വിരുന്ന്
പടിയിറങ്ങി, വെറുതെയൊന്ന് തിരിഞ്ഞുനോക്കി
ആരും ചോദിച്ചില്ല
ഞാൻ പറഞ്ഞുമില്ല.
കുറുക്കൻ മാവിന്റെ താഴ്ന്ന കൊമ്പിൽ
കാക്ക തന്റെ പേരുരുവിട്ടു മുദ്രാവാക്യം മുഴക്കി.
അവസാന ശ്വാസം രുചിച്ച ഒരില
തണ്ടടർന്ന് ഇണുങ്ങാർക്കുന്ന
മണ്ണിൽ വീണുകിടന്നു.
നരച്ചാകാശത്തിന് കീഴെ പഴം ചക്ക
വീണുപൊട്ടുന്ന വഴിയിലൂടെ നടക്കവേ,
ഞാൻ വെറുതെ ഓർത്തു
കോലായിൽ വന്നു ചിരിക്കുകയെങ്കിലും
ചെയ്യാമായിരുന്നു.
പാർക്കിലിരുന്നു സുഹൃത്തുമായി സൊറ പറഞ്ഞു.
അവന്റെ വലിയ പ്രശ്നം
എന്നും എവിടേക്കെന്ന ചോദ്യം.
ഒരു കാര്യത്തിനുതന്നെ രണ്ടുതരം വേവലാതി.
രാത്രി വൈകി വന്നു.
മേശപ്പുറത്ത്
ഭക്ഷണം മൂടിെവച്ചിരിക്കുന്നു.
വാതിലുകൾ അടച്ച്,
വിളക്കണച്ച്,
എനിക്കായി കാത്തിരുന്ന
വീട് ഉറങ്ങിക്കിടന്നു.
പിറ്റേന്ന് വൈകി എണീറ്റു.
അന്നവും ഇന്നലെപോലെ മൂടിെവച്ചിരുന്നു.
ബാഗുമെടുത്ത് മുറ്റത്തുനിന്നു ഞാൻ നോക്കി
വീട് മെലിഞ്ഞിരിക്കുന്നു.
ഇന്നലത്തെ കാക്ക തന്നെയോ എന്നറിയില്ല,
കുറുക്കൻ മാവിന്റെ ചില്ലയിലിരുന്ന്
ബാലൻസ് ചെയ്ത് വിരുന്നു കുറിച്ചു.
ആരെങ്കിലും വരുമായിരിക്കും മനസ്സും കുറിച്ചിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.