രാവിലെ
കുളിക്കാനിറങ്ങിയതാണ്
നല്ല ഒഴുക്കുള്ള തോട്ടിൽ.
തോടിന്റെ ആരംഭം
എവിടെനിന്നെന്നറിയില്ല
അവസാനവും.
ആദ്യം കണ്ട
കുളിക്കടവിൽ
കുളിക്കാനെത്തുമ്പോൾ
അവിടെ
ഒരു വൃദ്ധൻ
ഒരു എരുമയെ കുളിപ്പിക്കുന്നു
അതിടുന്ന ചാണകവുമെടുത്ത്
തോട്
ഭയത്തോടൊഴുകുന്നു.
അടുത്ത
കുളിക്കടവിലേക്ക് നടന്നപ്പോൾ
അവിടെ പെണ്ണുങ്ങൾ
കുഞ്ഞുങ്ങൾ തൂറിയ അണശീലയും
അഴുക്കു പിടിച്ച തുണികളും
അടിച്ചെറ്റി നനയ്ക്കുന്നു
ഇതിനിടയിൽ
ചിലർ
വെള്ളത്തിൽ താണിരുന്ന്
മൂത്രമൊഴിച്ചതും വലിച്ചെടുത്ത്
തോടൽപം
നാണത്തോടൊഴുകുന്നു.
പിന്നെ
അടുത്തടുത്ത
ഓരോ കടവിലും കണ്ടു
അതിവേഗ യാത്രക്കാർ
പല്ല് തേച്ചും
ചന്തി കഴുകിയും
നിർമലരായി
അടുത്ത ചായക്കടയിലേക്ക്
തിരക്കിട്ടോടുമ്പോൾ
ഒഴുക്കിനെതിരെ
സൂര്യൻ
കമന്നടിച്ച് വീണു.
ഉള്ളിലെ
മാലിന്യമൊന്നും
ആരും കണ്ടില്ലല്ലൊ
എന്നോർത്ത്
ചിരിച്ച് പതച്ച്
തോട്
പടർന്നൊരു പാറയിലേക്ക് വീണ്
തുള്ളിച്ചാടി.
അമ്പലക്കടവിലൂടെ
ഒഴുകുമ്പോൾ
അവിടൊരു ബോർഡ് കണ്ടു
ഈ കടവിൽ കുളിച്ച്
വെള്ളം
അശുദ്ധമാക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.