വിശപ്പിനെക്കുറിച്ച് നാലു കവിതകള്‍

1. അമൃതേത്ത്

അന്നം വിലക്കിയതിനാൽ

എല്ലുകളുന്തിയ കുഞ്ഞുങ്ങള്‍

ആര്‍ത്തിനോട്ടം നോക്കുന്നു

എന്റെ പ്രാതല്‍മേശയിലേക്ക്.

കൊതികിട്ടാതിരിക്കാൻ

അവറ്റകളുടെ കൈക്കുമ്പിളിൽ

കൃത്രിമമേധയാൽ

കുബ്ബൂസ് ചിത്രങ്ങള്‍ നിറച്ച്

ഞാനെന്റെ നെയ്ദോശ വിഴുങ്ങുന്നു

ബോംബുകളേക്കാള്‍

പശി പൊട്ടിത്തെറിക്കുന്ന

കുഴിവയറുകളുമായി

പ്രാക്കുനോട്ടം നോക്കുന്നു

ഒരായിരം കുഞ്ഞിക്കണ്ണുകള്‍

എന്റെ ഉച്ചസദ്യയിൽ.

ജമിനിയാല്‍

കുഞ്ഞൻവയറുകള്‍ നിറഞ്ഞതായി

പാത്രസൃഷ്ടി നടത്തി

അടപ്രഥമൻ വടിച്ച് നക്കുന്നു

എന്റെ വലംകൈ

അത്താഴത്തിന്

പതിനെണ്ണായിരം പൈതങ്ങളുടെ

ഉമിനീരുവറ്റിയ നാവുകള്‍

എന്റെ കുഴിമന്തിപ്പാത്രത്തിൽ

നീണ്ടുകിടക്കുന്നു.

രാത്രി ഉപവസിക്കുന്നതാണ് നല്ലതെന്ന്

ഞാൻ ആരോഗ്യമന്ത്രം ജപിക്കുന്നു

ഇരുട്ടിന്റെ മേല്‍ക്കൂരയിലൂടെ

വിശക്കുന്നവരെ കൊല്ലാനുള്ള

കൊള്ളിയാനുകള്‍

മന്ത്രോച്ചാരണംപോലെ പായുന്നു

ഉറക്കം കിട്ടാൻ

ഞാൻ പ്രാണായാമ തുടങ്ങുന്നു

മനസ്സ് അസ്തമിക്കുന്നു

ലോകവും.

ഒരു തുള്ളിയും ഇറങ്ങാതെ

ഈ രാത്രിയും കരയുന്നു

നമ്മുടെയെല്ലാം കവിതയുടെ

പഴയ അതേ

വേഴാമ്പല്‍.

2. ഏമ്പക്കം

എന്റെ ഓരോ ഏമ്പക്കത്തിലും

മൂന്നു ദിവസമായി

ഒന്നും കഴിക്കാൻ കിട്ടാത്ത

ഒരു കുഞ്ഞിന്റെ വേവുമണം

ലോഹപ്പക്ഷികൾ കനിഞ്ഞെറിയുന്ന

നൂറ് ഭക്ഷണപ്പൊതികള്‍ക്കായി

യാചിച്ച് വീഴുന്ന

ആയിരം കുഞ്ഞുനാവുകളുടെ

നിലവിളിച്ചൂര്

ഇളംപോത്തിന്റെ

മൃദുലമാംസത്തിന്റെ

കറുകപ്പട്ടയിട്ട വ്യാജത്തിൽനിന്ന്

ഇപ്പോഴിതാ

ഒരായിരം ഏമ്പക്കം

നമ്മുടെ തൊണ്ടകളുടെ

തുറവിയില്‍

തെളിഞ്ഞുകാണുന്നുണ്ടോ,

മുപ്പത്തിമുക്കോടി ലോകങ്ങളിലെയല്ല,

ദാ, അവിടത്തെ,

കണ്ടില്ലെന്ന് നടിക്കുന്ന

ദാ അവിടത്തെ

അഭയനിൽപ്.

3. തൂശനില

തൂശനിലകൊണ്ട്

മൃഷ്ടാന്ന സദ്യ വിളമ്പാൻ മാത്രമല്ല

വിശന്ന് മരിച്ചവരെ

വെള്ള പുതപ്പിച്ച്

കിടത്താനും കഴിയുമല്ലേ

വിളമ്പിന്റെ തച്ചുശാസ്ത്രമൊന്നും

പശിച്ചു ചത്തോരെ

കിടത്തുമ്പോള്‍ വേണ്ടതില്ല.

ആദ്യം ഉപ്പേരി, ശര്‍ക്കര, നെയ്യ്, എന്നിങ്ങനെ

കൂടുതലും കുട്ടികളായതിനാല്‍

കുഞ്ഞിക്കാല് വടക്കോട്ട്

കുഞ്ഞിത്തല തെക്കോട്ട്

കുസൃതിക്കൈകള്‍ ഇടംവലം

നനയാ വായ തുറന്നപടി

എന്നിങ്ങനെ മതിയാകും

തൂശനിലകൊണ്ടുള്ള ഉപകാരങ്ങള്‍

മഴയത്തും വെയിലത്തും

ചൂടി നടക്കാം എന്ന് മാത്രമല്ല

എതിരേ വരുന്ന

അഭയാർഥികളെ

കണ്ടില്ലെന്ന

മുഖമറയാക്കാം

എന്നതുമല്ലോ.

ഉണ്ണാനിരിക്കുമ്പോള്‍

ഊണ് കിട്ടാത്തവരെയോര്‍ത്ത്

തൊണ്ട കുടുങ്ങുന്നതും

ജീവൻ ഉണ്ട് എന്നതിന്റെ

തെളിവാകാം.

4. അശനക്കൂത്ത്

പാതിയുറക്കത്തിനും

പാതിയുണര്‍വിനും ഇടയിലെ

എന്റെ ഭ്രമണക്കിടക്കയില്‍

അതിര്‍ത്തിയില്ലാത്ത

രാത്തുറസ്സില്‍

ഉടുത്തുകെട്ടുകളെല്ലാമഴിച്ച്

ഉടലാസകലം

ചുടുഭസ്മം പൂശി

പൂണൂലുകളോ

കീണൂലുകളോ ഇല്ലാത്ത

ഒരു ചാക്യാര്‍

കട്ടിക്കരിയെഴുതിയ

കണ്ണുകളുമായി വന്ന്

എഴുന്നുനിന്ന്

സിംഹാവലോകനം നടത്തി.

എന്നിട്ട്

ഉണ്ടു രസിക്കുന്നതിന്റെ

അശനച്ചാക്യാര്‍കൂത്തിനെ

ഇങ്ങനെ തിരുത്തി

വരിക, വരിക,

പതിനെണ്ണായിരം കുട്ടികളേ

അണിയണിയായിരിക്കുക

മരിച്ച വേഷത്തിലിരിക്കുക

ചുടുകണ്ണീര്‍ച്ചോര വീഴ്ത്തുക

അതു പാത്രങ്ങളില്‍ നിറയ്ക്കുക

ഇതു ലോകത്തിന്റെയാര്‍ത്തിക്കായ്

പുതുവീഞ്ഞായി ചൊരിയുക

അടര്‍ന്നുവീഴുന്ന മാംസങ്ങള്‍

മണ്ണില്‍വീഴാതെ പാത്രത്തില്‍

ഇനംചേര്‍ത്തങ്ങു നൽകുക

അതു പച്ചയ്ക്കു പലവിധം

ഉണ്ണുംമാർഗങ്ങളെന്തെന്ന്

വംശഹത്യാ സദസ്സിലെല്ലാം

രുചി ചേര്‍ത്ത് കഥിച്ചീടാം.

കുഞ്ഞിറച്ചിക്ക് കൊതിച്ചീടും

മഹാമാനവരെല്ലാരും

വട്ടം കൂടിയിരിപ്പുണ്ടോ

തിരുവോണം പെരുന്നാളും

ബാക്കിയാക്കിയ ഭക്ഷണം

ഉറകൂടുന്ന ഫ്രീസറിൽനി-

ന്നിനിയും ഇലയിൽ നിരത്തുക

തൂശനിലയിൽ നാം തീര്‍ത്ത

വിഭവങ്ങളുടെ ഭൂപടം

അതിൽ ഏതു കുഞ്ഞിന്റെ

ജഡം ചത്തുമലയ്ക്കുന്നു

അതും വിഭവമെന്നോര്‍ത്തു

രുചി നോക്കുമോ നാമെല്ലാം.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.