സൂര്യകാന്തിപ്പൂവ്
വിടര്‍ന്നുനില്‍ക്കുംപോലെ
ഒരു നില്‍പ് ഫാനുണ്ട്
മുറിയില്‍.
ആ പൂവ് രാത്രിയിലും
സൂര്യനെ ധ്യാനിച്ച്
ഉഷ്ണക്കാറ്റ് വീശുന്നു.
എനിക്ക് വേണ്ടിയല്ല
അതിന്‍ കറക്കമെന്നുറപ്പായി...
ഞാന്‍ മഴയെ ധ്യാനിച്ചു.
നനഞ്ഞ്... കുതിര്‍ന്നു...
വിയര്‍പ്പില്‍.
പണ്ടത്തെ വീട്ടില്‍,
എല്ലാ ഒച്ചകളും മയങ്ങിക്കിടക്കുന്ന
ഉച്ചനേരങ്ങളില്‍
എങ്ങുനിന്നോ വരും
ഒരു വണ്ട്.
ആസ്ബസ്റ്റോസ് ഷീറ്റിനും
കഴുക്കോലിനുമിടയില്‍
മറന്നതെന്തോ
തിരയും മട്ടില്‍
പറന്ന് നടക്കും.
ഉച്ചയുടെ വിവശ നിശ്ശബ്ദതക്ക്
കുറുകെ പറക്കും
ആ വണ്ട് മൂളലാണ്
എനിക്ക് നട്ടുച്ചയുടെ ശബ്ദം.
ഒരരുവിയിലൂടെ ജലം
ഒഴുകിപ്പോകുന്നതിന്‍
ജലച്ചായാ ചിത്രം, മുറിയില്‍.
ആ മനോഹാരിതയില്‍
സ്വയം മറന്നുനില്‍ക്കെ...
ഒരാള്‍ ഏതോ അപൂർവതയെ
നോക്കിനില്‍ക്കും
ജലച്ചായച്ചിത്രമായ് മാറി, ഞാന്‍.
ആ ചെറുപുഴയുടെ
മുറിയില്‍.
പത്രത്താള്‍ ചുരുട്ടി
തീ കൊളുത്തി
നനഞ്ഞ
വിറകടുക്കിലേക്ക് തിരുകി.
ആളും തീയിലേക്ക്
ഒരു ചിരട്ട വെച്ചു.
പേപ്പര്‍ത്തീ
ചിരട്ടത്തീയായ് പടര്‍ന്നു.
വിറകുകള്‍
ആ ചൂടില്‍
ഇക്കാലം മറന്ന്
ഭൂതകാലത്തില്‍ മറഞ്ഞു.
പല ഓർമകളിലിരുന്ന്
പുകഞ്ഞു.
മടങ്ങിവരും വഴി
അവര്‍ ദഹിച്ചുതീര്‍ന്നിരുന്നു...
വിറകുകളുടെ മോര്‍ച്ചറി,
എന്റെ അടുക്കളപ്പാതകം.
ക്രിമറ്റോറിയം, എന്റെ അടുപ്പ്.
നിന്റെ അടക്കം പറച്ചില്‍
കേള്‍ക്കാനാവുന്നില്ല...
നിനക്കാണെങ്കില്‍
ഉറക്കെ പറയാനും വയ്യ.
ഞാന്‍ എന്റെ ചെവിയുടെ
വോളിയം ഫുള്ളില്‍ വെക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.