റാഡ്

വീട്ടുവരാന്തയിലിരുന്ന്

കൊച്ചുമകൾ

ഭൂമി ഉരുണ്ടതാണെന്ന് വായിച്ചപ്പോൾ

മാധവിയമ്മ തലയിൽ കൈവെച്ചു.

അന്നു രാത്രി

ഉറക്കമില്ലാതെ കിടന്ന

അവരുടെ ചിന്തകളിൽ

ഭൂമി നീളത്തിൽ പൊന്തിക്കിടന്നു.

വീട്ടുമുറ്റത്തെ

കിഴക്കു പടിഞ്ഞാറായി ഉറപ്പിച്ച

റാഡുകൾക്കിടയിൽ

നീളത്തിൽ നടന്നുതീരുന്ന ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കാൻ

അവർക്കായില്ല.

പണ്ട് കെട്ടിയോന്റെ തല്ലുകൊണ്ട്

തലയടിച്ചു തറേൽ വീണന്നു മുതൽ

ഭൂമിക്കൊരു ചരിവുണ്ടെന്ന്

തോന്നിയിട്ടുണ്ടത്രേ!

മീനുകൾ നീളത്തിൽ നീന്തുന്നു,

പക്ഷികൾ നീളത്തിൽ പറക്കുന്നു,

ആളുകൾ, അതിരുകൾ.

നദികൾ, ആകാശം

എല്ലാം നീളത്തിൽ

പിന്നെങ്ങനെ ഭൂമി ഉരുണ്ടതായി?

പിറ്റേന്ന് കൊച്ചുമോളോട്

സംശയം ചോദിക്കുമ്പോൾ

വീടിന്റെ കിഴക്കേ മൂലയിൽ ചെന്ന്

അവൾ റ പോലത്തെ

ആകാശം ചൂണ്ടിക്കാട്ടി.

അന്നു തുടങ്ങി രാപ്പകലുകൾ

കടുത്ത ചെന്നിക്കുത്തുപോലെ

നെടുകെ പിളർന്നു.

നീളത്തിലും കുറുകെയും നടന്നുനടന്ന്

ദ്രവിച്ച കുതിരലാടം പോലെ

ജീവിതം ചെരിവുകളിൽ

ഇടറിവീണിട്ടും

ഭൂമി ഉരുണ്ടതാണെന്നവർ വിശ്വസിച്ചില്ല.

കെട്ടിയോൻ ചത്ത്

നാലാം നാൾ മുതൽ

ഭൂമിയുടെ വളവുകളും ചരിവുകളും അവർക്കുമുന്നിൽ

ദൃശ്യപ്പെട്ടു തുടങ്ങി.

അന്നു മുതൽ സ്ത്രീകളുടെ കണ്ണുകളിലൊക്കെ അവർ

കറങ്ങുന്ന റാഡുകൾ കണ്ടു.

അവരുടെ ഉള്ളം കയ്യിൽ

ഉരുട്ടിവെച്ച വേദനകൾക്ക്

ഭൂമിയെന്ന് പേരിട്ട് അവർ

ഉരുണ്ടു തുടങ്ങി.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.