നരവെയിൽ
എതിരെ ഇരിക്കുന്ന
ചേച്ചിയുടെ വയസ്സറിയാൻ
എന്തുവഴി?
ജൻശതാബ്ദിയിലാണ്
കൃത്യത പാലിച്ച്
ഓടിക്കൊണ്ടിരിക്കുന്നു
അൽപം മുമ്പ്
കൈകൾ വീശാതെ
അവർ നിറഞ്ഞ
കണ്ണുകളാൽ
യാത്ര പറഞ്ഞത്
മകളോടാവണം
ഇവരുടെ പേര്
സൗദയെന്നോ ഷരീഫ എന്നോ ആകാം
കൂടെയുള്ളത് ഭർത്താവ്
തന്നെയാവണം.
ദീർഘമായ മൗനനേരങ്ങളിൽ
ആ കണ്ണുകൾ പിന്നെയും
വറ്റിപ്പോയ നദികളെ പിന്തുടരുന്നതുപോലെ
പുറത്തേക്ക്
ഇടയ്ക്ക് ഫോണെടുക്കുന്നു
പെട്ടെന്നുതന്നെ ഒരപരാധിയെ പോലെ
തിരികെ ബാഗിൽ വെയ്ക്കുന്നു.
ഞാൻ പലപ്പോഴായി
ചിരിക്കാൻ നോക്കി
അവർ ഒരേ ഭാവത്തിലാണ്.
നെറ്റിയിലെ നിസ്കാരവരകളിൽ
വിരലുകൾ പരതുന്നു
നര തുടങ്ങിയെന്ന്
മൈലാഞ്ചി നിറമുള്ള
മറയാതെ കിടക്കുന്ന
മുടിച്ചുരുളുകൾ
അവരുടെ ശബ്ദം കേൾക്കാൻ
കാത് കൂർപ്പിച്ചതും വെറുതെയായി
വെയിൽ വീണ നേരം
എന്റെ ഒറ്റ വെള്ളിമുടിയിഴ
കാറ്റത്ത്
കണ്ണിലേക്ക് പാറിവീഴും മുമ്പേ
ഞാനവരോട് മൗനമായി യാത്ര പറയാനൊരുങ്ങി
എന്റെ കൈയിലെ
ഒരു തടിച്ച ഞരമ്പ്
അവരുടെ കൈയിലെ
അഞ്ച് തടിച്ച ഞരമ്പുകളോട്
മിണ്ടും വരെ
എനിക്കവരുടെ വയസ്സ്
അറിയില്ലായിരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.