ഞങ്ങൾക്കിടയിലെ അടുക്കളയുദ്ധം വാഴയിലപ്പൊതിയിലാണ് വാടിത്തീരുന്നത്. എങ്കിലും തോൽക്കുംവരെ ഉമ്മിയോട് തർക്കിക്കും… പിന്നെ വണ്ടിപിടിക്കാനോടും. എല്ലായിടത്തും തോറ്റുപോയൊരാൾക്ക് ആകെ ജയിക്കാനുള്ള യുദ്ധമെന്ന മട്ടിലാണ് ഉമ്മിയുടെ പോരാട്ടം. ആധിപത്യം സ്ഥാപിച്ചതിന്‍റെ അടയാളംപോലെ ഉമ്മി കെട്ടിയ പൊതിച്ചോറിന് ഭാരമേറും. തീവണ്ടിപ്പാച്ചിലിലും വേഗത്തിൽ ആധിയെടുത്തോടുന്ന പുറംകാഴ്ചപ്പറ്റുകൾ പാളിനോക്കാനെന്ന വണ്ണം മടിയിലിരിക്കുന്ന പൊതിക്കുള്ളിൽനിന്ന് പ്രാർഥനകളുടെ മണമുള്ള ഉമ്മി ഉയിർത്തെഴുന്നേറ്റ് വരും... കമ്പിയിൽ ചാരും കണ്ണുകൾ നിറയ്ക്കും ദൈവത്തിന്‍റെ...
ഞങ്ങൾക്കിടയിലെ
അടുക്കളയുദ്ധം
വാഴയിലപ്പൊതിയിലാണ് വാടിത്തീരുന്നത്.
എങ്കിലും തോൽക്കുംവരെ
ഉമ്മിയോട് തർക്കിക്കും…
പിന്നെ വണ്ടിപിടിക്കാനോടും.
എല്ലായിടത്തും തോറ്റുപോയൊരാൾക്ക്
ആകെ ജയിക്കാനുള്ള യുദ്ധമെന്ന മട്ടിലാണ്
ഉമ്മിയുടെ പോരാട്ടം.
ആധിപത്യം സ്ഥാപിച്ചതിന്‍റെ
അടയാളംപോലെ ഉമ്മി കെട്ടിയ
പൊതിച്ചോറിന് ഭാരമേറും.
തീവണ്ടിപ്പാച്ചിലിലും
വേഗത്തിൽ ആധിയെടുത്തോടുന്ന
പുറംകാഴ്ചപ്പറ്റുകൾ
പാളിനോക്കാനെന്ന വണ്ണം
മടിയിലിരിക്കുന്ന പൊതിക്കുള്ളിൽനിന്ന്
പ്രാർഥനകളുടെ മണമുള്ള
ഉമ്മി ഉയിർത്തെഴുന്നേറ്റ് വരും...
കമ്പിയിൽ ചാരും
കണ്ണുകൾ നിറയ്ക്കും
ദൈവത്തിന്‍റെ കാതുകളിൽ
ചുണ്ടുകളൊട്ടിക്കും...
എന്നെയോർത്ത്.
എന്‍റെ വേവലാതികളെയോർത്ത്.
കാറ്റ് തട്ടിയ കറുപ്പ്തുണി മുഖത്തിഴയുമ്പോൾ
ഉമ്മി തടവുന്നതുപോലെ തോന്നും...
പിന്നെ തേങ്ങുന്നപോലെയും...
എത്ര പെട്ടെന്നാണ്
ഉമ്മി എന്നെയൊരാളെ കൂട്ടിക്കുഴച്ചുണ്ടാക്കിയതെല്ലാം
തണുത്തുറയുന്നത്.
പൊതിയഴിക്കുമ്പോഴെല്ലാം
വിഭവങ്ങളിൽനിന്ന്
ഞങ്ങളിൽ ആരുടേതെന്ന് നിശ്ചയിക്കാൻ കഴിയാത്ത
തനിച്ചായിപ്പോയ യാത്രകളുടെ ചുവയുണരും.
വേദനകൾ കുമിഞ്ഞുകൂടിയ
ഓർമകളിൽ കരിഞ്ഞ മീനുടലുകൾ പൊന്തും.
ഏതോ സ്റ്റേഷനിലെത്തി, വെയിൽ തിളച്ചുന്തിയ
പ്ലാറ്റ് ഫോമിലേക്ക്
പാതിതുറന്ന ഇലപ്പൊതി വലിച്ചെറിഞ്ഞു.
അത്ഭുതം.
മാലിന്യകുപ്പയിൽ
മലർക്കെവീണ് തുറന്ന
പൊതിക്കുള്ളിൽ കിടക്കുന്നു
ഉമ്മിയുടെ വിരലുകൾ:
സ്നേഹം തുന്നിത്തുന്നി
വിണ്ടുകീറിപ്പോയ വിരലുകൾ.
വണ്ടി ഇപ്പോഴുമോടുന്നു
പൊതിച്ചോറ് നഷ്ടമായ
ഒരുവളെയുംകൊണ്ട്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.