ബാധ

ഒാരോ വീടും

വൃദ്ധസദനങ്ങൾ

സങ്കടങ്ങളുടെ

വാതിലുകളിൽ

സ്വപ്നങ്ങൾ കരിഞ്ഞ്

മനുഷ്യർ മനസ്സിന്റെ

ആഴക്കടലിൽ മുങ്ങുന്നു

ഹൃദയങ്ങൾ

നുറുങ്ങി നുറുങ്ങി

കല്ലുകളായി ഭൂമിയിൽ

പരാതികളായി അലയുന്നു

മുലപ്പാലൂട്ടിയ മകന്റെ

മണം മാറിയിട്ടില്ല

രാത്രിയോടൊപ്പം

ഒന്നും പറയാതെ മറഞ്ഞ്

അവന്റെ അച്ഛൻ

മൗനത്തിൽ ഉരുകി

ജഡ തുല്യനായ്

ഇരുട്ടിന്റെ ഇടവഴികളിൽ

അടുത്ത വീട്ടിലെ കാദർക്ക

പായ്യാരം പറയണ്

പണ്ടുപറഞ്ഞ കിസ്സയിൽ

കണ്ണീരു കുതിരും

കാര്യങ്ങൾ ചൊല്ലണ്

മരുഭൂമിന്റെ ചൂടിലെ

ഓർമയിൽ

ഹൃദയം വെന്തുരുകി

ബീവി മരിച്ചതിൽ

പിന്നെ വീടും

കബറും ഖൽബില്

നൃത്തം വെക്കണ്

അന്തോണി മാപ്ല

കുടിയോടുകുടി

ദേഷ്യം വരുമ്പോൾ

മകൾ അപ്പന്റെ

അടക്കലിന് വേണ്ടി

കൊടുത്തയച്ച ഊക്കൻ

ശവപ്പെട്ടിക്കിട്ട് കാലുകൾ

കൊണ്ട് തൊഴിക്കുന്നു

കള്ളിന്റെ മത്ത് ഇറങ്ങിയ

നേരം വാവിട്ട കരച്ചിൽ

ഭൂത പിശാചുക്കളുടെ

കരച്ചിലുകളാവും

ചില നേരങ്ങളിൽ

അയലത്തെ വീട്ടിലെ

പാറുക്കുട്ടിയമ്മക്ക്

വ്യസനം തീര്ണില്ല

അലമുറയിട്ട കരച്ചിൽ

തേങ്ങലായി

കൂട്ടുകുടുംബത്തിൽ

ചെന്നെത്തും

മൂന്ന് മക്കളും

അണുകുടുംബത്തിൽ ചെന്ന്

അന്യരായില്ലേ എന്ന്

പരിതപിക്കണ് കേൾക്കാൻ

വയ്യാതെയായി

നാട്ടുകാർക്ക്

മ്മടെ ജോസഫ് മച്ചാൻ

പുതിയ തീസീസുകൾ

എഴുതുന്നുണ്ട്

കൂട്ടു കുടുംബത്തിൽനിന്ന്

അണുകുടുംബത്തിലേക്ക്

എത്തിയവർ

എന്തുനേടി എന്ന്

ഓടി തിരയുന്നു

പക്ഷേ

ഓരോ ദിവസവും

ഒഴിയാബാധയിൽ

ഉണരുന്ന നമ്മൾ

ഓരോ വൃദ്ധസദനങ്ങളിൽ

അന്തമില്ലാത്ത

ഉത്തരങ്ങൾ തേടുന്നു

സങ്കടങ്ങളുടെ

സന്ദർശകരായ്.

Tags:    
News Summary - malayalam pom - baadha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.