കൗതുകത്തോടെ കുട്ടി അതിനെ നോക്കിനിന്നു
വാരിയെല്ലുകൾ കൊരുത്തുകെട്ടി,
ചില്ലുകൂട്ടിൽ തൂക്കിയിടപ്പെട്ട കാലത്തെപ്പോലെ,
ചലിക്കാൻ മറന്നുപോയൊരു നിമിഷത്തിൽ
പൊടുന്നനേ ശിലാരൂപിയായ് തീർന്നൊരു
കൊടുങ്കാറ്റുപോലെ,
കുതിക്കാനൊരുങ്ങുന്ന കാലുകളടക്കി,
ഭീമാകാരമായി
അത് നിലകൊണ്ടു!
കടലെടുത്തു
പോയൊരാദിമഭൂഖണ്ഡത്തിന്റെ,
തീരരേഖ
തേടുംവിധം,
അതിന്റെ നീളൻ നിഴൽ നിലത്തഴിഞ്ഞു വീണു കിടന്നു...
ശൽക്കങ്ങളും ദംഷ്ട്രകളുമില്ലാതെ,
ചലനമില്ലാതെ!
പണ്ട് പണ്ട് പണ്ട്,
ഓർമകൾക്കും മുമ്പ്,
പൈൻ മരങ്ങളുടെയും
പന്നൽച്ചെടികളുടെയും
ഭാഷ പരിചിതമായൊരു ഭൂമിയുണ്ടായിരുന്നു
പേരുകളുടെ കളങ്കമേശാത്ത ഒന്ന്...
സ്നേഹവും വെറുപ്പും ജനിച്ചിട്ടുണ്ടായിരുന്നില്ല
മുറിവേറ്റിട്ടില്ലാത്തതിനാൽ,
പിഞ്ചുഭൂമി
പ്രതിരോധം പരിശീലിച്ചിരുന്നില്ല...
അതിനൊപ്പം പിച്ച നടന്നിരുന്ന
ഉരഗവർഗത്തിന്റെ പ്രതിനിധി,
ഉന്മൂലനങ്ങളുടെ വെളിപാടുകളുമായി
അവനെത്തന്നെ നോക്കിനിന്നു,
അനുതാപമോടെ!
ദുഃഖമറിഞ്ഞു പോയതിനാൽ മാത്രം,
ഫോസിലുകളായി ജീവിക്കാൻ വിധിക്കപ്പെട്ട
ഒരേയൊരു ജീവിവർഗത്തിന്റെ
പ്രതിനിധിയെന്ന നിലയിൽ,
കുട്ടി,
സ്പീൽബർഗ് സിനിമകളിലെ
ടി. റെക്സുകളുടെ,
നിഗൂഢമായ വേട്ടയാടൽ തന്ത്രങ്ങളോർത്ത്
ആവേശം കൊണ്ടു!
അവരിരുവർക്കും സഹവർത്തിക്കാവുന്ന,
വേട്ടയാടി അതിനെ കീഴ്‌പ്പെടുത്താനാകുന്ന
ഒരത്ഭുതലോകം...
വെർച്വൽ റിയാലിറ്റിയുടെ
സാധ്യതകളെ
അവൻ സ്വപ്നം കണ്ടു...
പരിണാമത്തിന്റെ വിരുദ്ധ ധ്രുവങ്ങളിൽ
നിലയുറപ്പിച്ച്,
തങ്ങളിൽ തങ്ങളിൽ നോക്കിനിൽക്കുന്ന
രണ്ടു ജീവികൾ...
അവർക്കിടയിൽ
ഹിമയുഗങ്ങളുടെ നിസ്വനങ്ങൾ!
പക്ഷേ അവർക്കു മുകളിൽ,
വിദൂരതയിൽനിന്ന്
അവരെത്തന്നെ ഉറ്റുനോക്കുന്ന
മറ്റാരുടെയോ സാന്നിധ്യം എനിക്കനുഭവപ്പെട്ടു.
നിയോഗമേറ്റുവാങ്ങിക്കൊണ്ട്
പ്രയാണമാരംഭിച്ചു കഴിഞ്ഞ ഒരുൽക്കയുടെ...
ചിലപ്പോൾ തോന്നും ഓരോ യുഗവും
അതിന്റെതന്നെ ഉൽക്കയ്ക്കു കീഴിലാണ്
മിടിക്കുന്നതെന്ന്! തടുക്കാനാകാത്തൊരാവേഗത്തോടെ
പ്രപഞ്ചത്തിന്റെ നിഗൂഢമായൊരു കോണിൽനിന്ന്
യാത്രയാരംഭിച്ചു കഴിഞ്ഞ,
പ്രകാശവർഷങ്ങൾ താണ്ടി കുതിച്ചുകൊണ്ടിരിക്കുന്ന,
ലക്ഷ്യത്തിലേക്കെന്നേ തൊടുക്കപ്പെട്ടു
കഴിഞ്ഞ ഒരുൽക്കക്കു കീഴിൽ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.