ഉള്ളു നോവാതുറങ്ങാൻ കിടക്കണം
പള്ളുകേൾക്കാതെഴുന്നേറ്റിരിക്കണം
വെള്ളിയാഴ്ചപ്പുലർച്ചയ്ക്കുതന്നെയാ-
പ്പള്ളിവാതിലിൽച്ചെന്നുനിന്നീടണം
പണ്ടുപണ്ടേയ്ക്കുപേക്ഷിച്ച പ്രാണനെ-
ക്കണ്ടുപോരുവാൻ ന്യായംപെറുക്കണം
വിണ്ടുപോകാതകം മടങ്ങീടുവാൻ
കണ്ടമാത്രയിൽ പിന്തിരിഞ്ഞീടണം
അങ്ങകത്തുനിന്നെത്തുന്നൊരൊച്ചയെ
ഇങ്ങടുത്തേയ്ക്കുറയ്ക്കാതുറക്കണം
നെഞ്ചുപൊള്ളാതിരിക്കാൻ വിയർപ്പിനാ-
ലഞ്ചുവട്ടം നമസ്‌കരിച്ചീടണം
അറ്റുപോകാത്ത ഗർഭപാത്രത്തിലെ-
ന്നിറ്റുകണ്ണീരുണങ്ങിപ്പിടിച്ചപോൽ
തെറ്റി, തീയതിക്കാലം, കണക്കുകൾ
ചുറ്റി നീ വരിഞ്ഞെന്നിൽപ്പൊടിച്ചനാൾ
വീർത്തുവീർത്തെന്റെയുള്ളിൽപ്പുളഞ്ഞു നിൻ
നേർത്ത ചില്ലുകൈ, കാലുകൾ; സാനന്ദ-
മാലസം പൂണ്ടുറങ്ങേണ്ട മെത്തയിൽ
ആലവട്ടം കണക്കേയുലഞ്ഞുഞാൻ
ഒട്ടിയൊട്ടിപ്പിടിച്ചൊരെൻ ജീവനെ,
നാട്ടുനാവിന്റെ വാക്കത്തികൊണ്ടവർ
വെട്ടിമാറ്റി,പ്പൊതിഞ്ഞെടുത്തൂ-
ദൂര-ത്തൊട്ടിലിൽക്കൊണ്ടുപേക്ഷിച്ച രാത്രിയിൽ,
വേച്ചുവേച്ചുനടന്നയിരുട്ടിലും
കാൽച്ചുവടും പറിഞ്ഞുള്ള നീറ്റലിൽ
അന്തമില്ലാതൊഴുകുമുൾച്ചോരയ-
ന്നെന്തുചെയ്യുമെന്നോർത്തതേയില്ല ഞാൻ!
നിന്നിലെൻ ചൂരുമാറുന്നതിൻ മുമ്പ്,
എന്നിൽ നിന്റെ നോവാറുന്നതിൻ മുമ്പ്
നമ്മളിൽനിന്നു നമ്മൾ പിരിഞ്ഞുപോയ്
ഉമ്മതന്നതിൽ ശ്വാസം പിടച്ചുപോയ്
ഇല്ല നൽകിയിട്ടില്ലയിന്നേവരെ
മെല്ലെയൂറും മുലപ്പാൽ;
ചെറുങ്ങനേ കൊഞ്ചിയാട്ടിയുറക്കിയിട്ടില്ല, നിൻ
പിഞ്ചുകാൽ തൊട്ടിൽ തൂവിച്ചതേയില്ല.
നീ വളർന്നൂ, വിടർന്ന മുക്കുറ്റിപോൽ
രാവുതോറും നിലാവിൽ നിറഞ്ഞു-
പാൽ വേവുപെയ്യുന്ന നെഞ്ചുടുപ്പിൽ നമ്മൾ
നോവുതീണ്ടിത്തിരണ്ടു, രണ്ടെന്നപോൽ.
ദൂരെനിന്നേ മണംപിടിക്കുന്നവൾ,
ദൂരമെന്തെന്നറിഞ്ഞിട്ടുതന്നെയാ-
ണാരുമില്ലാത്തൊരോർമയ്ക്കിരിക്കുവാൻ
പേരുവേണ്ടാത്ത കൊമ്പൊന്നൊടിക്കണം.
ആദ്യമാദ്യം പെരുപ്പിച്ച വൻനുണ,
ചോദ്യമില്ലാതെ മാറ്റിപ്പറഞ്ഞതും
പ്രേതരാത്രിതൻ കാണാപ്പുറങ്ങളിൽ
പാതിവെന്തതിൻ ചാരം പറന്നതും,
ഏറ്റുചൊല്ലുവാനേറെയുണ്ടാകിലും
പാറ്റിദൂരെക്കളഞ്ഞു നിൻ കാഴ്ചയിൽ
മാറ്റമില്ലാതുറങ്ങുമുൾച്ചൂടിനെ-
യാറ്റിയാറ്റിത്തണുപ്പിച്ചു നിൻ മുഖം
നീലഫ്രോക്കിൽ നിറച്ചും ചിരിച്ചു
നീ കാലിളക്കിക്കളിച്ചുനിന്നിടവേ
മാലകൾ, കുഞ്ഞുകണ്മഷിക്കണ്ണുകൾ,
മേലുമൊത്തം കിലുങ്ങും ചിലമ്പുകൾ.
മിണ്ടുകില്ലേ? മടിച്ചുപെയ്യും മഴ-
ത്തുണ്ടുപോലെ നീ താനേ ചിണുങ്ങിയോ?
ചുണ്ടിലക്ഷരം ചൊല്ലാതിരിക്കലും
അമ്മയെന്നു വിളിക്കാതടങ്ങുമോ?
പക്ഷിയായുള്ള സങ്കൽപനങ്ങൾ തൻ
സാക്ഷ്യമാണീയിരുൾശിലാബന്ധനം
ആ ക്ഷതങ്ങളിൽ പൂന്തേൻപുരട്ടി നിൻ
ഭിക്ഷപോലെയീക്കൊഞ്ചലെൻ കണ്മണീ!
ചുണ്ടുമുത്തിക്കടഞ്ഞ പാൽപ്പുഞ്ചിരി-
കണ്ടുലഞ്ഞങ്ങു താഴേക്കിരുന്നുപോയ്
കാൽവിരൽത്തുമ്പുകൊണ്ടെൻശ്ശിരസ്സിൽനി-
ന്നൽപമെങ്കിലും പാപം തുടയ്ക്ക നീ!
നീ പിറക്കേ, തെറിച്ച ചെഞ്ചോരയിൽ
ഓർമ മൊത്തം കുളിച്ചുകേറുമ്പോഴും
കൃത്യമാരോ വരച്ചുവച്ചേക്കയാം
മൃത്യു തോൽപിച്ചൊരമ്മക്കരച്ചിലും
ഭൂതകാലം തെറുത്തുവച്ചീടുവാൻ
ഏതിരുട്ടിന്റെ ചായ്പു ഞാൻ തേടണം?
വറ്റുകില്ലാത്ത തീക്കടൽ നീന്തുവാൻ
കാറ്റുകപ്പലായെത്രനാൾ വേവണം?
ഉമ്മവച്ചുനിന്നോരോ ചുനുപ്പിലും
അമ്മയെന്നുള്ള മുദ്രവയ്ക്കില്ല, യെൻ
പൊക്കിളും കൊത്തി നീ പറന്നീടുക
കൊക്കിലെന്നോർമയെന്നും രുചിക്കുക!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.