ഓംകാര ഫ്ലാറ്റിന്റെ മൂന്നാം നിലയിലുള്ള വീട്ടിലിരുന്ന് റോഡിലെ തിരക്കിലേക്ക് ഇടക്കിടെ നോട്ടമെറിഞ്ഞുകൊണ്ട് മിഹിർ പ്രകാശ് ഇരുന്നു. ഒരു മടുപ്പും പുറമേക്ക് കാണിക്കാതെ തന്റെ ഹിസ്റ്ററി ക്ലാസ് കേട്ടിരിക്കുന്ന മിഹിറിനെ നോക്കിയപ്പോൾ സുമൻ പാണ്ഡെയുടെ ചുണ്ടിൽ പുഞ്ചിരിതെളിഞ്ഞു
ദശാശ്വമേധഘാട്ടിൽ അപ്പോൾ ഗംഗാ ആരതിക്കുള്ള നേരമായിരുന്നു. വാരണാസിയുടെ റോഡുകളിൽ പിറ്റേന്ന് നടക്കാനിരിക്കുന്ന ദേവ് ദീവാലിക്കായി എത്തിയ ടൂറിസ്റ്റുകളുടെ തിരക്ക് എണ്ണമറ്റ ശബ്ദങ്ങളായി കൂടിക്കലർന്നുയരാൻ തുടങ്ങി.
മിഹിറിന്റെ ശാന്തമായ കണ്ണുകൾ അവന്റെ പതറിപ്പോകുന്ന ചിന്തകളെ മറച്ചുപിടിക്കുകയാണെന്ന തികഞ്ഞ ബോധ്യത്തോടെ സുമൻ തന്റെ ക്ലാസ് രസകരമാക്കാൻ കിണഞ്ഞു ശ്രമിച്ചു. പുതിയതായി അവരുടെ സിലബസിലുൾപ്പെടുത്തിയ പാഠമായിരുന്നു അത് –ഇന്ത്യയിലെ പുണ്യസ്ഥലങ്ങൾ. സുമന്റെ ക്ലാസ് എന്നത്തേയും പോലെ ടെക്സ്റ്റ് ബുക്കിനെ മറി കടന്നുപടർന്നു. അവയിൽ പുണ്യസ്ഥലങ്ങൾക്ക് കീഴെയൊഴുകിയ ഉണങ്ങിവരണ്ട രക്തപ്പുഴകൾ തെളിഞ്ഞു. പതിനൊന്നാം നൂറ്റാണ്ടിൽ വാരണാസി ഭരിച്ച കൽചൗരികളെ തകർത്തുകൊണ്ട് ഗഹദവാല സാമ്രാജ്യം ഉയർന്നുവന്നതും അവസാന ഗഹദവാലയായ ജയചന്ദ്രനെ യുദ്ധത്തിൽ തോൽപിച്ച് പുതിയ സാമ്രാജ്യം പണിതുയർത്താൻ മുഹമ്മദ് ഗോറി എത്തിയതും സുമൻ വിവരിച്ചുകൊണ്ടിരിക്കുമ്പോൾ മിഹിറിന്റെ മുഖത്ത് പലപ്പോഴും സുമന് മനസ്സിലാകാത്ത ഭാവങ്ങൾ വന്നുംപോയുമിരുന്നു
“എന്താണ് ആ കൊച്ചുതലയിലൂടെ കടന്നുപോകുന്ന കുഴപ്പം പിടിച്ച ചിന്തകൾ?”
“ആക്രമണങ്ങളും കീഴടക്കലും മാത്രം. ഹിസ്റ്ററിയിൽ വേറൊന്നുമില്ലേ മിസ്?”
അന്ന് മിഹിറിന്റെ സ്വരം ആദ്യമായി പുറത്തുവന്നതപ്പോഴായിരുന്നു.
താൻ പലപ്പോഴായി മൊബൈലിൽ കാണിച്ചു കൊടുത്ത യുദ്ധദൃശ്യങ്ങൾ പലതും അവന്റെ പ്രായത്തിനപ്പുറമായോ എന്ന ചിന്തയോടെ സുമൻ അവന്റെ പറ്റെ വെട്ടിയ തലമുടിയിൽ പതുക്കെ തലോടി.
“ലോകത്തുള്ളവരൊക്കെ മിഹിറിനെ പോലെ സമാധാനപ്രേമികളാവണ്ടേ അതിന്?”
മിഹിർ പുഞ്ചിരിച്ചു.
അന്ന് പറഞ്ഞ ടെസ്റ്റ് പേപ്പറിന് സമയമായതുകൊണ്ട് കൂടുതൽ കാടുപടൽ തല്ലി സമയം കളയാതെ അവൾ തലേന്നത്തെ പാഠഭാഗമൊന്നു റിവിഷൻ നടത്തി.
മിഹിർ പ്രകാശ് എന്ന പന്ത്രണ്ടുകാരൻ സുമന്റെ ജീവിതത്തിലെ ആദ്യത്തെ വിദ്യാർഥിയായിരുന്നു. മാസങ്ങളായി ഗ്രാൻഡ് മുടങ്ങിക്കിടക്കുന്നതുകൊണ്ട് യൂനിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷണം വഴിമുട്ടി നിൽക്കുമ്പോൾ ഓർക്കാപ്പുറത്തു വന്ന പിടിവള്ളിയായി അവൾക്ക് കിട്ടിയ ട്യൂഷൻ വിദ്യാർഥി.
മണികർണികയിലേക്കും തിരിച്ചുമുള്ള ഒരു സവാരിക്കായി തന്റെ സൈക്കിൾ റിക്ഷയിൽ കയറിയ മലയാളിയായ യാത്രക്കാരനോട് തന്റെ ബാബ ചരിത്രഗവേഷണം നടത്തുന്ന മകളെ പറ്റി ഊറ്റംകൊണ്ട് പറഞ്ഞുകാണണമെന്ന് സുമൻ ഊഹിച്ചു. കാരണം അന്ന് രാത്രിതന്നെ പ്രകാശ് മേനോൻ ബാബയെ വിളിച്ച് തന്റെ മകനെ സോഷ്യൽ സയൻസും ഭാഷയും പഠിപ്പിക്കാൻ മകൾക്ക് വരാൻ സാധിക്കുമോ എന്ന് ചോദിച്ചു. കാര്യം കേട്ടപ്പോൾ സുമന് ആദ്യം അൽപം അമ്പരപ്പ് തോന്നായ്കയില്ല. ഇക്കാലത്ത് ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് മാത്രമായി ട്യൂഷൻ!
കിട്ടിയ അവസരം കളയാതെ, ഒരുദിവസംപോലും പാഴാക്കാതെ അവൾ ദശാശ്വമേധ്ഘാട്ടിന് അടുത്തുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിലുള്ള വീട്ടിലേക്ക് ട്യൂഷനെടുക്കാൻ വന്നുതുടങ്ങി.
കേന്ദ്ര സർവീസിലുള്ള പ്രകാശ് മേനോൻ കുറച്ച് വർഷങ്ങളായി വാരണാസിയിൽ താമസമാക്കിയിട്ട് എന്നും കുട്ടിയുടെ അമ്മ മൂന്നുവർഷം മുമ്പ് പെട്ടെന്ന് ഹൃദയം നിന്നു മരിച്ചുപോയിരുന്നുവെന്നും ബാബ അവളോട് പറഞ്ഞിരുന്നു.
റോഡ് കാണാവുന്ന ജനലിനോട് ചേർന്ന് സ്റ്റഡി ടേബിൾ വെച്ച വിശാലമായ ഡ്രോയിങ് റൂമിൽ സ്ഥായിയായതെന്ന് തോന്നിച്ച ഒരു പുഞ്ചിരിയോടെ മിഹിർ പ്രകാശ് അവളെ വരവേറ്റു. പഠിക്കാനിരിക്കുന്നിടത്തുനിന്ന് കാണാവുന്ന തരത്തിൽ ഡ്രോയിങ് റൂമിൽ മിഹിറിന്റെ അമ്മയുടെ ലൈഫ് സൈസ് ഫോട്ടോ ഫ്രെയിം ചെയ്ത് െവച്ചിരുന്നു. വിഷാദഭാവം പടർന്ന സൗമ്യമായ മിഹിറിന്റെ കണ്ണുകൾ അവന്റെ അമ്മയിൽനിന്ന് കിട്ടിയതാണെന്ന് അവൾ ഊഹിച്ചു.
കുട്ടിത്തം വിട്ടുമാറാത്ത അവന്റെ മുഖം പ്രിയങ്കരമായിരുന്നു.
മൊബൈൽ അഡിക്ഷൻ ഇല്ലാത്ത പയ്യനെന്നതാണ് മിഹിറിന്റെ പ്രകൃതത്തിൽ ഏറ്റവും സന്തോഷത്തോടെ സുമൻ ശ്രദ്ധിച്ച കാര്യം. ഇന്ത്യൻ ചരിത്രത്തിൽ തനിക്കുണ്ടായിരുന്ന അവഗാഹം കുട്ടികൾക്ക് വഴങ്ങുന്ന തരത്തിൽ ലളിതമാക്കി അവൾ മിഹിറിന്റെ മേൽ ചൊരിയാൻ തുടങ്ങി.
“ചരിത്രത്തിലും ഭാഷകളിലും അവനിപ്പോൾ മാർക്ക് വളരെ കുറവാണ്. അതിനുള്ള ഒരു വഴിയാണ് നിങ്ങൾ കണ്ടെത്തേണ്ടത്.’’
അവന്റെ പിതാവ് തമ്മിൽ കാണുമ്പോഴെല്ലാം അവളോട് പറഞ്ഞിരുന്നു.
എട്ടാം ക്ലാസിലുള്ള ഒരു കുട്ടിയുടെ പഠിപ്പിനെ പറ്റി ഇത്രയും ആശങ്ക വേണോ എന്ന ചോദ്യം അവളുടെ തൊണ്ടയിലുടക്കിനിന്നു.
ശാസ്ത്രവിഷയങ്ങളിൽ അവനുള്ള ഗ്രാഹ്യം ഒരിക്കൽ അവൾ ചൂണ്ടിക്കാണിച്ചപ്പോൾ കേരളത്തിൽനിന്നുള്ളവരെ പറ്റി അവൾക്കുണ്ടായിരുന്ന മുൻവിധി തിരുത്തിയ ഒരു മറുപടി കിട്ടി.
“ശാസ്ത്രം മാത്രം പോരല്ലോ. കുട്ടികൾ ഭാരതീയ ചരിത്രവും സംസ്കാരവും അറിഞ്ഞു വളരണ്ടേ?’’
“ശ്രമിക്കാം പ്രകാശ് ജീ. ദിവസവും ഞാൻ ടെസ്റ്റ് പേപ്പറിടുന്നുണ്ട്. നമുക്ക് നോക്കാം.’’
“ഒരു കാര്യം കൂടിയുണ്ട് ടീച്ചർജി..”
അയാളുടെ സ്വരം താണു.
“അവന്റെയമ്മയാണ് ഹ്യുമാനിറ്റീസ് വിഷയങ്ങൾ മുഴുവൻ പഠിപ്പിച്ചുകൊണ്ടിരുന്നത്. അവൾക്ക് ടെക്സ്റ്റ് ബുക്കിന്റെ ആവശ്യമില്ലായിരുന്നു. പക്ഷേ, ഞാനാഗ്രഹിച്ചതുപോലെ നമ്മുടെ സംസ്കാരത്തിന്റെ മഹത്വമൊന്നും അവൾ പഠിപ്പിച്ചു കൊടുത്തിട്ടില്ല. എന്നിട്ടും പയ്യന് നല്ല മാർക്ക് കിട്ടിക്കൊണ്ടിരുന്നു. അവൾ പോയതിൽ പിന്നെ ഒരക്ഷരം പഠിക്കാതായി. ഏത് ടീച്ചർ പഠിപ്പിച്ചാലും ഇരുന്ന് കേൾക്കും. പക്ഷേ കേട്ടതൊന്നും ഉത്തരക്കടലാസിൽ വരില്ല.’’
അയാളുടെ സ്വരം താഴ്ന്നു. സ്വരമിടറുന്നത് അവളറിയാതിരിക്കാൻ അയാൾ കൃത്രിമമായി ചുമച്ചു. പിന്നെ മിഹിറിന്റെ അമ്മയുടെ ഫോട്ടോയിലേക്കൊന്ന് നോക്കി.
“പോയപ്പോൾ പഠിക്കാനുള്ള അവന്റെ കഴിവും കൂടി അവൾ കൊണ്ടുപോയി എന്ന് തോന്നുന്നു.”
ഇത്തരമൊരു സന്ദർഭത്തിൽ എങ്ങനെ പ്രതികരിക്കണമെന്നറിയാത്ത മ്ലാനതയോടെയാണെങ്കിലും അവൾ ഉറപ്പിച്ചു പറഞ്ഞു.
“ഞാൻ നല്ലവണ്ണം ശ്രമിക്കുന്നുണ്ട്, പ്രകാശ് ജീ.”
അത്ര നാളത്തെ കാര്യമെന്തായാലും തന്റെ ശ്രമംകൊണ്ട് പതിവ് തെറ്റിച്ച് അവൻ നല്ല മാർക്ക് വാങ്ങുമെന്ന് തുടക്കത്തിൽ അവൾക്ക് ആത്മവിശ്വാസം തോന്നിയിരുന്നു. കാരണം ക്ലാസെടുക്കുമ്പോഴെല്ലാം ശ്രദ്ധയോടെയും താൽപര്യത്തോടെയുമാണ് അവനിരുന്നത്. പക്ഷേ, ആദ്യ ടെസ്റ്റ് പേപ്പറിന്റെ ഉത്തരക്കടലാസിൽ വളരെ സുന്ദരമായ കൈയക്ഷരത്തിൽ എഴുതിയിട്ട അബദ്ധജടിലങ്ങളായ ഉത്തരങ്ങളിൽ തട്ടി നീർക്കുമിളപോലെ സുമന്റെ ശുഭപ്രതീക്ഷകൾ പൊട്ടിപ്പോയി. ഓർമയാണോ യുക്തിയാണോ അവനു കുറവ് എന്നുപോലും മനസ്സിലായില്ല.ഒരു മാർക്കുപോലും എവിടെയും കൊടുക്കാൻ പറ്റാത്ത വിധത്തിൽ അവനെല്ലാം സങ്കീർണമാക്കി വെച്ചിരുന്നു. ശാസ്ത്ര വിഷയങ്ങളിൽ അവനെ സഹായിക്കുന്ന യുക്തിയെ അവന്റെ സോഷ്യൽ പേപ്പറുകളിൽ തിരഞ്ഞ് സുമൻ വശംകെട്ടു. വ്യക്തിപരമായാണ് അവൾ ഇതിനെ നോക്കിക്കണ്ടത്.
തന്റെ ക്ലാസിന്റെ പോരായ്മയാണതെന്ന് അവളുറപ്പിച്ചു. ഓരോ ദിവസവും കൂടുതൽ ക്ലാസിനെ മെച്ചപ്പെടുത്താൻ കഠിന പരിശ്രമം നടത്തി. ടെക്സ്റ്റ് ബുക്ക് പഠനം മാത്രമാക്കാതെ വീഡിയോകളും ഡോക്യുമെന്ററികളും ക്ലാസിന്റെ ഭാഗമാക്കി. മുറിയിലിരുന്നുള്ള പഠിപ്പിക്കലിന്റെ മുഷിച്ചിലൊഴിവാക്കാൻ ചിലപ്പോഴൊക്കെ പുറത്തേക്ക് നടക്കാൻ കൊണ്ടുപോയി. അവനേറ്റവും ഇഷ്ടപ്പെട്ട ഗോൽഗപ്പ വാങ്ങി ഗംഗാതീരത്തെ തിരക്കൊഴിഞ്ഞ പടവുകളിലിരുന്ന് കഴിച്ചു. ചരിത്രത്തെ കഥകളുടെ ചങ്ങലയാക്കി വർത്തമാനത്തിന്റെ കൊളുത്തിട്ട് വലിച്ച് അവനിലേക്ക് ചേർത്തുവെച്ചു. ഓരോ ക്ലാസ് കഴിഞ്ഞും ടെസ്റ്റ് പേപ്പറിട്ടു. എന്തുചെയ്താലും നാലും അഞ്ചും മാർക്ക് വാങ്ങി ഓരോ തവണയും മിഹിർ സുമനെ നിരാശയിലേക്ക് തള്ളിയിട്ടു.
എന്ത് ജാലവിദ്യകൊണ്ടാണ് കുട്ടിയെ ഇതെല്ലാം പണ്ട് പഠിപ്പിച്ചു മനസ്സിലാക്കിയിരുന്നത് എന്ന് മിഹിറിന്റെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി സുമൻ പിറുപിറുത്തു.
അമ്മയെക്കുറിച്ചള്ള ഓർമകൾ മാത്രമാണോ അവന്റെ ഈ സെലക്റ്റീവ് പഠനവൈകല്യത്തിനു കാരണമെന്നറിയാൻ സുമൻ ശ്രമം നടത്തായ്കയല്ല. പക്ഷേ എന്ത് ചെയ്യാൻ! അമ്മയെക്കുറിച്ച് പറഞ്ഞാൽ സഡൻ ബ്രേക്കിട്ടതുപോലെ അവൻ സംസാരം നിർത്തിക്കളയും. അമ്മയുടെ ഫോട്ടോയിലേക്ക് നോക്കുന്നത് പോലും മിഹിർ മനഃപൂർവം ഒഴിവാക്കുന്നതായാണ് പലപ്പോഴും സുമനു തോന്നിയത്. മിഹിറിനെ ഒരു കൗൺസലിങ്ങിനു കൊണ്ടുപോകാനുള്ള സാധ്യത ‘നല്ല വണ്ണം പഠിപ്പിച്ചാൽ തീരുന്ന പ്രശ്നമേ അവനുള്ളൂ’ എന്ന മറുപടികൊണ്ട് അവന്റെ പിതാവ് തള്ളിക്കളഞ്ഞിരുന്നു.
അന്ന് കൊടുത്ത സോഷ്യൽ സയൻസ് ചോദ്യപേപ്പറിലേക്ക് നോക്കി ഇടക്ക് മാത്രം എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ് മിഹിർ. ഓരോ ചോദ്യവും വായിച്ച് അവൻ എന്തൊക്കെയോ നിശ്ശബ്ദം ഉരുവിടുന്നുണ്ട്. അവന്റെ മെലിഞ്ഞു വിളറിയ ചൂണ്ടു വിരലിന്റെയും തള്ള വിരലിന്റെയും ഇടയിലിരുന്ന് പേന വിറകൊള്ളുന്നുണ്ട്. പ്രധാന നദികളെ അടയാളപ്പെടുത്തുന്ന ഇന്ത്യയുടെ ഭൂപടം വരക്കാനുണ്ട്. അതെങ്കിലും വരക്കുമോ? ഇത്തവണയും പതിവ് തോൽവി തന്നെയാകുമോ? ആശങ്കകൊണ്ട് അവൾ വല്ലാതായി. ഘാട്ടിൽനിന്ന് ആരതിക്കുള്ള മണികളുണർന്നു. ശംഖ് മുഴങ്ങി. മിഹിർ ചെവി വട്ടംപിടിച്ചു. സുമൻ ശാസനയോടെ അവനെ നോക്കി.
“ആദ്യമായിട്ടാണോ ഇത് കേൾക്കുന്നത്?”
അല്ലെന്ന് തലയാട്ടി അവൻ പുഞ്ചിരിയോടെ മുഖം കുനിച്ചു. ക്ലാസിനുശേഷം അച്ഛൻ വന്നിട്ട് വേണം ബോട്ടിങ്ങിന് പോകാനെന്ന് തലേന്ന് അവൻ പറഞ്ഞത് അപ്പോൾ സുമൻ ഓർത്തു.
ഇന്ന് ശരിക്കും നേരം വൈകിയിരിക്കുന്നു. ഇനി ഏത് സമയത്ത് വേണമെങ്കിലും പ്രകാശ് മേനോൻ അവിടെയെത്തുമെന്നാലോചിച്ചപ്പോൾ അസ്വസ്ഥതയോടെ അവൾ ഞെളിപിരി കൊണ്ടു. അയാളുടെ സാന്നിധ്യം എന്തോ, അവൾക്ക് അസ്സഹനീയമായിരുന്നു.
മാത്രമല്ല, ട്യൂഷൻ തുടങ്ങി രണ്ടു മാസമായിട്ടും പരീക്ഷകളിൽ അവൻ മെച്ചപ്പെടുന്നില്ലെന്ന് കണ്ടാൽ അവളും ഇതിനു മുമ്പ് വന്ന ടീച്ചർമാരും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന് അയാൾ വിധിയെഴുതും.
മിഹിറിന്റെ കാര്യവും കഷ്ടമാകുമെന്ന് സുമനറിയാം. അയാൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന കാര്യത്തിൽ അവൾ കണ്ടിട്ടുള്ളതിലേക്കുവെച്ച് ഏറ്റവും കർശനക്കാരനായ പിതാവാണ്. പന്ത്രണ്ട് വയസ്സ് മാത്രമുള്ള മിഹിറിനെ പുലർച്ചെ നാലുമണിക്ക് തന്നെ വിളിച്ചുണർത്തി പഠിക്കാനാവശ്യപ്പെടുകയും ഒപ്പം ചെന്നിരിക്കുകയും ചെയ്യും. എത്ര മണിക്കൂർ പഠിച്ചാലും ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ അവൻ ദയനീയമായ മാർക്കും കൊണ്ടുവരും. അവന്റെ പിതാവിന് അവന്റെ ഉത്തരക്കടലാസ് കാണുമ്പോൾ കലികയറുകയും കയ്യിൽ കിട്ടുന്നതെന്തുമെടുത്ത് അവനെ തല്ലുകയും ചെയ്യും. സയൻസിലും കണക്കിലും അവനു താരതമ്യേന നല്ല മാർക്ക് കിട്ടുന്നുവെന്നതോ അവൻ അമ്മയില്ലാത്ത കുഞ്ഞാണ് എന്നതോ ഒന്നും അയാളുടെ ശിക്ഷാരീതികളെ ബാധിക്കുന്നില്ലെന്നതോർക്കുമ്പോൾ പലപ്പോഴും അവൾക്ക് അത്ഭുതം തോന്നും.
തലേന്ന് കിട്ടിയ ചൂരലടിയുടെ പാടുകളിൽ ഇടക്കിടെ തടവിക്കൊണ്ട് മിഹിർ അവളുടെ ക്ലാസുകളിലിരിക്കും. പക്ഷേ ആ മെലിഞ്ഞ ദേഹത്ത് കിട്ടിയതും കിട്ടാനിരിക്കുന്നതുമായ അടികൾ അവളെ വിഷമിപ്പിക്കുന്ന അത്രയും മിഹിറിനെ തൊടുന്നുണ്ടോ എന്ന് സംശയമാണ്. അല്ലെങ്കിലെങ്ങനെയാണ് ഇങ്ങനെയൊരു സാഹചര്യത്തിലും ഫ്ലാറ്റിന്റെ ജാലകത്തിലൂടെ ആദ്യമായി കാണുന്നതുപോലെ മിഹിറിന് ഘാട്ടിലേക്കൊഴുകുന്ന ജനക്കൂട്ടത്തെ നോക്കിയിരിക്കാൻ സാധിക്കുക?
“മിഹിർ...’’ സുമൻ വിളിച്ചു. “സമയം കഴിഞ്ഞു. പേപ്പർ തരൂ.”
അവൻ ഒന്നും മിണ്ടാതെ പേപ്പർ തന്നു. സുമനത് നിവർത്തിയതും വാതിൽ തുറന്ന് പ്രകാശ് മേനോൻ കടന്നുവന്നു. സുമന്റെ നെഞ്ചിടിപ്പ് കൂടി. അസ്വസ്ഥമായ മനസ്സിനെ നിയന്ത്രിച്ച് അയാളോട് നമസ്തേ പറഞ്ഞ് സുമൻ മിഹിറിന്റെ ഉത്തരക്കടലാസ് വായിക്കാൻ തുടങ്ങി. മിഹിർ പിതാവിനെ നോക്കി പുഞ്ചിരിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
വായിക്കാൻ മാത്രമൊന്നുമില്ലെന്നതാണ് സത്യം. ആദ്യത്തെ പേജിലെ ഒറ്റ വാക്കിന്റെ ഉത്തരങ്ങളിൽ രണ്ടെണ്ണമൊഴികെ എല്ലാം തെറ്റിച്ചിട്ടുണ്ട്. വിപ്ലവങ്ങൾ തമ്മിൽ മാറി പോയിട്ടുണ്ട്. ഝാൻസിയുടെ റാണിയാണ് മാറാത്ത യുദ്ധം ജയിച്ചത് എന്നതുകൂടി വായിച്ചപ്പോൾ കടുത്ത ക്ഷോഭത്തോടെ മിഹിറിനെ നോക്കാൻ തലയുയർത്തിയപ്പോഴാണ് മനസ്സിലായത്, പ്രകാശ് മേനോൻ അവൾക്ക് തൊട്ടുപിറകിൽ നിൽപുണ്ട്, പേപ്പറിലേക്ക് നോക്കിക്കൊണ്ട്. അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.
“ഇരിക്കൂ,’’ അയാൾ പറഞ്ഞു, “അവന്റെ പേപ്പർ ഇങ്ങ് തരൂ.”
വെപ്രാളപ്പെട്ട് സുമൻ ടെസ്റ്റ് പേപ്പറും ഉത്തരക്കടലാസും അയാളുടെ കയ്യിൽ വെച്ചു കൊടുത്തു. തന്റെ കാര്യം മിക്കവാറും ഇന്ന് തീരുമാനമാകുമെന്ന വിഷാദചിന്തയോടെ അവൾ തല കുമ്പിട്ട് മേശയിൽ കൈ കുത്തിയിരുന്നു. വേറൊരു ട്യൂഷൻ കിട്ടാനിനി സാധ്യതയില്ല. വാരണാസിയുടെ തെരുവുകളിൽ റിക്ഷയോടിച്ച് എല്ലും തോലുമായ ബാബയുടെ നെഞ്ചിൽനിന്ന് എഴുന്നു നിൽക്കുന്ന വാരിയെല്ലുകൾ അവളുടെ മനസ്സിൽ തെളിഞ്ഞു.
“ടീച്ചർ പൊയ്ക്കോളൂ. നേരം ഒരുപാടു വൈകിയില്ലേ.”
അവന്റെ ഉത്തരക്കടലാസ്സിൽനിന്ന് തലയുയർത്തി അയാൾ പറഞ്ഞു.
ആ സ്വരത്തിലെ ശാന്തത വെറും കളവാണെന്ന് അടക്കിയ രോഷത്തിന്റെ കനലെരിയുന്ന അയാളുടെ കണ്ണുകൾ പറഞ്ഞു.
മനസ്സില്ലാമനസ്സോടെ ബാഗുമെടുത്ത് പുറത്തിറങ്ങാൻ നേരത്ത് അവൾ മിഹിറിനെ നോക്കി. അവന്റെ മുഖത്ത് ഭയത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു. അവിടെ തന്നെ നിന്നാലോ, കുട്ടിയെ തല്ലരുതേ എന്ന് പറഞ്ഞാലോ എന്നുവരെ ആലോചന പോയെങ്കിലും പ്രകാശ് മേനോന്റെ മുഖത്തേക്ക് ഒരിക്കൽകൂടി നോക്കാനുള്ള ധൈര്യമില്ലാഞ്ഞതുകൊണ്ട് തിരിഞ്ഞുനോക്കാതെ അവൾ ലിഫ്റ്റിലേക്ക് നടന്നു.
വാരണാസി ദേവ് ദിവാലിത്തിരക്കിൽ ശ്വാസം മുട്ടുകയായിരുന്നു. തന്റെ കുട്ടിക്കാലത്ത് വളരെ ചെറിയ തോതിൽ മാത്രം നടത്തിയിരുന്ന ഈ ആഘോഷത്തിനെത്തുന്നവരുടെ തിരക്ക് വർഷം തോറും കൂടിക്കൊണ്ടേയിരിക്കുകയാണല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഒരു വിധത്തിൽ അവൾ തെരുവ് മുറിച്ചുകടന്നു.
മൂന്നും നാലും യാത്രക്കാരെയുംകൊണ്ട് ജനനിബിഡമായ റോഡിലൂടെ കിട്ടാവുന്ന വേഗതയിൽ റിക്ഷാവാലകൾ പാഞ്ഞു. ഘാട്ടുകളിൽനിന്നുള്ള പ്രാർഥനാഗീതങ്ങൾ ഗംഗയിലൊഴുകി നടക്കുന്ന ബോട്ടുകളുടെ മുരൾച്ചക്കും റോഡിലെ അസംഖ്യം വാഹനങ്ങളുടെ അരോചകമായ ഹോണുകൾക്കും മീതെ ഉയർന്നു.
“ഓം ജയ് ഗംഗേ മാതാ,
ശ്രീ ജയ് ഗംഗേ മാതാ.”
ബാബ ഒരു ടൂറിസ്റ്റ് കുടുംബത്തെയുംകൊണ്ട് അസ്സിഘാട്ടിലേക്ക് പോയിരിക്കുകയാണ്. ഈ തിരക്കിനിടയിൽ അദ്ദേഹത്തെ വിളിച്ചു കഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് വീട്ടിലേക്ക് നടന്നു പോകുന്നതല്ലേ എന്നാലോചിച്ചു നിൽക്കുമ്പോൾ സ്വയം ശാസിച്ചിട്ടും വരുതിക്ക് നിൽക്കാതെ സുമന്റെ കണ്ണുകൾ ഓംകാരയുടെ മൂന്നാം നില തേടിച്ചെന്നു.
അവിടെ നിൽക്കുമ്പോൾ മിഹിറിന്റെ ഡ്രോയിങ് റൂമിലെ വലിയ ജനാല വ്യക്തമായി കാണാമായിരുന്നു. പെട്ടെന്ന് പ്രകാശ് മേനോന്റെ നീണ്ട രൂപം ജനലിനരികിലിരുന്ന മിഹിറിനടുത്തേക്ക് വരുന്നതും ഒരാക്രോശത്തിന്റെ രൂപത്തിൽ അയാളുടെ കൈകൾ ഉയരുന്നതും കണ്ടതോടെ സുമന്റെ നെഞ്ചിൽ ഇടി മിന്നി. എന്താണ് സംഭവിക്കുന്നത് എന്ന് സ്വയം ബോധ്യമാകുന്നതിനുമുമ്പ് ഓംകാര ലക്ഷ്യമാക്കി സുമൻ റോഡിലെ തിരക്കിലേക്കിറങ്ങി.
ഇരുപത്തി അഞ്ചാം നിലയിൽ കിടക്കുന്ന ലിഫ്റ്റിനെ പ്രതീക്ഷിക്കാനുള്ള ക്ഷമയില്ലാതെ ശക്തിയായി മിടിക്കുന്ന ഹൃദയത്തോടെ മൂന്നാംനിലയിലേക്കുള്ള പടികൾ ഓടിക്കയറുമ്പോൾ ആ വീട്ടിൽ താൻ കാണാൻ പോകുന്നതെന്തെന്നോ അതിൽ തനിക്ക് എന്താണ് വേഷമെന്നോ അവൾക്കറിയില്ലായിരുന്നു. മിഹിറിന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ കോളിങ് ബെൽ അമർത്തേണ്ടി വന്നില്ല. വാതിൽ തുറന്നിട്ടിരുന്നു. മറന്നുവെച്ചതെന്തോ എടുക്കാനെന്ന ഭാവത്തിൽ കാലിലൂടെ ഇരച്ചുവരുന്ന വിറയലൊതുക്കി അവളകത്ത് കയറി.
വീട് അസാധാരണമാം വിധം ശാന്തമായിരുന്നു. പൂർണമായും നിശ്ശബ്ദവും. മിഹിർ ജനലിനരികെ സ്റ്റഡി ടേബിളിനടുത്തു തന്നെ കുത്തിക്കുറിച്ച് ഇരിപ്പുണ്ട്. അവന്റെ പിതാവ് സ്വന്തം ശിരസ്സ് കൈകളിൽ പൂഴ്ത്തി സോഫയിൽ മുമ്പിലേക്കാഞ്ഞു കുനിഞ്ഞിരിക്കുകയായിരുന്നു. താൻ ഭയപ്പെട്ടതൊന്നും സംഭവിച്ചില്ലെന്ന ആശ്വാസത്തോടെ നെടുവീർപ്പിടുമ്പോഴും മുറിയിലെന്തോ ശൂന്യത സുമന് അനുഭവപ്പെട്ടു.
“എന്റെ ഫോൺ ഞാനിവിടെ മറന്നു വെച്ചെന്ന് തോന്നുന്നു...’’
പതറിയ ഒച്ചയിൽ സുമൻ തന്റെ സാന്നിധ്യമറിയിച്ചപ്പോൾ പ്രകാശ് മേനോൻ തലയുയർത്തി നോക്കി. അയാളുടെ മുഖത്ത് കടുത്ത മനഃക്ഷോഭത്തിന്റെ അലയൊലികൾ അവൾ കണ്ടു. അയാളുടെ പകച്ചുനോട്ടത്തെ പിന്തുടർന്നപ്പോൾ ആ മുറിയിലെ അസ്വാഭാവികതയെന്തെന്ന് അവൾക്ക് മനസ്സിലായി.
മിഹിറിന്റെ അമ്മയുടെ ഫോട്ടോ വലിച്ചെറിയപ്പെട്ട നിലയിൽ ഫ്രെയിം തകർന്ന് സോഫക്ക് അപ്പുറത്തായി മുറിയുടെ മൂലയിൽ തറയിൽ കിടപ്പുണ്ടായിരുന്നു. ചില്ലിന്റെ തുണ്ടുകൾ മുറിയിലാകെ തെറിച്ചുവീണിരുന്നു. പൊടുന്നനെയൊരു കരിങ്കല്ലെടുത്തു വെച്ച പോലെ ഭാരം നിറഞ്ഞ സ്തബ്ധമായ മനസ്സോടെ, ഒന്നും മിണ്ടാതെ സുമൻ മിഹിറിനരികിലേക്ക് നടന്നു, ചിതറിക്കിടക്കുന്ന ചില്ലിൽ തുണ്ടുകളിൽ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട്.
അടുത്തെത്തിയപ്പോൾ മിഹിർ ഉത്തരക്കടലാസിൽ മുമ്പ് വിട്ടുപോയ ഭൂപടം വരക്കുകയായിരുന്നുവെന്ന് അവൾ കണ്ടു. അവൾ തൊട്ടടുത്ത് വന്നുനിൽക്കുന്നതറിഞ്ഞിട്ടും തലയുയർത്തി നോക്കാതെ അവൻ വരച്ചുകൊണ്ടേയിരുന്നു. അവന്റെ കണ്ണുകളിൽനിന്ന് നദികളുറവയെടുത്ത് കവിളുകളിലൂടെ വലിയ തുള്ളികളായി ഭൂപടത്തിലേക്കൊഴുകിവീണു കൊണ്ടിരുന്നു. പെൻസിൽ കൊണ്ട് വരച്ച രാജ്യത്തിന്റെ അതിരുകൾ വികലമായി, അവ്യക്തമായിരുന്നു. അവിടവിടെ നനഞ്ഞ കടലാസിൽ രൂപംകൊണ്ട ഇന്ത്യ കണ്ണുനീരിൽ കുതിർന്നുകിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.