ചങ്ങാതിമാരാണ്,
നായയും ബുൾഡോസറും.
നായ എന്റെയും
ബുൾഡോസർ അയൽവാസിയുടെയും
വളർത്തുമൃഗങ്ങളാണ്.
പന്ത്രണ്ടു ജന്മദിനവാർഷികങ്ങളുടെ
ചുളിവുകൾ നിവർന്നുകഴിയുമ്പോൾ
ഓരോ നായയും സ്വന്തം ചാവ്
സ്വപ്‍നം കണ്ടുതുടങ്ങുന്നു.
എന്റെ നായക്ക് പകലും രാത്രിയും
ഉറങ്ങാൻ കഴിയാതെ ആയിരിക്കുന്നു.
എന്തു സ്വപ്നം കണ്ടാവും
അത് ഞെട്ടി ഉണരുന്നത്?
ചിന്തിച്ചു ചിന്തിച്ച് എനിക്കും
ഉറക്കം നഷ്ടപ്പെടുന്നു...
കവിതകൾ എഴുതപ്പെട്ടിരിക്കുന്നു
ഒരു ചങ്ങാതി ഓർമിപ്പിക്കുകയുണ്ടായി.
ഏത് ആജ്ഞയുടെ പാലനത്തിനായാണ്
ഇത്ര തിടുക്കത്തിൽ കടന്നു പോവുന്നതെന്ന്
നായ ബുൾഡോസറിനോട് ചോദിച്ചിട്ടുണ്ടാവില്ല
ബുൾഡോസർ സ്വയം അങ്ങനെ
ചോദിക്കാനും സാധ്യതയില്ല
മനുഷ്യർ മാത്രമാണ്
ചോദ്യങ്ങൾ ചോദിക്കുകയും
സ്വയം ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത്.
ഞാൻ ആ ചോദ്യം സ്വയം ചോദിച്ചു.
ഉത്തരം ഏറെ ലളിതമാണ്
ചില മനുഷ്യര്‍ എല്ലാ കാലത്തും
ഓരോ സാങ്കൽപിക കഥകളിൽ ജീവിക്കുന്നു.
ഓരോ സാങ്കല്‍പിക കഥയിലും
ഒരു സാങ്കൽപിക ശത്രുവിനെ
സൃഷ്ടിക്കേണ്ടതുണ്ട്.
സാങ്കല്‍പിക കഥകളിലെ
ശത്രുക്കളെപ്പോലെയല്ല,
യഥാർഥജീവിതത്തില്‍
സൃഷ്ടിക്കപ്പെടുന്ന ശത്രുക്കളുടെ ജീവിതം.
യഥാർഥ ശത്രുക്കൾ
നേർക്കുനേർ യുദ്ധം ചെയ്യാറില്ല.
പ്രബലനായ ശത്രുവിനായി
ദുർബലനായ സാങ്കൽപിക ശത്രുവിന്റെ
അടയാളങ്ങൾ തുടച്ചുകളയാൻ
നിശ്ചയിക്കപ്പെട്ടവയാണ്
ബുൾഡോസറിന്റെ പ്രഭാതങ്ങൾ.
അമ്പത് വർഷം മുമ്പുള്ള
ഒരു പ്രഭാതത്തിൽ ഒരു ബുള്‍ഡോസര്‍
തുർക്ക്മാൻ കവാടത്തിലേക്ക് പോയത്
ഒരു സാങ്കല്‍പിക കഥയല്ല.
അതേ ബുൾഡോസർ
ആയുസ്സിന്റെ എല്ലാ കടമ്പകളെയും
അതിജീവിച്ച് ഈ പ്രഭാതത്തിൽ
തന്റെ യൗവനത്തിന്റെ അതേ
ഊർജസ്വലതയോടെ
മറ്റൊരു കവാടത്തിലേക്ക് പോവുന്നു
കഴിഞ്ഞ അമ്പത് വർഷങ്ങളിൽ
എന്റെ വീട്ടിൽ
നാല് നായ്ക്കൾ പൂർണവളർച്ചയെത്തി
മരിച്ചുപോയിരിക്കുന്നു.
നാലു നായ്ക്കളും ബുൾഡോസറിന്റെ
ചങ്ങാതിമാരായിരുന്നു.
നായകളുടെ ഒച്ചയെ കുരകളായി
മനുഷ്യർ കരുതുന്നു.
അവയുടെ കുരകളിൽ
സ്നേഹത്തിന്റെ കഥകൾ എഴുതിച്ചേർക്കുന്നു...
അവയുടെ ഓരികളിൽ
കടപ്പാടിന്റെ എഴുതപ്പെടാത്ത
രേഖകള്‍ ചേർക്കുന്നു.
ചരിത്രത്തിൽ ഒരു സ്ഥാനവും
ഇല്ലാത്ത ഭൂരിപക്ഷം നായകളും
സാധാരണക്കാരായ തങ്ങളുടെ
യജമാനന്മാരെ പോലെയാണ്.
അവർ പൂർണവളർച്ചയെത്തിയും
അൽപായുസ്സുകളായും മരിച്ചുപോവുന്നു.
ബുൾഡോസറുകൾ ആയുസ്സിന്റെ
എല്ലാ കടമ്പകളേയും മറികടക്കുന്നു.
അവ അധികാരത്തുടർച്ചയെന്ന
ഭരണാധികാരിയുടെ ആർത്തിയുടെ
പ്രത്യക്ഷരൂപമാണ്.
ആർത്തി ഒരിക്കലും മരിക്കുന്നില്ല.
ചില ബുൾഡോസറുകൾ നായകളുമായി
കൂട്ടുകൂടുന്നു.
വിനീത വിധേയനായ ഒരാള്‍,
കഥകൾ കേട്ട് തങ്ങളുടെ കാൽക്കീഴിൽ കിടന്നു
വാലാട്ടുന്നത് ആരെയാണ് മോഹിപ്പിക്കാത്തത്?
കോടിക്കണക്കിനു മനുഷ്യർ
നിശ്ശബ്ദരായി കാൽക്കീഴിലുള്ള ഒരു രാജ്യം
ഏതൊരു ഭരണാധികാരിയെയും മോഹിപ്പിക്കുന്നു.
മോഹം അവരെ നല്ല
കഥപറച്ചിലുകാരാക്കുന്നു.
മോഹം ഒരു ഭരണാധികാരിയെ
ബുള്‍ഡോസറായി പരിണമിപ്പിച്ചാലും
തെറ്റ് പറയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.