എഫ്.ഐ.ആർ

കുറ്റവാളിയാണ് കൊടും കുറ്റവാളി കാലങ്ങളായി ഒളിവിലാണ് മംഗലം കൈയാതെ പെറേണ്ടി വന്ന കുഞ്ഞനെ എനക്ക് കളയണ്ടിവന്നത് ഓര് കാരണാന്ന് മനക്കലെ അമ്മിണി. എന്തൂട്ടിനാണ് പൈസയെന്നു പറഞ്ഞോണ്ടിരുന്ന എല്ലാരും തോപ്പാന്നു വിളിക്കുന്ന തോമ ഒരാവശ്യം വന്നപ്പോ സ്വന്തം അപ്പനെക്കൊന്നിട്ടിപ്പോൾ ഉരുക്കത്തിൽ മെഴുകുതിരിയോട് മത്സരിക്കുന്നതിനു കാരണം ആ തെമ്മാടിയാണെന്ന് തോമ. പൂമ്പാറ്റയെ പിടിക്കാൻ പോയ കുഞ്ഞോളുടെ ചിരികളിൽ, കണ്ണിൽ, കാതിൽ, കാൽ നടുവിൽ നിറയെ ഉറുമ്പരിപ്പിച്ച കാലനും ആരോ പറയുന്ന കേട്ട് പറയുന്നു അവനാണ് കാരണമെന്ന് (ഈ കാലനെയും ആ തോമയേയുമൊക്കെ അങ്ങനങ്ങ് മോചിതരാക്കണോ) 1യജ്മാനരെ...

കുറ്റവാളിയാണ്

കൊടും കുറ്റവാളി

കാലങ്ങളായി

ഒളിവിലാണ്

മംഗലം കൈയാതെ പെറേണ്ടി വന്ന കുഞ്ഞനെ

എനക്ക് കളയണ്ടിവന്നത് ഓര് കാരണാന്ന്

മനക്കലെ അമ്മിണി.

എന്തൂട്ടിനാണ് പൈസയെന്നു പറഞ്ഞോണ്ടിരുന്ന

എല്ലാരും തോപ്പാന്നു വിളിക്കുന്ന തോമ

ഒരാവശ്യം വന്നപ്പോ

സ്വന്തം അപ്പനെക്കൊന്നിട്ടിപ്പോൾ

ഉരുക്കത്തിൽ മെഴുകുതിരിയോട് മത്സരിക്കുന്നതിനു

കാരണം

ആ തെമ്മാടിയാണെന്ന് തോമ.

പൂമ്പാറ്റയെ പിടിക്കാൻ

പോയ കുഞ്ഞോളുടെ

ചിരികളിൽ,

കണ്ണിൽ,

കാതിൽ,

കാൽ നടുവിൽ

നിറയെ ഉറുമ്പരിപ്പിച്ച കാലനും ആരോ പറയുന്ന

കേട്ട് പറയുന്നു

അവനാണ് കാരണമെന്ന്

(ഈ കാലനെയും ആ തോമയേയുമൊക്കെ അങ്ങനങ്ങ് മോചിതരാക്കണോ)

1യജ്മാനരെ വിളിച്ചുണർത്താതെ

അവന്

2അക്കി റോട്ടിയും

3മുദ്ദയും 4അന്ന സാമ്പാറും

ഉണ്ടാക്കി പിറ്റേന്നത്തേക്കുള്ള വക തേടി പുലർച്ചെ

അഞ്ചിന്

സിറ്റി മാർക്കറ്റിലെത്തുന്ന

വൈകീട്ട് മുതുകിന്

കള്ളിൻകൊട്ട് മേടിക്കുന്ന

പൂക്കാരി കണ്ണമ്മക്ക് അവനെ അറിയില്ല

അവരറിയുന്ന പലർക്കും.

5''നീയേ എൻ കാതൽ സൊർഗ്ഗം''

എന്നോരോ നിമിഷവും ഉരുവിട്ട പയ്യന്റെ

ഓർമകൾക്ക്,

അവന്റെ ചതിക്കുഴിക്ക്

ഇവന്റെ വട്ടമുഖമാണെന്നവൾ.

നാലാളു കൂടിയാൽ

അയാൾ ആ രണ്ടു ദൈവങ്ങളെ അത്രമേൽ

കൂട്ടിയിണക്കുമായിരുന്നു

ഏക മകൾ,

ചോര കണ്ടാൽ തല കറങ്ങുന്നവൾ

അവൾ

നിലാവ് കാണാൻ തുടങ്ങിയതിൽപ്പിന്നെയാണ്

അയാൾക്ക്

ആ ദൈവങ്ങൾ ശത്രുക്കളായത്

ആരും കൂടാത്ത പാറപ്പുറത്ത് െവച്ചാണ്

അവളെ,

അവളുടെ നിലാവിനെ

അയാൾ വെട്ടിയിട്ടത്.

പാറിപ്പറക്കുന്ന ആ

ചതുരത്തുണികൾ

നോക്കി

അതിലെ നിറങ്ങൾ

നോക്കി

അനാഥരായ

പെണ്ണുങ്ങൾ

ചോദിക്കുന്നു

എവിടെ?

നിങ്ങൾ പറയുന്ന

ആ ഒരൊറ്റ നിറം.

ഇനിയും പറയാത്ത കഥകളുടെ

ആരും

കാണാത്ത അരികുകളിൽ

അദൃശ്യനായി

അവസരവാദിയായി അയാൾ

കൂർക്കം വലിച്ചുറങ്ങുകയാണ്

അല്ല

ഉറക്കം നടിക്കുകയാണ്.

കുറ്റവാളിയാണ്

കൊടും കുറ്റവാളി

ജീവനോടെയോ

അല്ലാതെയോ പിടികൂടുന്നവർക്ക്

പാരിതോഷികം

തുറന്നു ചിരിക്കുന്ന

ഒരു ഭൂമി.

l

1 യജ്മാനരെ -ഭർത്താവിനെ

2 അക്കി റോട്ടി - അരിപ്പത്തിരി

3 റാഗി മുദ്ദെ -കർണാടകയിലും തെലങ്കാനയിലും മറ്റും റാഗിപ്പൊടികൊണ്ടുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണം

4 അന്ന സാമ്പാർ -ചോറും സാമ്പാറും

5 നീയേ എൻ കാതൽ സൊർഗ്ഗം - നീയാണെന്റെ പ്രണയസ്വർഗം

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.