ഒഫീലിയ

പൂക്കളെ സ്നേഹിക്കരുത്

അവർ ചതിക്കില്ല.

ചതിക്കുന്നവരെ

അവർക്കു സഹിക്കാനാകില്ല.

പൂക്കൾ യഥാർഥത്തിൽ

കരയുന്നുവോ ചിരിക്കുന്നുവോ?

ഓരോ പൂവിനും ഓരോ

നിറം, ഭാവം, അർഥം.

പൂക്കളുണ്ടെങ്കിൽ വരും

ഒരായിരം വണ്ടുകൾ.

മൂളിമൂളി ഭ്രാന്തമായി ചുറ്റിലും

അപ്പോഴൊ മനം കൈവിട്ടുപോയത്?

സർവതും സമർപ്പണം ചെയ്തവൻ*

പ്രണയമില്ലെന്നു കൈവിട്ട മാത്രയോ?

പ്രണയിതന്നെ ചതിച്ചെന്റെയച്ഛനെ

കുത്തിവീഴ്ത്തിയ ക്രൂരനിമിഷമോ?

ഞാൻ ഒഫീലിയ.

പൂക്കളേ, നിങ്ങൾ മാത്രമേ

സത്യം പറയുന്നുള്ളൂ.

എപ്പോഴാണെന്റെ പാവം മനസ്സിന്റെ

ബോധസീമ നേർത്തില്ലാതെയായത്?

പൂക്കളെപ്പറ്റി പാട്ടുകൾ പാടി ഞാൻ

പൂക്കൾ കോർത്തു കിരീടവും ചൂടി ഞാൻ

ലോല ലോകത്തെ രാജ്ഞിയായ് മാറി ഞാൻ.

ഏറെ മോഹിച്ച പൂവു പറിക്കുവാൻ

ആഞ്ഞനേരം അടിതെറ്റി വീണതോ

പൂക്കൾ മാത്രം നിറയുന്ന ലോകത്ത്

ചായുറങ്ങുവാൻ വെള്ളത്തിലൂർന്നതോ?

ആരുമറിയില്ല

ഒരിക്കലുമറിയില്ല

ചങ്കുപൊട്ടിക്കരയുന്ന ജ്യേഷ്ഠനും

വൈകി പ്രണയം പുലമ്പുന്ന രാജനും.

നിങ്ങളാരുമറിയില്ല കളകളം

പാടുമരുവിയിൽ പാതികിടന്നു ഞാൻ

പൂക്കളോടു പറഞ്ഞതും, അതുകേട്ടു

പൂക്കളെന്നോടു ചൊന്ന രഹസ്യവും.

*ഹാംലെറ്റ്

ഷേക്സ്പിയറുടെ ‘ഹാംലെറ്റ്’ എന്ന നാടകത്തിലെ ദുരന്തനായികയാണ് ഒഫീലിയ. രാജകുമാരനായ ഹാംലെറ്റിനോടുള്ള പ്രണയത്തിനും, അച്ഛന്റെയും സഹോദരന്റെയും നിയന്ത്രണങ്ങൾക്കുമിടയിൽപെട്ട് വലയുന്ന ഒരു നിഷ്കളങ്കയായ യുവതിയാണവൾ. ഹാംലെറ്റ് തന്നെ സ്വന്തം അച്ഛനെ വധിച്ചു എന്ന് അറിയുന്നതോടെ അവളുടെ മനസ്സിന്റെ സമനില തെറ്റുന്നു. ഭ്രാന്തിയായ ഒഫീലിയ പൂക്കൾ പറിച്ചും പാട്ടുപാടിയും അലഞ്ഞുതിരിഞ്ഞ് ഒരു അരുവിയിൽ വീണു മരിക്കുന്നു. അത് അപകടമരണമാണോ അതോ ആത്മഹത്യയാണോ എന്നത് ദുരൂഹമായി നിലനിൽക്കുന്നു.  

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-31 03:30 GMT
access_time 2026-08-31 02:45 GMT
access_time 2026-08-17 04:30 GMT
access_time 2026-08-17 02:30 GMT
access_time 2026-08-17 02:15 GMT
access_time 2026-08-10 04:45 GMT
access_time 2026-08-10 02:15 GMT