അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ട രീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.
യസീന ബുവയുടെ നികാഹ് കഴിഞ്ഞു മൂന്നു കൊല്ലത്തിനുള്ളിൽ രണ്ടു മക്കളുണ്ടായി –ഒരാണും ഒരു പെണ്ണും. ഭർത്താവ് ഒരു ചുമട്ടുതൊഴിലാളിയായിരുന്നു. അയാൾ ഒരു ചുമടു ചുമന്നു നടക്കുമ്പോൾ ഹൃദയാഘാതമുണ്ടായി; രക്ഷപ്പെട്ടില്ല. ചെറുപ്പത്തിലേ വിധവയായ യസീന പല വീടുകളിൽ വീട്ടുപണികൾ ചെയ്താണ് കിടാങ്ങളെ വളർത്തിയത്. മകൾക്ക് കുറച്ചൊക്കെ പഠിപ്പും നൽകി. അവൾ പെൺകുട്ടികളെ ഖുർആൻ പഠിപ്പിച്ചിരുന്നു. അങ്ങനെ കിട്ടിയ പണവും യസീന കഠിനാധ്വാനം ചെയ്തുണ്ടാക്കിയതും കൂട്ടിച്ചേർത്ത് മകളുടെ നികാഹ് നടത്തി. മകന്റെ നികാഹിന് വേണ്ടിയും അധ്വാനിച്ച് പണം ശേഖരിച്ചുകൊണ്ടിരുന്നു. ഓട്ടോഡ്രൈവറായിരുന്നു മകൻ.
തനിക്ക് വയസ്സായിക്കൊണ്ടിരിക്കുന്നുവെന്നും തന്റെ യാത്രയും അകലെയല്ലെന്നുമുള്ള തോന്നൽ അവളെ വല്ലാതെ അലട്ടിത്തുടങ്ങിയപ്പോൾ ഒരു ആഗ്രഹം അവളെ വിടാതെ പിടികൂടി: വിശുദ്ധമായ ഒരു ശവക്കച്ച വാങ്ങണം. അതു പുതച്ചില്ലെങ്കിൽ മരണത്തിനുശേഷം പുണ്യപ്പെട്ട ഗതിയുണ്ടാവില്ല. ഈ വിചാരം അവളുടെ മനസ്സിൽ ഒരു ഒഴിയാബാധയായിത്തീർന്നു. മകന്റെ നികാഹിനായി കരുതിവെച്ച പണത്തിൽനിന്ന് കുറച്ചെടുത്ത് മാറ്റിസൂക്ഷിക്കുമ്പോൾ ആരുടെയോ പണം കട്ടെടുക്കുകയാണെന്ന ഒരു തോന്നലുണ്ടാവാതിരുന്നില്ല. എങ്കിലും, അടക്കാനാവാത്തതായിത്തീർന്നു ആ അന്ത്യാഭിലാഷം.
അവൾ ഏറെക്കാലം ഒരു ധനികഗൃഹത്തിൽ വീടുപണിയെടുത്തിരുന്നു. സുഭാൻ എന്ന വൻകിട വ്യാപാരിയുടെ ഗൃഹത്തിൽ. അദ്ദേഹവും ഭാര്യ ഷസിയയും ഹജ്ജ് യാത്ര പോകാൻ നിശ്ചയിച്ചു. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഗൃഹങ്ങളിൽ സന്ദർശനം നടത്തി, യാത്രപറയാൻ. എന്തെങ്കിലും തെറ്റുപറ്റുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പൊറുക്കണമെന്നപേക്ഷിച്ചു. ഹജ്ജ് യാത്രക്കു മുമ്പ് ഇപ്രകാരമുള്ള പ്രായശ്ചിത്തങ്ങൾ ആചാരമാണ്. അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എണ്ണം അതിവിപുലമാണ്. എല്ലാവരെയും അങ്ങോട്ടുചെന്ന് കണ്ടു യാത്രപറയാൻ പറ്റാത്ത അത്രയധികം. അതിനാൽ അവർ നിശ്ചയിച്ചു, ഒരു വലിയ സദ്യയൊരുക്കി എല്ലാവരെയും ക്ഷണിച്ചുവരുത്താൻ.
പഴയ വേലക്കാരിക്ക് ക്ഷണമൊന്നുമുണ്ടായില്ലെങ്കിലും യസീന അവിടെയെത്തി. ഹജ്ജിന് പോകുന്ന പഴയ ഏമാനത്തിയോട് തന്റെ ആഗ്രഹം പറഞ്ഞാൽ അത് നിറവേറുമെന്ന പ്രതീക്ഷയോടെ, നേരത്തേതന്നെ എത്തി. പഴയപോലെ പണികൾ ചെയ്തു. സദ്യയിൽ പങ്കെടുത്തവർ ഭക്ഷണം കഴിച്ച ബിരിയാണി പ്ലേറ്റുകൾ കഴുകുന്ന പണിയിൽ മുഴുകി. അതിഥികളെ സ്വീകരിക്കുന്നതിലും സൽക്കരിക്കുന്നതിലും ആണ്ടുമുങ്ങിയിരുന്ന ഏമാനത്തി അവളെ കണ്ടിരുന്നില്ല. ഏതാണ്ടെല്ലാവരും യാത്രയായതിനുശേഷം യസീനയും കുറച്ചുവല്ലതും കഴിച്ചു. ഷസിയയെ ഒറ്റക്ക് കിട്ടിയിട്ടുവേണം തന്റെ മോഹം പറയാൻ.
രാത്രി പതിനൊന്നുമണിയോടടുത്തപ്പോഴാണ് ക്ഷീണിച്ചുകഴിഞ്ഞിരുന്ന ഷസിയ ബീഗത്തിന് ഒന്നിരിക്കാൻ കഴിഞ്ഞത്. അവർ സോഫയിൽ ഇരുന്ന് പരവതാനിയിലേക്ക് കാലും നീട്ടി വിശ്രമിക്കുമ്പോൾ പതുക്കെപ്പതുക്കെ യസീൻ ബുവ മുന്നിലെത്തി. ‘‘എപ്പോ വന്നു ബുവാ’’ എന്ന് ഷസിയ അലസമായി ചോദിച്ചു. താൻ വളരെ നേരത്തേ എത്തിയിരുന്നെന്ന മറുപടി കേട്ടപ്പോൾ ‘‘എന്തെങ്കിലും കഴിച്ചോ’’ എന്നും ചോദിക്കാതിരുന്നില്ല. ‘‘ഉവ്വ് തായി, എന്റെ ജീവൻ പോകാതെ ഇപ്പോഴും ഞാൻ ഇരിക്കുന്നത് ഇവിടെനിന്ന് ഉണ്ട ചോറിന്റെ ബലത്തിലല്ലേ! തൊട്ടതൊക്കെപ്പൊന്നാവട്ടെ.’’ ‘‘ഇത്ര വൈകീട്ട് ഇനി എങ്ങനെ വീട്ടിലെത്തും’’ എന്നും ബീവി ചോദിച്ചു. ‘‘മകൻ ഓട്ടോയും കൊണ്ടുവരും’’ എന്നു കേട്ടപ്പോൾ അകത്തുപോയി കുറച്ചു പണവും കൊണ്ടുവന്നു. ‘‘ഇതെടുത്തോളൂ. ഞങ്ങൾ ഹജ്ജിന് പോകുന്നു. നാൽപ്പത്തഞ്ചുനാൾ കഴിഞ്ഞേ തിരിച്ചെത്തൂ.’’ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ടാണ് പണം കൊടുത്തത്.
യസീൻ കണ്ണു നിറഞ്ഞുകൊണ്ടുനിന്നു. എന്തു ദയ! ഈ പഴയ കിഴവിയോട് എന്നോർത്തുംകൊണ്ട്. എന്നാലും പണം വാങ്ങിയില്ല. തുണിത്തുമ്പിൽ കെട്ടിക്കൊണ്ടുവന്ന പണം പുറത്തെടുത്തു. ‘‘എന്റെ അവ്വാ, ഇതാ ആറായിരം കയുണ്ട്. എനിക്ക് ഒരേയൊരപേക്ഷയുണ്ട്: ഒരു കഫൻ വാങ്ങി പുണ്യപ്പെട്ട സംസം വെള്ളം തളിച്ച് കൊണ്ടുവന്നു തരുമോ? അതു പുതച്ചുംകൊണ്ടു പോയാൽ എന്റെ പോക്കു സ്വർഗത്തിലേക്കാവുമല്ലോ.’’ ഷസിയ ‘‘ശരി’’ എന്നു പറഞ്ഞു. ഈ പാവങ്ങളെപ്പോലെത്തന്നെ ഒടിഞ്ഞുമടങ്ങി മുഷിഞ്ഞു ജീർണിച്ചതാണ് അവരുടെ കൈയിലുള്ള പണത്തിന്റെ നോട്ടുകളും എന്ന് ഓർക്കുകയും ചെയ്തു. ഷസിയ നേരെ ബാത്ത് റൂമിൽ പോയി. സിങ്കിന്റെ മീതെ ആ നോട്ടുകൾ വെച്ചു. സോപ്പിട്ട് കൈകഴുകി. താൻ ആ പണം സിങ്കിന്റെ മുകളിൽനിന്ന് എടുത്തുവോ എന്ന് അഞ്ചാറു കൊല്ലങ്ങൾക്കു ശേഷം യസീൻ മരിച്ച സന്ദർഭത്തിൽ ഷസിയക്ക് ഓർമ വന്നില്ല.
ഷസിയയും ഭർത്താവും പിറ്റേന്നുതന്നെ യാത്ര പുറപ്പെട്ടു. ഇന്ത്യയിലെ ഹജ്ജ് കമ്മിറ്റി ഹജ്ജ് യാത്രക്കാർക്ക് മക്കയിൽ താമസിക്കാൻവേണ്ടി വസതികൾ വാടകക്കെടുത്തിരുന്നു. ഹജ്ജ് യാത്രക്കാർ കൊടുക്കുന്ന വാടകക്കനുസരിച്ചുള്ളവ. രണ്ടു റൂമുകൾക്ക് ഒരു ബാത്ത് റൂം, ഒരടുക്കള, ഒരു ഗ്യാസ് സിലിണ്ടർ, സ്റ്റൗ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ മുതലായ സൗകര്യങ്ങൾ. ഷസിയയോടൊപ്പം അവരുടെ മാതൃഗൃഹത്തിൽപെട്ട നാലുപേരുമുണ്ടായിരുന്നതുകൊണ്ട് വിശാലമായ ഹാളും സൗകര്യങ്ങളും ലഭിച്ചിരുന്നു. ഹജ്ജ് യാത്രക്കാർ കഅ്ബയിൽ പ്രദക്ഷിണത്തിനും പ്രാർഥനക്കും മറ്റു മത ചടങ്ങുകൾക്കുമാണ് അധികം സമയം നീക്കിവെച്ചിരുന്നത്. പ്രവാചകന് ഒന്നാം വെളിപാട് ഉണ്ടായ ഹിറാ ഗുഹ സന്ദർശിക്കൽ, മറ്റു പള്ളികളിൽപോയി പ്രാർഥനയനുഷ്ഠിക്കൽ അങ്ങനെയങ്ങനെ. സൗദി ഗവൺമെന്റും വൻകിട വ്യാപാരികളും ധനദാതാക്കളും ഒരുമിച്ച് സേവനങ്ങൾ നൽകിയിരുന്നു. ഭക്ഷണ പാക്കറ്റുകൾ, പഴസത്തു കുപ്പികൾ, വെള്ളക്കുപ്പികൾ ഇങ്ങനെയുള്ളവയെല്ലാം ഹജ്ജ് യാത്രക്കാർക്ക് നൽകുന്നത് പുണ്യകർമമായിട്ടാണ് കരുതപ്പെടുന്നത്.
സുഭാൻ ഷസിയയോട് യാത്രക്കൊരുങ്ങുമ്പോഴേ പറഞ്ഞുവെച്ചിരുന്നു മതകർമങ്ങൾക്കിടയിൽ ഷോപ്പിങ് പാടില്ല; ‘നിയ്യത്തി’നിടക്ക് അമ്മാതിരി കാര്യങ്ങൾ ചെയ്യുന്നത് ഹജ്ജിന്റെ പാവനതക്കെതിരാണ് എന്ന്. അതിനാൽ അത്തരം ‘ലൗകിക’മായ കാര്യങ്ങൾ ഒടുവിലേക്കു മാറ്റി വെച്ചിരുന്നു. കഅ്ബ സന്ദർശിച്ച് നമസ്കാരം നിർവഹിച്ചശേഷം ഒരുനാൾ തിരിച്ചെത്തി കുളിമുറിയിൽ പോയപ്പോൾ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സൈനബ് കുടിവെള്ള സംഭരണിയിൽനിന്ന് ബക്കറ്റിൽ നിറക്കുന്നതു കണ്ടു. എന്തിനാണെന്ന് ചോദിച്ചപ്പോൾ കഫൻ നനയ്ക്കാനാണെന്നായിരുന്നു മറുപടി. കുടിവെള്ളം ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് വലിയ മോഷണമാണ്.
ഷസിയയുടെ ഭർത്താവ് സുഭാൻ കുടിവെള്ള സംഭരണിയിൽനിന്ന് വെള്ളമെടുക്കാറില്ലായിരുന്നു. രണ്ടു റൂമുകൾക്ക് പതിനഞ്ച് ലിറ്റർ വെള്ളമാണ് അധികൃതർ നൽകിയിരുന്നത്. ദിവസേന വൈകുന്നേരം മൂന്നുമണിക്ക് സംഭരണികളിൽ നിറക്കും. അതിൽനിന്ന് വെള്ളമെടുക്കാൻ മിനക്കെടാതെ സുഭാൻ ദിവസേന കുടിവെള്ളത്തിന്റെ അഞ്ചു ലിറ്റർ കുപ്പികൾ നമാസ് കഴിഞ്ഞു വരുമ്പോൾ വിലകൊടുത്തു വാങ്ങുകയായിരുന്നു പതിവ്. സൈനബ് ചെയ്ത അപഹരണത്തെപ്പറ്റി ഷസിയ ഭർത്താവിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഞാനിതു നേരത്തേ അറിഞ്ഞിരുന്നു. അതുകൊണ്ടാണ് വെള്ളക്കുപ്പി വാങ്ങിക്കൊണ്ടുവരാറ്. ഇനി ഇതിന്റെ പേരിൽ പുകിലൊന്നുമുണ്ടാക്കണ്ട. അതു വിട്ടുകള.’’ ഈ സന്ദർഭത്തിലാണ് ഷസിയ, യസീൻ ബുവ കഫൻ വാങ്ങാനേൽപിച്ചിരുന്ന കാര്യം ഓർത്തത്. അതു വാങ്ങണമെന്ന് അദ്ദേഹത്തോട് പറയുകയുംചെയ്തു.
അങ്ങനെയാണവർ കഫൻ കിട്ടുന്ന കടയന്വേഷിച്ച് നടന്നത്. അതിനിടക്ക് ഒരു പരവതാനിക്കട കണ്ണിൽപെട്ടു. മനോഹരമായ പരവതാനികൾ. ഷസിയ ഭർത്താവിന്റെ സമ്മതമൊന്നുമാരായാതെ നേരെ അതിൽ കയറി– നിയ്യത്ത് മുഴുവൻ കഴിയുന്നതിനു മുമ്പ് ഷോപ്പിങ്ങിന് പുറപ്പെടരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നതുകൂടി ഓർക്കാതെ. അവിടെനിന്ന് ഭാര്യയെ ഇറക്കിക്കൊണ്ടുവരാനുള്ള സുഭാന്റെ ശ്രമങ്ങൾ ഫലിച്ചില്ല. ഷോപ്പിലെ അസിസ്റ്റന്റിനോട് കഫൻ ഇവിടെ കിട്ടുമോ എന്ന് അന്വേഷിച്ചപ്പോൾ കനമേറിയ ഒരെണ്ണം അയാൾ കാട്ടിക്കൊടുത്തു. അത് താങ്ങാനാവില്ല എന്ന് പറഞ്ഞ് ഷസിയ ഉപേക്ഷിച്ചു. കാർപെറ്റ് മാത്രം വാങ്ങി. േഷാപ്പുകാരൻ അത് കെട്ടി സുഭാന്റെ തോളിൽ വെച്ചുകൊടുത്തു. അവിടെ ഓട്ടോറിക്ഷ കിട്ടാത്തതിനാൽ അതും ചുമന്ന് നടക്കേണ്ടിവന്നതിൽ രുഷ്ടനായ അയാൾ ഹജ്ജ് യാത്രയിൽ കോപിക്കരുതെന്ന പ്രമാണം ഓർത്ത് ഭാര്യയോടുള്ള രോഷം പ്രകടിപ്പിക്കാതെ കടിച്ചിറക്കി, ഒരുവിധം പാർപ്പിടത്തിലെത്തി.
പിന്നീട് ഷസിയയുടെ രക്തസമ്മർദം കൂടിയതിന്റെ പേരിൽ രണ്ടുനാൾ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ഇനി ഷോപ്പിങ്ങിനൊന്നും അനുവദിക്കില്ലെന്ന് സുഭാൻ നിശ്ചയിച്ചതൊന്നും ഫലിച്ചില്ല. യാത്രയിൽ ലഗേജ് കൂടുന്നതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിന് വേവലാതി. ഷസിയയുടെ ആരോഗ്യം മുൻനിർത്തി തടയാൻ ശ്രമിച്ചപ്പോൾ തന്റെ ആരോഗ്യം തികച്ചും നോർമലായെന്ന് ഷസിയ ശഠിച്ചു. ഷോപ്പിങ്ങിനിറങ്ങി യസീൻ ബുവക്കുള്ള കഫൻ വാങ്ങുന്നതിനെപ്പറ്റി കൂടക്കൂടെ ഓർമവന്നെങ്കിലും അത് മക്കയിൽനിന്ന് ചുമക്കേണ്ടതില്ലെന്ന തോന്നൽ ഉണ്ടായി. ഇന്ത്യയിലും കിട്ടും. മക്കയിൽ കഫൻ കിട്ടിയില്ലെന്ന് പറയാമെന്നു കരുതിയെങ്കിലും ഹജ്ജിന്റെ പുണ്യം നുണപറഞ്ഞ് ഇല്ലാതാക്കാനും നിവൃത്തിയില്ല.
കഫൻ വാങ്ങാതെ തന്നെ അവർ തിരിച്ചെത്തി. വേറെ ഒരുപാടു സാധനങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു. യാത്രാക്ഷീണം മാറാൻ മൂന്നു ദിവസം കിടന്നതിനുശേഷം കൊണ്ടുവന്ന സമ്മാനങ്ങളുടെ വിതരണം തുടങ്ങി. സ്വർണാഭരണങ്ങൾ, വിശേഷപ്പെട്ട ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ, നിസ്കാരപ്പായകൾ, ജപമാലകൾ, ഈത്തപ്പഴം, സംസം പുണ്യജലത്തിന്റെ കുപ്പികൾ... ഈത്തപ്പഴപ്പാക്കറ്റുകളും സംസം പുണ്യജലത്തിന്റെ അഞ്ചു ലിറ്റർ കുപ്പികളും ധാരാളം വാങ്ങിക്കൂട്ടിയിരുന്നു. സാധനങ്ങളുടെ തൂക്കക്കൂടുതൽ കൂട്ടത്തിലുള്ളവരുടെ ലഗേജിൽ കൊള്ളിച്ച് ഒപ്പിച്ചു ഒപ്പിച്ചു മാറാൻ സുഭാന് ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു.
യസീൻ ബുവ അവർ തിരിച്ചെത്തിയതിനുശേഷം പലതവണ വന്നു. താൻ വന്നെന്ന് പ്രഖ്യാപിച്ചില്ല. ഓരോ തവണയും ഷസിയ ഉറങ്ങുകയോ വിശ്രമിക്കയോ പ്രാർഥനയിലിരിക്കുകയോ ആയിരിക്കും. ശല്യപ്പെടുത്താതെ ബുവ തിരിച്ചുപോവുകയാണ് പതിവ്, കണ്ണീരോടെ. രണ്ടാഗ്രഹങ്ങളാണ് ഉള്ളിൽ കുതിച്ചുയർന്നിരുന്നത്. ഒന്നു തനിക്കുള്ള കഫൻ കാണാനുള്ള തിടുക്കം. മറ്റേത് ഹജ്ജ് യാത്രയുടെ പുണ്യം നേടിയവരുടെ അടുത്ത് നിൽക്കുക, അവരുടെ കൈകൾ തന്റെ കൈകൾ കൊണ്ടു കൂട്ടിപ്പിടിക്കുക. രണ്ടും നടക്കാതെ നാളുകൾ നീങ്ങി.
ഒടുക്കം ഷസിയയെ ഒരു നാൾ കാണാൻകിട്ടി. കുളികഴിഞ്ഞ് തലതോർത്തി ആകാശനീല ചുരിദാറും അതിനോട് ചേരുന്ന എംബ്രോയ്ഡറിയുള്ള ദുപ്പട്ടയുമൊക്കെയായി പുറത്തുകടക്കുന്ന നേരത്ത്. സന്തോഷം അടക്കാനാവാതെ ഓടിച്ചെന്ന് ഷസിയയുടെ കൈകൾ കൂട്ടിപ്പിടിച്ച് സ്വന്തം കണ്ണോടു ചേർക്കുമ്പോൾ താനും ഒരു പുണ്യവതിയായെന്ന് അവൾക്ക് തോന്നി. വേഗം കൈകൾ പിൻവലിച്ച് ഷസിയ അകത്തുപോയി ഒരു നിസ്കാരപ്പായയും ജപമാലയും കൊണ്ടുവന്നു കൊടുത്തു. അവൾ ഇതൊന്നുമല്ല കാണാൻ കൊതിച്ചുകാത്തിരുന്നത്. പുണ്യജലം കൊണ്ട് വിശുദ്ധമാക്കിയ കഫൻ മാത്രമാണ്. അതൊന്നും കൈനീട്ടി വാങ്ങാതെ ബുവ അമ്പരന്നു നോക്കിനിന്നു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ എങ്ങനെയോ ധൈര്യത്തോടെ പറഞ്ഞു. ‘‘എനിക്കിതൊന്നും വേണ്ട; എനിക്കുള്ള കഫൻ തന്നാൽമതി.’’ ഷസിയക്ക് കോപം വന്നു. ബുവയെ ശബ്ദമുയർത്തി ശകാരിച്ചു.
‘‘ഛേ! നിസ്കാരപ്പായ വേണ്ടെന്നാരെങ്കിലും പറയുമോ?’’ ബുവ ഉറച്ചുനിന്ന് പറഞ്ഞു. ‘‘നിങ്ങളുടെ അമ്മായിയമ്മ തന്ന നിസ്കാരപ്പായ ഇപ്പോഴുമുണ്ട്. അതിലാണ് ഞാൻ നിസ്കരിക്കുക പതിവ്. അവർ ഹജ്ജ് യാത്രയിൽ വാങ്ങിക്കൊണ്ടുവന്ന് തന്നത്. ഇതുപോലെ ഭംഗിയുള്ള ഒരു നിസ്കാരപ്പായ ഞാൻ വീട്ടിൽ എവിടെവെക്കും? ഇനി എനിക്ക് എത്ര നാളുണ്ട് നിസ്കാരങ്ങൾ നടത്താൻ! എനിക്ക് പോവാൻ നേരമായെന്ന് എല്ലാരും പറയുന്നുമുണ്ട്. എനിക്ക് വേണ്ടത് കഫൻ മാത്രമാണ്.’’ ബുവ ഇങ്ങനെ നേർക്കുനേർ നിൽക്കുന്നത് ഷസിയ ആദ്യമായി കാണുകയാണ്. കൂനിക്കൂടിനിന്ന് ഷസിയയെ സ്തുതിക്കുകയും വിരലുകൾ ഞൊടിച്ച് ഷസിയക്ക് കണ്ണു പറ്റാതിരിക്കാൻ പ്രാർഥിക്കുകയുമല്ലാതെ ഇങ്ങനെ നിവർന്നുനിന്ന് കാര്യങ്ങൾ പറയുന്നതാദ്യമാണ്. അല്ലാഹ് ദീർഘായുസ്സു തരട്ടെ! ഐശ്വര്യം തന്നരുളട്ടെ! നിങ്ങൾക്കെല്ലാർക്കും സുഖവും സന്തോഷവുമുണ്ടാകട്ടെ എന്നും മറ്റും അനുഗ്രഹങ്ങൾ വർഷിക്കുമ്പോഴുള്ള കുനിഞ്ഞുനിൽപ്പും വണക്കവും ഒന്നുമില്ലാതെ നേർക്കുനേർനിന്ന് തർക്കിക്കുന്ന ഈ യസീൻ ബുവ മറ്റൊരുവളാണെന്ന് ഷസിയക്ക് തോന്നി.
ഷസിയയുടെ കോപം ഇരച്ചുകയറി. അവർ അലറി. ‘‘എന്തു കഫൻ? ഏത് കഫൻ? ചത്തുവീണാൽ ആരെങ്കിലും ശവക്കച്ച ദേഹത്തിലിടും. അതിലൊന്നും ഇത്ര ക്ഷോഭിക്കാനില്ല. എത്ര പണമാണെന്റെ കൈയിൽ തന്നത്. അതിന്റെ പത്തിരട്ടി ഞാൻ നിന്റെ മുഖത്തേക്കെറിയും. നിൽക്കൂ, ഇനിയൊരിക്കലും എന്റെ മുന്നിൽ വന്നേക്കരുത്.’’ അവർ പോയി രണ്ട് അഞ്ഞൂറിന്റെ നോട്ടു കൊണ്ടുവന്നപ്പോൾ യസീൻ ബുവ അവിടെ ഉണ്ടായിരുന്നില്ല. അടുക്കളയിലും വീട്ടിന്റെ പിന്നാമ്പുറത്തുമൊക്കെ പോയി നോക്കി. എവിടെയുമില്ല. ‘‘ഇനിയൊരിക്കലും തന്റെ മുന്നിൽ കണ്ടുപോകരുതെന്ന’’ ആജ്ഞ യസീൻ ബുവ അനുസരിച്ചു. ഒരിക്കൽപോലും വന്നില്ല, പിന്നീട്. റമദാൻ, ബക്രീദ് മുതലായ ആഘോഷങ്ങളുടെ സന്ദർഭങ്ങളിൽ സകാത് കാത്തുനിന്നവരിൽ പിന്നീടൊരിക്കലും യസീൻ ബുവ ഉണ്ടായിരുന്നില്ല. എങ്കിലും ഷസിയക്ക് വീണ്ടുവിചാരത്തിന്റെ അലട്ടൊന്നുമുണ്ടായില്ല. ‘ഒഴിഞ്ഞുപോയല്ലോ’ എന്ന തോന്നലേ ഉണ്ടായുള്ളൂ.
ഡോ. എം. ലീലാവതി- ഫോട്ടോ: രതീഷ് ഭാസ്കർ
ആറേഴു കൊല്ലം കഴിഞ്ഞു. ഒരു പ്രഭാതത്തിൽ മകൻ ഫർമാൻ ആരോടോ ദേഷ്യത്തിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ഷസിയ ഉണർന്നത്. ഉമ്മക്ക് നല്ല സുഖമില്ലെന്നും ഉണർത്താൻ പറ്റില്ലെന്നും അയാൾ പറയുന്നു. ഷസിയ അങ്ങോട്ടെത്തി ആരാണ് നന്നേ വെളുപ്പിന് ശല്യപ്പെടുത്താനിറങ്ങിയിരിക്കുന്നതെന്നറിയാൻ. ‘‘യസീൻ ബുവയുടെ മകനാണെന്നും ഒരു കഫൻ ഇവിടെയുണ്ടെന്നും അമ്മ മരിച്ചുപോയതിനാൽ അത് ഇപ്പോൾ കിട്ടണമെന്നുമാണ് അയാളുടെ ആവശ്യം’’ എന്നും മകൻ പറഞ്ഞതുകേട്ട് അവൾ ഷോക്കേറ്റ പോലെയായി. ‘‘ആറേഴു കൊല്ലം കഴിഞ്ഞില്ലേ ഉമ്മ ഹജ്ജ് യാത്ര കഴിഞ്ഞു വന്നിട്ട്? ഇതുവരെ എന്താണ് കഫൻ കൊണ്ടുപോകാതിരുന്നത്? അതു കൊണ്ടുപോയി വീട്ടിലെവിടെയെങ്കിലും വെച്ചിട്ടുണ്ടാവും. വീട്ടിൽ ഒരിക്കൽകൂടി തിരഞ്ഞുനോക്ക്’’ എന്നും അയാളോട് പറയുന്നത് ഷസിയ കേട്ടിരുന്നു.
യസീൻ ബുവയുടെ മകനോട് മകൻ പ്രകടിപ്പിച്ച നീരസം ന്യായമാണെന്ന് തോന്നിക്കാനെന്നപോലെ നേരം പുലരുമ്പോൾ വന്ന് ശല്യപ്പെടുത്തുന്നത് ആരെയാണെന്നോ ഇത് ആരുടെ വീടാണെന്നോ ഓർക്കാത്തതിന് ബുവയുടെ മകനോട് തട്ടിക്കേറിയെങ്കിലും ബുവയുടെ കഥ കഴിഞ്ഞെന്ന് കേട്ടതോടെ അവരുടെ ഉള്ളിലൊരു വിള്ളലും തകർച്ചയുമുണ്ടായിക്കഴിഞ്ഞിരുന്നു. അവർ കുഴഞ്ഞ് നിൽക്കാനാവാതെ സോഫയിലിരുന്നു. ബുവ ജീവിച്ചിരിക്കുന്ന കാലത്തൊന്നും ഉണ്ടാകാതിരുന്ന കുറ്റബോധം ഇപ്പോൾ അകമെരിച്ചു കത്തിപ്പടരുന്നു. എങ്ങനെ ഈ തെറ്റിന്, ചെയ്ത പാപത്തിന് പരിഹാരം ഉണ്ടാക്കും? മക്കയിലെ സംസം പുണ്യജലത്തിൽ മുക്കിയ ഒരു കഫൻ കിട്ടുമോ! വിധിദിനത്തിൽ താൻ അല്ലാഹുവിനോട് എത്ര കിഴിഞ്ഞ് യാചിച്ചാലും തന്റെ പാപം പൊറുക്കപ്പെടില്ലെന്ന തോന്നലാണ് ഷസിയയെ തളർത്തിയത്. നട്ടെല്ലില്ലൂടെ ഒരു വിറ പടരുന്നെന്ന് തോന്നി.
ബുവയുടെ മകന് ആ കഫൻ ഷസിയയുടെ പക്കലുണ്ടെന്ന ഉറപ്പുള്ള പോലെയാണ് അത് കിട്ടാൻ അയാളെത്തിയിരിക്കുന്നത്. ബുവ അങ്ങനെ പറഞ്ഞിരിക്കും. മറ്റൊരു കഫൻ ഉപയോഗിക്കില്ലെന്ന് അയാൾ ശഠിച്ചാൽ അന്ന് ഖബറടക്കം നടക്കില്ല. ജമാഅത്ത് തന്റെ ഭർത്താവിനെയും മകനെയും മസ്ജിദിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്യും. അവർ കൈയും കൂപ്പി അവരുടെ മുന്നിൽ വിറച്ചു വിയർത്തു നിൽക്കുന്ന ദൃശ്യം ഉള്ളിൽ കണ്ട് ഷസിയ പേടിച്ചരണ്ടു. സ്വന്തം മകൻ തന്നെ വെറുതെ വിടില്ലെന്ന് തീർച്ച. അകത്തുപോയി നിർത്താതെ കരഞ്ഞു.
മരുമകൾ സബാക്ക് മനസ്സിലായി അമ്മായിയമ്മയുടെ മനം തകർത്ത എന്തോ സംഭവിച്ചിട്ടുണ്ടെന്ന്: ഭർത്താവ് സുഭാൻ ഷസിയയെ വിളിച്ച് താൻ പുറത്തുപോകുമ്പോൾ ഇടാനുള്ള വസ്ത്രമെവിടെ, തന്റെ പേനയെവിടെ എന്നെല്ലാം ചോദിക്കുന്നത് കേട്ടപ്പോൾ, ആരോ മരിച്ചെന്ന് കേട്ട് അമ്മാജിയും മകനും പോയിരിക്കുകയാണെന്ന് മരുമകൾ പറയുന്നത് കേട്ട് ഷസിയ ഭർത്താവിന്റെ കോപത്തിൽനിന്ന് തൽക്കാലം രക്ഷപ്പെട്ടതിലാശ്വസിച്ചു. മക്കയിൽനിന്ന് സംസം ജലം തളിച്ചുകൊണ്ടുവന്ന ഒരു കഫൻ കിട്ടുമോ എന്ന് ഹജ്ജിന് പോയ ബന്ധുക്കളെയും പരിചയക്കാരെയും വിളിച്ചു ചോദിച്ചു. ആരുടെ പക്കലുമില്ല. ‘‘ജീവിച്ചിരിക്കെ എന്തിനാണൊരു ശവക്കച്ച’’ എന്നുവരെ ചോദിച്ച് ചിരിച്ചു ചിലർ. മരുമകളുടെ അമ്മയോട് സൗഹൃദമൊന്നുമില്ലെങ്കിലും അവരെക്കൂടി വിളിച്ചുചോദിച്ചു.
അന്വേഷണങ്ങളെല്ലാം നിഷ്ഫലമായി. ഇവിടെനിന്നുതന്നെ ഒരു കഫൻ വാങ്ങി ഗൃഹത്തിൽ സൂക്ഷിച്ചിട്ടുള്ള പുണ്യജലം തളിച്ചു കൊടുത്തയക്കാമെങ്കിലും അത് മക്കയിൽനിന്നു കൊണ്ടുവന്നതാവില്ലല്ലോ. താൻ വാഗ്ദാനം ലംഘിച്ചതിന് ഒരിക്കലും ഒരു പരിഹാരവുമുണ്ടാവില്ലെന്നോർത്തുള്ള വ്യഥയും ഭയവും ഷസിയയെ തളർത്തി. ബുവയുടെ മകന്റെ കൂടെ പോയ മകൻ മൂന്നു മണിക്കു തിരിച്ചെത്തി. ഉമ്മ കരച്ചിലോടു കരച്ചിലായി കിടക്കയാണെന്ന് ഭാര്യ പറഞ്ഞതു കേട്ട് മുറിയിലേക്ക് ചെന്നു. ഉമ്മ വാഗ്ദാനം ലംഘിച്ചതിൽ അയാൾക്ക് രോഷമുണ്ടായിരുന്നു. ഒന്നുകിൽ മക്കയിൽനിന്ന് അതുകൊണ്ടുവരാമെന്ന് ഏൽക്കരുതായിരുന്നു. അല്ലെങ്കിൽ വാക്കു പാലിക്കണമായിരുന്നു. പോയ കൊല്ലം താനും ഭാര്യയും മക്കയിലേക്ക് പോകുമ്പോൾ പറഞ്ഞിരുന്നെങ്കിൽ തങ്ങൾ ഒരു കഫൻ വാങ്ങിക്കൊണ്ടുവരുമായിരുന്നല്ലോ എന്നും ഓർത്തു. ഉമ്മയുടെ കരഞ്ഞുവീർത്ത മുഖം കണ്ടപ്പോൾ മകൻ നീരസമൊന്നും കാട്ടാതെ ആശ്വസിപ്പിക്കയാണുണ്ടായത്. ‘‘ഉമ്മീ! കഴിഞ്ഞതോർത്ത് ഇങ്ങനെ കരയേണ്ടതില്ല.
മറവികൊണ്ടോ ഭാഗ്യക്കേടുകൊണ്ടോ ഒക്കെ ഇങ്ങനെ പലതും ഉണ്ടാകും. അതൊന്നും അത്ര കണക്കാക്കേണ്ടതില്ല. ഞാൻ അവിടെപ്പോയി വേണ്ടതെല്ലാം ചെയ്തിട്ടാണ് വരുന്നത്. കഫൻ മാത്രമല്ല, സംസ്കാരത്തിനുവേണ്ട എല്ലാ വസ്തുക്കളും വാങ്ങിക്കൊടുത്തു. ഖബറെടുപ്പിച്ചു. ദേഹം കുളിപ്പിക്കുന്നതിന് ഏർപ്പാടാക്കി. എല്ലാം വേണ്ടപോലെ ചെയ്തുകൊടുത്തു. ഭക്ഷണം കഴിച്ച് നമുക്കു പോകാം.’’ മകന്റെ നിർബന്ധംകൊണ്ട് വല്ലതും കഴിച്ചെന്നുവരുത്തി മകനോടൊപ്പം ഷസിയ ഇറങ്ങി. യസീൻ ബുവയുടെ ദേഹം കണ്ടതോടെ വീണ്ടും കരച്ചിൽ അണപൊട്ടിയൊഴുകി. അവിടെ വന്നവരെല്ലാം ഷസിയയുടെ കരഞ്ഞു വീർത്ത മുഖം കണ്ട് വിസ്മയിച്ചു; ‘‘ഒരു ധനിക ഗൃഹത്തിലെ മേലാളായ ഒരുവൾക്ക് ഒരു പഴയ വേലക്കാരിയോട് ഇത്രയേറെ ഉള്ളിൽത്തട്ടിയ സ്നേഹവായ്പുണ്ടാകുമോ? അള്ളാവിനറിയാം.’’ സത്യമറിയാവുന്നത് ഷസിയക്ക് മാത്രമാണല്ലോ. ‘‘തന്റെ തന്നെ ശവമടക്കാണ് നടക്കുന്നത്; ബുവയുടേതല്ല’’ എന്ന തോന്നലുണ്ടാക്കി ആ സത്യത്തിന്റെ ദീപ്തി; പശ്ചാത്താപം പ്രായശ്ചിത്തമാവുമെന്നല്ല, അതു പ്രായശ്ചിത്തമാവില്ല എന്ന സത്യബോധത്തിന്റെ ദീപ്തിയാണ് കഥ പ്രസരിപ്പിക്കുന്നത് –ഇസ്ലാമിൽ സത്യത്തിനും വാഗ്ദാന പാലനത്തിനും ഉള്ള ദൈവിക കാന്തിയുടെ രശ്മികൾക്കുള്ള ദീപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.