പെട്ടെന്ന് പഴകിയ
ഒരു പുസ്തകത്താളാണ്
കാലം.
യൂനിഫോം മാറിയ
ഒരു കുട്ടിയുടെ
തിടുക്കത്തിൽ
പൊട്ടിപ്പൊളിഞ്ഞ വഴികളെ
പിന്നിടുന്നു,
പ്രധാന പാത എന്നൊന്നില്ല
ഓരോ നിമിഷവും
നാളെകളെ മെനയുന്നു
ഉറവകൾ ഉള്ളിൽ കരുതിയ ആരോ
കല്ലിൽ കൊത്തുന്നെന്ന
ഒരു തോന്നൽ.
ചുളിവുകൾക്കിടയിൽ
ഓർമകളെ
ഒളിപ്പിക്കുമ്പോൾ ഇലകൾ
മഞ്ഞ മാറി പതിയെ
കരിയിലപ്പാകമാകുമെന്നതും സത്യം.
ശിൽപമായവ വേർപെട്ട്
നിറങ്ങൾ
തിരയുന്നുണ്ട്
പുതിയതൊന്ന് കോറിയിടാൻ
ഒരുങ്ങുമ്പോൾ
ചുവന്ന മണം
ചോരച്ചുന
വേദന,
തളർച്ച.
ശൂന്യത.
ആഴത്തിൽ പതിഞ്ഞ
ശിൽപത്തിന്റെ മറുപുറം
വെടിക്കോപ്പുകൾ,
കാലില്ലാത്ത പാവക്കുഞ്ഞ്,
മെല്ലെ
മുറിഞ്ഞുപോകുന്നു
സ്വപ്നം
ഇത്
അൽപ പ്രാണനും
ശ്വാസവുംകൊണ്ട്
ഉടലുകൾ
ഭൂപടമായ
ഒരേയൊരു ഗസ്സ.
കൂടാരത്തിനു മീതെ
ഒരു മുല്ലവള്ളി പടർന്നു
പൂമൊട്ടുകൾ
തളർന്നുകിടന്നൂ.
ഓർമകൾ
തേകുന്നു ചിലർ,
ദുആ ചെയ്യുന്നു.
തേങ്ങലുകളിൽ
മുങ്ങിപ്പോയ വീടെന്നു വിളിക്കുന്ന
കൂടാരത്തിൽനിന്നും
കളിക്കോപ്പുകളിൽ
നിന്നും
നോട്ടം വിട്ട്
മുല്ലവള്ളി
തിരികെ വാനിലേക്ക്
താരങ്ങളാകാനുയർന്നു
ഒരു കാറ്റിനൊപ്പം
പാൽമണം മാറാത്ത
ഖബറിടം കടന്നുപോകെ
ശവക്കച്ച പൊതിഞ്ഞപോലെ
മേലെ വെള്ളിമേഘങ്ങൾ
താഴെ
ഭൂമി മുഴുക്കെ
ജഡമുല്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.