‘‘എടീ, അവ്ടിരിക്ക്ണ ആളെ കണ്ടൊയ്യ്?’’
‘‘ഏത്?’’
‘‘മ്മളെ എടത്തെ ബാത്തായിട്ട് കണ്ടീലേ...
പിന്നേ...പെട്ടെന്നൊന്നും തിരിഞ്ഞോക്കല്ലട്ടോ.’’
‘‘ഞാൻ നോക്കട്ട്... ഹാ... കണ്ടു... അയാള്?’’
‘‘അയാൾടെ കാര്യാ മ്മളന്ന് പറഞ്ഞെ.’’
‘‘എന്ന്?’’
‘‘അന്ന് മാശ് ക്ലാസ്സ്ല് വെച്ച് ചെമ്പരത്തീന്റെ കാര്യം പറഞ്ഞപ്പോ
ഞാനന്നോട് പറഞ്ഞീലേ’’
‘‘ഹാ... പക്ഷെ ഞാൻ കൃത്യമായിട്ട് ഓർക്കുന്നില്ല.’’
‘‘അയാളൊരു ചൊവിട്ട്ല് ചെമ്പരത്തീം വെച്ചോണ്ടാണ് നടക്ക്ണ്.’’
‘‘ആഹാ,
ആസ് യൂഷ്വൽ ലൈക് ഓൾ അദർ പ്രാന്തന്മാർ.’’
‘‘ചെലപ്പോ ഒരു കയ്യമ്മ വളടും,
ഒരു കൈമ വാച്ചും.’’
‘‘എടീ, പക്ഷെ അയാളെ കണ്ടിട്ട്
അങ്ങനൊന്നും തോന്നുന്നില്ലല്ലോ!’’
‘‘ഇയ്യ് സ്രദ്ദിച്ചോ,
മ്മള് അയാൾടട്ത്ത്ക്കൂടെ നടന്നോയപ്പോ
അയാൾടെ കയ്യന്ന് ഫോണടീക്ക് വിഗ്ഗ്ണത്?’’
‘‘ഹാ... കണ്ടു.’’
‘‘ഒന്ന് വെല്ലെ തിരിഞ്ഞോക്കിയോക്ക് അയാളത് ഇട്ത്ത്ക്ക്ണോന്ന്.’’
‘‘ആടീ, എടുത്തിട്ടില്ല ഇതുവരെ.’’
‘‘അയിമ്മത്തന്നെ നോക്കി ര്ക്ക്യല്ലേ?’’
‘‘അതേ!’’
‘‘ഉം. ചെലീസം ഒര് കാല് മ്മെ ചെര്പ്പാണെങ്കി
ഒരു കാല് മ്മെ ശൂസെയ്ക്കാരം.’’
‘‘അയ്യോ, ആൾ കോമഡിയാണല്ലോ.
പക്ഷെ ആൾടെ നല്ല ഡ്രെസ്സിങ് ഒക്കെ ആണല്ലോ.
നല്ല ഒരു ടീഷർട്ടും ലുങ്കിയും അല്ലെ ഉടുത്തിരിക്കുന്നെ.’’
‘‘അയാളെക്കൊണ്ടാര്ക്കും അങ്ങിനെ ശല്യോന്നൂല്ല. പ്രശ്നൊന്നുണ്ടാക്കൂല്ല.’’
‘‘എന്നാലും ഇയാൾക്ക് എങ്ങനാ പ്രാന്തായേ?’’
‘‘അതയാള് പൈനാറ് പൈനേയ് വയസ്സില്
രാത്രി നടന്നോയപ്പോ
പോത്ത് പെട്ടെന്ന് മുന്ന്ക്ക് ചാടീതാ... പൊന്തേന്ന്.
ഐനെ കണ്ട് പേടിച്ചതാത്രെ.’’
‘‘ഹോസ്പിറ്റലൊന്നും കാണിച്ചിട്ടില്ലേ?’’
‘‘അതറീല. അയാള്ങ്ങന നടക്കും.’’
‘‘ഞാൻ അയാളെ ഒന്നൂടെ ഒന്ന് നോക്കട്ട്.’’
‘‘എടീ, അവ്ടിരിക്ക്ണ ആളെ കണ്ടൊയ്യ്?’’
‘‘ഏത്?’’
‘‘മ്മളെ എടത്തെ ബാത്തായിട്ട് കണ്ടീലേ...
പിന്നേ...പെട്ടെന്നൊന്നും തിരിഞ്ഞോക്കല്ലട്ടോ.’’
‘‘ങേ! ഇയാളെ അല്ലെ ഇപ്പോ നമ്മള് കണ്ടത്?!
ഇയാളെങ്ങനെ പിന്നേം ഇവിടെ വന്നു?!’’
‘‘അയാൾടെ കാര്യാ മ്മളന്ന് പറഞ്ഞെ.’’
‘‘എന്ന്? എപ്പോ? അതല്ലേ നമ്മള് ഇപ്പോ പറഞ്ഞെ?!’’
‘‘അന്ന് മാശ് ക്ലാസ്സ്ല് വെച്ച് ചെമ്പരത്തീന്റെ കാര്യം...’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.