ലോക്കപ്പ്

ദി എംപയർ ബിസിനസ് മാളിൽ രണ്ടാമത്തെ ഫ്ലോറിലാണ് അമിത് അസോസിയേറ്റ്സ്. മൾട്ടി നാഷനൽ കമ്പനികളുടെ എക്സിക്യൂട്ടിവ്സിന്റെ സാന്നിധ്യം ആ ഫ്ലോറിന് ഇന്റർനാഷനൽ ലുക്ക് നൽകിയിട്ടുണ്ട്. ഏറ്റവും ആധുനികരീതിയിൽ ഫർണിഷ് ചെയ്ത കാബിനിൽ അമിത് ഇരിക്കുന്നു. ഗഹനമായി ചിന്തിക്കുകയും ലാപ്ടോപ്പിൽ ടൈപ് ചെയ്യുകയും ചെയ്യുന്നുണ്ട് അയാൾ. അയാൾക്ക് ഹിന്ദി മെലഡി സോങ്ങുകൾ ഇഷ്ടമാണ്. അശരീരിപോലെ അയാൾക്ക് പിന്നിൽ ഒരു പാട്ട് പതിഞ്ഞ താളത്തിൽ ഒഴുകിക്കൊണ്ടിരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രിയിൽനിന്നും അവാർഡ് വാങ്ങുന്ന ചിത്രം ചുവരിൽ ഫ്രെയിംചെയ്ത് ​െവച്ചിരിക്കുന്നു. ഫോട്ടോയിലും കാഴ്ചയിലും അയാൾ സുന്ദരനാണ്. ടേബിളിനു മേൽ അയാളുടെ ഐ ഫോൺ...

ദി എംപയർ ബിസിനസ് മാളിൽ രണ്ടാമത്തെ ഫ്ലോറിലാണ് അമിത് അസോസിയേറ്റ്സ്. മൾട്ടി നാഷനൽ കമ്പനികളുടെ എക്സിക്യൂട്ടിവ്സിന്റെ സാന്നിധ്യം ആ ഫ്ലോറിന് ഇന്റർനാഷനൽ ലുക്ക് നൽകിയിട്ടുണ്ട്. ഏറ്റവും ആധുനികരീതിയിൽ ഫർണിഷ് ചെയ്ത കാബിനിൽ അമിത് ഇരിക്കുന്നു. ഗഹനമായി ചിന്തിക്കുകയും ലാപ്ടോപ്പിൽ ടൈപ് ചെയ്യുകയും ചെയ്യുന്നുണ്ട് അയാൾ. അയാൾക്ക് ഹിന്ദി മെലഡി സോങ്ങുകൾ ഇഷ്ടമാണ്. അശരീരിപോലെ അയാൾക്ക് പിന്നിൽ ഒരു പാട്ട് പതിഞ്ഞ താളത്തിൽ ഒഴുകിക്കൊണ്ടിരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രിയിൽനിന്നും അവാർഡ് വാങ്ങുന്ന ചിത്രം ചുവരിൽ ഫ്രെയിംചെയ്ത് ​െവച്ചിരിക്കുന്നു. ഫോട്ടോയിലും കാഴ്ചയിലും അയാൾ സുന്ദരനാണ്. ടേബിളിനു മേൽ അയാളുടെ ഐ ഫോൺ കുറേ നേരമായി വൈബ്രേറ്റ് ചെയ്യുന്നുണ്ട്. അയാളത് മൈൻഡ് ചെയ്യുന്നില്ല.

അപ്പോൾ കണ്ണാടി ഡോർ തുറന്ന് എക്സിക്യൂട്ടിവ് വേഷം ധരിച്ച യുവതി അവിടേക്ക് കടന്നുവന്നു. മീര. അമിതിന്റെ അസിസ്റ്റന്റാണ്. ഗൗരവം നടിക്കാൻ ശ്രമിക്കുന്ന മുഖമാണവൾക്ക്. എന്നാൽ, ജന്മനാ കിട്ടിയ നുണക്കുഴികൾ ഗൗരവസ്ഥയാവുക എന്ന അവളുടെ ആഗ്രഹത്തിന് തടസ്സം പിടിച്ചു.

അമിത്: എന്റെ നോട്സ് ഞാൻ മാർക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ഉൾക്കൊള്ളിച്ചു വേണം ഡീൽ ഡോക്യുമെന്റ്സ് ടൈപ് ചെയ്യാൻ.

മീര: ഓ.കെ സാർ. അഹ്മദാബാദ് കേസിന്റെ ആർബിട്രേഷൻ നാളെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

അമിത്: ഡീറ്റെയിൽസ് പറയൂ.

മീര: പെപ്സികോയും ഫാർമേഴ്സും ആയുള്ള.

അമിത്: FC5 പൊട്ടറ്റോ? ഒ.കെ. ആരാണ് അറ്റൻഡ് ചെയ്യുന്നത്?

ലേഡി: ഞാൻ തന്നെ. ഇതെന്റെ ഫസ്റ്റ് ഇൻഡിപെൻഡന്റ് കേസാണ് സാർ.

അമിത്: ഗുഡ്. നമ്മളുണ്ടാക്കിയ ഡീലിൽ ആർക്കാണ് ആത്യന്തികമായി നഷ്ടം വരുന്നത്.

മീര: രണ്ട് കൂട്ടർക്കും ഒ.കെയാണ് സാർ.

അമിത്: ദാറ്റ്സ് ഗുഡ്. പ്രസന്റ് പേറ്റന്റ് ലോസ് പ്രകാരം FC5 പൊട്ടറ്റോ സ്വതന്ത്രമായി കൾട്ടിവേറ്റ് ചെയ്യാൻ കർഷകർക്ക് അനുമതിയില്ല. അങ്ങനെയല്ലേ?

മീര: അതെ.

അമിത്: നിലവിൽ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മീര: ഫിഫ്റ്റി-സിക്സ്റ്റി വരും. എല്ലാവരും റിമാൻഡിലാണ്.

അമിത്: ഒക്കെ കർഷകരല്ലേ?

മീര: ഒന്നു രണ്ട് ആക്ടിവിസ്റ്റ്സ് കൂടിയുണ്ട്. ചില കർഷക സംഘടനകൾ അവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മീര ഡോർ തുറന്ന് പുറത്തിറങ്ങി. അപ്പോൾ അമിത് അവളെ പിന്നിൽനിന്നും വിളിച്ചു.

അമിത്: മീരാ യൂ ഡൂ വൺ തിങ്.

മീര തിരിഞ്ഞു നിന്നു.

അമിത്: ബ്രിങ് മി 10 kg ഓഫ് FC5 പൊട്ടറ്റോ.

മീര: ആർക്കാ സാർ?

അമിത്: ഫോർ ദയ.

‘‘വോട് എ കെയർ!’’ എന്നു പറഞ്ഞ് മീര ചിരിച്ചു. അമിതും ചിരിച്ചു. മേശയുടെ മുകളിൽ കിടന്ന് ഐഫോൺ പിന്നെയും വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ഇപ്പോഴും അയാളത് അറ്റൻഡ് ചെയ്തില്ല.

മീര പോയ്ക്കഴിഞ്ഞപ്പോൾ അമിത് അവളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാൻ തുടങ്ങി. ഈ കമ്പനിയുടെ തുടക്കം മുതൽ അവൾ ഒപ്പമുണ്ട്. ബി.ബി.എ.എൽ.എൽ.ബി കോഴ്സ് ചെയ്യാൻ വേണ്ടിയാണ് അവൾ മുംബൈയിൽ വന്നത്. ഒരിക്കൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർനാഷനൽ ആർബിട്രേഷൻ എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് അവളെ ആദ്യമായി കണ്ടത്. ക്ലാസ് കഴിഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോബിയിൽ ഇരിക്കുമ്പോൾ അവൾ അടുത്തേക്ക് വന്നു. അവളുടെ കവിളിലെ കറുത്ത മറുകാണ് ആദ്യം ശ്രദ്ധയിൽപെട്ടത്. മുഖത്തെ വെട്ടിത്തിളക്കവും. ‘‘സാർ മലയാളിയാണോ?’’ അവൾ ചോദിച്ചു. ‘‘അതെ. എങ്ങനെ മനസ്സിലായി.’’ വേഷത്തിലും ഭാവത്തിലും സംസാരത്തിൽനിന്നും താൻ മലയാളത്തെ അഴിച്ചു കളഞ്ഞു എന്നാണ് അയാൾ അതുവരെ ചിന്തിച്ചിരുന്നത്. അതിനു വേണ്ടി മീശ പോലും വടിച്ചുകളഞ്ഞിരുന്നു. ‘‘ഒരു കള്ളന് മറ്റൊരു കള്ളനെ കണ്ടാൽ എങ്ങനെ തിരിച്ചറിയാമോ, അങ്ങനെ’’, അവൾ പറഞ്ഞു. അന്ന് ശ്രദ്ധയിൽ പതിഞ്ഞ പെൺകുട്ടിയെ പിന്നീട് കാണുന്നത് കമ്പനിയിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ നടത്തുന്ന സമയത്താണ്. അങ്ങനെ അമിത് ആർബിട്രേറ്റേഴ്സിന്റെ ആദ്യത്തെ ഔദ്യോഗിക ജീവനക്കാരിയായി മീര കടന്നുവന്നു.

 

കൃത്യം അഞ്ചു മണിയായപ്പോൾ അമിത് ഓഫിസിൽനിന്നും ഇറങ്ങി. അതേ കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലാണ് അമിതും ദയയും താമസം. ലിഫ്റ്റ്-കാർ-വിമാനം ഇങ്ങനെ മൂന്ന് പ്രതലങ്ങളിൽ മാത്രം കാൽ ചവിട്ടി അയാൾ ലോകം ചുറ്റുന്നു. ആ ജീവിതത്തോട് ചേർന്നതിനു ശേഷം ദയക്ക് ഏകാകിത്വം ശീലമായി കഴിഞ്ഞിരുന്നു. എല്ലാ സൗഭാഗ്യങ്ങളും ഒത്തുചേർന്ന ഏകാന്തത. ഫോണിൽ സംസാരിച്ചുകൊണ്ടാണ് മിക്കപ്പോഴും അമിത് കടന്നുവരുന്നത്. ദയയുടെ സാന്നിധ്യംപോലും അയാൾ അറിയുന്നില്ല. ഫോൺചെയ്തുകൊണ്ട് തന്നെ അയാൾ ഡ്രസ് ചേഞ്ച് ചെയ്യുന്നു.

ഇന്നും അതേ ധൃതിയിൽത്തന്നെ അയാൾ ഫ്ലാറ്റിലേക്ക് വന്നു. ഫോണിൽ അയാൾ നിർത്തില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു. ഇടക്കിടെ ഏതൊക്കെയോ സംഖ്യകൾ ആവർത്തിച്ചു പറയുന്നുണ്ട്. ഏതോ നിയമവകുപ്പുകളാണ്. ദയക്ക് അയാളോടെന്തോ പറയാനുണ്ട്. കാര്യം പറയാനായി അവൾ അയാളുടെ പിന്നാലെ നടന്നു. അയാളുടെ ശ്രദ്ധ ആകർഷിക്കാൻ അവൾ എന്തെല്ലാമോ ആംഗ്യങ്ങൾ കാണിച്ചു. അയാളുടെ മുതുകിൽ തൊട്ടു. എന്നിട്ടും അമിത് തിരിഞ്ഞുപോലും നോക്കുന്നില്ല എന്നുകണ്ട് നിരാശയായി അവൾ തൊട്ടടുത്ത മുറിയിൽ ചെന്നിരുന്നു. അവിടെയിരുന്ന് അവൾ അവനെ ഫോൺ ചെയ്തു. അയാൾ ഫോൺ എടുത്തു.

ദയ: എടോ, ഐ വാണാ സ്പീക് ടു യൂ.

അമിത്: എന്താ കർഷക സമരത്തെ കുറിച്ചാണോ?

ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു.

ദയ: അതൊന്നുമല്ല. ഐ ജസ്റ്റ് വാണാ സ്പീക്.

അമിത് ഫോൺ കട്ട് ചെയ്ത് ഹാളിലേക്ക് വന്നു. ഓടിച്ചെന്ന് ദയയെ കെട്ടിപ്പിടിച്ചു. അവളുടെ നെറ്റിയിൽ ഉമ്മ ​െവച്ചു. ഇരുവരും ബാൽക്കണിയിൽ വന്ന് കസേരകളിൽ അഭിമുഖം ഇരുന്നു.

അമിത്: ഡീ, നാളെ മീര അഹ്മദാബാദിലേക്ക് പോകുന്നു.

ദയ: എന്താ?

അമിത്: ഒരു സെറ്റിൽമെന്റ്. പെപ്സി കമ്പനിയും കർഷകരുമായുള്ള ഒരു തർക്കം. നിനക്ക് ഇഷ്ടമുള്ള ഒരു പ്രോഡക്ടാണ്.

ദയ: എന്തോന്ന്?

അമിത്: FC5 പൊട്ടറ്റോ. 30,000 ഏക്കർ പൊട്ടറ്റോ പാടം സംബന്ധിച്ചുള്ളതാണ്. അതിന്റെ ഡീൽ തയാറാക്കിയത് മീരയാണ്. അത് വായിച്ച് തിരുത്തുന്ന തിരക്കിലായിരുന്നു ഞാൻ. തലച്ചോറ് മുഴുവൻ ഇന്റർനാഷനൽ ട്രേഡ് ലോസ്. പേറ്റന്റ് നിയമങ്ങൾ. അതാണ്, അല്ലാണ്ട് നിന്നെ അവോയ്ഡ് ചെയ്യുന്നതൊന്നുമല്ല.

ദയ: അതുപോട്ടെ, നിങ്ങൾ എഴുതിയുണ്ടാക്കിയ ഡീൽകൊണ്ട് ആർക്കാണ് ഫൈനൽ ലോസ് വരുന്നത്?

അമിത്: ഇരു കക്ഷികൾക്കും ലോസില്ല. അതുകൊണ്ടാണ് എന്റെ ആർബിട്രേഷന് ഡിമാൻഡ് ഉള്ളത്.

ഡൈനിങ് ടേബിളിൽനിന്നും ഫ്രഞ്ച് ഫ്രൈസ് എടുത്ത് കഴിച്ചുകൊണ്ട് അവൻ പറഞ്ഞു.

ദയ: അല്ല. നിന്റെ സെറ്റിൽമെന്റുകൊണ്ട് തലമുറകളോളം നഷ്ടം സഹിക്കേണ്ടി വരുന്ന ഒരു കൂട്ടരുണ്ട്. ആരാന്നറിയാമോ?

അമിത്: ആരാ?

ദയ: ആ മണ്ണിൽ ജീവിക്കുന്ന കർഷകർ. അവരുടെ മക്കൾ. മക്കളുടെ മക്കൾ.

അമിത്: സ്വാഭാവികം. ദയാ, എന്റെ കമ്മിറ്റ്മെന്റ് എന്റെ ക്ലയന്റ്സിനോടാണ്. ഇനി കർഷകരാണ് എന്റെ ക്ലയന്റ്സ് എന്നു വെച്ചോ, ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ഡീൽ ഞാൻ അവർക്കായി തയാറാക്കും. ദൗർഭാഗ്യവശാൽ ഇവിടെ എന്റെ ക്ലയന്റ്സ് വേൾഡിലെ വമ്പൻ കോർപറേറ്റുകളായിപ്പോയി.

 

ദയ: നീ ഇപ്പോൾ ഇരുന്ന് ഭക്ഷിക്കുന്നതിനൊക്കെ അവരോട് നന്ദി പറയണം.

അമിത്: അല്ലയോ കർഷകരേ, അന്നദാതാക്കളേ, എരിവെയിലിലും പെരുമഴയിലും പണിയെടുത്ത് ഞങ്ങളെ ഊട്ടുന്നവരേ നിങ്ങൾക്ക് സ്തുതി. മതിയോ?

അവൻ വീണ്ടും ഫ്രഞ്ച് ഫ്രൈസ് എടുത്ത് കഴിച്ചു.

ദയ: ഇത് പരിഹാസമാണ്. നോക്കിക്കോ, ഒരുനാൾ അവർ തിരിച്ചടിക്കാൻ തുടങ്ങും. വിൻ-വിൻ സിറ്റ്വേഷനിൽ അവസാനിക്കാത്ത കരാറുകളൊന്നും നിലനിൽക്കാൻ പോകുന്നില്ല. അതാണ് ആർബിട്രേഷനിലെ ഒന്നാമത്തെ നിയമമെന്ന് നീ എപ്പോഴും തട്ടിവിടാറുണ്ടല്ലോ.

അമിത്: ഡീ, എന്റെ മുന്നിൽ രണ്ട് ക്ലയന്റ്സാണുള്ളത്. അവർക്കിടയിൽ വിൻ-വിൻ സൃഷ്ടിച്ചതായി ബോധ്യപ്പെടുത്തുക മാത്രമാണ് എന്റെ ചുമതല. പിന്നെ എല്ലാ കരാറുകൾക്ക് പിന്നിലും ഒരു ഹിഡൻ കരാർകൂടി ഉണ്ടാവും.

ദയ: നിങ്ങളുടെ ദൃഷ്ടി ചെന്നെത്തുന്നതിനും അപ്പുറത്തുനിന്നും സാധാരണ മനുഷ്യർ ഉയർന്നുവന്ന് പ്രതികരിക്കും.

അമിത്: വിപ്ലവത്തെക്കുറിച്ചുള്ള ക്ലാസിക് സ്വപ്നമാണ് നീ പറഞ്ഞത്. അത്ര പ്രാക്ടിക്കൽ അല്ല. ഡ്രമാറ്റിക് ആണ് നിന്റെ അഭിപ്രായപ്രകടനങ്ങൾ. ഇതുംകൂടി കേൾക്കൂ, അങ്ങനെ തിരിച്ചടിക്കുന്നവരെ ലൈഫ് ലോങ് ഉള്ളിലാക്കാൻ പോന്നതാണ് നമ്മുടെ ഇന്ത്യൻ നിയമങ്ങൾ. നിനക്കറിയാമോ? ഇനി നിലവിലുള്ള നിയമങ്ങൾ പോരാതെ വന്നാൽ, ആ നിമിഷം പുതിയ ബിൽ പാർലമെന്റിൽ എത്തും. ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദ പവർ ഓഫ് ഇന്ത്യൻ കോർപറേറ്റ്സ്. ഇരുപതാം നൂറ്റാണ്ടിലെ ചൈനയല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ.

ദയ: ഇന്ത്യൻ നിയമം! ഇന്ത്യൻ നിയമം! എനിക്കറിയാം ഇവിടെ എന്നല്ല, പല ലോകരാജ്യങ്ങളിലെ പാർലമെന്റുകളിലും ഒറിജിനേറ്റ് ചെയ്യുന്ന ഭൂരിഭാഗം ബില്ലുകളും കോർപറേറ്റുകൾ ​​െപ്ര​േപ്പാസ് ചെയ്യുന്നതാണ്.

അമിത് അവളുടെ വായ് പൊത്തുന്നു. അങ്ങനെതന്നെ കെട്ടിപ്പിടിക്കുന്നു. ജനലരികിൽ വന്ന് നിൽക്കുന്നു. ജനലിലൂടെ നഗരത്തെ നോക്കുന്നു. പുറത്ത് വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ. വെളിച്ചത്തിൽ മുങ്ങിയ നഗരം. അർധരാത്രി.

അമിത്: ചെയ്ഞ്ച് ഈസ് ദ ഓർഡർ ഓഫ് ദ വേൾഡ്. ലോകത്തിന്റെ വേഗത വർധിച്ചു. ഒപ്പം ഓടാനാവാത്തവർ വഴിയിൽ വീഴും. ആർക്കും ആരെയും നോക്കിനിൽക്കാൻ സമയമില്ല. അതിന്റെയൊന്നും ആവശ്യവുമില്ല.

ദയ: ഒപ്പം ഓടിയെത്താനാവാത്ത മനുഷ്യരെ ചേർത്തുപിടിക്കുന്ന പ്രവൃത്തിക്ക് ഒരു പേരുണ്ട്.

അമിത്: വാട്സാറ്റ്?

ദയ: മനുഷ്യത്വം.

ബാൽക്കണിയിലിരുന്ന് ദയയും അമിതും മഹാനഗരത്തിലെ നിരത്തുകളെ നോക്കി. ആയിരക്കണക്കിന് വാഹനങ്ങൾ! പതിനായിരക്കണക്കിന് മനുഷ്യർ! അവർക്കെല്ലാംകൂടി ലക്ഷക്കണക്കിന് പ്രശ്നങ്ങൾ! പ്രശ്നങ്ങൾക്ക് പ്രഭവസ്ഥാനങ്ങൾ ഉണ്ട്. അത് മിക്കപ്പോഴും ഒരു ചെറുതരി കനൽ മാത്രമായിരിക്കും. മനുഷ്യർക്ക് എന്നപോലെ മനുഷ്യനിർമിതമായ രാഷ്ട്രങ്ങൾ തമ്മിലും പ്രസ്ഥാനങ്ങൾ തമ്മിലും പ്രശ്നങ്ങളുണ്ട്. എല്ലാം ഉത്ഭവിക്കുന്നത് മനുഷ്യജീവിയുടെ തലച്ചോറിൽനിന്നാണ്. പ്രശ്നങ്ങൾക്ക് തുടർച്ചയുണ്ട്. ജീനുകളിലൂടെ എന്നപോലെ അത് തലമുറകളിലേക്ക് പടരുന്നു. മിക്ക പ്രശ്നങ്ങളും പ്രശ്നങ്ങളേയല്ല. പ്രശ്നങ്ങളാണെങ്കിൽ അവക്ക് പരിഹാരങ്ങളും ഉണ്ട്. പരിഹരിക്കാനാവാത്ത സംഗതികൾ പ്രശ്നങ്ങളല്ല. പ്രതിഭാസങ്ങളോ സത്യങ്ങളോ ആണ്. എന്നാൽ പ്രശ്നങ്ങളില്ലാതെ മനുഷ്യന് മുന്നോട്ടു പോകാനും ആവില്ല. തികച്ചും ശാന്തമായിരിക്കുന്ന ഒരു വ്യവസ്ഥ അത്യന്തം വിരസവും ആയിരിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് മനുഷ്യർ കൂടുതൽ ക്രിയാത്മകതയോടെ പെരുമാറുന്നത്. ലോകം കൂടുതൽ അടുക്കുമ്പോൾ, ഭിന്ന താൽപര്യങ്ങളുള്ള മനുഷ്യർ തമ്മിൽ കൂടുതൽ കൂടുതൽ ഇടപെടുമ്പോൾ പ്രശ്നങ്ങളും സ്വാഭാവികമായി വർധിക്കുന്നു. പ്രശ്നങ്ങൾ വർധിക്കുമ്പോൾ പ്രശ്നപരിഹാരങ്ങൾക്കുള്ള സാധ്യതകളും വർധിക്കുന്നു.

അമിത്: എടോ, എന്റെ ഏറ്റവും വലിയ പ്രശ്നം എന്താന്നറിയാമോ?

ദയ: നാളത്തെ ആർബിട്രേഷൻ. ആദ്യമായിട്ടാണ് നീ മറ്റൊരാളെ ഡെപ്യൂട്ട് ചെയ്യുന്നത്.

അമിത്: അതല്ല.

ദയ: എന്നാ നീ പറ.

അമിത്: അല്ലെങ്കി വേണ്ട. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.

ദയ: നിന്റെ ഏറ്റവും വലിയ സംഗതി പ്രശ്നങ്ങളിൽ ചെന്ന് ചാടലാണ്. നീ എപ്പോഴും പറയാറുണ്ടല്ലോ, പ്രശ്നങ്ങളില്ലാതെ നിനക്ക് മുന്നോട്ടു പോകാനാവില്ലെന്ന്.

അമിത്: അതല്ല. എന്റെ പ്രശ്നം സ്വാതന്ത്ര്യമാണ്. എവിടെയും എപ്പോഴും സഞ്ചരിക്കാനുള്ള...

അവനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ ദയ അവന്റെ വായ് പൊത്തി.

ദയ: ഒന്ന് നിർത്തെടേയ്. സ്വാതന്ത്ര്യം നിനക്ക് മാത്രമല്ല, എനിക്കും അവകാശപ്പെട്ടത് തന്നെ. നീ എപ്പോഴെങ്കിലും എന്നെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

അമിത്: നീയിതെന്താണ് അൺയൂഷ്വലായി ബിഹേവ് ചെയ്യുന്നത്. നിന്നെക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടാണോ, നാളെ അഹ്മദാബാദിൽ പോയിവരുമ്പോൾ FC5 പൊട്ടറ്റോ കൊണ്ടുവരാൻ ഞാൻ മീരയോട് പറഞ്ഞേൽപിച്ചത്?

ദയ: പൊട്ടറ്റോ, പൊട്ടറ്റോ, നീ എപ്പോഴെങ്കിലും എന്നെ പരിഗണിച്ചിട്ടുണ്ടോ? ഇപ്പോൾത്തന്നെ ഞാൻ നിന്നെ ഫോൺ ചെയ്ത് വരുത്തിയതല്ലേ.

അവൾക്ക് ദേഷ്യം വന്നു.

അമിത്: എടോ, തനിക്ക് എന്ത് സ്വാതന്ത്ര്യമാണ് ഞാൻ തരാത്തത്?

ദയ: സ്വാതന്ത്ര്യം ആരെങ്കിലും അനുവദിച്ച് തരേണ്ടതോ, പിടിച്ചുവാങ്ങേണ്ടതോ അല്ല. അത് അവനവന്റെ ആവശ്യത്തിനനുസരിച്ച് സ്വയം നിർണയിച്ച് കൈക്കലാക്കേണ്ടതാണ്. എന്നുവെച്ചാൽ അത് ഭർത്താവ് ഭാര്യക്കോ ഭാര്യ ഭർത്താവിനോ വെച്ചുനീട്ടേണ്ട ഔദാര്യമല്ല.

കിതപ്പോടെ ഇത്രയും പറഞ്ഞുനിർത്തിയപ്പോൾ ദയക്ക് സമാധാനമായി. ദയ കിതച്ചു തുടങ്ങിയാൽ നിശ്ശബ്ദനാവുക എന്നതാണ് അമിതിന്റെ രീതി. ഇരുവരും നിശ്ശബ്ദരായി. നഗരത്തിൽനിന്നും കുമിഞ്ഞ് പൊന്തിയ ആയിരക്കണക്കിന് വാഹനങ്ങളുടെ ഇരമ്പം അവരെ പൊതിഞ്ഞു.

അമിത്: ദയാ, നീയിപ്പോൾ ഏത് ബുക്കാ വായിക്കുന്നത്? ഇതേതോ പൊളിറ്റിക്കൽ നാടകത്തിലെ ഡയലോഗ് പോലുണ്ടല്ലോ.

ദയ ചിരിച്ചുകൊണ്ട് അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു. അമിത് അവളുടെ പിന്നാലെ നടന്നു.

അമിത്: വിട് വിട്. ഒരൈഡിയ.

ദയ പിടി വിട്ടു. അവൻ സെറ്റിയിൽ വന്നിരുന്നു.

അമിത്: ഒരു സൂപ്പർ ഐഡിയ.

ദയ: എന്ത്?

അമിത്: എടീ, എനിക്ക് ഒരുദിവസം പൊലീസ് ലോക്കപ്പിൽ കിടക്കണം.

ദയ: നന്നായി. നിനക്ക് അതിനർഹതയുണ്ട്.

അമിത്: എടോ, അയാം സീരിയസ്. നിനക്കറിയാമോ പണം കൊടുത്താൽ ലോകത്തെ ഏത് സ്റ്റാർ ഹോട്ടലിലും നമുക്ക് കിടക്കാം. ബട്ട്, ഒരിക്കലും ഒരു യഥാർഥ ലോക്കപ്പിൽ പറ്റത്തില്ല.

 

ദയ: അതുകൊണ്ട്?

ദയ ഗൗരവക്കാരിയായ ഭാര്യയായി മാറി.

അമിത്: ജീവിതത്തിൽ പകുതിയേ റിയാലിറ്റി ഉള്ളൂ. ബാക്കി ഫാന്റസിയാണ്. ജസ്റ്റ് വെയ്റ്റ്. ദിസ് വേൾഡ് ഇസ് ഫുൾ ഓഫ് ഇമാജിനേഷൻ.

അമിത് കസേരയിൽനിന്നെണീറ്റ് ഫോൺ ഡയൽ ചെയ്തു. 1500 കിലോമീറ്റർ അകലെ തിരുവനന്തപുരം നഗരത്തിലെ ഒരു ഇടറോഡിന്റെ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് ജീപ്പിനരികിൽനിന്ന് സലിം അത് അറ്റൻഡ് ചെയ്തു. സെന്റ് തെരേസാസ് കോളജിലെ സഹപാഠികളാണ് ഇരുവരും. സലിം പാട്ടുകാരനാവാൻ ആഗ്രഹിച്ചവൻ. ഇപ്പോൾ ഫോർട്ട് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ. അമിത് കോളജിലെ പ്രസംഗക്കാരനും. സലിമിന് രണ്ട് ലക്ഷം ഫോളോവേഴ്സുള്ള യൂട്യൂബ് ചാനലുണ്ട്. യൂനിഫോമിട്ട് അയാൾ പാടിയ പാട്ടുകൾ പലതും സോഷ്യൽ മീഡിയയിൽ വൈറലാണ്.

സലിം: അളിയാ, പറ. നീ നാളെ രാവിലെ എത്തില്ലേ?

അമിത്: എത്തും.

സലിം: ലാസർ സാർ നിന്നെക്കൊണ്ട് ഒരു മോട്ടിവേഷൻ സ്പീച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നീ വലിയ പുള്ളിയാന്നാ പുള്ളിക്കാരൻ തള്ളുന്നെ.

അമിത്: സംശയമെന്താടാ, നിന്നെപ്പോലെ ഠാ വട്ടത്ത് കറങ്ങുന്ന സർക്കിൾ അല്ല ഞാൻ. ഇന്റർനാഷനൽ.

സലിം: ആ, തള്ള് തൊടങ്ങി. നീയാ ദയയുടെ കൈയിൽ ഒന്ന് കൊടുക്കെടാ.

അമിത് ഫോൺ ലൗഡ് സ്പീക്കറിൽ ഇടുന്നു.

സലിം: നാളെ കോളജിലെ ഫങ്ഷന് ദയ വരില്ലേ?

ദയ: അയ്യോ, ഞാനില്ല. അത് നിങ്ങളുടെ കൗമാരക്കാലമല്ലേ. കൂട്ടുകാരൻ എന്തോ ആഗ്രഹം പറയാൻ വിളിച്ചതാ.

സലിം: പറേടാ.

അമിത്: എടാ, എനിക്ക് ഒരുദിവസം പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ കിടക്കണം.

സലിം: അരേ തും പാഗൽ ബൻ ഗയാ ക്യാ?

അമിത്: എടാ, നിന്നെക്കാൾ നന്നായി ഹിന്ദി എനിക്കറിയാം.

സലിം: ഞാൻ ഹിന്ദി എം.എ ബി.എഡാ. ഗതികേടിന് പൊലീസിൽ വന്നുപെട്ടതാ.

അമിത്: നിന്റെ അച്ചടി ഹിന്ദിയുംകൊണ്ട് നോർത്തിന്ത്യയിൽ ഇറങ്ങ്. തുള്ളി വെള്ളം കിട്ടില്ല. ഞാൻ സീരിയസാ.

സലിം: നിനക്ക് കേരളത്തിലെ ലോക്കപ്പുകളെക്കുറിച്ച് ഒരു ചുക്കും അറിയില്ല.

അമിത്: അതറിയാനല്ലേ അകത്ത് കിടക്കുന്നത്.

സലിം: അതിനകത്ത് കൊതുക്, മൂട്ട, പഴുതാര തുടങ്ങിയ ക്ഷുദ്രജീവികളും കള്ളൻ, പിടിച്ചുപറിക്കാരൻ, വ്യഭിചാരി, കുറുവാസംഘം, കള്ളവാറ്റുകാരൻ തുടങ്ങി...

അമിത്: നിന്റെ പ്രസംഗം കേൾക്കാനല്ല. പറ്റ്വാ? പറ്റ്വോ?

സലിം: ശരി. നീ നാളെ വാ.

സലിം ഫോൺ കട്ട് ചെയ്തു.

അമിത്: എടീ, എന്റെ ഐഡിയ എപ്പടി?

ദയ: നന്നായിട്ടുണ്ട്. അകത്ത് കയറാൻ എളുപ്പമാ. പുറത്തുവരാനുള്ള വഴികൂടി കണ്ടുപിടിച്ചു ​െവച്ചോളണം.

അമിത്: അതിനല്ലേ സലിം.

ദയ: സലിം എപ്പോഴും ഉണ്ടാവണമെന്നില്ല. സലിം പൊലീസ് തന്നെ. പക്ഷേ, പൊലീസ് എന്നാൽ സലിം അല്ല. ഓർത്തുെവക്കുന്നത് നന്നായിരിക്കും.

കമ്പനി സ്വയം ചലിക്കുന്ന അവസ്ഥയിലെത്തുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് അമിത് നേരത്തേതന്നെ ദയക്ക് ഉറപ്പുകൊടുത്തിരുന്നു. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് മീരയുടെ ആദ്യ ആർബിട്രേഷൻ ചുമതലയെ അമിത് കാണുന്നത്.

നേരത്തേ പറഞ്ഞുറപ്പിച്ചപ്രകാരം നാളെ അമിതും ദയയും തിരുവനന്തപുരത്തെത്തും. പുലർച്ചെയുള്ള ഇൻഡിഗോയിൽ പറക്കാൻവേണ്ടി അവൾ വളരെ കുറച്ച് സാധനങ്ങൾ മാത്രം പാക്ക് ചെയ്തുവെച്ചു.

(തുടരും)

Tags:    
News Summary - Malayalam novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-10 06:00 GMT
access_time 2025-11-03 05:45 GMT
access_time 2025-10-27 04:15 GMT
access_time 2025-10-20 04:15 GMT
access_time 2025-10-13 05:15 GMT
access_time 2025-10-06 05:30 GMT
access_time 2025-09-29 04:00 GMT
access_time 2025-09-29 03:30 GMT
access_time 2025-09-22 05:00 GMT
access_time 2025-09-22 04:45 GMT
access_time 2025-09-15 05:30 GMT
access_time 2025-09-08 04:30 GMT