അശോകന്റെ സാമ്രാജ്യത്തേക്കാൾ അൽപം ചെറുതായിരുന്നെങ്കിലും ഈ ഔറംഗസേബ് ആലംഗീറായിരുന്നു ലോകചരിത്രത്തില്‍ അശോകനുശേഷം അടുത്ത വലിയ സാമ്രാജ്യാധിപതി. തന്റെ ജീവിതകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികൻകൂടിയായിരുന്നു അവന്‍. എന്നാൽ, അവൻ എന്താണ് ചെയ്തത്? നേരത്തേ തന്നെ പറഞ്ഞു. അവന്‍ പിന്തുടര്‍ന്നിരുന്ന മതതത്വപ്രകാരം തറയിൽ കിടന്നുറങ്ങി. തൊപ്പികൾ തുന്നി വിറ്റും ഖുര്‍ആന്‍ എഴുതി വിറ്റും കിട്ടുന്ന പൈസകൊണ്ട് ജീവിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ എന്നു താങ്കള്‍ക്ക് തോന്നാം. ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! എന്നാൽ മുന്നൂറ് വർഷത്തിലേറെയായി ഈ...
അശോകന്റെ സാമ്രാജ്യത്തേക്കാൾ അൽപം ചെറുതായിരുന്നെങ്കിലും ഈ ഔറംഗസേബ് ആലംഗീറായിരുന്നു ലോകചരിത്രത്തില്‍ അശോകനുശേഷം അടുത്ത വലിയ സാമ്രാജ്യാധിപതി. തന്റെ ജീവിതകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികൻകൂടിയായിരുന്നു അവന്‍. എന്നാൽ, അവൻ എന്താണ് ചെയ്തത്? നേരത്തേ തന്നെ പറഞ്ഞു. അവന്‍ പിന്തുടര്‍ന്നിരുന്ന മതതത്വപ്രകാരം തറയിൽ കിടന്നുറങ്ങി. തൊപ്പികൾ തുന്നി വിറ്റും ഖുര്‍ആന്‍ എഴുതി വിറ്റും കിട്ടുന്ന പൈസകൊണ്ട് ജീവിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ എന്നു താങ്കള്‍ക്ക് തോന്നാം. ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! എന്നാൽ മുന്നൂറ് വർഷത്തിലേറെയായി ഈ അടിമക്കെതിരെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങൾക്കു മുന്നിലും അശോകനെക്കുറിച്ച് പ്രചരിക്കുന്ന കെട്ടുകഥകൾക്ക് മുന്നിലും ഞാനിങ്ങനെ ആവര്‍ത്തിച്ചു പറയുന്നതെല്ലം വെറും ജുജൂബി!
ശരി, വിഷയത്തിലേക്ക് വരാം. ഈ അടിമ –ഒരു മഹാ സാമ്രാജ്യത്തിന്റെ അധിപതി– ഒരു മതത്തെ പിന്‍പറ്റുന്നതിനാല്‍ തന്റെ പ്രജകളും ആ മതംതന്നെ പിന്തുടരണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചുവോ? ഇല്ലല്ലോ? ബഹുഭൂരിപക്ഷം ആളുകളും പിന്തുടരുന്ന മതത്തില്‍, അവന് അൽപംപോലും ഇഷ്ടമല്ലാതിരുന്ന വിഗ്രഹാരാധനയുണ്ടായിരുന്നെങ്കിലും അത് മറ്റൊരാളുടെ മതമെന്നും അതിൽ തലയിടാന്‍ നമുക്ക് യാതൊരു അവകാശവുമില്ലെന്നും കരുതി അവർക്കായി ക്ഷേത്രങ്ങൾ പണിതു നല്‍കുകയല്ലേ അവന്‍ ചെയ്തത്? തന്റെ മുഖ്യ സഹായിയായി ഒരു ബ്രാഹ്മണനെയല്ലേ കൂടെ നിര്‍ത്തിയിരുന്നത്? അവന്റെ സേനാധിപന്മാരില്‍ മുക്കാൽ ഭാഗവും രജപുത്ര ഹിന്ദുക്കളായിരുന്നില്ലേ? അങ്ങനെയുള്ള അവന്റെ പേരു നീക്കംചെയ്തിട്ട് വ്യാജവും കൗശലപൂര്‍വവുമായ മാര്‍ക്കറ്റിങ്ങിലൂടെ തന്റെ നാമം സ്ഥാപിച്ചവന്റെ പേരിനെയല്ലേ നിങ്ങൾ കൊണ്ടുനടക്കുന്നത്? അദ്ദേഹത്തിന് പാദസേവ ചെയ്തവരും അദ്ദേഹത്തില്‍നിന്ന് പ്രയോജനം നേടിയ സന്യാസിമാരും എഴുതിയതല്ലാതെ അദ്ദേഹത്തെക്കുറിച്ച് മറ്റെന്തു തെളിവാണുള്ളത്?
താങ്കളോട് സാംസാരിക്കണമെന്നതിനാലും എന്റെ മേൽ ചുമത്തിയിട്ടുള്ള ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമോയെന്ന് ശ്രമിക്കാനായും ചരിത്രത്തെയും സാമൂഹിക സാഹചര്യങ്ങളെയും ഞാനൊരു അവലോകനത്തിന് വിധേയമാക്കി. ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, അപ്പോൾ ഞാൻ കണ്ട മറ്റൊരു അത്ഭുതമെന്തെന്നാല്‍, ഹിന്ദുസ്ഥാന്റെ ചരിത്രത്തിൽ മറക്കാന്‍തന്നെ സാധിക്കാത്ത മനുഷ്യവിരോധിയായി വെളിപ്പെട്ടതാരാണോ, അയാളുടെ പേരാണ് ഒരു നടൻ തന്റെ മകന് നൽകിയത്. ഒരു സാധാരണ നടനാണോ അദ്ദേഹം? രാജകുടുംബത്തില്‍ പിറന്നയാള്‍. സെയ്ഫ് അലി ഖാന്‍. കുഞ്ഞിന്റെ പേര് തൈമൂർ! സുബ്ഹാനല്ലാഹ്! ഇതൊക്കെയാണെങ്കിലും വലിയൊരു വായനക്കാരനാണെന്ന് അറിയപ്പെടുന്നയാളാണ് സെയ്ഫ് അലി ഖാന്‍. അദ്ദേഹത്തിന്റെ ഗ്രന്ഥപ്പുര മുംബൈ സിനിമാലോകത്ത് പ്രസിദ്ധമാണ്. ഉംബർട്ടോ എക്കോ പോലുള്ള എഴുത്താളനെ വായിച്ച മനുഷ്യന്‍ തന്റെ മകന് തൈമൂർ എന്നാണ് പേരിട്ടിരിക്കുന്നത്. ചോദിച്ചാല്‍, ‘തൈമൂർ’ എന്ന വാക്കിന്റെ ശബ്ദം തനിക്ക് ഇഷ്ടമാണെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ കരീന കപൂർ പറയുന്നത്. ഡേയ് വിഡ്ഢിക്കൂശ്മാണ്ഡങ്ങളേ, യൂറോപ്പിൽ ആരെങ്കിലും കുഞ്ഞിന് ഹിറ്റ്ലർ എന്നു പേരിടുമോ? നിങ്ങൾക്കൊക്കെ അൽപമെങ്കിലും സുബോധമില്ലേ? നിങ്ങളെ നശിപ്പിക്കുന്നത് പഠിപ്പാണെന്ന് ഞാന്‍ കരുതുന്നു. സെയ്ഫ് അലി ഖാൻ പഠിപ്പില്ലാത്ത ആസാമിയായിരുന്നെങ്കിൽ അദ്ദേഹത്തിന് തൈമൂർ എന്ന പേരുതന്നെ അറിയുമായിരുന്നില്ല, ശരിയല്ലേ? എല്ലാം പഠിപ്പു മൂലമുണ്ടായ വിനയാണെന്ന് കരുതേണ്ടിയിരിക്കുന്നു!
പിതൃവഴിയില്‍ തൈമൂർ എന്റെ പൂർവികനാണെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം ന്യായമാണ് രക്തബന്ധത്തേക്കാൾ വലുത്. തുടക്കത്തിൽ പറഞ്ഞിരുന്നുവല്ലോ, അഖ്ലാക്കും അദബുമാണ് എന്റെ റൂഹെന്ന്.
ഇങ്ങനെ ചരിത്രവുമറിയാതെ ഒരു മണ്ണാങ്കട്ടയുമറിയാതെ കുഞ്ഞിന് തൈമൂർ എന്ന് പേരിട്ടിട്ടുണ്ടല്ലോ, ഔറംഗസേബെന്നു ആരെങ്കിലും പേരു നല്‍കുമോ?
തൈമൂറിനെക്കുറിച്ച് പോകുന്ന പോക്കില്‍ ഞാൻ പറയുന്നതൊന്നുമല്ല. തൈമൂറിന്റെ ആത്മകഥ തന്നെ നമ്മുടെ മുന്നിലുണ്ട്. ആ ആത്മകഥയിൽ തൈമൂര്‍ വളരെ അഭിമാനത്തോടെ വിവരിക്കുന്ന ഒരു സംഭവമാണിത്: “പണ്ഡിതനായ മൗലാനാ നസീറുദ്ദീൻ ഒമർ തന്റെ ജീവിതത്തിൽ അതുവരെ ഒരു കുരുവിയെപ്പോലും കൊന്നിട്ടില്ല. എന്നാൽ അന്നെന്റെ ആജ്ഞയ്ക്ക് വഴങ്ങി അവന്‍ സ്വന്തം കൈകൊണ്ട് പതിനഞ്ച് ഹിന്ദുക്കളെ വധിച്ചു.” ഒരു കോടി എഴുപത് ലക്ഷമായിരുന്നു തൈമൂര്‍ തന്റെ ജീവിതകാലത്ത് കൊന്നൊടുക്കിയവരുടെ എണ്ണം. അക്കാലത്തെ ലോകജനസംഖ്യയുടെ അഞ്ചുശതമാനമെന്നു പറയുമ്പോള്‍ നിങ്ങള്‍ ആലോചിച്ചു നോക്കുക, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ!
ഈ അടിമ നേരത്തേ വിവരിച്ചതുപോലെ, ഈ രീതിയിൽ കൊല്ലപ്പെട്ട ദില്ലിക്കാരിൽ മുസ്‍ലിംകള്‍ ആരാണെന്നും ഹിന്ദുക്കള്‍ ആരാണെന്നുമുള്ള ഭേദം തന്നെ കണ്ടിരുന്നില്ല. ഹിന്ദുസ്ഥാനിൽ ജീവിക്കുന്ന എല്ലാവരുംതന്നെ ഹിന്ദുക്കളാണെന്നും, അവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നുള്ളതായിരുന്നു തൈമൂറിന്റെ വാദം.
ഞാനൊരു സംഭവം പറയാം. ജഹാംഗീർ ബാദുഷ തന്റെ മകനായ രാജകുമാരന്‍ ഖുസ്രുവിനെ അന്ധനാക്കാനായി ഉത്തരവിട്ടു. കുറച്ചുകൂടി വിശദീകരിച്ച് പറയേണ്ടതുണ്ട്. അക്ബര്‍ ബാദുഷയ്ക്കും ജഹാംഗീര്‍ രാജകുമാരനും ഒത്തുപോയിരുന്നില്ല. കാരണം, ജഹാംഗീർ രാജകുമാരൻ മദ്യത്തിന് അടിമയായിരുന്നു. ഇതിനുപുറമെ കഞ്ചാവ്, അഫീന്‍ തുടങ്ങിയ ലഹരിമരുന്നുകൾക്കും അടിമയായിരുന്നു. കൂടാതെ സ്ത്രീലമ്പടനും. ഇരുപതിലധികം ഭാര്യമാർ. കണക്കില്ലാത്ത വെപ്പാട്ടികള്‍. പിതാവിനെപ്പോലെ തന്നെയായിരിക്കുമല്ലോ പുത്രനും? അർഷ് ആഷ്യാനി അക്ബർ ബാദുഷയുടെ ഭാര്യമാരെ എണ്ണാന്‍ സാധിക്കില്ലെന്ന് പറയപ്പെടുന്നു. അർഷ് ആഷ്യാനിക്ക് കുതിരകളേക്കാൾ കൂടുതൽ ഭാര്യമാരുണ്ടായിരുന്നുവെന്ന രഹസ്യമായ തമാശ കൊട്ടാരത്തിൽ പ്രചരിച്ചിരുന്നു. അർഷ് അഷ്യാനി പദവിയിലിരിക്കുമ്പോൾ തന്നെ സലിം രാജകുമാരൻ (ജഹാംഗീർ) സിംഹാസനത്തിനായി അവകാശമുന്നയിക്കുന്നു. അതേസമയം, സലിമിന്റെ മൂത്ത മകൻ ഖുസ്രോ, തന്റെ പിതാവിന് നേർ വിപരീതമായിരുന്നു. ഖുസ്രോ ജനിക്കുമ്പോൾ സലിം രാജകുമാരന് പതിനെട്ടായിരുന്നു പ്രായം. അർഷ് ആഷ്യാനിയുടെ ഭാര്യ ജോധ ബായിയുടെ മൂത്ത സഹോദരനായ ഭഗവന്ത് സിങ്ങിന്റെ മകൾ മൻഭാവതി ബായിയാണ് ഖുസ്രോയുടെ മാതാവ്.
ഖുസ്രോക്ക് മദ്യത്തില്‍ കമ്പമില്ലായിരുന്നു. അതുപോലെ അഫീനിനോടും. സ്ത്രീലമ്പടത്വവുമില്ല. പ്രജകള്‍ക്കിടയില്‍ ജനപ്രിയനും വളരെ കഴിവുള്ളവനുമായിരുന്നതിനാല്‍ തന്റെ പേരമകൻ ഖുസ്രോയെ അടുത്ത കിരീടാവകാശിയായി തിരഞ്ഞെടുക്കാമെന്ന് അർഷ് ആഷ്യാനി കരുതുന്നു. സലിം രാജകുമാരന്റെ പക്ഷമെന്നും രാജകുമാരൻ ഖുസ്രോയുടെ പക്ഷമെന്നും ദര്‍ബാര്‍ രണ്ടായി വിഭജിക്കപ്പെട്ടു കിടക്കുകയാണ്. പിതാവും മകനും തമ്മില്‍ ശത്രുത. ഈ ശത്രുത കാരണം മാനസിക പിരിമുറുക്കം വന്ന് മൻഭാവതി ബായി ആത്മഹത്യ ചെയ്യുന്നു. ആ ആത്മഹത്യയാണ് സലിം രാജകുമാരന് ജഹാംഗീറായി സിംഹാസനത്തിൽ കയറാൻ വഴിയൊരുക്കുന്നത്. അർഷ് ആഷ്യാനി അപ്പോള്‍ മരണക്കിടക്കയിലുമാണ്.
ജഹാംഗീർ ബാദുഷ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽതന്നെ ഖുസ്രോ കലാപം ആരംഭിച്ചു. കലാപം കൊടുമ്പിരികൊണ്ടപ്പോള്‍, ഒരു ഘട്ടത്തിൽ ഖുസ്രോവിനെ അന്ധനാക്കാൻ ജഹാംഗീർ നിർബന്ധിതനായി. ദര്‍ബാറിലെ മുതിർന്നവർ ഖുസ്രോ രാജകുമാരനോട് കരുണ കാണിക്കണമെന്ന് ജഹാംഗീർ ബാദുഷയോട് അപേക്ഷിച്ചു. അപ്പോൾ ജഹാംഗീർ ബാദുഷ പറഞ്ഞ വാക്കുകൾ, “ഒരു രാജാവിന് ബന്ധമോ വാത്സല്യമോ പാടുള്ളതല്ല. സമൂഹത്തിനുവേണ്ടി വിട്ടുകൊടുക്കപ്പെട്ടവനാണ് അവന്‍” എന്നാണ്. അതേപോലെ, ഈ അടിമക്ക് ബന്ധം, വാത്സല്യം എന്നിവയെക്കാള്‍ പ്രധാനം നീതിയാണ്. അതിനാൽ, പിതൃവഴിയില്‍ ഈ അടിമ അമീർ തൈമൂറിന്റെ സന്തതിയാണെങ്കിലും, അഖ്ലാഖാണ് നമുക്ക് പ്രധാനം. പൂര്‍വികനായതിനാല്‍ പാശ്ചാത്യര്‍ പറയുന്ന ഞൊണ്ടി തൈമൂര്‍ എന്നതിനു പകരം അമീർ തൈമൂറെന്നു പരാമർശിച്ചു പോരുന്നു. ഇത്രമാത്രമാണ് ഈ അടിമക്ക് ചെയ്യാൻ കഴിയുക.
നോക്കൂ, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ... ഇത്രയും സംസാരിച്ചിട്ടും ഞാനെന്റെ കഥ ആരംഭിച്ചിട്ടില്ല. അതുകൂടാതെ, ഈ അടിമയുടെ കഥ പറയുന്നത് ഈ അടിമയാണോ അതോ താങ്കളാണോ എന്ന് സംശയിക്കുന്ന തരത്തിൽ എന്റെ ഭാഷ താങ്കളുടെ ഭാഷ പോലെ മാറിയിരിക്കുന്നു. എന്റെ കഥ ലോകത്തോടു പറയാൻ രണ്ടു പ്രാവശ്യം കൂടുവിട്ട് കൂടു മാറിയിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഒന്ന്, ഈ അഘോരി. രണ്ടാമതായി താങ്കള്‍. ശരി അതിരിക്കട്ടെ. എല്ലാം ദൈവഹിതം. എന്റെ കഥ ആരംഭിക്കുന്നതിന് മുമ്പ് ഗീത്തി സിതാനി ഫിർദൗസെ മക്കാനി ബാബര്‍ ബാദുഷാ ഗാസിയെക്കുറിച്ച് സംസാരിക്കാം. അദ്ദേഹത്തിന്റെ കഥയ്ക്കുള്ള ആധാരരേഖയാണ് ബാബര്‍നാമ. താങ്കളത് വായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
ഞാൻ പറയാനാഗ്രഹിച്ചതെല്ലാം താങ്കള്‍ പറഞ്ഞിട്ടുണ്ട്, ശഹെന്‍ഷാഹ്… ബാബർനാമ വായിക്കുമ്പോഴെല്ലാം അതിലെ കവിതയാണ് എന്നെ വളരെയധികം ആകർഷിച്ചത്. ആ ആത്മകഥ മുഴുവൻ കവിതകൊണ്ടെഴുതിയതുപോലെയാണ് എനിക്കു തോന്നുന്നത് ഹുസൂർ... തന്റെ പതിനേഴാം വയസ്സില്‍ അദ്ദേഹം ഇത്തരമൊരു കവിത എഴുതുന്നുണ്ട്:
ചിലപ്പോള്‍
ഇങ്ങനെയാണ്
ഒരു ഉന്മാദിയെപ്പോലെ
കാടും മലയിലുമെല്ലാം
ഏകാന്തമായി
ഞാന്‍ അലഞ്ഞുതിരിയുന്നു.
ചിലപ്പോള്‍
ഇങ്ങനെയാണ്
പൂങ്കാവനങ്ങളിലും
നഗരത്തിലെ തിരക്കേറിയ
വഴിയോരങ്ങളിലും
ഞാൻ നിൽക്കുകയും
നടക്കുകയുംചെയ്യുന്നു.
ഞാനിങ്ങനെ അലയുന്നതൊന്നും
എന്റെ ഇഷ്ടംകൊണ്ടല്ല.
എവിടെയാണ് പോകേണ്ടത്
എവിടെയാണ് നില്‍ക്കേണ്ടത്
എന്നുള്ളതൊന്നും
എന്റെ പക്കലല്ല.
യാതൊന്നിന്റെയും തീര്‍പ്പും
എന്റെ കൈകളിലില്ല...
1503ൽ നടന്ന അഖ്സി യുദ്ധത്തില്‍ ഫിർദൗസെ മക്കാനിയുടെ ബന്ധുക്കളായ ഖാൻ സഹോദരന്മാർ പരാജയപ്പെടുന്നുണ്ട്. ബാബറും അദ്ദേഹത്തിന്റെ സഹ യോദ്ധാവ് മിർസ ഗുലിയും മാത്രമാണ് അവശേഷിച്ചത്. ഇരുവരെയും ശത്രുക്കൾ വളഞ്ഞു. മിർസ ഗുലിയുടെ കുതിര തളർന്നുവീണു. എന്തുചെയ്യണമെന്നറിയാതെ ബാബറിനെ നോക്കുകയാണ് മിർസ ഗുലി. “നിന്നെ തനിച്ചാക്കി ഞാന്‍ മാത്രം രക്ഷപ്പെട്ടിട്ട് എന്തുചെയ്യാന്‍? ജീവിതമോ മരണമോ, എന്തായാലും നമ്മൾ ഇരുവരും ഒരുമിച്ചു തന്നെ നേരിടാം” എന്നു പറയുന്നു ബാബര്‍.
“ഇല്ല, താങ്കള്‍ പുറപ്പെട്ടുകൊള്ളുക. താങ്കളെങ്കിലും രക്ഷപ്പെടുക.”
“ശത്രുക്കളുടെ ഇടയിലാക്കി ഞാനിങ്ങനെ ഉപേക്ഷിച്ചിട്ടു പോകില്ല, ജീവിതവും മരണവും എനിക്ക് ഒരുപോലെയാണ്.”
“ചർച്ചചെയ്യാന്‍ സമയമില്ല, ബാദുഷാ. താങ്കള്‍ എന്നെപ്പോലെയൊരു വ്യക്തിയല്ല. ഒരു സാമ്രാജ്യംതന്നെ കെട്ടിപ്പടുക്കേണ്ടയാള്‍. ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയെങ്കിലും താങ്കള്‍ ജീവിക്കണം. ഈ ഒരുത്തനുവേണ്ടി താങ്കള്‍ ജീവൻ വെടിയരുത്. ദയവായി പോകൂ.”
അതിനപ്പുറം മിർസ ഗുലിയുടെ വാക്കുകള്‍ ചെറുക്കാൻ കഴിയാത്ത ബാബർ അദ്ദേഹത്തെ തിരിഞ്ഞുനോക്കിക്കൊണ്ടുതന്നെ ഒറ്റക്ക് കാട്ടിലേക്ക് ചെന്ന് ഒളിച്ചുകളയുന്നു. ബാബറിന് അപ്പോള്‍ ഇരുപതു വയസ്സായിരുന്നു പ്രായം. ബാബറിന്റെ ജീവിതത്തിൽ ഇങ്ങനെ നിരവധി മുഹൂർത്തങ്ങള്‍... മരണമല്ലാതെ മറ്റു വഴിതന്നെയില്ലായെന്ന് ജീവിതത്തിന്റെ വാതിലുകൾ അടഞ്ഞ നിമിഷങ്ങൾ... ഏതു സ്ഥലത്തും തന്റെ സേനാധിപന്മാര്‍ വേറെയെന്നും താന്‍ വേറെയെന്നും അദ്ദേഹം കരുതിയിരുന്നേയില്ല.
ഒരു സ്ഥലത്ത് “ഒരാള്‍ തന്റെ ജീവനുവേണ്ടി ഭയപ്പെടുന്നതിനേക്കാളും മോശമായ കാര്യം ഈ ലോകത്ത് യാതൊന്നുമില്ല” എന്നദ്ദേഹം പറയുന്നു. മറ്റൊരിടത്ത് “ഇതിലപ്പുറം സഹിക്കാന്‍ പറ്റില്ല. ഒരു ദിവസമോ നൂറ്റാണ്ടുകളോ, ഒടുവില്‍ മനുഷ്യന്‍ ഈ മോശമായ ‘കൊട്ടാരം’ വിട്ടുപോകേണ്ടവന്‍ തന്നെയല്ലേ?” എന്നെഴുതുന്നു.
ഒരിക്കൽ അദ്ദേഹം കർനാൻ എന്ന ഗ്രാമത്തിൽ നിസ്സഹായാവസ്ഥയിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ മനസ്സ് മരിക്കാൻ തയാറായി നിന്നു. തോട്ടത്തിൽ വെള്ളം ഒഴുകിക്കൊണ്ടിരുന്നു. വുദു ചെയ്തിട്ട് രണ്ടു റക്അത്ത് നമസ്കാരം നിര്‍വഹിക്കുന്നു. ഈ ചെറിയ ജീവിതത്തിലെ അവസാനത്തെ നിസ്കാരമായിരിക്കുമെന്ന് മനസ്സ് പിറുപിറുക്കുന്നു. നിസ്കരിച്ച ശേഷം അർധബോധാവസ്ഥയിൽ ദൈവവുമായി അദ്ദേഹം സംസാരിക്കുന്നു. അപ്പോൾ അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ പ്രിയപ്പെട്ട സൂഫി സന്യാസി ഉബയത്തുല്ല പ്രത്യക്ഷപ്പെടുന്നു. “നിനക്ക് എപ്പോഴെല്ലാം ആവശ്യമുണ്ടോ, അപ്പോഴെല്ലാം എന്നെ വിളിക്കുക, ഞാന്‍ വരാം”, അദ്ദേഹം പറയുന്നു. ഉറക്കം തുടരാന്‍ കഴിയുന്നില്ല. രണ്ടുപേര്‍ കുശുകുശുത്ത് സംസാരിക്കുന്നതു കേള്‍ക്കുന്നു. യാതൊരു ശബ്ദവുമുണ്ടാക്കാതെ അദ്ദേഹം അതിലേക്ക് കാതുകൂര്‍പ്പിക്കുന്നു. സഹായിക്കാൻ വന്നതാണെന്ന് പറഞ്ഞ് അദ്ദേഹത്തിനൊപ്പം ചേര്‍ന്ന രണ്ടുപേർ, അദ്ദേഹത്തെ കെട്ടിയിട്ട് പൊക്കിക്കൊണ്ടു പോകാമെന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ വിനയവും വിശുദ്ധ ഗ്രന്ഥത്തിനു മേലെ കൈവെച്ച് ശപഥംചെയ്തതും വിശ്വസിക്കാതെ, അവർ ശത്രുക്കളുടെ ആളുകളായിരിക്കുമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് തോന്നി.
“ഇതാണോ നിങ്ങളെന്നെ സഹായിക്കാമെന്നു പറഞ്ഞു വന്ന കഥ?” എന്നു ബാബർ അവരെ നോക്കി ഉറക്കെ ചോദിക്കുന്നു. അപ്പോൾ തോട്ടത്തിനു പുറത്ത് സൈനികരുടെ കുതിരകള്‍ ചിനക്കുന്ന ശബ്ദം. “നിങ്ങൾ അകപ്പെട്ടുകഴിഞ്ഞു. ഇത്രയും ആള്‍ക്കാരെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല”, ഇരുവരും പറഞ്ഞു. നോക്കുമ്പോഴുണ്ട്, വന്നയാളുകള്‍ ബാബറിന്റെ ദീർഘകാല സേവകരായിരുന്നു. ഗൂഢാലോചന ചെയ്ത രണ്ടു പേരില്‍ ഒരാൾ രക്ഷപ്പെടുകയും മറ്റൊരാൾ പിടിക്കപ്പെടുകയുംചെയ്യുന്നു.
ഈ സംഭവത്തിൽനിന്ന് ഞാൻ മനസ്സിലാക്കിയ പ്രധാനപ്പെട്ട കാര്യം, ബാബറിനും സൈനികർക്കും ഒരേസമയം രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ ലഭിച്ച ദൈവികസന്ദേശം. അദ്ദേഹത്തിന്റെ അടുക്കലെത്തിച്ചേര്‍ന്ന സൈനികരോട് ബാബർ ചോദിക്കുന്നു, ഞാൻ ഈ ഗ്രാമത്തിലുണ്ടെന്ന കാര്യം നിങ്ങളെങ്ങനെയാണ് അറിഞ്ഞത്?
‘‘ഖ്വാജ ഉബയത്തുല്ല ഞങ്ങളുടെ സ്വപ്നത്തിൽ വന്ന് ബാബർ ബാദുഷ കർനാൻ ഗ്രാമത്തിലുണ്ടെന്ന് ഞങ്ങളെ അറിയിച്ചു’’ എന്നു പറഞ്ഞു സഹായിക്കാൻ വന്ന സൈനികർ.
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.