ചങ്ങാടത്തിൽ നദി കടക്കുമ്പോഴാണ്
കവിത തോന്നുക
ഒഴുക്ക്, കാറ്റ്, ദൂരെ മറുകര,
തുഴവീഴുന്ന ശബ്ദം
നേർത്ത ഉലച്ചിൽ
നദിയിലല്ല, ഭാഷയിലാണ് ഒഴുകുന്നത്
ഏതു ഭാഷയിൽ?
ഒന്നുകിൽ പേർഷ്യൻ
അല്ലെങ്കിൽ ഛഗ്തായ് തുർക്കി
അതുമല്ലെങ്കിൽ അറബി
ഏതു ഭാഷയിലൊഴുകണമെന്നു
തോന്നിക്കുന്നത്
നദിയാണ്
പടയോട്ടങ്ങളുടെ ഭാഷ വേണ്ട
എന്നു തോന്നിക്കുന്നതും നദി.
പടയോട്ടങ്ങളുടെ ഭാഷയിലല്ല
അതൊഴുകുന്നത്
നദി ഭാഷയാകുന്നു
നദി നാവാകുന്നു
ചങ്ങാടം ഒരു വാക്കുമാകുന്നു
ഏതോ പുരാതന കാവ്യത്തിലെ ഒരു വാക്ക്
ആ വാക്കിൽ അവർ നദി കടക്കുന്നു
നാവ് വാക്കുകൊണ്ടു കളിക്കുന്നു
നദി ചങ്ങാടംകൊണ്ടും.
ബാബർ
സ്വന്തം പേന പൊട്ടിച്ചെറിഞ്ഞ്
നിരായുധനായ ശേഷം
അടുത്തിരിക്കുന്ന മുല്ല അലി ജാനോട്
ആ പുരാതന വാക്കുവെച്ച്
ഒരു കവിത കെട്ടാൻ നിർദേശിക്കുന്നു
എളുപ്പം പനി പിടിക്കുന്ന
തത്തകളുള്ള നാടാണ് ഫർഗാന
കിളികൾ തൂവൽ കുടയുമ്പോൾ
വെളുത്ത മഞ്ഞു ചിതറുന്നു.
വിളഞ്ഞ ആപ്രിക്കോട്ട് മാതളപ്പഴങ്ങൾക്കുമേൽ
പറ്റിയ പൊടിമഞ്ഞുതിരുന്നു
ചിന്തിയ ചോര വീണത്
മഞ്ഞുവെളുപ്പിൽ
മഞ്ഞുതൊപ്പിയിട്ട മലകളും
മഞ്ഞുകാറ്റും താണ്ടിയായിരുന്നു
ഹിന്ദുസ്ഥാനിലേക്കുള്ള യാത്ര
ഒരിക്കൽ കാബൂളിൽവെച്ച്
പനിപിടിച്ച തത്തയായി
പുതച്ചു മൂടിക്കിടന്നപ്പോൾ അറിഞ്ഞു,
മഞ്ഞുകട്ടയ്ക്ക് ചൂടാണ്
വഴിയിലുടനീളം
തുപ്പിയ കഫത്തിൽ
ചോരത്തുടുപ്പിന്റെ ചൂട്
അമ്പേറ്റ്
കുതിരപ്പുറത്തുനിന്ന്
അവസാനമായി വീഴുന്ന
പടയാളിക്ക്
ഉറഞ്ഞ മഞ്ഞുകണ്ണുകൾ
സമർഖണ്ഡിലായാലും
പാനിപ്പത്തിലായാലും
ഇങ്ങുവന്ന ശേഷം
ഒരു മഞ്ഞുകട്ട കണ്ടില്ലെങ്കിലും
ഹിമാലയത്തെപ്പറ്റി ഏറെക്കേട്ടു
ഹിമാലയത്തിൽനിന്നു വരുന്ന
പനിക്കാത്ത പക്ഷികളെ കണ്ടു
ഹിമവാന്റെ നദികളിൽ കുളിച്ചു
തണുത്തുറഞ്ഞ മഞ്ഞ്
അവസാനം കണ്ടതെന്നാണ്?
ആഗ്രയിൽ
പണിക്കാർ മുറിച്ചുകൊണ്ടിരുന്ന
വെണ്ണക്കൽ പാളികളിൽ
മെല്ലെ കയ്യോടിച്ച്
ബാബർ
പരതി
മുതുമുത്തച്ഛൻ തിമൂർ
സമർഖണ്ഡിൽ
പത്നി ഖാനുംബീബിയുടെ പേരിൽ പണിത
വലിയ വെണ്ണക്കൽപള്ളിയുടെ ഭിത്തിയിൽ
കുട്ടിക്കാലത്ത്
വിരലോടിച്ചു നിന്നപ്പോഴത്തെ തണുപ്പ്
ഉള്ളങ്കയ്യിൽ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.