കിള

അന്നത്തെ രാത്രിയിലെ ചന്ദ്രന് പതിവിലേറെ വലിപ്പമുള്ളതായി സേബക്ക് അനുഭവപ്പെട്ടു. മഞ്ഞുപോലെ നിലാവ് പെയ്യുന്നുണ്ട്. കുളിരേറ്റാൻ മന്ദം കാറ്റുവീശുന്നുണ്ട്. ബംഗ്ലാവിന്റെ മുറ്റത്തുകൂടി കൈകൾ കോർത്തുപിടിച്ച് ഉലാത്തുകയായിരുന്നു അവളും സുൽത്താനും. അങ്ങകലെനിന്നു മുഴങ്ങുന്ന നീരുറവകളുടെ ഒച്ചയോ കാട്ടുമൃഗങ്ങളുടെ ചിലമ്പിച്ച ഞരക്കങ്ങളോ അവളെ ഭയപ്പെടുത്തിയില്ല. നിലാവ് നീട്ടിയ വഴിയിലൂടെ അവൾ കുന്നിനു താഴേക്കു നോക്കി. സുൽത്താൻ ചൊല്ലിത്തന്ന കഥകളിലെ മനുഷ്യർ പച്ചയായി അവൾക്കു മുന്നിൽ വന്നുനിന്നു. കഴുതയെ കൂട്ടി നടന്നുവരുന്ന കപ്പലാടനെ അവൾ കണ്ടു. അയാളുടെ കഴുത്തിലെ തകിടുകൊണ്ടുള്ള രക്ഷയും തള്ളവിരലിലെ...

അന്നത്തെ രാത്രിയിലെ ചന്ദ്രന് പതിവിലേറെ വലിപ്പമുള്ളതായി സേബക്ക് അനുഭവപ്പെട്ടു. മഞ്ഞുപോലെ നിലാവ് പെയ്യുന്നുണ്ട്. കുളിരേറ്റാൻ മന്ദം കാറ്റുവീശുന്നുണ്ട്. ബംഗ്ലാവിന്റെ മുറ്റത്തുകൂടി കൈകൾ കോർത്തുപിടിച്ച് ഉലാത്തുകയായിരുന്നു അവളും സുൽത്താനും. അങ്ങകലെനിന്നു മുഴങ്ങുന്ന നീരുറവകളുടെ ഒച്ചയോ കാട്ടുമൃഗങ്ങളുടെ ചിലമ്പിച്ച ഞരക്കങ്ങളോ അവളെ ഭയപ്പെടുത്തിയില്ല. നിലാവ് നീട്ടിയ വഴിയിലൂടെ അവൾ കുന്നിനു താഴേക്കു നോക്കി. സുൽത്താൻ ചൊല്ലിത്തന്ന കഥകളിലെ മനുഷ്യർ പച്ചയായി അവൾക്കു മുന്നിൽ വന്നുനിന്നു. കഴുതയെ കൂട്ടി നടന്നുവരുന്ന കപ്പലാടനെ അവൾ കണ്ടു. അയാളുടെ കഴുത്തിലെ തകിടുകൊണ്ടുള്ള രക്ഷയും തള്ളവിരലിലെ പച്ചക്കൽ മോതിരവും കണ്ടു. പക്കിയെയും ബിയ്യുട്ടിയെയും, ആരവത്തോടെ ചോലയിൽ നീരാടുന്ന അസംഖ്യം പെൺകുഞ്ഞുങ്ങളെയും കണ്ടു. സേബക്ക് ആഹ്ലാദം തോന്നി, ഒരു മഹാചരിതം തനിക്കുമുന്നിൽ ഇത്രക്ക് പൂർണതയോടെ ശോഭിച്ചുനിൽക്കുന്നതിൽ!

അന്നേ പകൽ മുഴുവൻ സേബയും സുൽത്താനും ചെലവഴിച്ചത് ബംഗ്ലാവിലാണ്. മൊബൈൽ ഫോണുകൾ അണച്ചു, മുഴുവൻ അനക്കത്തെയും സമ്പൂർണമായും നിരാകരിച്ചുകൊണ്ട് ബംഗ്ലാവിനുള്ളിൽതന്നെ കഴിഞ്ഞു. ഇടക്ക് അറകൾക്കുള്ളിലൂടെ താളംപിടിച്ച് നടന്നു. ഇഷ്ടികത്തറയിൽ ചമ്രംപടിഞ്ഞിരുന്നു, തോളിൽ പരസ്പരം ചാഞ്ഞ്, തമാശകൾ പറഞ്ഞ്, ഉറക്കെയുറക്കെ ചിരിച്ചു. ഒരൊറ്റ ശ്വാസമായി താദാത്മ്യപ്പെട്ടുകൊണ്ട് മെത്തയിൽ കമിഴ്ന്നും ചരിഞ്ഞും കിടന്നുല്ലസിച്ചു. ഏറ്റവും സ്നേഹമുള്ള ഒരു ആതിഥേയനായി സുൽത്താൻ.

അന്ന്, മറ്റൊരു വിശേഷപ്പെട്ട സംഗതിയുമുണ്ടായി. ബംഗ്ലാവിന്റെ ഭൂഗർഭനിലയിലുള്ള രഹസ്യ അറ സുൽത്താൻ സേബയെ കാണിച്ചു. ആദ്യം, അവരിരുവരും ഇരുന്ന അറയിലെ ദീർഘചതുരാകൃതിയിലുള്ള തറയോട്, അതിന്റെ വക്കുകളിൽ ഒരു ഉളികൊണ്ട് കുത്തിപ്പിടിച്ച്, സുൽത്താൻ ഇളക്കിമാറ്റി. അമ്പരന്നു നിന്ന സേബക്ക് മുന്നിൽ വെളിപ്പെട്ടത്, താഴേക്ക് നീളുന്ന ഒരു മരഗോവണിയാണ്. പെട്ടെന്ന് അതിനടിയിലൂടെ ഒരരുവി പുളഞ്ഞൊഴുകുന്നപോലെ തോന്നി, സേബക്ക്. ഒരടി പിറകോട്ടു നീങ്ങിയ അവളെ, സുൽത്താൻ അരികിലേക്കു വലിച്ചുപിടിച്ചു.

“വാ, ഇറങ്ങ്.”

തടുക്കാനാവാത്ത ഒരു പ്രലോഭനംപോലെയായിരുന്നു സുൽത്താന്റെ ഓരോ ആജ്ഞയും സേബക്കെപ്പോഴും. അയാൾ മുന്നേയിറങ്ങി. തോളിൽപ്പിടിച്ചുകൊണ്ട് അവളും. പത്തു പടികൾ –ചുണ്ടു ചലിപ്പിച്ചുകൊണ്ട് സേബ എണ്ണി. കണ്ണിനെ ചൂഴുന്ന മഹാതമസ്സായിരിക്കും തങ്ങളെ അവിടെ കാത്തിരിക്കുന്നതെന്ന് കരുതിയ സേബ സ്തബ്ധയായിപ്പോയി. നറുപാൽ നിറത്തിൽ തൂവിപ്പരക്കുന്ന പ്രകാശത്താൽ സമ്പന്നമായിരുന്നു ആ നീളൻ മുറി.

“ഞെട്ടണ്ട. ഈ മുറിയിൽ എല്ലാക്കാലത്തും ഇങ്ങനെ നിറവെളിച്ചമാണ്. കലാപകാലത്ത്, ഒളിച്ചുപാർക്കാൻ വേണ്ടി പണിത രഹസ്യമുറിയാണ്. നാടിന്റെ അവസ്ഥ മാറിയപ്പോൾ, പ്രാർഥനാമുറി എന്നു ഇതിന്റെ പേരു മാത്രം മാറ്റി. വലിയ കറാമത്തുള്ള ഏതോ ഒരു ഔലിയയെ ആണത്രേ ഇവിടെ വന്നു നിസ്കരിക്കാൻ വല്യാപ്പ ആദ്യം കൊണ്ടുവന്നത്. അന്നു പ്രത്യക്ഷപ്പെട്ട വെളിച്ചമാണ്. പിന്നീട്, അതേ തീവ്രതയോടെ എല്ലാ കാലത്തും നിലനിന്നു.”

പുഞ്ചിരിയോടെ സുൽത്താൻ പറഞ്ഞുനിർത്തിയപ്പോഴേക്കും സേബയുടെ കണ്ണുകൾ പരമാവധി വിടർന്നു കഴിഞ്ഞിരുന്നു. തനിക്കു ചുറ്റും, ശലഭച്ചിറകടികളോടെ പറന്നുയരുന്ന ഇന്ദ്രജാലക്കഥകൾക്ക് ഒരു അറുതിയുമില്ലല്ലോ എന്നവൾ കുളിരാർന്ന അതിശയത്തോടെ ഓർത്തു. ആ മുറിയുടെ ഓരോ കോണിലും സേബ വിരലുകൾ ഉരസി. എന്നിട്ട് വിരലുകൾ മണത്തു. മഹത്തരമായ ഒരു കാലത്തിന്റെ അഭൗമമായ സുഗന്ധത്തെ ആത്മാവിലേക്കെടുത്തു.

“മറ്റൊരു കഥകൂടിയുണ്ട്. ഒരുകാലത്ത്, പെണ്ണിന്റെയോ മുതലിന്റെയോ ഒക്കെ പേരിൽ പരസ്പരം പോരടിച്ചിരുന്ന മനുഷ്യന്മാർക്കിടയിലെ മധ്യസ്ഥത വല്യാപ്പ ഏറ്റെടുക്കുമായിരുന്നു. കുറേ നേരം തർക്കിക്കുമെങ്കിലും, ഒടുക്കം മിസ്റ്റർ കപ്പലാടന് വഴിപ്പെട്ട് അവർ രമ്യതയിലെത്തും. സലാം ചൊല്ലി പരസ്പരം കെട്ടിപ്പിടിക്കും. ഉടൻ വല്യാപ്പ അവരെ ബംഗ്ലാവിലേക്ക് കൊണ്ടുവരും. ഒരു സമയത്ത് പരസ്പരം ഏറ്റവുമധികം വെറുത്ത രണ്ടു മനുഷ്യന്മാരാണല്ലോ, ഇരുവരോടും ഈ നിസ്കാരമുറിയുടെ ശാന്തതയിലിരുന്നുകൊണ്ട് മറ്റേയാളുടെ നന്മക്കായി പ്രാർഥിക്കാൻ പറയും.”

“എന്നിട്ടോ?” ആ രംഗങ്ങളപ്പടി മനസ്സിൽ വിഭാവനം ചെയ്തു കൊണ്ട് സേബ ചോദിച്ചു.

“ഇവിടെവച്ച് അങ്ങനെ ചെയ്താൽ ഏതൊരാളോടുമുള്ള വെറുപ്പും ഇല്ലാതാവുമെന്നാണ് വിശ്വാസമത്രേ! മനസ്സ് ലഘുവായി, വിദ്വേഷമെല്ലാം കഴുകിക്കളഞ്ഞ പുത്തൻ മനുഷ്യരായിട്ടാണ് അവർ ബംഗ്ലാവിൽനിന്ന് യാത്രയായിരുന്നത്...”

തൊട്ടടുത്ത നിമിഷം അവളാ മുറിയുടെ, വെളിച്ചം അധികമെത്താത്ത മൺചുമരുകളിലേക്ക് തുറിച്ചുനോക്കി. പതിയെപ്പതിയെ, അവയിൽ പതിപ്പിച്ചിരുന്ന കൃഷ്ണവർണമാർന്ന ചെറിയ തകിടുകൾ സേബക്കു മുന്നിൽ തെളിഞ്ഞു. അതിൽ കുനുകുനാ അക്ഷരങ്ങളിൽ, ഏതോ പ്രാചീനമായ ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്, ഏറ്റവും വെറുക്കുന്നവരോടുപോലും പൊറുത്തു കൊടുക്കണമെന്നാണെന്ന് അവളുടെ മനസ്സ് വിവർത്തനപ്പെടുത്തി. അവളോരോന്നും വായിച്ചെടുക്കാൻ തുടങ്ങി. പൊടുന്നനെ, അവളെ ഒരു മയക്കം പിടികൂടി.

“നിന്നു സ്വപ്നം കാണാതെ ഞാൻ പറഞ്ഞ കാര്യം നീയും വേണമെങ്കിൽ ഒന്നു പരീക്ഷിച്ചുനോക്ക്...’’

അതു പറയവേ ഒരു മായാജാലക്കാരന്റെ സൂക്ഷ്മതയും കൃത്യതയും സേബക്ക് സുൽത്താന്റെ കണ്ണുകളിൽ കാണാനായി. പതിവുപോലെ, ആ മിഴികളിലേക്കേറെ നേരം നോക്കിപ്പോയാൽ തന്റെ ഹൃദയംതന്നെ അയാൾ ഛിന്നഭിന്നമാക്കിയേക്കുമോ എന്നവൾ ഭയന്നു.

“സേബാ, നിനക്ക് സമാധാനത്തോടെ ജീവിക്കണ്ടേ? നീ ഏറ്റവും വെറുക്കുന്ന ഒരാളു കാണില്ലേ? അയാൾക്കുവേണ്ടി ഒന്നു പ്രാർഥിച്ചു നോക്കൂ, കപ്പലാടന്റെ മാജിക് അറിയാലോ...’’

സേബയുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ പിടച്ചു. തന്റെ ഹൃദയത്തിൽ ആഞ്ഞുതറച്ചിരുന്ന വിഷമുള്ളുകളിൽ ഓരോന്നിനെയും വ്യക്തമായി അവൾ ഓർത്തെടുത്തു. കണ്ണുകളടച്ചു. മുറിക്കുള്ളിൽ വിസ്തരിച്ചു നിന്നിരുന്ന വെളിച്ചം, ഒഴുകി വന്ന്, അവളുടെ ഹൃദയത്തെ ആലിംഗനംചെയ്തു. ഓരോ മുള്ളും, ഒരിറ്റു ചോരപോലും പൊടിക്കാതെ പൊഴിഞ്ഞുവീഴാൻ തുടങ്ങി. തന്റെ വേദനകൾ എന്നെന്നേക്കുമായി ശമനപ്പെടാൻ പോവുന്നതായി സേബക്ക് തോന്നി. പ്രകാശത്താൽ ഹൃദയം നിറഞ്ഞുവീർത്തു. അവൾക്കു മുകളിലൊരു കൊടും തണൽപോലെ സുൽത്താൻ അപ്പോൾ പന്തലിച്ചുനിന്നു. അതറിയവേ, സേബ മുഖം പൊത്തിയൊന്നു തേങ്ങി. കണ്ണീരിനു മുകളിലേക്കിറ്റു വീണ ഒരു തരി മന്ദഹാസമായി സുൽത്താൻ അവളെ കനിവോടെ തൊട്ടു.

“ആരാണ് ഞാൻ ഏറ്റവും വെറുക്കുന്ന വ്യക്തിയെന്നറിയണ്ടേ?”

സേബ മന്ത്രിക്കുന്നതുപോലെ ചോദിച്ചു.

കേൾക്കാനായി, അയാൾ കാതുകൾ അവൾക്കടുത്തേക്ക് പിടിച്ചു.

“അല്ലാ, അതു മറ്റൊരാളോട് പറയാൻ പറ്റുമോ?“ സേബ സന്ദേഹിച്ചു.

“ഹൃദയംകൊണ്ടു പ്രണയിക്കുന്നവർ പങ്കുവയ്ക്കുന്ന രഹസ്യങ്ങൾ മലക്കുകൾ രേഖപ്പെടുത്താറില്ല.” അത്രമാത്രം പറഞ്ഞുകൊണ്ട് സുൽത്താൻ അവളെ അണച്ചുപിടിച്ചു.

ആ സംഭാഷണം അവിടെ​െവച്ചു മുറിഞ്ഞു.

പിറ്റേന്ന് പുലർച്ചേതന്നെ കുന്നിറങ്ങി, ചോല മുറിച്ചുകടന്ന്, പിന്നെയും അനേക കാതങ്ങൾ പിന്നിട്ട് നഗരത്തിലേക്ക് ലയിച്ചപ്പോഴും സേബക്കുള്ളിൽ കപ്പലാടൻ മാത്രമായിരുന്നു. തന്നെയടിമുടി മാറ്റിമറിക്കാൻ വേണ്ടിമാത്രം ദൈവം മറ്റൊരു കാലത്ത് നിന്ന് അയാളെ അയച്ചതാവുമെന്ന് അവൾ ദൃഢമായി വിശ്വസിച്ചു; അതിൽ സാന്ത്വനംകൊണ്ടു.

* * *

അന്ന്, ബോംബെയിലെത്തിയപ്പോൾ ലിയാഖത്തലിയും പോക്കറും ചരസ് സേവിച്ചത് തീവണ്ടിപ്പാളത്തിന് അരികത്തായുള്ള ഒരു പീടികയുടെ കോലായിൽ ​െവച്ചാണ്. കൽക്കരിമണം നിറഞ്ഞ ആ അന്തരീക്ഷത്തിൽനിന്നുകൊണ്ട് ആ രണ്ടു യുവാക്കൾ ആദ്യമായി തലച്ചോറിന്റെ ഞെരിപിരികളെ അറിഞ്ഞു. ഒന്നുരണ്ടുവട്ടം വലിച്ചപ്പോൾതന്നെ പുക ഉള്ളിലേക്കടിച്ച് ചുമച്ച് ചുമച്ച് പോക്കർ ഒരു വഴിക്കായി. അവന്റെ കണ്ണിൽനിന്ന് ചുടുനീരൊഴുകി. ലിയാഖത്തലിയാണെങ്കിൽ നല്ല കുളൂസിൽ വലി തുടർന്നു. ചരസ് വിൽപനക്കാരൻ രണ്ടാംവട്ടം കൂടി വലിക്കാൻ ഇരുവരെയും നിർബന്ധിച്ചപ്പോൾ തടഞ്ഞത് പോക്കറാണ്.

“ഇഞ്ഞി മാണ്ട. അന്റെ മ്മ ഇതെങ്ങാനും അറിഞ്ഞാ സഹിക്കൂല ലിയാഖത്തല്യേ...’’ കൈ പിടിച്ചു​െവച്ചുകൊണ്ട് പോക്കർ പറഞ്ഞു.

ഈറ തോന്നിയെങ്കിലും ചങ്ങാതിയെ പിണക്കാൻ വയ്യാത്തതിനാൽ ലിയാത്തഖലി അടങ്ങി. അവിടെ കൂട്ടംകൂടി നിന്നവരിൽ സർദാർമാർ ഉണ്ടായിരുന്നു. അത്തരം ആൾക്കാരെ അവർ ആദ്യമായിട്ടാണ് കാണുന്നത്. സർദാർമാരുടെ കൈയിലുള്ള വലിയ മൂന്നു സഞ്ചികളെ ചുറ്റിപ്പറ്റിയായിരുന്നു അവിടെ കൂടിയിരുന്നവരുടെയെല്ലാം സംസാരം. അതിനുള്ളിൽ പട്ടാണെന്നും അതല്ല പൊന്നാണെന്നും പീടികയിലുള്ളവർ അടക്കം പറഞ്ഞു. അത്തരം സംസാരങ്ങളിലൊന്നും ലിയാഖത്തലിയും പോക്കറും താൽപര്യം കാണിച്ചില്ല. പകരം, മുഴയുള്ള തലേക്കെട്ടിട്ട ആ നാലു പേരെയും നോക്കി ഇരുവരും വാ പൊത്തിച്ചിരിച്ചു.

“ങ്ങള് മലബാറ്ന്നാ കുട്ട്യോളേ? ഉരൂലെ പണിക്കാരാ?”

പെട്ടെന്നാണ് ലിയാഖത്തലിയുടെ ചുമലിൽ ഒരു കൈ വന്നുവീണത്. തിരിഞ്ഞു നോക്കിയപ്പോൾ വെള്ളയും വെള്ളയുമിട്ട ഒരു വയസ്സൻ തലേക്കെട്ടുകാരൻ. അത്രയും ബഹളത്തിനിടയിൽ, തന്റെ ദേശത്തെ സംസാരം കേട്ട കൗതുകത്തിൽ, ലിയാഖത്തലി പോക്കറിന്റെ തോളിൽത്തട്ടി അവന്റെ ശ്രദ്ധയെയും അയാളിലേക്ക് ക്ഷണിച്ചു.

“ഏത് ഉരൂലാണ് ങ്ങള് വന്നത്?”

ക്ഷീണിതനെങ്കിലും തേജസ്സുള്ള മുഖമായിരുന്നു വൃദ്ധന്. തുടയകത്തിപ്പിടിച്ചുകൊണ്ടുള്ള അയാളുടെ നിറുത്തം, അയാളറിയാതെ രണ്ടുപേരും നിരീക്ഷിച്ചു.

“ബഹറുൽ ഫത്തഹില്...”

പോക്കറാണ് മറുപടി പറഞ്ഞത്.

വൃദ്ധൻ അപ്പോൾ തലയിളക്കിക്കൊണ്ട്, കുമ്പിട്ട് ഒന്നു ചിരിച്ചു. കൈപൊക്കി തലേക്കെട്ടൊന്നു ശരിപ്പെടുത്താൻ നോക്കി. കുപ്പായം സ്ഥാനംതെറ്റിയപ്പോൾ, മാൻകൊമ്പിന്റെ പിടിയുള്ള ഒരു മടക്കുകത്തി അയാളുടെ അരക്കെട്ടിൽ വെളിപ്പെട്ടു.

അത്, പോക്കർ ലിയാഖത്തലിയെ കണ്ണുകൊണ്ട് കാണിച്ചു.

“അത് ന്റെ ഉരു ആണ്. പരുക്കൊന്നും വരുത്താതെ നല്ലോണം കരുതണം ട്ടോ... ന്റെ വല്യാപ്പന്റെ കാലത്ത് ള്ളതാ...”

അതിശയത്തോടെ പരസ്പരം നോക്കി, ആ യുവാക്കൾ. അപ്പോഴേക്കും ചരസ് വിൽപനക്കാരൻ വൃദ്ധനരികിലേക്ക് വന്നു. പരിചയക്കാരെന്നപോലെ, അവർ കുശലം പറഞ്ഞു. അയാൾ കൊടുത്ത പൊതി, വൃദ്ധൻ ശ്രദ്ധാപൂർവം കുപ്പായക്കീശയിലേക്കിട്ടു. ലിയാഖത്തലിയെ നോക്കി ഒന്നുകൂടി ചിരിച്ചെന്നുവരുത്തി. അയാളുടെ കൂട്ടുപുരികത്തിനു മുകളിലുള്ള മുറിക്കല അപ്പോൾ കൂടുതൽ തടിപ്പോടെ പ്രകടമായി. വൃദ്ധൻ പീടികയിൽനിന്നിറങ്ങി. ചൂളംവിളിയോടെ ഒരു തീവണ്ടി അതേനേരംതന്നെ അവിടെയെത്തി.

“നല്ല പിരാന്തൻ തന്നെ. ഉരു മൂപ്പർടേതാണന്ന്...”

പോക്കർ തെല്ലുറക്കെത്തന്നെ പറഞ്ഞു.

ലിയാഖത്തലി, വയസ്സൻ പോവുന്ന വഴിതന്നെ നോക്കിനിൽക്കുകയായിരുന്നു. ചാഞ്ഞും ചരിഞ്ഞും, തുട വിടർത്തിപ്പിടിച്ചു നടന്ന്, ഒടുവിലൊരു വെള്ളക്കുത്തുപോലെ ആ മനുഷ്യൻ മാഞ്ഞപ്പോൾ, അയാളെ വീണ്ടുമൊരിക്കൽകൂടി കണ്ടേക്കുമെന്ന് ലിയാഖത്തലിക്ക് വെറുതെ തോന്നി. അൽപ കാതംകൂടി പിന്നിട്ടാൽ, വൃദ്ധൻ പോയ വഴി അവസാനിക്കുക കാമാത്തിപ്പുരയിലാണെന്ന് യുവാക്കൾക്ക് അറിയാമായിരുന്നു. മൂളിപ്പാട്ടുകണക്കെ അയാൾ ചൊല്ലിക്കൊണ്ടു നടന്ന വരികൾ പിന്നെയും ഏറെനേരം അന്തരീക്ഷത്തിൽ തങ്ങിനിന്നു.

സുൽത്താനുൽ ഔലിയ്യ എന്നു പേരുള്ളോവർ

സയ്യിദവർതായും ബാവയും ആണോവർ

ബാവ മുതുകിന്ന് ഖുത്ബായി വന്നോവർ,

ബാനം അതേളീലും കേളി നിറഞ്ഞോവർ...

* * *

അതൊരു താഴ്വരയായിരുന്നു, പച്ചപ്പിന്റെ നേരിയ രസംപോലും അന്യമായിരുന്ന ഒന്ന്. കുത്തനെയുള്ള ചരിവിലൂടെ, ബാഗിന്റെ വള്ളികൾ ബലമായി പിടിച്ചുകൊണ്ട് ശ്രദ്ധയോടെ സുൽത്താൻ ഇറങ്ങി. നിമിഷങ്ങൾകൊണ്ട് താഴെ നിരപ്പിലെത്തി. അതിവിസ്താരമായ ഏറ്റക്കുത്തനെയല്ലാതെ, സമതലമായ ഇടം. ആ വൈകുന്നേരത്തിൽ അയാൾക്കു തോന്നി, ഈ ലോകത്തു താൻ ഒറ്റക്കാണെന്ന്; മറ്റൊരു ജീവിപോലും എങ്ങുമില്ലെന്ന്. ഒരേസമയം ആ ചിന്ത അയാളിൽ ചിരിയും ആന്തലുമുണ്ടാക്കി. നേരം കളയാതെ, തന്റെ ബാഗിൽനിന്ന് കടലാസു കെട്ടുകൾ എടുത്ത് ഓരോന്നായി സുൽത്താൻ മറിച്ചു. അയാളുടെ പുരികക്കൊടികളും, മുഖപേശികളും ചുളിഞ്ഞു. കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാർ –ഒരു യന്ത്രം കണക്കെ നാലു ദിക്കിലേക്കും സുൽത്താൻ മാറിമാറി നടന്നു.

വാസ്തവത്തിൽ, പല വർഷങ്ങളായി, കൈയിലെ രേഖകളാണ് സുൽത്താനെ നടത്തിച്ചിരുന്നതത്രയും. ബോധപൂർവമോ അല്ലാതെയോ അയാളതിന് വശപ്പെടുകയായിരുന്നു! താമസിയാതെ, ഏതുറക്കത്തിൽനിന്നുണർത്തിയാലും ആർക്കും പറഞ്ഞുകൊടുക്കാനാവുന്ന രീതിയിൽ രേഖകൾ മനസ്സിലും പതിഞ്ഞുതുടങ്ങി. അതുകൊണ്ടാകാം, സൗദിയിലേക്കുള്ള ആദ്യ യാത്രയായിട്ടുകൂടി അയാൾക്ക് അപരിചിതത്വം തോന്നാതിരുന്നത്. പുതിയ ദേശത്ത്, തന്റെ ലക്ഷ്യത്തിനു പിറകെ ക്ഷീണമറിയാതെ സുൽത്താൻ ഓടാൻ തുടങ്ങിയിട്ട് കൃത്യം എട്ടു ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. അതിന്റെയൊടുക്കം, വെള്ളത്തിന്റെ വലിയ വീപ്പകൾ കുത്തിനിറച്ചു പോവുകയായിരുന്ന ഒരു ട്രക്കുകാരന്റെ സഹായത്താലാണ് താഴ്വരയിൽ എത്തിച്ചേർന്നത്.

തെല്ലു ദൂരെനിന്ന്, പൊടിപറത്തിക്കൊണ്ട് ഒരുപറ്റം ആട്ടിൻകൂട്ടം കടന്നുവരുന്നത് സുൽത്താൻ കണ്ടു. എല്ലാം വെള്ള നിറമുള്ളവ. അവറ്റകളുടെ എണ്ണം, നൂറോ അതിലധികമോ കാണുമെന്ന് ഒരൊറ്റ കണ്ണുപായിക്കലിൽ അയാൾ തീർച്ചപ്പെടുത്തി. ഒരു കുഴിക്കുള്ളിൽനിന്നെന്നപോലെ അവ കുതിച്ചുപാഞ്ഞുവരുന്നതു കണ്ടാൽ, മണൽപ്പരപ്പിൽ വാലിട്ടു പിടഞ്ഞുനീന്തുന്ന മത്സ്യങ്ങളാണെന്നേ തോന്നൂ. തനിക്കു മുന്നിലെ മരുഭൂമി, അലയൊടുങ്ങാത്ത കടൽപോലെ സുൽത്താന്റെയുള്ളിൽ നിറഞ്ഞുതുള്ളി.

ആടുകളെ തെളിച്ചുകൊണ്ട്, അവക്കു പിറകിൽ നിശ്ചയമായും ഒരാൾ കാണുമെന്ന സുൽത്താന്റെ വിചാരം തെറ്റിയില്ല. ചളി അശേഷമില്ലാത്ത കരിമ്പടത്തിനാൽ മൂടിയ ദേഹത്തോടെ അയാൾ ആട്ടിൻ കൂട്ടത്തിനൊപ്പം സുൽത്താനു മുന്നിലെത്തി. കറുത്ത, പൊക്കമുള്ള അയാൾക്ക്, നീണ്ട എന്നാൽ വീതി കുറഞ്ഞ മുഖവും, ഇടുങ്ങിയ കണ്ണുകളും വായ് ക്കോണും ആയിരുന്നു. അയാളുടെ ഭൂഖണ്ഡവും ദേശവും ഗോത്രവും ഏതാണെന്ന് ഒറ്റനോട്ടത്തിൽതന്നെ സുൽത്താന് പിടികിട്ടി. തന്നോട് പുഞ്ചിരിക്കുന്ന അപരിചിതനെ അയാൾ കുറച്ചുനേരം സൂക്ഷ്മമായി നോക്കി.

“ഇവിടെ അധികം നിൽക്കണ്ട; അത്ര നന്നല്ല. പണ്ടീ താഴ്വര നിറയെ പച്ചപ്പായിരുന്നു. പിന്നെ ഒരിക്കൽ മനുഷ്യരൊക്കെ ഓടിപ്പോയതാണ്. ദാ നോക്ക്...” കൈയിലുള്ള, കൊളുത്തുപോലെ വളഞ്ഞ വടി ആട്ടിടയൻ ചൂണ്ടിയ ദിക്കിലേക്ക് വേഗത്തിൽ സുൽത്താൻ നോക്കി. “ആ കാണുന്ന അരുവിയില്ലേ, അതിന്റെ തീരത്തു​െവച്ച് എന്തൊക്കെയോ അസ്വാഭാവിക സംഗതികൾ നടന്നിരുന്നുപോലും. അക്കാഴ്ച കണ്ട മനുഷ്യരെല്ലാം ബോധരഹിതരായി. നൂറ്റൊന്നാം നാളിലേ പിന്നെ ഉണർന്നുള്ളൂ. ഭയന്നിട്ടാണ് സകലരും ഓടി രക്ഷപ്പെട്ടത്.”

കേട്ട കൂട്ടത്തിൽ ഒന്നൊഴികെ എല്ലാം സുൽത്താന് മുമ്പേ നിശ്ചയമുള്ളതായിരുന്നു. ആട്ടിടയൻ പറഞ്ഞ അരുവിമാത്രം പക്ഷേ അയാൾക്ക് കാണാനായില്ല. എങ്കിലും കൂടുതലായി ഒന്നും സുൽത്താൻ ചോദിച്ചില്ല. കൈയിലെ കടലാസുകൾ ഓരോന്നായി വീണ്ടും മറിച്ചു. അതിൽ രേഖപ്പെടുത്തിയിട്ടുള്ള ചിലത് നേരെന്നും, മറ്റു ചിലത് പൊള്ളെന്നും മനസ്സിലാക്കി. ഏതോ ഒരു കാലത്ത് അവിടം നിറയെ മനുഷ്യരുണ്ടായിരുന്നു എന്ന കാര്യം സുൽത്താനു ഉറപ്പിക്കാൻ സാധിച്ചു. പെട്ടെന്നാണ് ആടുകൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങിയത്. നൊടിയിടനേരംകൊണ്ട് ആട്ടിടയൻ ഓടിച്ചെന്ന് ആട്ടിൻപറ്റത്തിനൊപ്പം ചേർന്നു. മത്സരിച്ച് അമറുന്ന ജീവികളെ കണ്ണുകൾ തുറുപ്പിച്ചുകൊണ്ട് അയാൾ നോക്കുന്നത് സുൽത്താൻ ശ്രദ്ധിച്ചു. മാത്രകൾക്കകം താഴ്‌വര മുഖരിതമായി. തന്റെ വടികൊണ്ട് ആഞ്ഞടിച്ചിട്ടും അവറ്റകളെ അനുനയിപ്പിക്കാൻ ആട്ടിടയനു സാധിച്ചില്ല. മണൽപ്പൊടിയേറ്റ് ആടുകളുടെ ദേഹം ചുമന്നു.

ഓർക്കാപ്പുറത്ത് ആകാശത്ത് ഇരുട്ട് പരക്കാൻ തുടങ്ങി. സുഖകരമല്ലാത്ത, നരച്ചയൊരു കാറ്റ് താഴ്വരയെ ചുറ്റി അതിവേഗം കറങ്ങി. അലമുറയിടുന്ന ജീവികളെ ഉപേക്ഷിച്ച് പതർച്ചയോടെ ആട്ടിടയൻ മുന്നോട്ടോടി. പെട്ടെന്നാണ്, താൻ ഇറങ്ങിപ്പോന്ന അതേ വഴിയിലൂടെ ആരൊക്കെയോ നടന്നുവരുന്നത് സുൽത്താൻ കണ്ടത്. അവർ രണ്ടു പേരുണ്ടായിരുന്നു. അതിലെ ഒരാൾ, തലപ്പാവിട്ട, നീളൻ താടിയുള്ള ഒരു ദിവ്യൻ! സുൽത്താന് അയാളെ നന്നായി അറിയാമായിരുന്നു; ജിന്നുകളോടും ആത്മാക്കളോടും സംസാരിക്കാൻ ശേഷിയുള്ള ആ സിദ്ധനെക്കുറിച്ച് സുൽത്താൻ എന്നേ വായിച്ചറിഞ്ഞിട്ടുണ്ട്.

അത്രയും കാലം നടത്തിയ തന്റെ യാത്രകളിലൊന്നിലും, ഒരിടത്തു​െവച്ചും സുൽത്താനെ ഭയം ആക്രമിച്ചിരുന്നില്ല. ആ കാഴ്ച പക്ഷേ അയാളെ ഭീതിപ്പെടുത്തി. ഇരുവരും സുൽത്താനെ കടന്ന് മുന്നോട്ടേക്ക് നടന്നു. അത്ഭുതമെന്തെന്നാൽ, അവർ സുൽത്താനെ ശ്രദ്ധിച്ചതേയില്ല. ഒരുവേള, ദിവ്യന്റെ സാമീപ്യത്താൽ താൻ ഈ ഭൂമിയിൽനിന്ന് മാഞ്ഞുപോയിട്ടുണ്ടാവുമോ എന്ന പേടിയിൽ സ്വന്തം ദേഹമാകെ തടവേണ്ട അവസ്ഥപോലുമുണ്ടായി സുൽത്താന്.

നിരപ്പായ സ്ഥലത്തെത്തിയതും അവർ നിന്നു. ദിവ്യൻ അവിടമാകെ അലസമായൊന്ന് ചുറ്റിക്കറങ്ങി. കൂടെയുള്ളയാൾ താണുവണങ്ങിക്കൊണ്ട് അയാളെ പിന്തുടർന്നു. ദിവ്യൻ വാനത്തേക്ക് കൈകളുയർത്തി എന്തൊക്കെയോ മന്ത്രിക്കാൻ തുടങ്ങി. മന്ത്രോച്ചാരണങ്ങൾ തെളിമയോടെ സുൽത്താൻ കേട്ടു. പെട്ടെന്ന്, ആട്ടിൻപറ്റം പേയിളകിയപോലെ ഉറക്കെയമറിക്കൊണ്ട് ചിതറിയോടി. പിന്നീടു കണ്ടത് സുൽത്താന് വിശ്വസിക്കാനായില്ല; ഓരോ ദിക്കിലേക്കും പാഞ്ഞ ജീവികൾ ഒന്നൊന്നായി അപ്രത്യക്ഷമാവുകയായിരുന്നു. അവസാനം, ആട്ടിടയനുൾപ്പെടെ സകലതും ഒരു ലക്ഷണവും ബാക്കിവെക്കാതെ അവിടെ നിന്നങ്ങു മാഞ്ഞുപോയി. അതോടെ, ദിവ്യന്റെ മുഖത്തെ ശോഭ ഒരു തരി ഏറിയെന്ന തോന്നലുണ്ടായി സുൽത്താന്. നിമിഷങ്ങൾക്കുള്ളിൽ, ദിവ്യനു ചുറ്റുമുള്ള മണൽ അപ്പാടെ ഒരാൾപ്പൊക്കത്തിൽ ഉയരാൻ ആരംഭിച്ചു. താഴ്‌ന്നും പൊങ്ങിയും മണൽത്തരികൾ വായുവിൽ നൃത്തമാടി. പാറിപ്പറക്കുന്ന മണൽത്തരികളെ ഒരൊറ്റ കൈവീശലിനാൽ ദിവ്യൻ വരുതിയിലാക്കി. ഭയന്നു വിറച്ചുപോയ സുൽത്താൻ ശ്വാസമടക്കിപ്പിടിച്ചു നിന്നു. ദിവ്യനെങ്ങാനും തനിക്കു നേർക്ക് തിരിഞ്ഞാൽ ഉടനടി താൻ ഭസ്മമായേക്കും എന്ന വിഭ്രാന്തി സുൽത്താനെ അധീനപ്പെടുത്തി.

ദിവ്യന്റെ ചെയ്തികളെ, കൂടെയുള്ളയാൾ അസാധാരണമായ ഭക്തിയോടെയാണ് കണ്ടത്. മണ്ണിലിരുന്ന ദിവ്യൻ തറയിൽ ആഞ്ഞടിച്ചു; അരനിമിഷത്തേക്കു മാത്രം അതു തുടർന്നു. അതിന്റെ പ്രകമ്പനം എന്നാൽ പിന്നെയും ഏറെ നേരത്തേക്ക് അവിടെ അലയടിച്ചു. ദൃഷ്ടിയുയർത്തിയ ദിവ്യൻ അയാളോട് ഇരിക്കാൻ കൽപിച്ചു. അയാൾ ഇരുന്നതും, ഒരു പൊട്ടുകുത്തുന്ന സൂക്ഷ്മതയോടെ മണലിലേക്ക് തന്റെ ചൂണ്ടുവിരൽ ​െവച്ച്, ദിവ്യൻ വലിയൊരു ദ്വാരമുണ്ടാക്കി; ഒട്ടു താഴ്ചയുള്ള ഒരു ദ്വാരം! പിന്നെ അയാളുടെ കാതിലേക്ക് തന്റെ ചുണ്ടുകൾ ദിവ്യൻ ചേർത്ത​ുെവച്ചു.

“ഇതാണ് നിന്റെ വഴി...”

അപ്പറഞ്ഞതു സ്പഷ്ടമായി കേട്ടതും, അയാൾ ദിവ്യന്റെ കൈ പിടിച്ചു മുത്തി. അതു ദീർഘനേരം നീണ്ടുനിന്നു. പിന്നീട് നിറുത്താതെ കരയാൻ തുടങ്ങിയ അയാളെ പിടിച്ചെഴുന്നേൽപിച്ച്, വന്ന വഴിയേ തന്നെ ദിവ്യൻ തിരിച്ചു നടക്കാനൊരുങ്ങി. വന്നതുപോലെയായിരുന്നില്ല, അപ്പോൾ ഏറ്റവും മുന്നിൽ നടന്നത്, ദിവ്യൻ വഴി കാണിച്ചുകൊടുത്ത ആ മനുഷ്യനായിരുന്നു.

അയാളുടെ മുഖമപ്പോൾ ചന്ദ്രനെപ്പോലെ വിളങ്ങി.

ഇതെല്ലാം കണ്ടുകൊണ്ടിരിക്കേ സുൽത്താനു ചുറ്റും ഇരുട്ടു വന്നുമൂടി. മോഹാലസ്യപ്പെട്ട അയാൾ മണ്ണിലേക്കു പതിച്ചു. കണ്ണുതുറക്കാൻ സാധിച്ചില്ല; അതൊരു വല്ലാത്ത ഉറക്കമായിരുന്നു. പിറ്റേന്ന്, നട്ടുച്ചവെയിൽ ദേഹത്തെ പൊള്ളിച്ചപ്പോൾ മാത്രമേ സുൽത്താൻ ഉണർന്നുള്ളൂ. സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാനാവാതെ കുറേ നേരം അയാൾ ആ കിടപ്പു തുടർന്നു.

താഴ്വരയിൽനിന്ന് പെട്ടെന്ന് തന്നെ മടങ്ങാൻ സുൽത്താൻ തീരുമാനിച്ചു. ബാഗുമേന്തി നടക്കവേ, അറിയാതെ ഒന്നു തിരിഞ്ഞുനോക്കിയപ്പോൾ, അങ്ങു ദൂരെയായി, തലേന്ന് കണ്ടിട്ടില്ലാത്ത, ഇടിഞ്ഞുപൊളിഞ്ഞ ചില മൺവീടുകൾ സുൽത്താന് കാണാനായി. കൗതുകപൂർവം അയാൾ എണ്ണമെടുത്തു; പതിമൂന്നെണ്ണം! അവയൊന്ന് സന്ദർശിക്കാനുള്ള താൽപര്യത്തോടെ സുൽത്താൻ കാലടികൾ പിറകിലേക്കു​ െവച്ചു. ഉടനടി വെയിൽ മെല്ലെ മാഞ്ഞ്, മാനം കറുക്കാൻ തുടങ്ങി. അസ്വസ്ഥതയോടെ അയാൾ വാനത്തേക്ക് തുറിച്ചുനോക്കി. മുന്നിൽക്കണ്ട വള്ളിപ്പടർപ്പുകളിൽ, പൂത്തുനിന്ന ഊതവർണപ്പൂക്കളെ വകഞ്ഞുമാറ്റിക്കൊണ്ട്, അതിവേഗം സുൽത്താൻ മുകളിലേക്കോടി.

ഏറ്റവും അതിശയമെന്തെന്നാൽ, ആ വൈകുന്നേരം അനുഭവിച്ചതിൽ, നേരിൽ കണ്ട ആട്ടിടയനെയല്ലാതെ മറ്റൊരു മനുഷ്യജീവിയെ പറ്റിയും സുൽത്താന് പിന്നീടൊരിക്കലും ഓർത്തെടുക്കാനായിട്ടില്ല. എന്തുകൊണ്ടോ, അവിടെമാത്രം ഓർമകൾ ഒരുകാലത്തും അയാളോട് സന്ധിചെയ്തില്ല.

(അവസാനിച്ചു)

Tags:    
News Summary - Malayalam Novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-10 06:00 GMT
access_time 2025-11-03 05:45 GMT
access_time 2025-10-27 04:15 GMT
access_time 2025-10-20 04:15 GMT
access_time 2025-10-13 05:15 GMT
access_time 2025-10-06 05:30 GMT
access_time 2025-09-29 04:00 GMT
access_time 2025-09-29 03:30 GMT
access_time 2025-09-22 05:00 GMT
access_time 2025-09-22 04:45 GMT
access_time 2025-09-15 05:30 GMT
access_time 2025-09-08 04:30 GMT