളതെന്നു തോന്നി.
‘‘തലിയാര്‍ഖാന്‍!’’
ഞാന്‍ ‘ശാരിക’യില്‍നിന്നു മുഖമുയര്‍ത്തി നോക്കി. എഡിറ്ററുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്.
‘‘ആരാ നിങ്ങള്‍ക്ക് ഈ പേരിട്ടത്?’’ സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് മുഖമുയര്‍ത്തി എഡിറ്റര്‍ പെട്ടെന്ന് ചോദിച്ചു.
‘‘അത് മുത്തശ്ശന്‍റെ ആഗ്രഹമായിരുന്നു സര്‍. സ്വന്തം മകന് ആ പേരിടാനായിരുന്നു മുത്തശ്ശന്‍ ആഗ്രഹിച്ചത്. അതിനു കഴിയാതെ വന്നപ്പോള്‍ എനിക്കു ചാര്‍ത്തിത്തന്നതാണ്.’’
‘‘അതു ശരി; അപ്പോള്‍ നിങ്ങളുടെ അച്ഛനു കിട്ടേണ്ടിയിരുന്ന പേരാണ്. ആട്ടെ; എന്തായിരുന്നു മുത്തശ്ശന്‍ അതിനു നേരിട്ട തടസ്സം?’’
‘‘അതിന് മുത്തശ്ശിയായിരുന്നു കാരണം. മൂന്നു പെണ്‍കുട്ടികള്‍ക്കു ശേഷമുണ്ടായ സന്തതിയായിരുന്നു അച്ഛന്‍. ആണ്‍കുട്ടിയുണ്ടായാല്‍ കൃഷ്ണന്‍റെ പേരിടാമെന്ന് മുത്തശ്ശി നേര്‍ന്നിരുന്നു. പിന്നെ പഴയ കാലമല്ലേ സര്‍. അത്തരമൊരു പേരിടാന്‍ ബന്ധുക്കള്‍ക്കും സമ്മതമുണ്ടായിരുന്നിട്ടുണ്ടാവില്ല.’’
‘‘അതെന്താ?’’
‘‘അവര്‍ അതൊരു മുസ്ലിം പേരാണെന്നു കരുതിയിട്ടുണ്ടാവുമെന്നു തോന്നുന്നു.’’
‘‘പക്ഷേ അദ്ദേഹം ഒരു പാഴ്സിയായിരുന്നില്ലേ?’’
‘‘അതെ.’’
‘‘ഏതായാലും നിങ്ങളുടെ പേര് ഒരു തൂലികാനാമത്തിന് ബെസ്റ്റാ.’’
പിന്നെ ഒരുള്‍ച്ചിരിയോടെ അദ്ദേഹം തുടര്‍ന്നു. ‘‘വല്ലതും എഴുതാറുണ്ടോ?’’
‘‘ഒരു നോവല്‍ എഴുതിനോക്കിയിട്ടുണ്ട്,’’ മടിച്ചുമടിച്ച് ഞാന്‍ അറിയിച്ചു.
‘‘ഏതായാലും ഇനി വരുമ്പോള്‍ അത് കയ്യില്‍ വെച്ചോളൂ,’’ എഡിറ്റര്‍ ചിരിച്ചു.
‘‘നമുക്കു പറ്റിയതു വല്ലതും ആണോ എന്നു നോക്കാമല്ലോ.’’
ഞാന്‍ തലകുലുക്കിയെങ്കിലും അതിനെപ്പറ്റി എനിക്ക് ഒരുറപ്പുമുണ്ടായിരുന്നില്ല. ഒരു നോവല്‍ എഴുതി എന്നതിനപ്പുറം മറ്റൊന്നും ആലോചിച്ചിരുന്നില്ല. ഏതായാലും അത് ‘ശാരിക’ക്കു പറ്റിയതാവുമെന്നു തോന്നുന്നില്ല.
കടലാസുകള്‍ ഫോള്‍ഡറില്‍ത്തന്നെയിട്ട് എനിക്കു നേരെ നീട്ടി അദ്ദേഹം തുടര്‍ന്നു.
‘‘പോട്ടെ. നമുക്ക് കാര്യത്തിലേക്ക് വരാം. ഈ തസ്തിക എന്താണെന്നു നിങ്ങള്‍ക്കു ശരിക്കു മനസ്സിലായിട്ടുണ്ടല്ലോ. സബ് എഡിറ്ററോ അസിസ്റ്റന്‍റ് എഡിറ്ററോ ഒന്നുമല്ല. റിസീവര്‍ എന്നാണ്. ജോലി എന്താണെന്ന് മാനേജിങ് എഡിറ്റര്‍ പറഞ്ഞുതന്നില്ലേ?’’
‘‘കൃത്യമായി പറഞ്ഞില്ല.’’
‘‘എന്നാല്‍ ഞാന്‍ പറയാം. ഇവിടത്തെ നിങ്ങളുടെ ജോലി മാറ്ററുകള്‍ എഴുതുകയോ വെട്ടിത്തിരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ഒന്നുമല്ല. ഇവിടെ നിങ്ങള്‍ക്ക് ഒരു പേനയുടെ ആവശ്യം വരില്ല. മേശപ്പുറത്ത് ഒരു കടലാസു പോലും കണ്ടുവെന്നും വരില്ല. അവിടെ ഉണ്ടാവുക ഒരു ലാന്‍ഡ് ലൈൻ ഫോണും ഒരു മൊബൈല്‍ ഫോണും മാത്രമാണ്.’’
എനിക്കത് അല്‍പം വിചിത്രമായി തോന്നി. ഫോണില്‍ക്കൂടെ എന്തു ചെയ്യാനാണ്?
‘‘ആ ഫോണ്‍ നിരന്തരം മണിയടിച്ചുകൊണ്ടിരിക്കും. നമ്മുടെ കഥകളും നോവലുകളുമൊക്കെ വായിച്ച് വിളിക്കുന്നവരാണ് അവര്‍. അവരുടെ പരാതികളും പരിദേവനങ്ങളും കേള്‍ക്കുകയാണ് നിങ്ങളുടെ തൊഴില്‍. ചിലപ്പോള്‍ അവരെ സമാധാനിപ്പിക്കേണ്ടിവരും. മറ്റു ചിലപ്പോള്‍ അവരുടെ സങ്കടങ്ങളില്‍ പങ്കു ചേരേണ്ടിയും വന്നേക്കാം.’’
കാബിനിലേക്ക് ചായയുമായി വന്ന ആളോട് ഒരു ചായകൂടി വേണമെന്ന് ആംഗ്യം കാണിച്ച് എഡിറ്റര്‍ തുടര്‍ന്നു.
‘‘ഇനി ഒരു രഹസ്യം പറയാം. രണ്ടു ദിവസം മുമ്പ് നിങ്ങള്‍ ഈ ഓഫിസിലേക്ക് വിളിച്ചിരുന്നില്ലേ? അന്ന് മാനേജിങ് എഡിറ്റര്‍ പറഞ്ഞു, നിങ്ങളുടെ ശബ്ദത്തിന് ഒരു പ്രത്യേകതയുണ്ടെന്ന്. എന്തോ ഒരു മനുഷ്യപ്പറ്റുള്ളതുപോലെ എന്ന്. ഇപ്പോള്‍ അതു നേരിട്ടു കേള്‍ക്കുമ്പോള്‍ എനിക്കും തോന്നുന്നുണ്ട്. അല്ലെങ്കിലും എ.എഫ്.എസ്. തലിയാര്‍ഖാന്‍റെ ഏറ്റവും വലിയ സ്വത്ത് അദ്ദേഹത്തിന്‍റെ ശബ്ദമായിരുന്നല്ലോ.’’
തലിയാര്‍ഖാന്‍റെ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. മുത്തശ്ശന്‍ വലിയ ക്രിക്കറ്റ് പ്രേമിയായിരുന്നു. തലിയാര്‍ഖാന്‍റെ കടുത്ത ആരാധകന്‍. തലിയാര്‍ഖാന്‍റെ ശബ്ദം അത്ര മോഹിപ്പിക്കുന്നതായിരുന്നു എന്ന് അച്ഛനും പറഞ്ഞിട്ടുണ്ട്. മുത്തശ്ശനെ പിന്‍പറ്റി അച്ഛനും അക്കാലത്ത് ക്രിക്കറ്റ് കമന്‍ററി കേള്‍ക്കാറുണ്ടായിരുന്നുവത്രേ. മുത്തശ്ശന്‍റെ കാര്യം തമാശയാണ്. ക്രിക്കറ്റ് കളി നേരിട്ടു കണ്ടിട്ടേയില്ല. എന്നാലും കമന്‍ററി മുഴുവന്‍ ഇരുന്നു കേള്‍ക്കും. മുത്തശ്ശന് കളിയേക്കാള്‍ കമ്പം തലിയാര്‍ഖാന്‍റെ ശബ്ദം കേള്‍ക്കുന്നതിലായിരുന്നു.
ഏതായാലും എന്‍റെ ശബ്ദത്തെപ്പറ്റി എഡിറ്റര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ചിന്തിച്ചത്. ആരും ഇതേവരെ അതിനെപ്പറ്റി നല്ലതോ ചീത്തയോ ആയി ഒന്നും പറഞ്ഞിട്ടില്ല. എഡിറ്ററുടെ പ്രശംസ എനിക്ക് ഇഷ്ടപ്പെട്ടു.
‘‘ആളുകള്‍ക്ക് ആശ്വാസം പകരാന്‍ പറ്റിയ ശബ്ദം. നമുക്കും അതാണാവശ്യം. നോവലുകളും കഥകളും വായിച്ച് വിളിക്കുന്നവര്‍ വളരെ ആകുലരാവും. ചിലര്‍ കരയാനും മറ്റും തുടങ്ങും. അവരെയൊക്കെ സമാധാനിപ്പിക്കേണ്ട ഭാരിച്ച ചുമതലയാണ് റിസീവര്‍ക്കുള്ളത്. പക്ഷേ, ഒന്നുണ്ട് കേട്ടോ. എ.എഫ്.എസ് തലിയാര്‍ഖാന്‍റെ ശബ്ദത്തിന് വല്ലാത്ത ഒരു കാര്‍ക്കശ്യമുണ്ടായിരുന്നു. അതു നമുക്കു വേണ്ട.’’
എനിക്കുള്ള ചായയും വന്നപ്പോള്‍ തനിക്കുള്ള ചായക്കപ്പെടുത്ത് എഡിറ്റര്‍ കസേരയിലേക്കു ചാഞ്ഞിരുന്നു.
ഒരുകാലത്ത് ശബ്ദം ആവശ്യമായിരുന്നില്ല. അന്നൊക്കെ കത്തുകളായിരുന്നു. അവ കെട്ടുകണക്കിനാണ് വരിക. അതെല്ലാം ക്ഷമയോടെ വായിച്ച് മറുപടിയെഴുതണം. ചില കത്തുകള്‍ക്ക് മേല്‍വിലാസം ഉണ്ടാവില്ല. അത്തരം കത്തുകള്‍ മാറ്റിവെക്കും.
കത്തുകള്‍ ഇപ്പോള്‍ കുറവാണെങ്കിലും തീരെ ഇല്ലാതായിട്ടില്ല. എല്ലാ കത്തുകളും റിസീവറുടെ മേശപ്പുറത്താണ് എത്തുക. അക്കൂട്ടത്തില്‍ പത്രാധിപര്‍ക്കും എഡിറ്റര്‍ക്കും മറ്റു സ്റ്റാഫുകള്‍ക്കുമുള്ള കത്തുകളും ഉണ്ടാവും. എഴുത്തുകാരന് കൈമാറാനുള്ളതൊക്കെ ആളും തരവും നോക്കി വേര്‍തിരിച്ച് അതത് എഴുത്തുകാര്‍ക്ക് എത്തിച്ചുകൊടുക്കണം. ചില എഴുത്തുകാര്‍ അവ തനിക്കു കാണേണ്ടതില്ല എന്നു പറയാറുണ്ട്. അത് അവരുടെ എഴുത്തിനെ ബാധിക്കുമത്രേ. മാത്രമല്ല, നോവലെഴുത്തിന്‍റെ തിരക്കിനിടയില്‍ അവര്‍ക്ക് അതൊക്കെ വായിക്കാനുള്ള സമയവും കിട്ടണമല്ലോ.
റിസീവറുടെ ജോലി നിസ്സാരമാണെന്നു വിചാരിക്കരുത്. നമ്മുടെ വാരികയുടെ ജനപ്രീതി അളക്കാനുള്ള ഒരുപകരണമാണ് അത്. അതനുസരിച്ച് നമ്മുടെ വിഭവങ്ങളില്‍ മാറ്റം വരുത്തണോ പുതിയതായി എന്തെങ്കിലും തുടങ്ങണോ എന്നും മറ്റുമുള്ള സുപ്രധാന തീരുമാനം ഈ ഫീഡ്ബാക്കില്‍നിന്നാണ് നമ്മള്‍ എടുക്കുന്നത്. ചില നോവലുകള്‍ വേഗം അവസാനിപ്പിക്കാനും ചിലതിലെ കഥാഗതി മാറ്റാനുമൊക്കെ വായനക്കാരുടെ അഭിപ്രായങ്ങള്‍ സഹായിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട കത്തുകള്‍ മാനേജിങ് എഡിറ്ററുടെയും എഡിറ്ററുടെയും ശ്രദ്ധയില്‍പ്പെടുത്തണം. അതും വളരെ പ്രധാനമാണ്.
ഈ തസ്തിക ആദ്യമായി തുടങ്ങിയത് ‘ശാരിക’യാണ്. പിന്നീട് അത് മറ്റു വാരികകളും അനുകരിച്ചു എന്നത് സത്യമാണ്. ആദ്യത്തെ റിസീവര്‍ ശിവദാസനായിരുന്നു. നല്ല കൈയക്ഷരം. അത്യാവശ്യം സാഹിത്യവാസനയുമുണ്ടായിരുന്നു. കത്തുകള്‍ക്കൊക്കെ ഭംഗിയായി മറുപടി എഴുതും. അക്കാലത്ത് നോവലെഴുത്തുകാര്‍ തന്നെ തങ്ങള്‍ക്കു വരുന്ന കത്തുകള്‍ക്കുള്ള മറുപടികള്‍ ശിവദാസന്‍ എഴുതിയാല്‍ മതി എന്നു പറയാറുണ്ട്.
പ്രതികരണങ്ങള്‍ എല്ലാം ഫോണ്‍ വഴി ആയതോടെ അത്തരം പണികളൊന്നുമില്ല. പലരും പേരു പറയില്ല. അതുകൊണ്ട് ഫോണില്‍ തെളിയുന്ന നമ്പറുകള്‍ എഴുതിയെടുത്ത് സൂക്ഷിച്ചുവെക്കണം. പിന്നീട് എന്തെങ്കിലും ആവശ്യം വന്നുവെന്നു വരാം. അതുപോലെ ചിലര്‍ എഴുത്തുകാരെ നേരിട്ടുകിട്ടണമെന്ന് ശഠിക്കാറുണ്ട്. അവരെ അനുനയിപ്പിക്കണം. കുറച്ചുകാലം ഞങ്ങള്‍ എഴുത്തുകാരുടെ ഫോണ്‍ നമ്പര്‍ നോവലിനൊപ്പം കൊടുത്തിരുന്നു. പിന്നീട് അതു നിര്‍ത്തി. നിര്‍ത്തിയത് എഴുത്തുകാര്‍ ആവശ്യപ്പെട്ടിട്ടു തന്നെയാണ്. അവര്‍ക്ക് ഫോണ്‍ അറ്റന്‍റ് ചെയ്തിട്ട് എഴുതാനുള്ള സമയം കിട്ടാതായി. ചിലര്‍ വീട്ടിലേക്ക് നേരിട്ടുവരാനുള്ള വഴിയൊക്കെ ചോദിച്ചു തുടങ്ങി. ഇതെല്ലാം വളരെ നിഷ്കളങ്കമായിട്ടാണ് കേട്ടോ. സ്വന്തം കഥ പറഞ്ഞു കേള്‍പ്പിക്കാനുള്ള ആഗ്രഹംകൊണ്ടാണ്.
അവര്‍ക്ക് എഴുത്തുകാര്‍ വിഗ്രഹങ്ങളല്ല; സുഹൃത്തുക്കളാണ്. പലരും ഓരോരോ തരത്തിലുള്ള രോഗികളാണ്. അവര്‍ക്ക് ഡോക്ടറെക്കാള്‍ വിശ്വാസം എഴുത്തുകാരെയാണ്. ഡോക്ടറോടു പോലും പറയാന്‍ തയാറാവാത്ത കഥകള്‍ അവര്‍ എഴുത്തുകാരോടു പറയും. എഴുത്തുകാര്‍ തങ്ങളുടെ കഥ എഴുതാന്‍ തയാറായാല്‍ അവരുടെ പകുതി അസുഖവും മാറും.
പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം: ബുദ്ധിജീവികള്‍ക്കു വേണ്ടി നടത്തുന്ന വാരികയല്ല നമ്മുടേത്. അവരുടെ വാരികകള്‍ വായിച്ച് വായനക്കാരാരും ഇതുപോലെ ഉള്ളു തുറക്കാറില്ല. അവരൊക്കെ ഒരുതരം ഹിപ്പോക്രാറ്റുകളാണ്. നമ്മുടെ വായനക്കാരാവട്ടെ നിഷ്കളങ്കരാണ്. അവര്‍ക്ക് കപടനാട്യങ്ങളില്ല. തോന്നിയത് തോന്നിയതുപോലെ പറയും. അതുകൊണ്ട് ഇത് ഒരു തരത്തില്‍ സാമൂഹികസേവനം കൂടിയാണ്. അതിന്‍റെ ഏറ്റവും കൂടുതല്‍ പുണ്യം കിട്ടുന്നത് റിസീവര്‍ക്കാണ്. അങ്ങനെ നോക്കുമ്പോള്‍ മാനേജിങ് എഡിറ്ററെക്കാളും എഡിറ്ററെക്കാളും പ്രാധാന്യമുള്ള ജോലിയാണ് റിസീവറുടേത്.
ചായ കുടിക്കുന്നതിനിടെ എഡിറ്റര്‍ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെ ചായക്കപ്പ് ഒരരികിലേക്ക് നീക്കിവെച്ച് മുന്നിലേക്ക് ആഞ്ഞിരുന്നു.
‘‘വലിയ ഓഫിസുകളില്‍ അകത്തേക്ക് കടക്കുന്നതിനു മുമ്പുതന്നെ ഒരു കൗണ്ടര്‍ കാണാം. അതിനു മുന്നില്‍ MAY I HELP YOU എന്ന് എഴുതിവെച്ചിട്ടുണ്ടാവും. നമ്മളുടെ കൗണ്ടര്‍ അകത്താണെന്നേയുള്ളൂ. ഫലത്തില്‍ അത്തരമൊരു കൗണ്ടറാണ് റിസീവറുടെ കാബിന്‍. ആരും നേരിട്ടു കയറിവരാറില്ലെന്നേയുള്ളൂ. എന്നാല്‍, വല്ലപ്പോഴുമൊക്കെ അങ്ങനെയും സംഭവിക്കാറുണ്ട് കേട്ടോ. അങ്ങനെയുള്ളവരെ തന്ത്രപൂര്‍വം സമീപിക്കണം.’’
‘‘എനിക്കു മനസ്സിലായില്ല സര്‍.’’
‘‘അതൊക്കെ ജോലിക്കു ചേര്‍ന്നാല്‍ മനസ്സിലായിക്കോളും. ആട്ടെ; എന്നാണ് ജോലിക്കു ചേരുന്നത്?’’
‘‘മറ്റന്നാള്‍തന്നെ വേണമെന്നാണ് മാനേജിങ് എഡിറ്റര്‍ പറഞ്ഞത്.’’
‘‘എങ്കില്‍ അത്രയും നല്ലത്. സൂണര്‍ ദ ബെറ്റര്‍. ഇന്നു വീട്ടില്‍ പോയിട്ട് മറ്റന്നാള്‍ വരാനാണോ ഉദ്ദേശിക്കുന്നത്?’’
‘‘അതെ.’’
‘‘എങ്കില്‍ ഒരു കാര്യം ചെയ്യൂ.’’ ഷെല്‍ഫില്‍നിന്ന് ഒറ്റ പിടിയില്‍ കിട്ടിയ കുറച്ചു ‘ശാരിക’ മേശപ്പുറത്തേക്കിട്ട് അദ്ദേഹം തുടര്‍ന്നു.
‘‘ഇത് കയ്യില്‍ വെച്ചോളൂ. നമ്മുടെ വാരിക വായിക്കാറില്ലെന്നല്ലേ പറഞ്ഞത്? ഇത് കഴിഞ്ഞ മൂന്നുമാസത്തെയാണ്. എല്ലാം ഒന്നു മറിച്ചുനോക്കിയാല്‍ എങ്ങനെയുള്ളതാണ് നമ്മുടെ വാരിക എന്ന ഒരേകദേശ രൂപം കിട്ടും. ഫോണ്‍ കോളുകള്‍ക്കു വേണ്ടപോലെ മറുപടി പറയാന്‍ ഇത് ആവശ്യമായി വരും.’’
ഒരു വലിയ സഞ്ചിയില്‍ എല്ലാം കുത്തിത്തിരുകിവെച്ച് അദ്ദേഹം അത് എനിക്കു നേരെ നീട്ടി. ഞാന്‍ അതു കൈയില്‍ വാങ്ങി എഴുന്നേറ്റപ്പോള്‍ അദ്ദേഹവും എഴുന്നേറ്റുനിന്ന് എനിക്കു കൈ തന്നു.
‘‘ഓള്‍ ദ ബെസ്റ്റ്.’’
കാബിനില്‍നിന്നു പുറത്തു കടക്കാന്‍ ഭാവിക്കുമ്പോള്‍ മാനേജിങ് എഡിറ്ററെപ്പോലെത്തന്നെ എഡിറ്ററും പിന്‍വിളി വിളിച്ചു.
‘‘തലിയാര്‍ഖാന്‍!’’
ഞാന്‍ തിരിഞ്ഞുനിന്നു.
‘‘നിങ്ങളുടെ പേര് തൂലികാനാമത്തിനു പറ്റിയതാണെന്ന് ഞാന്‍ വെറുതെ പറഞ്ഞതല്ല കേട്ടോ. പെട്ടെന്ന് ആരുടെയും മനസ്സില്‍ സ്ട്രൈക് ചെയ്യും. പക്ഷേ, തല്‍ക്കാലം അതിനൊന്നും മിനക്കെടണ്ട. നിങ്ങളുടെ ജോലി അതല്ല. വായനക്കാരനും എഴുത്തുകാരനും തമ്മില്‍ അല്ലെങ്കില്‍ വായനക്കാരനും എഡിറ്ററും തമ്മില്‍ ഒരു പാലം: അതാണ് ഈ പത്രമാപ്പീസില്‍ നിങ്ങളുടെ റോള്‍. മനസ്സിലായല്ലോ.’’
ഞാന്‍ ഉവ്വെന്നു തലയാട്ടി. എന്നിട്ടും മതിയാവാതെ എഡിറ്റര്‍ തുടര്‍ന്നു.
‘‘സബ് എഡിറ്ററോ അസോസിയേറ്റ് എഡിറ്ററോ ഒന്നുമല്ല. അങ്ങനെ ഒരു തസ്തികയേ അല്ല. നല്ലവണ്ണം ഉരുവിട്ട് ഉറപ്പിച്ചോളൂ: റിസീവര്‍, റിസീവര്‍. അതു മാത്രം.’’
ഒന്നുകൂടി തലയാട്ടി ഞാന്‍ കാബിനില്‍നിന്ന് പുറത്തു കടന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.