ചി​ത്രീ​ക​ര​ണം: ചിത്ര എലിസബത്ത്

അതൃപ്തരായ ആത്മാക്കൾ -5

പോഞ്ഞിക്കരയിൽനിന്നും ക​െണ്ടയ്നർ റോഡുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസിൽ ഒരിക്കൽ എനിക്കു കയറേണ്ടിവന്നു. അതിന് മൂലമ്പിള്ളിയിൽ ഒരു സ്റ്റോപ്പുണ്ട്. അവിടെ ബസ് നിർത്തിയപ്പോൾ സ്വാഭാവികമായും ഞാൻ ഡെൽഫിയെ ഓർത്തു. ഇത്രക്ക് അടുത്തായിട്ടും ഫോണിൽ വർത്തമാനം പറയുന്നതല്ലാതെ ഒന്നു കാണാൻ ശ്രമിക്കാത്തതെന്താണെന്ന് ഞാനെന്നോടുതന്നെ ചോദിക്കും. ഡെൽഫിയുടെ മുൻകാല പ്രവൃത്തികൾ വെച്ചുനോക്കിയാൽ ഞാൻ ആവശ്യപ്പെടുന്നപക്ഷം അവർ ഞാനുമായി ഒരു കൂടിക്കാഴ്ചക്ക് തയാറാകുമെന്നുറപ്പാണ്. പക്ഷേ, അങ്ങനെയൊരാലോചന തൽക്കാലം എന്നിലില്ല.

ബസ് മൂലമ്പിള്ളിയിൽ നിർത്തിയപ്പോൾ സൈഡ് സീറ്റിലിരുന്ന ഞാൻ പുറത്തേക്ക് നോക്കി. ഒരു ഫോട്ടോയിൽപോലും ഇതുവരെ കണ്ടിട്ടില്ലെങ്കിലും എതിർവശത്ത് റോഡരികിൽ നിൽക്കുന്ന സ്ത്രീ ഡെൽഫിയാണെന്ന് എനിക്ക് തോന്നി. അവരുടെ പലപ്പോഴായുള്ള സ്വയം വർണ​നകൊണ്ട് ഡെൽഫിയുടെ ഏകദേശരൂപം ഞാൻ ഉള്ളിൽ മെനഞ്ഞെടുത്തിരുന്നു. യഹൂദന്മാരുടേതുപോലുള്ള വിളറിയ മഞ്ഞനിറം (ഈ ഉപമ ഡെൽഫി തന്നെ പറഞ്ഞതാണ്), മെലിഞ്ഞ ശരീരപ്രകൃതം, വണ്ണം തോന്നിക്കാനായി ഉടുത്തിരിക്കുന്നത് വിടർന്ന് നിൽക്കുന്ന ഇളംനീല കോട്ടൻ സാരി, നല്ല ഉയർന്ന ഹീലുള്ള ചെരിപ്പ്, തോളൊപ്പം മാത്രമുള്ള വിടർത്തിയിട്ട ചുരുളൻ മുടി...

നാലഞ്ചു നിമിഷങ്ങൾക്കകം ബസ് മൂലമ്പിള്ളിയിൽനിന്നും വിട്ടുപോന്നു. പതിവിന് വിപരീതമായി അന്ന് വീട്ടിലെത്തിയ ഞാൻ ഡെൽഫിയെ അങ്ങോട്ടു വിളിച്ചു; ബസ് സ്റ്റോപ്പിൽ അവരെ കണ്ട കാര്യം പറഞ്ഞു. ഉടുത്തിരുന്ന സാരിയുടെ നിറവും സമയവുമൊക്കെ പറഞ്ഞപ്പോൾ ഡെൽഫിക്ക് അത്ഭുതമായി. അവരെന്നെ അഭിനന്ദിക്കുകയും ചെയ്തു.

വാട്ട്സാപ്പ് ഉണ്ടെങ്കിലും ഡീപ്പിയിൽ അവർ ചിത്രം പ്രൊഫൈലായി ചേർത്തിട്ടില്ലായിരുന്നു. മുഖം കാണാമെന്ന് കരുതി ഞാൻ പലതവണ അതു നോക്കിയിരുന്നു. ബസിലിരുന്ന് കണ്ടെങ്കിലും മുഖം അത്രക്ക് മനസ്സിൽ പതിഞ്ഞിരുന്നു. അവരുടെ സ്വന്തം നാട്ടിൽ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നതുകൊണ്ട് മാത്രമാണ് തിരിച്ചറിയാനായത്.

പുതിയ ഒരു ഫോട്ടോ വാട്ട്സാപ്പിലൂടെ അയച്ചുതന്നാൽ മുഖം കാണാമായിരുന്നു എന്ന് മടിച്ചുമടിച്ചു ഞാൻ ഡെൽഫിയോട് പറഞ്ഞു. ഡെൽഫി എനിക്കൊരു ഫോട്ടോ അയച്ചുതന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോളുള്ള ഐഡന്റിറ്റി കാർഡിൽ ഒട്ടിച്ചുവെച്ച് കോളജിന്റെ സീൽ പതിച്ച പഴയ നിറം മങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.


ഫോട്ടോ അയച്ചിട്ടുണ്ടെന്ന് എന്നോട് ഫോൺ ചെയ്തു പറഞ്ഞപ്പോൾ ആകാംക്ഷയോടെ, ഒരു പുതിയ കളർഫോട്ടോ പ്രതീക്ഷിച്ച ഞാൻ സത്യത്തിൽ ഇളിഭ്യനായിപ്പോയി.

ഒരു കോമഡി പറയട്ടെ എന്ന മുഖവുരയോടെ ധാരാളം തമാശ കഥകൾ ഡെൽഫി പറയാറുണ്ട്. ഇതിൽ പലതും ഞാനെഴുതാതെ വിട്ടുകളയുകയാണ്. കാരണം, എല്ലാ തീരദേശ ഗ്രാമങ്ങളിലും സാധാരണയായി പറഞ്ഞുകേൾക്കുന്ന എല്ലാവർക്കും അറിയാവുന്ന കഥകൾ എഴുതുന്നത് വായനക്കാർക്ക് ബോറടിയാകില്ലേ.

ഡെൽഫിയുടെ ജീവിതവുമായി ബന്ധപ്പെട്ടതല്ലാത്ത കഥകൾ പറയുമ്പോൾ അവർക്കും കേൾക്കുമ്പോൾ എനിക്കും ഒരു റിലാക്സ് കിട്ടുന്നുണ്ട് എന്നത് സത്യമാണ്. ചിലതെല്ലാം എഴുതാം.

മൂലമ്പിള്ളി പള്ളിക്കടുത്ത് പ്രായംചെന്ന ഒരു കാർന്നവർ ഉണ്ടായിരുന്നു. ആളൊരു ഭക്ഷണപ്രിയനായിരുന്നു. വീട്ടുകാർ അവരുണ്ടാക്കുന്ന നല്ല ഭക്ഷണങ്ങളിൽ ചിലത് ഈ കാർന്നോർക്ക് കൊടുക്കാറില്ലായിരുന്നു. ഒരു ഞായറാഴ്ച ദിവസം ഇയാൾ പള്ളിയിൽ പോയി തിരിച്ചു വീട്ടിൽ വന്നുകയറിയപ്പോൾ മരുമക്കളെല്ലാവരുംകൂടി അടുക്കളയിൽ ഉരുളിയിൽ പായസമുണ്ടാക്കുന്നത് കണ്ടു. മണം വന്നപ്പോൾ ചെന്നു നോക്കുകയായിരുന്നു കാർന്നോര്. എന്താണ് മക്കളെ ഉണ്ടാക്കുന്നതെന്ന് കാർന്നോര് ചോദിച്ചപ്പോൾ, പായസം അങ്ങേർക്ക് കൊടുക്കാതിരിക്കാനായി അവരൊരു നുണ പറഞ്ഞു: അപ്പച്ചാ അലക്കാനുള്ള തുണികൾ ഒന്ന് പുഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകേട്ട് നേരെ തന്റെ മുറിയിലേക്ക് കയറിപ്പോയ കാർന്നവർ പെട്ടെന്ന് പുറത്തിറങ്ങി അങ്ങേരുടെ ഉടുത്തുമാറിയ ഒന്നുരണ്ട് അണ്ടർവെയറുകൾ വേഗത്തിൽ ഉരുളിയിലേക്കിട്ടുകൊണ്ട് പറഞ്ഞു: ഏതായാലും പുഴുങ്ങുകയല്ലേ മക്കളേ, ഇതുകൂടെയിരിക്കട്ടേ എന്ന്. ഇതുപറഞ്ഞ് ഡെൽഫി സ്വയം മറന്നു ചിരിക്കും. എന്നിട്ടുടനെ അടുത്ത കഥ തുടങ്ങുകയായി ഡെൽഫി.

മൂലമ്പിള്ളി ഇടവകയിൽ ഒരു മേറിതാത്തിയുണ്ട്. മാതാവ് മേറിതാത്തിയെന്നാണ് അവരെ എല്ലാവരും വിളിക്കുന്നത്. പള്ളിയിൽ ഒരുതവണ വികാരിയായി വന്ന ചെറുപ്പക്കാരനായ അച്ചനോട് മേറിതാത്തിക്ക് മുട്ടൻപ്രേമം ​േതാന്നി. അവർ പള്ളിയിൽ കുർബാന കൂടാൻ വരുന്നതുതന്നെ അച്ചനെ കാണാൻവേണ്ടി മാത്രമായി. പള്ളിയിൽ വരുമ്പോളൊക്കെ അവർ സ്വന്തം പൂന്തോട്ടത്തിൽനിന്ന് ഒരു വലിയ ചുവന്ന റോസാപ്പൂവ് പറിച്ചുകൊണ്ടുവരും. എന്നിട്ട് അച്ചൻ താമസിക്കുന്ന പള്ളിമേടയുടെ ഗോവണിയുടെ ഒരു മറയിൽ പതുങ്ങിയിരിക്കും. ഗോവണി ഇറങ്ങിവരുമ്പോൾ അച്ചന്റെ മുന്നിൽവെച്ച് ഈ പൂവ് മണത്തുനോക്കിയിട്ട് മേറിതാത്തി അത് അച്ചന് നേരെ നീട്ടിയിട്ട് പറയും, നല്ല വാസനയുണ്ടച്ചോ, മണത്ത് നോക്കിക്കോ എന്ന്.

അച്ചനത് കേൾക്കുമ്പോൾ ഭയങ്കരമായി ദേഷ്യം വരും. അച്ചൻ മേറിതാത്തിയെ പിണങ്ങി ഓടിക്കും. മേറിതാത്തി റോസാപൂവുംകൊണ്ട് പമ്പ കടക്കും.

സ്വന്തം കെട്ടിയവനോടില്ലാത്ത സ്നേഹമായിരുന്നു മേറിതാത്തിക്ക് അച്ചനോടുണ്ടായിരുന്നത്. മേറിതാത്തി പള്ളിയിലിരുന്ന് കർത്താവിനോട് പ്രാർഥിക്കുന്നത് അടുത്തിരിക്കുന്ന പലരും കേട്ടിട്ടുണ്ട്. കർത്താവേ, ഈ അച്ചന്റെ കാലിൽ ഒരു മുള്ളുപോലും കൊള്ളാതെ നീ കാത്തുകൊള്ളണേ എന്ന്.

മേറിതാത്തിയുടെ കെട്ടിയവൻ നേവൽബേസിനടുത്തുള്ള ഡൈമൻകട്ട് എന്ന് പേരുള്ള ആൾതാമസമില്ലാത്ത തുരുത്തിൽ വള്ളത്തിൽ കയറിപ്പോയി പുല്ലു ചെത്തിക്കൊണ്ടുപോയി വിറ്റിട്ടാണ് അവർക്കും കുടുംബത്തിനും ചെലവിന് കൊടുക്കുന്നത്. എത്രയധികം വിഷപ്പാമ്പുകളും ക്ഷുദ്രജീവികളുമുള്ള സ്ഥലമാണെന്നോ കാടുപിടിച്ചു കിടക്കുന്ന ഈ ഡൈമൻകട്ട് എന്ന തുരുത്ത്. അവിടെ ഗംബൂട്ടോ ഗ്ലൗസോ പോലുള്ള യാതൊരു സുരക്ഷയുമില്ലാതെയാണ് അയാൾ പുല്ലു ചെത്തുന്നത്. എന്നിട്ട് ആ കെട്ടിയവനുവേണ്ടി ഒരുതവണ േപാലും മേറിതാത്തി പ്രാർഥിക്കുന്നത് ആരും കേട്ടിട്ടില്ല. പള്ളിമേടയിൽനിന്ന് പതുക്കെ ഇറങ്ങിവന്ന് അൾത്താരയിൽനിന്ന് ഫാനിന്റെ കാറ്റുംകൊണ്ട് കുർബാന ചൊല്ലുന്ന അച്ചനുവേണ്ടി മുട്ടിപ്പായി പ്രാർഥിക്കുന്നു.

മേറിതാത്തിക്ക് പോട്ട പുണ്യാളത്തി എന്നുകൂടി ഒരു വിളിപ്പേരുണ്ട്. ഇടവകയിൽനിന്ന് പോട്ട ധ്യാനകേന്ദ്രത്തിൽ സ്ഥിരമായി ആളുകളെ ധ്യാനിപ്പിക്കാൻ കൊണ്ടുപോകുന്നതുകൊണ്ട് കിട്ടിയ പേരാണത്.

കണ്ടെയ്നർ റോഡിൽ മൂലമ്പിള്ളി ഭാഗത്തെ അടിപ്പാതക്കടുത്ത് ഒരു പാപ്പു ചേട്ടനും അയാളുടെ ഭാര്യ ചിന്നമ്മയും താമസിക്കുന്നുണ്ടായിരുന്നു. മിക്കവാറും ദിവസങ്ങളിൽ കള്ളുകുടിച്ചു ലക്കുകെട്ടാണ് പാപ്പു ചേട്ടൻ വീട്ടിൽ ചെന്നുകയറുന്നത്. ചെന്നാലുടൻ അയാൾ മുറ്റത്തെ മാവിൽ ചൂണ്ടിക്കൊണ്ട് ചിന്നമ്മയോട് പറയും: കേറടീ ചിന്നമ്മേ മാവേൽ എന്ന്. അതുകേട്ട് ചിന്നമ്മ പേടിച്ച് കഷ്ടപ്പെട്ട് മാവിൽ കയറും.

ആ വീടിനടുത്ത് ഒരു കളിസ്ഥലമുണ്ട്. ധാരാളം കുട്ടികൾ അവിടെ കൂട്ടം ചേർന്നു കളിക്കാറുണ്ട്. പാപ്പു ചേട്ടൻ അടിച്ചു പൂക്കുറ്റിയായി വീട്ടിലേക്ക് പോകുന്നത് കാണുമ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ കളി നിർത്തിക്കൊണ്ട് തമ്മിൽ പറയും: പാപ്പു ചേട്ടൻ പോകുന്നുണ്ട്, നമുക്ക് ചിന്നമ്മ ചേച്ചി മാവിൽ കയറുന്നത് കാണാൻ പോകാം എന്ന്.

ചിലപ്പോളൊക്കെ ഞാൻ നല്ല തിരക്കിൽ നിൽക്കുമ്പോളായിരിക്കും ഡെൽഫി വിളിക്കുക. ഫോണെടുത്തയുടൻ ഞാൻ തിരക്കിലാണോ ഇതൊക്കെ കേൾക്കാവുന്ന സാഹചര്യത്തിലാണോ, മാനസികാവസ്ഥയിലാണോ എന്നുപോലും ചോദിക്കാതെ ഹലോ എന്ന് മാത്രം പറഞ്ഞിട്ട് ഒരു കോമഡി പറയട്ടെ എന്നു പറഞ്ഞുകൊണ്ട് കഥ തുടങ്ങിക്കഴിഞ്ഞിരിക്കും. എവിടെയെങ്കിലും കണ്ടതോ പെട്ടെന്ന് ഓർമവന്നതോ ആയ ഒരു കാര്യം എഴുത്തുകാരനായ എനിക്ക് പെട്ടെന്ന് പറഞ്ഞുതരിക എന്നതാണ് ഡെൽഫിയുടെ ഉ​േദ്ദശ്യം.

ഡെൽഫിയുടെ അയൽവാസിയായ ഒരു ചാക്കോ ചേട്ടൻ ഉണ്ടായിരുന്നു. മുടിവെട്ടാണ് തൊഴിൽ. ആളൊരു ശുദ്ധഗതിക്കാരനാണ്. പലപ്പോഴും ആളുകളുടെ മുടിവെട്ടി മോശമാക്കി കൊടുക്കും ചാക്കോ. ഒത്താൽ ഒത്തു എന്നതാണ് ചാക്കോയുടെ അടുത്ത് മുടിവെട്ടാൻ പോകുന്നവരുടെ വിധി. നാട്ടിൽ വേറെ മുടിവെട്ടുകടയൊന്നും ഇല്ലാത്തതുകൊണ്ട് മിക്ക ആളുകളും എന്തും വരട്ടെയെന്ന് കരുതി ചാക്കോയെത്തന്നെ ആശ്രയിക്കുന്നു. ഇപ്പോഴായി കൈത്തഴക്കം വന്ന് പിഴവുകൾ കുറഞ്ഞുവരുന്നുണ്ടെന്ന് ആളുകൾ പറയുന്നു. പ്രായം അധികരിച്ചെങ്കിലും ചാക്കോ കല്യാണം കഴിച്ചിട്ടില്ല. അവിവാഹിതയായ പെങ്ങൾ സ്റ്റെല്ലയുമൊത്ത് ജീവിക്കുന്നു. സ്റ്റെല്ല ഒരു തയ്യൽക്കാരിയാണ്.

ഒരുദിവസം തയ്യൽ കഴിഞ്ഞ് സൂചി കിടക്കയിൽ കുത്തിവെച്ചതിനുശേഷം അവിടെനിന്ന് പിന്നീടെടുത്ത് കലണ്ടറിൽ കുത്തിവെച്ചു സ്റ്റെല്ല. പക്ഷേ, സ്റ്റെല്ലയുടെ ഓർമയിൽ സൂചി കിടക്കയിൽതന്നെയായിരുന്നു.

ദിവസവും മുടിവെട്ടു കട പൂട്ടിയശേഷം ഉച്ചയാകുമ്പോൾ ചാക്കോ ഊണ് കഴിക്കാൻ വീട്ടിലേക്ക് വരും. ഊണ് കഴിഞ്ഞാൽ ചെറിയൊരു മയക്കമുണ്ട് ചാക്കോക്ക്. അതുകഴിഞ്ഞ് ഒരു തോർത്തുമുടുത്ത് ദേഹത്താകെ എണ്ണതപ്പി കുളിച്ചതിന് ശേഷമാണ് വൈകുന്നേരം വീണ്ടും മുടിവെട്ട് കട തുറക്കാൻ പോകുന്നത്. ചാക്കോ തോർത്തുടുത്ത് എണ്ണപുരട്ടി നിൽക്കുന്ന നേരത്താണ് സ്റ്റെല്ലക്ക് തയ്ക്കാൻ സൂചി ആവശ്യം വന്നത്. അവർ സൂചി കിടക്കയിൽ കുത്തിവെച്ചിട്ടുണ്ട് എന്ന് തെറ്റിദ്ധരിച്ച് അതിൻമേലെല്ലാം പരിശോധിച്ചു. സൂചി കണ്ടുകിട്ടാതായപ്പോളാണ് ഓർത്തത്, ഈ ബെഡിൽ കിടന്നല്ലേ ചാക്കോ ഇത്രയും നേരം ഉറങ്ങിയിരുന്നത്! സ്റ്റെല്ല നേരെ ഓടി ചാക്കോയു​ടെ അടുത്തെത്തിയിട്ടു ചോദിച്ചു, ചേട്ടൻ ഇപ്പോൾ കിടന്നിരുന്ന ബെഡിൽ ഞാനെന്റെ സൂചി കുത്തിവെച്ചിട്ടുണ്ടായിരുന്നു. അതിപ്പോൾ നോക്കിയിട്ട് കാണാനില്ല. ചേട്ടനെങ്ങാനും കണ്ടിരുന്നോ? ഇല്ലല്ലോ എന്ന് ചാക്കോ പറഞ്ഞു. പക്ഷേ, അതു പറഞ്ഞതും അയാളാകെ ഭയന്ന് അടിമുടി വിറക്കാൻ തുടങ്ങി. ദൈവമേ, എന്റെ മേത്ത് സൂചി തുളച്ചുകയറിയേ അയ്യോ... എന്ന് പറഞ്ഞ് ചാക്കോ ഉറക്കെ നിലവിളിച്ചു. മനുഷ്യശരീരത്തിൽ സൂചി തറഞ്ഞുകയറിയാൽ കാന്തശക്തിയാൽ അത് രക്തത്തിലൂടെ ദേഹം മുഴുവൻ പാഞ്ഞുനടക്കുമെന്നൊരു വിശ്വാസമുണ്ട്. പിന്നെ ആ സൂചി ശരീരത്തിൽനിന്നും വീണ്ടെടുക്കാൻ വലിയ പ്രയാസമാണെന്ന് ആരോ ചാക്കോയോട് പറഞ്ഞിട്ടുണ്ട്. അക്കാര്യമോർത്താണ് ചാക്കോ പേടിച്ചു കരഞ്ഞത്. തോർത്ത് മാത്രമുടുത്ത് എണ്ണ പുരട്ടിയ ദേഹവുമായി അയാൾ പരക്കം പാഞ്ഞ് ഓടാൻ തുടങ്ങി. എനിക്ക് നെഞ്ചുവേദനയെടുക്കുന്നു; ഞാൻ മരിച്ചുപോകും, ഞാൻ മരിച്ചുപോകും എന്ന് പറഞ്ഞുകൊണ്ടാണ് ഓട്ടം. വീടിന് അൽപമകലെയായി ഒരു ക്ലബുണ്ട്. നാട്ടുകാരായ കുറച്ചുപേർ അവിടെ വട്ടം കൂടിയിരുന്നു ചീട്ടു കളിക്കുന്നുണ്ട്. അവരോടൊക്കെ ചാക്കോ ചെന്നുപറഞ്ഞു, അയാൾ മരിച്ചുപോകുമെന്ന്. എന്റെ ബ്ലഡിൽ ഒരു സൂചി പാഞ്ഞുകൊണ്ടിരിക്കുകയാണ്. അത് എന്റെ ഹാർട്ടിലോ തലച്ചോറിലോ തുളച്ചുകയറിയാൽ ആ നിമിഷം ഞാൻ മരിക്കും. പിന്നെ അടുത്തുള്ള ചായക്കടയിലേക്ക് ഓടിച്ചെന്നിട്ട് ചാക്കോ പറഞ്ഞു: ഞാൻ ചായ കുടിച്ച വകയിൽ കുറച്ചു കാശിവിടെ തരാനുണ്ട്. അതൊക്കെ എങ്ങനെ തന്നുതീർക്കുമെന്നെനിക്കറിയില്ല.

പിന്നെ ചാക്കോ അടുത്തുള്ള പലചരക്ക് കടയിലേക്കോടുമ്പോളാണ് സ്റ്റെല്ല കലണ്ടറിൽ കുത്തിവെച്ചിരുന്ന തന്റെ സൂചി കാണുന്നത്. അവർ വേഗം ആ സൂചിയും എടുത്തുകൊണ്ട് ചാക്കോയുടെ അടുത്തേക്ക് വന്ന് സൂചി കിട്ടിയ കാര്യം പറഞ്ഞു. അന്നേരമാണ് ചാക്കോക്ക് മനസ്സമാധാനമായത്. ശ്വാസം നേരെ വീണ ചാക്കോ വീട്ടിൽവന്ന് കുളിച്ച് വീണ്ടും മുടിവെട്ടു കട തുറക്കാൻ പോയി.

മൂലമ്പിള്ളി ഇടവകയിലെ മധ്യവയസ്കരായ കുറേ പേരുടെ ഒരു കൂട്ടായ്മയായിരുന്നു ജീസസ് ക്ലബ്. അവർ എല്ലാ കൊല്ലവും വാർഷികാഘോഷത്തിന്റെ ഭാഗമായി നാടകം കളിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഒരു കൊല്ലം വാർഷികത്തിന് എല്ലാവർക്കും പായസം ഉണ്ടാക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി അറിയപ്പെടുന്ന പാചകക്കാരനായ, ക്ലബിലെ ഒരംഗംകൂടിയായ മണ്ണേല ജോസ എന്ന് അറിയപ്പെടുന്ന ഒരാളെയാണ് നിയോഗിച്ചത്. ധാരാളം തേങ്ങാപ്പാലൊക്കെ പിഴിഞ്ഞൊഴിച്ച് നല്ല ചെറുപയറ്റിൻ പരിപ്പുപായസമാണ് ജോസ ഉണ്ടാക്കിയത്. രുചിച്ചു നോക്കിയപ്പോൾ അത് വളരെ രുചികരമായിരിക്കുന്നെന്ന് ജോസക്ക് തോന്നി. പക്ഷേ, ഒപ്പം മറ്റൊരു തോന്നൽകൂടി അയാൾക്കുണ്ടായി. പായസമുണ്ടാക്കിയതിന്റെ അളവ് കുറഞ്ഞുപോയോ, ഇത്രയും രുചിയുള്ള പായസം എല്ലാവർക്കും വിളമ്പിക്കഴിയുമ്പോൾ ഇനിയെങ്ങാനും തീർന്നുപോയാൽ ഒടുവിൽ കഴിക്കുന്ന തനിക്ക് ആവശ്യത്തിനുള്ളത് കുടിക്കാൻ കിട്ടിയില്ലെങ്കിലോ? ഈ വിചാരം ഉള്ളിൽ കലശലായപ്പോൾ ജോസക്ക് ഒരുപായം തോന്നി. അയാൾ ആരും കാണാതെ, പായസത്തിനുവേണ്ടി പാലെടുക്കാൻ പിഴിഞ്ഞ തേങ്ങയുടെ പിഴിപീര കളയാൻ മാറ്റിവെച്ചിരുന്നത് മുഴുവനുമെടുത്ത് പായസത്തിൽ ചേർത്തിളക്കി. പായസം കഴിച്ചവർക്കൊക്കെ പിഴിചീര ചവച്ചിട്ട് തൊണ്ടയിൽനിന്ന് അരുചിമൂലം ഇറക്കാൻ പറ്റാതായി. പായസം ആരും കുടിച്ചില്ല. മുഴുവൻ ബാക്കിവന്നു. ഭക്ഷണത്തിനോട് ഭയങ്കര ആർത്തിയുള്ളയാളാണ് ജോസ. പക്ഷേ, അയാൾക്കുപോലും അൽപം മാത്രമേ കഴിക്കാൻ പറ്റിയുള്ളൂ. ബാക്കി മുഴുവൻ പുഴയിൽ കൊണ്ടുപോയി ചൊരിഞ്ഞുകളയേണ്ടിവന്നു.


കണ്ണമാലിയിലെ ഔസേപ്പിതാവിന്റെ പള്ളിയുടെ മുന്നിലുള്ള ചായക്കടയിൽ വെളുപ്പാൻകാലത്തേ അജ്ഞാതരായ ഒരപ്പനും മകനും പതിവായി ചായ കുടിക്കാൻ വരും. ആരാണ്, എവിടെനിന്നാണ് അവർ വരുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ. ഔസേപ്പിതാവും ഉണ്ണീശോയുമാണവരെന്ന് എല്ലാവരും വിശ്വസിക്കുന്നു. ആരാണ് അവർക്ക് ചായ കുടിക്കാനുള്ള പൈസ കൊടുക്കുന്നതെന്ന് ഡെൽഫി ആലോചിക്കാറുണ്ട്. ഉത്തരവും ഡെൽഫി കണ്ടുപിടിച്ചു. അവരുടെ സ്വന്തം നേർച്ചപ്പെട്ടിയല്ലേ വാതിൽക്കൽ തന്നെയിരിക്കുന്നത്. അതിൽനിറയെ നേർച്ചപ്പണമല്ലേ. ആവശ്യമുള്ളത് അവർ അതിൽനിന്നെടുക്കുന്നുണ്ടാകും!

ഡെൽഫിയുടെ ഒരു സഹപാഠിയുണ്ട്. ജോബ്. അയാൾക്ക് രണ്ട് അമ്മായിമാരാണ് ഉള്ളത്. അപ്പന്റെ പെങ്ങൻമാര്. രണ്ടുപേരും പ്രായമേറെയായിട്ടും കല്യാണം കഴിച്ചിട്ടില്ല. ത്രേസ്യാകുട്ടി എന്നും റോസക്കുട്ടി എന്നുമാണ് പേരുകൾ. രണ്ടുപേരും കൽപ്പണിക്കാരായ മേസ്തിരിമാരുടെ ഒപ്പം മേയ്ക്കാട്ട് പണിക്ക് പോകാറുണ്ട്. നല്ല ശാരീരികാധ്വാനമുള്ള ജോലിയാണല്ലോ അത്. അതിന്റെ ക്ഷീണം കാരണം അവർക്ക് നേരത്തേ ഉറക്കം വരും. എന്നും വീട്ടിൽ സന്ധ്യാപ്രാർഥന ചൊല്ലണമെന്ന് അവർക്ക് നിർബന്ധമാണ്. ഒരുദിവസംപോലും പ്രാർഥന മുടക്കാൻ അവർ തയാറല്ല. എന്നാൽ, ആ നേരത്തൊക്കെ അവർ ഉറക്കം തൂങ്ങി​ക്കൊണ്ടിരിക്കും. ഏതാണ്ട് അർധമയക്കത്തിലാണ് മിക്കപ്പോഴും പ്രാർഥന ചൊല്ലുക. ആ നേരത്തെല്ലാം ജോബും വീട്ടിലുണ്ടാകും, അവരുടെ കൂടെ പ്രാർഥന ചൊല്ലാൻ. അവൻ വീടിന്റെ കോലായയിലാണിരിക്കുക. ലുത്തിനിയയുടെ സമയമാകുമ്പോളേക്കും ഉറക്കം തൂങ്ങൽ മൂർധന്യത്തിലാകും. അതുകൊണ്ട് ലുത്തിനിയ ചൊല്ലുന്ന റോള് ജോബ് ഏറ്റെടുക്കും. എന്നാൽ, അതിനിടയിൽ ജോബ് ചില കുസൃതികൾ ഒപ്പിക്കും. ലുത്തിനിയകൾക്കിടയിൽ ആത്മജ്ഞാനപൂരിത പാത്രമേ എന്നു വരുന്നിടത്ത് ഇൻഡാലിയത്തിന്റെ പാത്രമേ എന്നും ദാവീദിന്റെ കോട്ടയേ എന്നിടത്ത് തൈക്കൂടന്മാരുടെ കോട്ടയേ എന്നും നിർമലദന്തംകൊണ്ടുള്ള കോട്ടയേ എന്നിടത്ത് ചെകുത്താൻമാരുടെ കോട്ടയേ എന്നുമൊക്കെ ചേർക്കും. അമ്മായിമാർ ഉറക്കത്തിൽ ശ്രദ്ധിക്കാതെ മറുപടിയായി ഏറ്റുപറയും, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന്.

അതുകൂടാതെ ബൈബിൾ വായനക്കിടയിൽ പാവന പൗലോസ് എഫ്.എ.സി.ടിക്കാർക്ക് എഴുതിയ ലേഖനം എന്നൊക്കെ വായിക്കും. അമ്മായിമാർ ശ്രദ്ധിക്കില്ല.

ഈ തൈക്കൂടന്മാരെന്നു പറയുന്നത് കോതാടുള്ള പേരു കേട്ട ഒരു കുടുംബക്കാരാണ്. പാവന പൗലോസ് എന്നുപറഞ്ഞാൽ ഡെൽഫിയുടെ ഒരു വല്യപ്പച്ചനാണ്. ആള് കുറെക്കാലം പട്ടാളത്തിലായിരുന്നു. യുദ്ധവും വെടിവെപ്പുമൊന്നുമായിരുന്നില്ല അങ്ങേർക്കവിടെ ജോലി. പാചകക്കാരനായിരുന്നു. പഠിപ്പും അറിവും കുറവായിരുന്നു പൗലോസിന്. എന്നാൽ, ആള് ഭയങ്കര ബഡായിക്കാരനായിരുന്നു.

ഒരിക്കൽ പൗലോസ് യുദ്ധവിമാനത്തിൽ മാനത്തുകൂടെ പറന്നുപോകുമ്പോൾ കോതാട് സ്കൂളിന് തൊട്ടടുത്തു തന്നെയുള്ള അവരുടെ തറവാടിന്റെ മുറ്റത്ത് അയാളുടെ അമ്മ ഓലമെടയുന്നത് വിമാനത്തിലിരുന്നുകൊണ്ട് താഴേക്ക് നോക്കിയ പൗലോസ് കണ്ടുവ​േത്ര. അപ്പോൾതന്നെ അയാൾ പൈലറ്റിനോട് വിമാനം താഴ്ത്തി പറത്താൻ ആവശ്യപ്പെട്ടു. വിമാനം താഴ്ന്നു പറന്നപ്പോൾ പൗലോസ് ഒരു കെട്ട് നോട്ടെടുത്ത് അമ്മയുടെ മടിയിലേക്ക് എറിഞ്ഞിട്ടുകൊടുത്തു. ആ നോട്ടുകെട്ട് എടുത്തശേഷം അമ്മ മുകളിലേക്ക് നോക്കി പൗലോസിന് റ്റാറ്റാ കൊടുത്തു എന്നയാൾ പറഞ്ഞുനടക്കാറുണ്ട്.

ഇടക്ക് സെമിത്തേരിയിൽ ചെന്ന് കല്ലറകളിൽ മെഴുകുതിരികൾ കത്തിച്ചുവെച്ച് അവയിൽ അടക്കംചെയ്തവരോട് പറയും; ആത്മാക്കളെ സലാം, ഞാൻ പാവന പൗലോസ്. പിന്നെ പള്ളിയുടെ മുന്നിൽ ചെന്നുനിന്നുകൊണ്ടു പറയും, കർത്താവേ ഞാൻ പാവന പൗലോസ്. വെള്ളമടിച്ച് ഭയങ്കര പൂസാണെങ്കിൽ അതോടൊപ്പം കുറെ തെറിയും പറയും. ​മൈ എന്നും പൂ എന്നും തുടങ്ങുന്ന തെറികൾ. ഒറ്റയടിക്ക് ആയിരം തെറികൾ പറയാൻ കഴിയാത്തതുകൊണ്ട് ആയിരം മൈ... ആയിരം പൂ... എന്ന് പറഞ്ഞ് അവസാനിക്കും.

പൗലോസ് ഒരുദിവസം ഒരു സ്വപ്നം കണ്ടു. അയാൾ തോക്കെടുത്ത് ആരെയൊക്കെയോ വെടി​െവക്കുന്നതായിട്ട്. പിന്നെ ശത്രുവിന്റെ തോക്കിന്റെ കുഴലിലേക്ക് അയാളുടെ വെടി തടസ്സപ്പെടുത്താനായി വിരൽ കടത്തുന്ന വിചിത്രമായ സ്വപ്നം. പക്ഷേ, ശരിക്കും വിരലിട്ടത് അടുത്ത് ഉറങ്ങിക്കിടന്ന ഭാര്യയുടെ മൂക്കിന്റെ തുളകളിലേക്കാണ്. അവർ ഞെട്ടി പിടഞ്ഞെഴുന്നേറ്റുപോയി.


ഓരോ കോമഡി കഥകൾ കഴിയുമ്പോളും ഞാൻ വിചാരിക്കും, ഡെൽഫി അവരുടെ സ്വന്തം കഥ പറയാമെന്ന് പറഞ്ഞുതുടങ്ങിയിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത് മറ്റുള്ളവരുടെ കഥകളാണല്ലോ എന്ന്. ഇടക്കെല്ലാം എനിക്ക് ചെറിയ അതൃപ്തി തോന്നുകയും ചെയ്യും.

മനഃപൂർവം ഡെൽഫി സ്വന്തം കഥ പറയുന്നതിൽനിന്ന് ഒഴിഞ്ഞുമാറുകയോ കഥ നീട്ടിവെക്കുകയോ ചെയ്യുന്നെന്ന് എനിക്ക് സംശയം തോന്നാൻ തുടങ്ങി. കോമഡികളും അത്ഭുതങ്ങളും പ്രേതാത്മാക്കളുടെ കഥകളും അവസാനിപ്പിച്ച് സ്വന്തം ജീവിതകഥ പറഞ്ഞുകൂടെ എന്ന് ഡെൽഫിയോട് എനിക്ക് ചോദിക്കണമെന്നുണ്ട്. എന്തോ അവരെ തടസ്സപ്പെടുത്താനോ കഥ വഴിതിരിച്ചുവിടാനോ എനിക്ക് കഴിയുന്നില്ല.

കഥ പറഞ്ഞ് ജീവിതം നീട്ടിക്കൊണ്ടുപോയ ഒരു കഥ കേട്ടിട്ടുണ്ട്. അതു പ്രശസ്തവുമാണ്. ഇവിടെയിതാ ഒരുവൾ കഥ പറയാതെയിരുന്നുകൊണ്ട് ഒരാൾക്ക് ജീവിതം നീട്ടിത്തരുന്നു – എന്ന് ഞാൻ സ്വയം ഉരുവിട്ടു.

(തുടരും)

Tags:    
News Summary - madhyamam weekly novel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-10 06:00 GMT
access_time 2025-11-03 05:45 GMT
access_time 2025-10-27 04:15 GMT
access_time 2025-10-20 04:15 GMT
access_time 2025-10-13 05:15 GMT
access_time 2025-10-06 05:30 GMT
access_time 2025-09-29 04:00 GMT
access_time 2025-09-29 03:30 GMT
access_time 2025-09-22 05:00 GMT
access_time 2025-09-22 04:45 GMT
access_time 2025-09-15 05:30 GMT
access_time 2025-09-08 04:30 GMT