കന്നട സാഹിത്യത്തിലെ സ്ത്രീ ആവിഷ്‍കാരങ്ങൾ

ശക്തമായ സ്ത്രീ പാരമ്പര്യമുള്ള ഒന്നാണ് കന്നട സാഹിത്യം. എന്തായിരുന്നു കന്നട സാഹിത്യത്തിലെ സ്ത്രീകളുടെ പങ്ക്? അതിന് തമിഴും മലയാളവുമായുള്ള സാമ്യവും വ്യത്യസ്തതയും എന്താണ്? -പഠനം കന്നട സാഹിത്യത്തിലെ സ്ത്രീ പ്രതിനിധാനങ്ങൾ സഹിഷ്ണുതയുടെയും പരിവർത്തിയുടെയും സാംസ്കാരികമായ ആത്മസംസ്ഥാപനത്തിന്റെയും സൂചകങ്ങളാണ്. പ്രാരംഭകാല സാഹിത്യപരമ്പരകളിൽ സ്ത്രീകളുടെ ശബ്ദം പലപ്പോഴും മങ്ങിയതായിരുന്നുവെങ്കിലും അവ ഒരിക്കലും പൂർണമായും ഇല്ലാതായിരുന്നില്ല. പകരം, അവ സൂക്ഷ്മമായെങ്കിലും ശക്തമായ രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു -ആത്മീയമായ ആകാംക്ഷ, സാമൂഹിക വിമർശനം, തത്ത്വചിന്താപരമായ ആലോചന എന്നിവയെ...

ശക്തമായ സ്ത്രീ പാരമ്പര്യമുള്ള ഒന്നാണ് കന്നട സാഹിത്യം. എന്തായിരുന്നു കന്നട സാഹിത്യത്തിലെ സ്ത്രീകളുടെ പങ്ക്? അതിന് തമിഴും മലയാളവുമായുള്ള സാമ്യവും വ്യത്യസ്തതയും എന്താണ്? -പഠനം

കന്നട സാഹിത്യത്തിലെ സ്ത്രീ പ്രതിനിധാനങ്ങൾ സഹിഷ്ണുതയുടെയും പരിവർത്തിയുടെയും സാംസ്കാരികമായ ആത്മസംസ്ഥാപനത്തിന്റെയും സൂചകങ്ങളാണ്. പ്രാരംഭകാല സാഹിത്യപരമ്പരകളിൽ സ്ത്രീകളുടെ ശബ്ദം പലപ്പോഴും മങ്ങിയതായിരുന്നുവെങ്കിലും അവ ഒരിക്കലും പൂർണമായും ഇല്ലാതായിരുന്നില്ല. പകരം, അവ സൂക്ഷ്മമായെങ്കിലും ശക്തമായ രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു -ആത്മീയമായ ആകാംക്ഷ, സാമൂഹിക വിമർശനം, തത്ത്വചിന്താപരമായ ആലോചന എന്നിവയെ അവതരിപ്പിച്ചുകൊണ്ട്. കാലക്രമേണ, ഈ ശബ്ദങ്ങൾ മിതത്വത്തിൽനിന്ന് സാഹിത്യത്തെയും സംസ്കാരത്തെയും മാറ്റിമറിച്ച ഗംഭീര പ്രഖ്യാപനങ്ങളായി വളർന്നു. മധ്യകാല കര്‍ണാടകത്തിൽ,

ശക്തമായ പിതൃസത്താധിഷ്ഠിത സാമൂഹിക ഘടനകൾക്കകത്ത് സ്ത്രീ എഴുത്തുകാർ തങ്ങൾക്കായി ഇടങ്ങൾ സൃഷ്ടിച്ചു. അവരിൽ ഏറ്റവും ശ്രദ്ധേയയായ വ്യക്തികളിൽ ഒരാളായിരുന്നു അക്ക മഹാദേവി; അവരുടെ വചനങ്ങൾ ആത്മീയ തീവ്രതയുടെയും കവിതാസ്വാതന്ത്ര്യത്തിന്റെയും പ്രകാശമാനമായ ഉദാഹരണങ്ങളാണ്. സാമൂഹികമായ ചട്ടങ്ങളെ നിരസിച്ചുകൊണ്ട്, അവർ ലിംഗപരിധികളെ അതിജീവിക്കുന്ന ദൈവഭക്തിയെ അവതരിപ്പിക്കുകയും ആത്മാവിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുകയും ചെയ്തു.

അവരുടെ കവിതകൾ ഭക്തിപരതമാത്രമല്ല; സ്ത്രീകളുടെ വ്യക്തിത്വത്തെ നിസ്സാരവത്കരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന ആഖ്യാന മാതൃകകൾ കൂടിയായിരുന്നു. അതുപോലെ, സഞ്ചി ഹൊന്നമ്മയെപ്പോലുള്ള കവികളും, നൈതികചിന്തയെയും സാംസ്കാരിക നിരീക്ഷണങ്ങളെയും ചേർത്തുകൊണ്ട് സാഹിത്യപാരമ്പര്യം സമ്പുഷ്ടമാക്കി. അവരുടെ കൃതികൾ സാമൂഹികമായ പ്രതീക്ഷകൾ പങ്കുവെക്കുകയും അതിന് എതിരുനിൽക്കുന്ന ഘടകങ്ങളെ ചോദ്യംചെയ്യുകയും വഴി അതിലൂടെ അവരുടെ കാലഘട്ടത്തിലെ സ്ത്രീയനുഭവങ്ങളുടെ സങ്കീർണതകളുടെ യഥാതഥാവിഷ്കാരങ്ങളായി മാറി. മറ്റൊരു ശ്രദ്ധേയ ശബ്ദമായിരുന്നു ഹെലവൻകട്ടെ ഗിരിയമ്മയുടേത്.

കരുത്താർന്ന പാരമ്പര്യത്തിന്റെ അപര്യാപ്തതയിലും സ്ത്രീകളുടെ സാഹിത്യപങ്കാളിത്തം നിലനിന്നിരുന്നുവെന്ന് അവരുടെ രചനകൾ തെളിയിക്കുന്നു. ഇവർ എല്ലാവരും പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നെങ്കിലും തുടർച്ചയായി നിലനിന്ന സ്ത്രീസാഹിത്യ പാരമ്പര്യത്തിന്റെ പ്രതിനിധികളാണ്. ഇത്തരത്തിലുള്ള സംഭാവനകൾ ഉണ്ടായിരുന്നുവെങ്കിലും സ്ത്രീകളുടെ സാഹിത്യ സജീവത വ്യാപകമായി അംഗീകരിക്കപ്പെട്ടത് ആധുനിക കാലത്താണ്. കൊളോണിയൽ കാലഘട്ടം ഇതിനൊരു വഴിത്തിരിവായി മാറി.

കൊളോണിയൽ ഭരണകൂടം ചില പിതൃസത്താധിഷ്ഠിത ഘടനകളെ ശക്തിപ്പെടുത്തിയെങ്കിലും, മറുപക്ഷത്ത് പുതിയ വിദ്യാഭ്യാസ സംവിധാനങ്ങളും സാമൂഹികപരിഷ്കാര ചിന്തകളും അവതരിപ്പിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസ പദ്ധതികളുമായി ഉണ്ടായ സമ്പർക്കം സ്ത്രീകൾക്ക് പരമ്പരാഗതമായ അസമത്വങ്ങളെ ചോദ്യംചെയ്യാനും ബൗദ്ധികവും സൃഷ്ടിപരവുമായ സ്വാതന്ത്ര്യം തേടാനും സഹായിച്ചു. അവരുടെ ആഗ്രഹങ്ങൾ പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിക്കാൻ സാഹിത്യം സുപ്രധാനമായൊരു മാധ്യമമായി ഇക്കാലത്ത് മാറുകയുണ്ടായി.

ദേശീയ പ്രസ്ഥാനങ്ങളുടെ സ്വാധീനം ഈ മാറ്റത്തെ വേഗത്തിലാക്കി. പ്രത്യേകിച്ച് മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകളും പ്രവർത്തന പദ്ധതികളും സ്ത്രീകളെ പൊതുജീവിതത്തിലേക്ക് എത്തിച്ചുകൊണ്ട് പ്രതിഷേധങ്ങളിൽ പങ്കെടുക്കാനും അവരുടെ കാഴ്ചപ്പാടുകൾ തുറന്നുപറയാനും പ്രേരിപ്പിച്ചു. ഈ പങ്കാളിത്തം ആത്മവിശ്വാസവും വാഗ്മിത്വശേഷിയും കൂട്ടായ വ്യക്തിത്വബോധവും വളർത്തി. സ്ത്രീകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സാഹിത്യവേദികളിലേക്കും കടന്നുവരുമ്പോൾ, അവർ വ്യക്തിപരമായ അനുഭവങ്ങൾ മാത്രമല്ല സാമൂഹിക അനീതി, ലിംഗവിവേചനം, സാംസ്കാരിക മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും എഴുതാൻ തുടങ്ങി. വിദ്യാഭ്യാസം സ്ത്രീകളുടെ സാഹിത്യസാന്നിധ്യത്തെ പുനർനിർമിച്ച ഏറ്റവും നിർണായക ഘടകമായി.

അത് വിവിധ ജാതി-മത പശ്ചാത്തലങ്ങളിലുള്ള സ്ത്രീകൾക്ക് പാരമ്പര്യപരിധികൾ കടന്ന് ബൗദ്ധിക സംവാദങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. ലേഖനങ്ങൾ, കവിതകൾ, കഥകൾ, ആത്മകഥകൾ എന്നിവയിലൂടെ അവർ മുൻധാരണകളെ ചോദ്യംചെയ്ത് സ്ത്രീത്വത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചു. പലരും മാതൃകകളായി മാറിക്കൊണ്ട്-സാഹിത്യസൃഷ്ടിയും സാമൂഹിക ഉത്തരവാദിത്തവും സാംസ്കാരിക നേതൃത്വവും ഒരുമിച്ച് നിലനിൽക്കാമെന്ന് തെളിയിച്ചു. ഈ പുരോഗതികൾ കന്നട സാഹിത്യത്തിന്റെ വിഷയപരമായ പരിധികളെയും മാറ്റുകയുണ്ടായി.

സ്ത്രീ എഴുത്തുകാർ പുതിയ അനുഭൂതികൾ അവതരിപ്പിച്ചു -ഗാർഹികജീവിതത്തെക്കുറിച്ചുള്ള ദമിത ചിന്തകൾ, വികാരലോകത്തിന്റെ സൂക്ഷ്മചിത്രങ്ങൾ, സാമൂഹിക പദവിവ്യവസ്ഥകളുടെ തീവ്ര വിമർശനങ്ങൾ തുടങ്ങിയവ അതോടെ കൂടുതൽ ചർച്ചചെയ്യപ്പെട്ടു. അവരുടെ കൃതികൾ സാഹിത്യത്തിന്റെ നൈതികതയെയും സൃഷ്ടിപരമായ വിസ്തൃതിയെയും വികസിപ്പിച്ചു; സ്ത്രീകൾ വെറും കഥാപാത്രങ്ങളല്ലെന്നും അർഥപരികൽപനകളുടെ സജീവരചയിതാക്കളാണെന്നുമുള്ള സത്യം ഇതോടെ ഉറപ്പിക്കുകയുണ്ടായി. ഇതിലൂടെ അവർക്ക് അവകാശം, മാന്യത, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വഴിതുറക്കാനും സാംസ്കാരിക മൂല്യങ്ങളെ പുനർനിർവചിക്കാനും സാധിച്ചു.

ഇന്ന്, കന്നട സാഹിത്യത്തിലെ സ്ത്രീകളുടെ സജീവ സാന്നിധ്യം സ്ഥിരമായ സംവാദാത്മകശേഷിയുടെയും പ്രകടനശക്തിയുടെയും തെളിവാണ്. മധ്യകാല ആത്മീയ കവികളിൽനിന്ന് ആധുനിക പരിഷ്കർത്താക്കളിലേക്കും സമകാലിക എഴുത്തുകാരിലേക്കും സ്ത്രീകൾ അവരുടെ ശബ്ദം കേൾപ്പിക്കാൻ ഇടം കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവരുടെ രചനകൾ സാഹിത്യം ഒരു കലാവിഷ്കാരമെന്നതിലുപരി, സാമൂഹിക യാഥാർഥ്യങ്ങളെ പുനർനിർവചിക്കാൻ കഴിയുന്ന സാംസ്കാരികശക്തിയാണെന്ന് തെളിയിക്കുന്നു.

അതിനാൽ, കന്നട സാഹിത്യപരമ്പരയിലെ സ്ത്രീ വ്യക്തിത്വത്തിന്റെ വികാസം മൗനത്തിൽനിന്ന് വാക്കിലേക്ക്, അവഗണനയിൽനിന്ന് അംഗീകാരത്തിലേക്ക്, നിയന്ത്രണത്തിൽനിന്ന് സൃഷ്ടിസ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന വലിയ സാമൂഹിക മാറ്റത്തിന്റെ പ്രതിഫലനമാണ്. ചുരുക്കത്തിൽ കന്നട സാഹിത്യത്തിലെ സ്ത്രീകളുടെ ആഖ്യാന മാതൃകകൾ സാഹിത്യ സൃഷ്ടികളെന്നതിലുപരി സാംസ്കാരികമായ ഉണർവിന്റെയും ഉയിർത്തെഴുന്നേൽപിന്റെയും കഥയാണ് പറയുന്നത്. സ്ത്രീകൾ സാഹിത്യത്തെ സംവാദത്തിന്റെ ഭൂമികയാക്കുമ്പോൾ കേവലമായ ജീവിതാവിഷ്കാരത്തിനപ്പുറം ചരിത്രത്തെതന്നെ പുതുക്കിയെഴുതുകയാണവർ ചെയ്യുന്നത്.

2

ദക്ഷിണേന്ത്യയിലെ വിശാലമായ സാമൂഹിക പരിവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന സമൃദ്ധവും നിരവധി അടരുകളോടുകൂടിയതുമായ വളർച്ചയാണ് കന്നട സാഹിത്യത്തിലെ സ്ത്രീരചനയുടെ സാംസ്കാരിക പഠനം വെളിവാക്കുന്നത്. സ്ത്രീകളുടെ അനുഭവങ്ങളുടെ ചിതറിയ പ്രകടനങ്ങളായി ആരംഭിച്ച് വ്യക്തിസ്വത്വം, സമത്വം, നിർവചനം എന്നിവ ഉയർത്തിപ്പിടിക്കുന്ന ശക്തമായ സാഹിത്യപ്രസ്ഥാനമായി അതു വളരുകയു ണ്ടായി. ഈ യാത്രയെ മൂന്ന് പ്രധാന ഘട്ടങ്ങളായി മനസ്സിലാക്കാം-ബോധോദയം (Arunodaya), സമത്വാവകാശത്തിന്റെ പ്രഖ്യാപനം (Samanate), സ്വത്വാന്വേഷണം (Ananyate). ഇവയിൽ ഓരോ ഘട്ടവും സ്ത്രീസാഹിത്യബോധത്തിന്റെ വ്യത്യസ്ത വളർച്ചാ ഘട്ടങ്ങളെ സൂചിപ്പിക്കുന്നു.

1. ബോധോദയം (Arunodaya)

ആധുനിക കന്നട സാഹിത്യത്തിലെ സ്ത്രീരചനയുടെ ആദ്യഘട്ടം സമൂഹികബോധത്തിന്റെ പടിപടിയായ ഉയർച്ചയെ അടയാളപ്പെടുത്തുന്നു. ശാന്താബായി നീൽഗാർ, തിരുമലാംബ, സുശീല തുടങ്ങിയ എഴുത്തുകാർ സ്ത്രീവിദ്യാഭ്യാസം, നൈതികബലം, സ്വയംപര്യാപ്തത തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി എഴുതി. അവരുടെ കൃതികൾ പാരമ്പര്യത്തിന്റെയും നവോത്ഥാനചിന്തകളുടെയുമിടയിൽ കുടുങ്ങിയ സ്ത്രീകളുടെ ജീവിതങ്ങളെ ചിത്രീകരിച്ചു.

കർശനമായ സാമൂഹികനിയമങ്ങളും മതാചാരങ്ങളും പാലിക്കേണ്ട സാഹചര്യത്തിൽ, സ്ത്രീകൾ മാന്യതയും പരിഷ്‌കാരവും ലക്ഷ്യമാക്കി മുന്നേറുന്ന അനുഭവമാണ് ഇവ പ്രദാനം ചെയ്യുന്നത്. ഗാർഹികജീവിതത്തിലുപരി കൊളോണിയൽ നവീനത, മതപാരമ്പര്യം, മാമൂൽ പ്രിയത്വം, പിതൃത്വാധിപത്യം എന്നിവ സൃഷ്ടിച്ച സംഘർഷങ്ങളെ അവർ തുറന്നുകാട്ടി. സ്ത്രീകൾ സമൂഹനിയന്ത്രണങ്ങളിൽ പെട്ടുപോയിരുന്നുവെങ്കിലും അവരുടെ ആഗ്രഹങ്ങളും ചിന്തകളും പുതിയ ബോധോദയത്തെ സൂചിപ്പിച്ചു. സാഹിത്യം ഇതിലൂടെ പാരമ്പര്യ മാനദണ്ഡങ്ങളെ ചോദ്യംചെയ്യാനും സ്ത്രീകളുടെ ജീവിതത്തിനുള്ള പുതിയ സാധ്യതകൾ അവതരിപ്പിക്കാനുമുള്ള വേദിയായി മാറി.

2. സമത്വാവകാശത്തിന്റെ പ്രഖ്യാപനം (Samanate)

രണ്ടാംഘട്ടം വിഷയപരമായും സാമൂഹിക പ്രതിനിധാനപരമായും വലിയ വിപുലീകരണത്തെ സൂചിപ്പിക്കുന്നു. ത്രിവേണി, അനുപമ നിരഞ്ജൻ, എം.കെ. ഇന്ദിര തുടങ്ങിയ എഴുത്തുകാർ സാഹിത്യത്തിന്റെ കേന്ദ്രത്തിലേക്ക് സമൂഹത്തിന്റെ അരികുകളിലുള്ള സ്ത്രീകളെ കൊണ്ടുവന്നു. വേശ്യകൾ, ഭിക്ഷാടകർ, തൊഴിലാളികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരുടെ ജീവിതാനുഭവങ്ങൾ ആദ്യമായി കന്നട സാഹിത്യത്തിൽ ശക്തമായി പ്രത്യക്ഷപ്പെട്ടു.

കുടുംബം പ്രധാന പശ്ചാത്തലമായി തുടരുമ്പോഴും അതിലെ അധികാരബന്ധങ്ങളെ ചോദ്യംചെയ്യുന്ന രീതിയിലായിരുന്നു ഈ കൃതികൾ. വിവാഹം, മാതൃത്വം, ഗാർഹികത തുടങ്ങിയവ സ്ഥിരമായ ആശയങ്ങളല്ല; മറിച്ച് സാമൂഹിക ഘടനകളാൽ രൂപപ്പെട്ടവയാണ് എന്ന തിരിച്ചറിവാണ് ഇവ മുന്നോട്ടുവെച്ചത്. മാനസികമായ ആഴവും സാമൂഹിക യാഥാർഥ്യബോധവും ചേർന്ന ഈ രചനകൾ കന്നട സാഹിത്യത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചു. സ്ത്രീകളുടെ അനുഭവങ്ങൾ സാഹിത്യത്തിന്റെ അരികിലല്ല, കേന്ദ്രത്തിലാണെന്ന നിലപാട് ഈ കാലഘട്ടത്തിലെ രചനകളും രചയിതാക്കളും ഉറപ്പിച്ചു.

3. സ്വത്വാന്വേഷണം (Ananyate)

മൂന്നാംഘട്ടം കൂടുതൽ ആത്മപരവും ശക്തവുമായ തിരിച്ചറിവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ കാലത്ത് രാജലക്ഷ്മി എൻ. റാവു, വീണ ശാന്തേശ്വർ തുടങ്ങിയവർ സ്ത്രീയുടെ അന്തർബോധവും വികാരസങ്കീർണതയും അസ്തിത്വചിന്തകളും ആഴത്തിൽ പരിശോധിക്കുകയുണ്ടായി. സാമൂഹിക പരിഷ്‌കാരത്തിനപ്പുറം ആത്മാന്വേഷണത്തിലേക്ക് എഴുത്തുകാരുടെ ശ്രദ്ധ മാറി സഞ്ചരിക്കാൻ തുടങ്ങിയതും ഈ കാലത്താണ്.

പോസ്റ്റ്-മോഡേണിസത്തിന്റെ കാലത്ത് ബി.ആർ. അംബേദ്കറെയും രാം മനോഹർ ലോഹ്യയെയും പോലുള്ള ചിന്തകരുടെ സ്വാധീനം കന്നട സാഹിത്യത്തിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിച്ചു. ദലിത്, മുസ്‍ലിം എന്നിങ്ങനെ വ്യത്യസ്തമായ സ്ത്രീവാദ ചിന്തകൾ ഇക്കാലത്ത് ശക്തമായി. വൈദേഹി, സാറാ അബൂബക്കർ, ഗീത നാഗഭൂഷൺ തുടങ്ങിയവർ സ്ത്രീയുടെ ശരീരാനുഭവങ്ങളും ജീവിത യാഥാർഥ്യങ്ങളും തുറന്നുപറഞ്ഞു. മുമ്പ് പറയാൻ മടിച്ച കാര്യങ്ങൾ ഇതോടെ, സാഹിത്യത്തിന്റെ വിഷയമായിത്തീർന്നു. സ്ത്രീയുടെ ശബ്ദം അറിവിന്റെ സ്വതന്ത്ര സ്രോതസ്സായി ഈ കാലയളവിൽ അംഗീകരിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ആഗോളവത്കരണവും സാങ്കേതികരംഗത്തുണ്ടായ മാറ്റങ്ങളും നവ​കൊളോണിയൽ സ്വാധീനങ്ങളും ചേർന്ന് കന്നട സ്ത്രീ സാഹിത്യം പുതിയ ഘട്ടത്തിലേക്ക് കടന്നു. സ്ത്രീവാദ ചിന്ത സ്ത്രീയെ ‘ബാധിത’ എന്നനിലയിൽനിന്ന് ‘ജീവനൊളിപ്പിച്ചവൾ’ എന്നനിലയിലേക്ക് മാറ്റി. ഉപാലംബ പഠനങ്ങൾ, LGBTQ ശബ്ദങ്ങൾ, ട്രാൻസ്‌ജെൻഡർ അനുഭവങ്ങൾ എന്നിവ സാഹിത്യത്തെ കൂടു

തൽ വൈവിധ്യമാർന്നതാക്കി. കവിതയിൽ പ്രതിഭ നന്ദകുമാർ, എം.ആർ. കമല എന്നിവർ സ്ത്രീയുടെ മാനസിക-തത്ത്വചിന്താത്മക അനുഭവങ്ങൾ ശക്തമായി അവതരിപ്പിച്ചു. കഥാസാഹിത്യത്തിൽ ബാനു മുഷ്താഖ്, നേമി ചന്ദ്ര തുടങ്ങിയവർ മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകളെ ചിത്രീകരിച്ചു. നാടകത്തിൽ വിജയ, ഹേമപത്തന ഷെട്ടി എന്നിവർ ശ്രദ്ധേയമായ സംഭാവനകൾ നൽകി. വിമർശനരംഗത്ത് വിജയ ദബ്ബെ, കമല ഹമ്പന എന്നിവരുടെ സംഭാവനകളും ഓർക്കേണ്ടതുണ്ട്.

ട്രാൻസ്‌ജെൻഡർ എഴുത്തുകാരിയായ പദ്മശാലി അക്കായി ഉൾപ്പെടെയുള്ളവരുടെ രചനകൾ ലിംഗപരമായ വൈവിധ്യത്തെ സാഹിത്യത്തിലേക്ക് കൊണ്ടുവന്നു. വിവർത്തന സംരംഭങ്ങളും ഇക്കാലത്ത് ശക്തമാകുകയുണ്ടായി, വിവിധ സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും വായനക്കാരുടെ പരിധി വിപുലീകരിക്കുകയും ചെയ്ത എത്രയോ കൃതികൾ കന്നടയിലേക്ക് മൊഴിമാറ്റപ്പെട്ട കാലമായിരുന്നു ഇത്. ചുരുക്കത്തിൻ കന്നട സ്ത്രീസാഹിത്യത്തിന്റെ ചരിത്രം അരികുകളിൽനിന്ന് കേന്ദ്രത്തിലേക്കുള്ള ഒരു സാംസ്കാരിക പരിവർത്തനകഥയാണ്. ആദ്യഘട്ടത്തിലെ പരിഷ്‌കാരബോധത്തിൽനിന്ന് സമത്വപ്രഖ്യാപനത്തിലേക്കും അതിൽനിന്ന് സ്വത്വാന്വേഷണത്തിലേക്കും വളർന്ന ഈ യാത്ര സ്ത്രീകളുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്തി.

അക്ക മഹാദേവിയുടെ ആത്മീയഗാനങ്ങളിൽനിന്ന് വൈദേഹിയുടെയും പദ്മശാലി അക്കായിയുടെയും ധീരമായ കഥകളിലേക്കുള്ള ഈ യാത്ര, സാഹിത്യം എങ്ങനെ പ്രതിരോധത്തിന്റെയും ആത്മപരിശോധനയുടെയും നവീകരണത്തിന്റെയും വേദിയാകുന്നു എന്ന് തെളിയിക്കുന്നു. 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കന്നട സ്ത്രീസാഹിത്യം കേവലമൊരു ഉപധാരയല്ല മറിച്ച് കന്നട സംസ്കാരത്തിന്റെ പ്രധാനധാരയിൽ ഒഴുകുന്ന ശക്തമായ പ്രവാഹമാണ് -ബൗദ്ധികജീവിതത്തെ ഉജ്ജീവിപ്പിക്കുകയും സ്വരങ്ങളുടെ വൈവിധ്യം വർധിപ്പിക്കുകയും സാഹിത്യ ചരിത്രം സ്ത്രീയുടെ മാറിവരുന്ന വ്യക്തിത്വത്തിന്റെ ചരിത്രമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.

 

3

18ാം നൂറ്റാണ്ടിന്റെ അവസാനവും 19-20ാം നൂറ്റാണ്ടുകളും കന്നട സ്ത്രീസാഹിത്യചരിത്രത്തിൽ നിർണായകമായ പരിവർത്തനത്തിന്റെ കാലഘട്ടങ്ങളായിരുന്നു. ഈ ഘട്ടങ്ങളിൽ സ്ത്രീ എഴുത്തുകാർ ഭക്തിപാരമ്പര്യത്തിന്റെ പരിധികൾ കടന്ന് സാമൂഹികബോധം, വിദ്യാഭ്യാസം, വ്യക്തിത്വാന്വേഷണം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ വ്യാപിപ്പിച്ചു.

18ാം നൂറ്റാണ്ടിന്റെ ഉത്തിരാർധം വരെ സ്ത്രീകളുടെ എഴുത്ത് വളരെ പരിമിതമായിരുന്നു. ഭക്തിഗാനങ്ങൾ, ജനപദഗാനങ്ങൾ, ധാർമിക കാവ്യങ്ങൾ എന്നിവയിലൂടെയാണ് സ്ത്രീകൾ സാഹിത്യരംഗത്ത് പങ്കാളികളായത്. സമൂഹത്തിലെ കർശനമായ ലിംഗനിയമങ്ങളും വിദ്യാഭ്യാസാവകാശങ്ങളുടെ അഭാവവും സ്ത്രീകളുടെ എഴുത്തിനെ നിയന്ത്രിച്ചു. എന്നിരുന്നാലും ജനപദഗാനങ്ങളിലൂടെ സ്ത്രീയുടെ ദുഃഖങ്ങളും പ്രതീക്ഷകളും സങ്കീർണമായ കുടുംബജീവിതത്തിലെ സംഘർഷങ്ങളും പ്രകടമായി. ഇത് പിന്നീട് നവോത്ഥാനഘട്ടത്തിലെ സാഹിത്യവികസനത്തിന് അടിത്തറയായി.

19ാം നൂറ്റാണ്ടിൽ പാശ്ചാത്യവിദ്യാഭ്യാസവും സാമൂഹിക പരിഷ്‌കാര പ്രസ്ഥാനങ്ങളും കർണാടകയിൽ ശക്തമായി. മിഷനറി വിദ്യാഭ്യാസം, അച്ചടിശാലകളുടെ വളർച്ച, സ്ത്രീവിദ്യാഭ്യാസത്തിന്റെ തുടക്കം എന്നിവ സ്ത്രീകൾക്ക് പുതിയ വഴികൾ തുറന്നു. ഈ കാലഘട്ടത്തിൽ സ്ത്രീകൾ ലേഖനങ്ങൾ, ആത്മകഥകൾ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രബന്ധങ്ങൾ എന്നിവ രചിക്കാൻ തുടങ്ങി. ബാല്യവിവാഹം, വൈധവ്യം, വിദ്യാഭ്യാസപരമായ അസമത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ചാവിഷയമായി. സ്ത്രീകൾ സ്വയം ഒരു സാമൂഹിക വ്യക്തിത്വമായി തിരിച്ചറിയാൻ ആരംഭിച്ച ഘട്ടംകൂടിയാണിത്.

20ാം നൂറ്റാണ്ട് കന്നട സ്ത്രീസാഹിത്യത്തിന്റെ ശക്തമായ ഉയിർപ്പിന്റെ കാലമാണ്. ദേശീയപ്രസ്ഥാനവും വിദ്യാഭ്യാസവ്യാപനവും സ്ത്രീകളെ സജീവമായ സാഹിത്യരചനയിലേക്ക് നയിച്ചു. ഈ കാലഘട്ടത്തിൽ സ്ത്രീകൾ കവിത, നോവൽ, ചെറുകഥ, ലേഖ

നം തുടങ്ങി എല്ലാ സാഹിത്യരൂപങ്ങളിലും സാന്നിധ്യം ഉറപ്പിച്ചു. 20ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ സ്ത്രീജീവിതത്തിലെ യാഥാർഥ്യങ്ങളും സാമൂഹികപ്രശ്നങ്ങളും പ്രമേയമാക്കിയ രചനകൾ ശ്രദ്ധേയമായി. പിന്നീട് നവീന സാഹിത്യഘട്ടത്തിൽ സ്ത്രീയുടെ ആന്തരികമായ സംഘർഷങ്ങൾ, കുടുംബബന്ധങ്ങളുടെ സങ്കീർണത എന്നിവ ആഴത്തിൽ അവതരിപ്പിക്കപ്പെട്ടു.

ഈ കാലഘട്ടത്തിൽ ത്രിവേണി കുടുംബജീവിതത്തിലെ മാനസിക സംഘർഷങ്ങളെ ആസ്പദമാക്കി ശ്രദ്ധേയ നോവലുകൾ രചിച്ചു. സ്ത്രീയുടെ ആന്തരിക വികാരങ്ങളെ സുതാര്യമായി അവതരിപ്പിച്ച എഴുത്തുകാരി എന്നനിലയിൽ അവർ പ്രശസ്തയാണ്. അനുപമ നിരഞ്ജന സാമൂഹികബോധത്തോടെയും സ്ത്രീശക്തീകരണ മനോഭാവത്തോടെയും രചനകൾ നിർവഹിച്ചു. ഗ്രാമീണ സ്ത്രീജീവിതത്തിന്റെ സങ്കീർണതകളും ഭാഷാപരമായ പുതുമകളും അവതരിപ്പിച്ച എഴുത്തുകാരിയാണ് വൈദേഹി. ഇങ്ങനെ

18ാം നൂറ്റാണ്ടിലെ പരിമിതമായ സാന്നിധ്യത്തിൽനിന്ന് 19ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിലൂടെ കടന്ന് 20ാം നൂറ്റാണ്ടിൽ ശക്തമായ സാഹിത്യപ്രസ്ഥാനമായി കന്നട സ്ത്രീസാഹിത്യം വളർന്നു. സ്ത്രീയുടെ സ്വതന്ത്രസ്വരവും വ്യക്തിത്വാന്വേഷണവും സാമൂഹികബോധവും ഈ കാലഘട്ടങ്ങളിൽ കൂടുതൽ വ്യക്തമായി രൂപംകൊണ്ടു. അതിനാൽ 19-20ാം നൂറ്റാണ്ടുകൾ കന്നട സ്ത്രീസാഹിത്യത്തിന്റെ ചരിത്രത്തിൽ രൂപവത്കരണവും വികാസവും സാക്ഷ്യപ്പെടുത്തിയ നിർണായകഘട്ടങ്ങളായി കണക്കാക്കപ്പെടുന്നു.

21ാം നൂറ്റാണ്ട് കന്നട സ്ത്രീസാഹിത്യത്തിൽ ശക്തമായ ആത്മബോധത്തിന്റെയും സ്വതന്ത്രചിന്തയുടെയും സാമൂഹികപ്രതിബദ്ധതയുടെയും കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. 20ാം നൂറ്റാണ്ടിൽ രൂപംകൊണ്ട സ്ത്രീ ശബ്ദത്തിന്റെ പാരമ്പര്യം ഈ കാലഘട്ടത്തിൽ കൂടുതൽ വ്യാപകവും വൈവിധ്യപൂർണവുമായ രൂപം കൈക്കൊണ്ടു. ആഗോളവത്കരണം, സാങ്കേതികവിദ്യയുടെ വളർച്ച, വിദ്യാഭ്യാസ വ്യാപനം, വനിതാ പ്രസ്ഥാനങ്ങൾ എന്നിവയുടെ സ്വാധീനം സ്ത്രീരചനകളിൽ വ്യക്തമായി കാണാം. 21ാം നൂറ്റാണ്ടിലെ സ്ത്രീസാഹിത്യത്തിന്റെ പ്രധാന സവിശേഷത സ്ത്രീയുടെ ആത്മത്തെക്കുറിച്ചുള്ള അന്വേഷണമാണ്. സ്ത്രീയെ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പരിധിയിൽ മാത്രം കാണാതെ സ്വതന്ത്ര വ്യക്തിത്വമായി അവതരിപ്പിക്കുന്ന രചനകൾ വ്യാപകമായി. ലിംഗസമത്വം, ശരീരരാഷ്ട്രീയം, ലൈംഗികത, ദലിത്-സ്ത്രീ അനുഭവങ്ങൾ, മതപരവും-സാംസ്കാരികവുമായ തിരിച്ചറിവ്, ആധുനിക നഗരജീവിതം എന്നിവ പ്രധാന പ്രമേയങ്ങളായി ഈ കാലത്ത് മാറി.

ഈ കാലഘട്ടത്തിൽ മുമ്പത്തെ തലമുറയിലെ എഴുത്തുകാരികൾ പുതു ചിന്തകളോടെ തുടർന്നു. ഗ്രാമീണ സ്ത്രീജീവിതത്തിന്റെ നൂലാമാലകൾ ആവിഷ്കരിച്ച വൈദേഹിയുടെ രചനകൾ 21ാം നൂറ്റാണ്ടിലും പ്രസക്തി നിലനിർത്തി. അതുപോലെ സാമൂഹികപ്രതിബദ്ധതയും സ്ത്രീശാക്തീകരണ ലക്ഷ്യവും മുൻനിർത്തിയുള്ള എഴുത്തിലൂടെ ശ്രദ്ധേയയായ സാറാ അബൂബക്കർ മുസ്‍ലിം സ്ത്രീകളുടെ അനുഭവലോകം തന്റെ കഥകളിലൂടെ അവതരിപ്പിച്ചു.

സമകാലിക കന്നട സാഹിത്യത്തിൽ സ്ത്രീകൾ കവിത, നോവൽ, ചെറുകഥ, ആത്മകഥ, വിമർശനം, നാടകരചന തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ്. മമ്ത സാഗറിനെപ്പോലുള്ള കവികൾ ആഗോളവത്കരണവും യുദ്ധവും സ്ത്രീയുടെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന കവിതകൾ രചിച്ചു. ദലിത്-സ്ത്രീസ്വരങ്ങളെ ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരികളും ഈ കാലഘട്ടത്തിൽ ശക്തമായി രംഗത്തെത്തി.

ഡിജിറ്റൽ മാധ്യമങ്ങളുടെ വരവ് 21ാം നൂറ്റാണ്ടിലെ സ്ത്രീസാഹിത്യത്തിന് പുതിയ ദിശ നൽകി. ബ്ലോഗുകൾ, ഓൺലൈൻ മാസികകൾ, സാമൂഹികമാധ്യമങ്ങൾ എന്നിവ വഴി സ്ത്രീകൾക്ക് സ്വതന്ത്രമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് വിശാലമായ വേദിയാണ് ഇതൊരുക്കിയത്. ഇതിലൂടെ പരമ്പരാഗത പ്രസാധനപരിധികൾക്കപ്പുറം പുതിയ വായന സമൂഹം രൂപപ്പെട്ടു.

ഇന്നത്തെ കന്നട സ്ത്രീസാഹിത്യം പാരമ്പര്യവും ആധുനികതയും കൂട്ടിച്ചേർത്ത ഒരു സൃഷ്ടിപരിസരമാണ്. ഭക്തിസാഹിത്യത്തിൽ ആരംഭിച്ച സ്ത്രീശബ്ദം ഇന്ന് സാമൂഹികനീതി, പരിസ്ഥിതി, ലിംഗരാഷ്ട്രീയം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലേക്ക് വ്യാപിച്ചു. സ്ത്രീയുടെ ആത്മവിശ്വാസവും പ്രതിരോധവും സർഗാത്മകമായ ആവിഷ്കാരവും ഈ സാഹിത്യത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. അതിനാൽ, 21ാം നൂറ്റാണ്ട് കന്നട സ്ത്രീസാഹിത്യത്തിൽ വിപുലമായ വിഷയ വൈവിധ്യവും ശക്തമായ സ്വാതന്ത്ര്യദാഹവും സാമൂഹികബോധവും നിറഞ്ഞ ഒരു അധുനാതന പാരമ്പര്യഘട്ടമായി വിലയിരുത്താം.

4

ദക്ഷിണേന്ത്യയിലെ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ സമ്പന്നമായ ഭാഷാപാരമ്പര്യവും സാമൂഹികപരിഷ്‌കാര ചരിത്രവും പങ്കുവെക്കുന്ന പ്രദേശങ്ങളാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമുള്ള സ്ത്രീസാഹിത്യം നവോത്ഥാനചിന്ത, വിദ്യാഭ്യാസവ്യാപനം, സാമൂഹികപ്രതിരോധം, ലിംഗസമത്വബോധം എന്നിവയുടെ സ്വാധീനത്തിലാണ് വളർന്നത്. എന്നിരുന്നാലും, ഓരോ സംസ്ഥാനത്തിന്റെയും ചരിത്ര-സാംസ്കാരിക പശ്ചാത്തലം അവരുടെ സ്ത്രീരചനകളിൽ പ്രത്യേകതകൾ സൃഷ്ടിച്ചു.

കേരളത്തിൽ നവോത്ഥാനപ്രസ്ഥാനങ്ങളും സാമൂഹികപരിഷ്‌കാരചിന്തകളും സ്ത്രീകളുടെ എഴുത്തിന് വഴിതെളിച്ചു. ലളിതാംബിക അന്തർജനം നമ്പൂതിരി സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട ജീവിതാവസ്ഥയെ സാഹിത്യത്തിൽ ശക്തമായി അവതരിപ്പിച്ചു. മാധവിക്കുട്ടിയാകട്ടെ സ്ത്രീയുടെ ആന്തരികലോകവും ശരീരാനുഭവങ്ങളും പ്രത്യക്ഷാനുഭവങ്ങളാക്കി അവതരിപ്പിച്ചു. ഇവർക്കു മുമ്പും പിമ്പും എണ്ണം പറഞ്ഞ എഴുത്തുകാരികളാൽ സമ്പന്നമാണ് മലയാള സാഹിത്യം.

തമിഴ്നാട്ടിൽ ദ്രാവിഡപ്രസ്ഥാനത്തിന്റെ സാമൂഹികസമത്വചിന്ത സ്ത്രീസാഹിത്യത്തെ ശക്തമായി സ്വാധീനിച്ചു. അംബൈ സ്ത്രീയുടെ ആത്മപരിചയവും ശരീരരാഷ്ട്രീയവും ആവിഷ്കരിച്ചു. ബാമ ദലിത്-ക്രിസ്ത്യൻ സ്ത്രീകളുടെ അനുഭവങ്ങളെ പ്രതിരോധ സ്വരമായി ഉയർത്തി.

മുമ്പ് വ്യക്തമാക്കിയതുപോലെ കർണാടകയിൽ ഭക്തിപാരമ്പര്യത്തിൽ നിന്നാരംഭിച്ച സ്ത്രീശബ്ദം 20ാം നൂറ്റാണ്ടിൽ സാമൂഹികബോധത്തിലേക്ക് വളർന്നു. അക്ക മഹാദേവിയുടെ ആത്മീയസ്വാതന്ത്ര്യചിന്തകൾ പ്രാരംഭഘട്ടം നിർണയിച്ചു. പിന്നീട് ത്രിവേണി കുടുംബജീവിതത്തിലെ മാനസിക സംഘർഷങ്ങളെ അവതരിപ്പിച്ചു. വൈദേഹി ഗ്രാമീണ സ്ത്രീജീവിതത്തിന്റെ നൈർമല്യവും സങ്കീർണതയും പ്രതിപാദിച്ചു.

സാമ്യതകൾ

മൂന്ന് സംസ്ഥാനങ്ങളിലുമുള്ള സ്ത്രീസാഹിത്യത്തിന്റെ പ്രധാന സാമ്യത സാമൂഹികബോധവും ലിംഗാസമത്വത്തിനെതിരായ പ്രതികരണവുമാണ്. സ്ത്രീയുടെ ആത്മകഥാത്മകസ്വരം ശക്തമായി ഇവിടങ്ങളിൽ ഉയർന്നു. കുടുംബമെന്ന സ്ഥാപനത്തെ വിമർശിക്കുന്നതും ശരീരരാഷ്ട്രീയം ചർച്ചചെയ്യുന്നതും ദലിത്-സ്ത്രീ അനുഭവങ്ങളെ ഉൾക്കൊള്ളുന്നതും പൊതുവായ സവിശേഷതകളാണ്. വിദ്യാഭ്യാസവ്യാപനവും അച്ചടി സംസ്കാരവും സ്ത്രീകളുടെ എഴുത്തിന് മൂന്ന് ദേശങ്ങളിലും അടിത്തറയായി.

വ്യത്യാസങ്ങൾ

കേരളത്തിലെ സ്ത്രീ സാഹിത്യം മാനസികസംഘർഷങ്ങളും കുടുംബബന്ധങ്ങളുടെ സങ്കീർണതയും കൂടുതൽ ആഴത്തിൽ അവതരിപ്പിച്ചു. തമിഴ്നാട്ടിൽ രാഷ്ട്രീയ-സാമൂഹികപ്രതിരോധം ശക്തമായി പ്രതിഫലിച്ചു; ജാതിവ്യവസ്ഥക്കെതിരായ തുറന്ന വിമർശനം കൂടുതലായി അവിടെ കാണാം. കർണാടകയിൽ ഭക്തിപാരമ്പര്യത്തിന്റെ സ്വാധീനം ആദ്യഘട്ടങ്ങളിൽ ശക്തമായിരുന്നുവെങ്കിലും പിന്നീട് നവീന സാഹിത്യദർശനവും സ്വാതന്ത്ര്യചിന്തയും പ്രധാനമായി. ഭാഷാശൈലിയിലും കാണാം വ്യത്യാസം. മലയാളത്തിൽ സുസൂക്ഷ്മമായ മാനസികവിശകലനം പ്രാധാന്യമാർജിച്ചപ്പോൾ തമിഴിൽ ശക്തമായ പ്രതിരോധഭാഷയും രാഷ്ട്രീയഭാവവും പ്രകടമായിത്തന്നെ കാണാം. കന്നടയിൽ ഭക്തിയും ആധുനിക ചിന്തയും ചേർന്ന ഒരു മധ്യപാത രൂപപ്പെട്ടു.

കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീസാഹിത്യം സാമൂഹികപരിഷ്‌കാരവും ലിംഗസമത്വചിന്തയും ആസ്പദമാക്കിയ ശക്തമായ സൃഷ്ടിപാരമ്പര്യമാണ്. സാമ്യതകളിൽ സാമൂഹികബോധവും ആത്മസ്വരവും പ്രധാനമാണെങ്കിൽ, വ്യത്യാസങ്ങളിൽ ചരിത്രപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ നിർണായകമാണ്. ഇങ്ങനെ ഈ മൂന്ന് സംസ്ഥാനങ്ങളിലുമുള്ള സ്ത്രീസാഹിത്യം ദക്ഷിണേന്ത്യൻ സാഹിത്യ ചരിത്രത്തിൽ സ്വതന്ത്രവും ശക്തവുമായ പ്രതിരോധസ്വരങ്ങളായി നിലകൊള്ളുന്നു.

========

ബാംഗ്ലൂർ അലയൻസ് സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന ചർച്ചക്കുവേണ്ടി അവതരിപ്പിച്ച പ്രബന്ധം. 

Tags:    
News Summary - The Evolution of Women's Voice in Kannada Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.