വീണ്ടും ഇകിഗായി
കളഞ്ഞുപോയ വാക്കുകൾ.
ഉള്ളിലെ മൗനത്തിന്റെ ലിപിയിൽ
വിഷാദപൂർവം ഉറങ്ങും നേരം
പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം
പിന്നെയും മുന്നിൽ തെളിഞ്ഞു.
ഓർമിക്കുകയെന്നാൽ
മരിക്കുകയാണെന്ന് അറിഞ്ഞു
നഷ്ടങ്ങളെ
മറവിയുടെ ചവറ്റുകൊട്ടയിൽ കളഞ്ഞപ്പോൾ.
ഉള്ളിലെ ജീവിതസൂര്യൻ വീണ്ടും
സ്നേഹപൂർവം പുഞ്ചിരിച്ചു.
ഫെങ് ഷുയി
ചിതറിയ നേരങ്ങളെ വാരിപ്പുതച്ചു
അലങ്കോലമായ സ്വപ്‌നങ്ങളെ.
ജീവിത ചതുരംഗപ്പലകയിൽ വീണ്ടും.
മെല്ലെ വരയ്ക്കാൻ നോക്കെ
മോഹങ്ങളുടെ നീണ്ടനിര
ഒരു പുത്തൻ ചിത്രമായി മാറി.
കിയോമേരു
വൃത്തിയാക്കൽ ഒരു കലയാകുമ്പോൾ
കടന്നുപോയ ചില കാലങ്ങളെ.
മാത്രം കളയുക ദുഷ്കരമാണ്.
കളഞ്ഞുപോയ മനുഷ്യരിലൊക്കെയും
ഓരോ വീടുണ്ടായിരുന്നെങ്കിലുമൊടുവിൽ
സ്വന്തം വീട്ടിലേക്കുള്ള യാത്രയിലത്രേ
പഴയ വഴികൾ വെട്ടിത്തെളിച്ച്
പുതിയ ഇടങ്ങൾ തീർത്തത്.
=====================
ഇകിഗായി: ജാപ്പനീസ് ജീവിത ചിന്താഗതി.
ഫെങ് ഷുയി: ചൈനീസ് രീതിയിലുള്ള വസ്തുക്കളുടെയും വീടിന്റെയും ക്രമീകരണം.
കിയോമേരു: ശുദ്ധീകരണം എന്നർഥം വരുന്ന ജാപ്പനീസ് പദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.