നിക്കോള മഡ്സിറോവിന്റെ കാവ്യങ്ങൾ

യൂറോപ്യൻ കവിതയുടെ ഉറച്ച ശബ്ദമായ നിക്കോള മഡ്സിറോവിന്റെ രചനകളിലൂടെ സഞ്ചരിക്കുകയാണ് കവി. ഒപ്പം ആറു കവിതകളുടെ മൊഴിമാറ്റവും. നിക്കോള മഡ്സിറോവ് പുതിയ യൂറോപ്യന്‍ കവിതയുടെ ശക്തമായ ശബ്ദമാണ്. ഞങ്ങള്‍ ആദ്യം പരസ്പരം കാണുന്നത് മാസിഡോണിയയിലെ പ്രശസ്തമായ സ്ട്രൂഗ കാവ്യോത്സവത്തിലാണ്. അദ്ദേഹം മാസിഡോണിയയില്‍ സ്ട്രൂമിക്ക എന്നാ സ്ഥലത്താണ് ജനിച്ചത് -1973ല്‍, ബാൾക്കൺ യുദ്ധ അഭയാർഥികളുടെ ഒരു കുടുംബത്തില്‍. കവി മാത്രമല്ല, ലേഖനകാരനും വിവര്‍ത്തകനുമാണ് നിക്കോള. മുപ്പതു ഭാഷകളില്‍ കവിത വന്നിട്ടുണ്ട്, രണ്ട് അമേരിക്കകള്‍, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന കവിതാ സമാഹാരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കവിതകളുണ്ട്....

യൂറോപ്യൻ കവിതയുടെ ഉറച്ച ശബ്ദമായ നിക്കോള മഡ്സിറോവിന്റെ രചനകളിലൂടെ സഞ്ചരിക്കുകയാണ് കവി. ഒപ്പം ആറു കവിതകളുടെ മൊഴിമാറ്റവും.

നിക്കോള മഡ്സിറോവ് പുതിയ യൂറോപ്യന്‍ കവിതയുടെ ശക്തമായ ശബ്ദമാണ്. ഞങ്ങള്‍ ആദ്യം പരസ്പരം കാണുന്നത് മാസിഡോണിയയിലെ പ്രശസ്തമായ സ്ട്രൂഗ കാവ്യോത്സവത്തിലാണ്. അദ്ദേഹം മാസിഡോണിയയില്‍ സ്ട്രൂമിക്ക എന്നാ സ്ഥലത്താണ് ജനിച്ചത് -1973ല്‍, ബാൾക്കൺ യുദ്ധ അഭയാർഥികളുടെ ഒരു കുടുംബത്തില്‍. കവി മാത്രമല്ല, ലേഖനകാരനും വിവര്‍ത്തകനുമാണ് നിക്കോള. മുപ്പതു ഭാഷകളില്‍ കവിത വന്നിട്ടുണ്ട്, രണ്ട് അമേരിക്കകള്‍, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന കവിതാ സമാഹാരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കവിതകളുണ്ട്. ബള്‍ഗേറിയ, ​െക്രായേഷ്യ എന്നിവിടങ്ങളില്‍ നിക്കോളയുടെ കവിതകളെ ആധാരമാക്കി സിനിമകള്‍ നിർമിക്കപ്പെട്ടിട്ടുണ്ട്. പല കവിതകളും ജാസ് സംഗീതമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

വിയന, ​െബര്‍ലിന്‍, അയോവ, ക്രെംസ്, മ്യൂണിക് തുടങ്ങിയ ഇടങ്ങളില്‍നിന്നുള്‍പ്പെടെ ഒട്ടനവധി അന്തർദേശീയ പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. മനുഷ്യരുടെ മനസ്സിന്റെ സങ്കീർണതകള്‍ മനസ്സിലാക്കാനുള്ള കഴിവ്, പൂർണമായ ഭാഷാശ്രദ്ധ, നശ്വരതയെക്കുറിച്ചുള്ള ബോധ്യം എന്നിവയും, ‘‘നമുക്ക് ആദ്യം കടക്കേണ്ട അതിര്‍ത്തി ചരിത്രമാണ്”, ‘‘അവര്‍ സാമ്രാജ്യങ്ങളുടെയും യുഗങ്ങളുടെയും പതനത്തെക്കുറിച്ച് എഴുതുന്നു, ഒരു ബുള്‍ഡോസര്‍ കുഴിച്ചെടുത്ത കളിപ്പാട്ടം നോക്കിനില്‍ക്കുന്ന വൃദ്ധനെക്കുറിച്ച് എഴുതുന്നില്ല’’, “യുദ്ധംചെയ്യുന്ന രണ്ടു നാടുകള്‍ക്കിടയില്‍ പരാഗണം നടത്തുന്ന തേനീച്ചകളുണ്ട്”.... എന്നിങ്ങനെ ബാഹ്യമായ രാഷ്ട്രീയ സംഭവങ്ങള്‍ക്കും അപ്പുറം പോകുന്ന തലത്തിലുള്ള കവിതകളുമാണ് നിക്കോളയെ വലിയ കവിയാക്കുന്നത്.

താന്‍ സ്വപ്നം കാണുന്ന വീടുകളിലെല്ലാം അമ്മയുടെ ശബ്ദം കേള്‍ക്കുന്നു എന്ന് അദ്ദേഹം ഒരു കവിതയില്‍ പറയുന്നു; താന്‍ ഭൂമിയുടെതോ വായുവിന്റെതോ എന്നറിയാതെ പകയ്ക്കുന്ന പൊടിമഞ്ഞിനെക്കുറിച്ചും. നമ്മുടെ നിഷ്കളങ്കതയുടെ പ്രകാശമാനമായ നഗരങ്ങള്‍ ഭൂപടങ്ങളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നും നശിച്ചുകഴിഞ്ഞതിനെ പുനഃസംഘടിപ്പിക്കുക മാത്രമാണ് ഭൂകമ്പങ്ങള്‍ ചെയ്യുന്നതെന്നും “യൂറോപ്പിന്റെ ഓരങ്ങളില്‍” കഴിയുന്ന ഈ കവി അറിയുന്നു. നാം കാലത്തിനു പുറത്താണെന്നും നമുക്കു പുറത്ത് ശൂന്യതയാണെന്നും ഈ ശൂന്യതയെ മനസ്സിലാക്കിയാലേ നമുക്ക് ഈ അസ്ഥിരമായ ഭൂമിയില്‍ ആനന്ദം സാധ്യമാകൂ എന്നും കൂടി.

1. നമുക്കു ശേഷം

ഒരു ദിവസം ആരെങ്കിലും നമ്മുടെ

പുതപ്പുകള്‍ മടക്കി അലക്കുകാരന് അയക്കും,

അവയില്‍നിന്ന് ഉപ്പിന്റെ അവസാനത്തെ

തരിയും ഉരച്ചുകളഞ്ഞു കഴുകാന്‍,

ആരെങ്കിലും നമ്മുടെ കത്തുകള്‍ തുറന്ന്

അവയെ തരംതിരിക്കും, എത്ര തവണ

നാം വായിച്ചു എന്ന ക്രമത്തിലല്ലാ, മറിച്ച്,

അവ എഴുതപ്പെട്ട തിയ്യതിയുടെ ക്രമത്തില്‍.

ഒരുദിവസം ആരെങ്കിലും മുറിയിലെ ഉരുപ്പടികള്‍

ചതുരംഗം തുടങ്ങും മുമ്പേ കരുക്കളെ എന്നപോലെ

തരംതിരിക്കും, നാം പൈജാമയുടെ ബട്ടണുകളും

മുഴുവന്‍ മരിക്കാത്ത ബാറ്ററികളും വിശപ്പും

ഒളിപ്പിച്ചു കൂട്ടിവെച്ച പഴയ ഷൂസിന്റെ പെട്ടി തുറക്കും

ഒരു ദിവസം ഹോട്ടല്‍മുറികളുടെ ഭാരത്തില്‍നിന്നും

ടെലിവിഷന്റെ റിമോട്ട് കൺട്രോള്‍

നമുക്കു നല്‍കുമ്പോഴുള്ള

റിസപ്ഷനിസ്റ്റിന്റെ സംശയത്തില്‍നിന്നും

വേദന നമ്മുടെ മുതുകുകളിലേക്ക് മടങ്ങിവരും

മറ്റുള്ളവരുടെ കാരുണ്യം നമ്മെത്തേടി പുറപ്പെടും,

അലഞ്ഞുതിരിയുന്ന ഒരു കുട്ടിയുടെ പിറകേ

ചന്ദ്രനെന്നപോലെ.

 

2. ഒരാള്‍ പോകുമ്പോള്‍

ചെയ്തതെല്ലാം തിരിച്ചുവരുന്നു

ഒരു മൂലയിലെ ആശ്ലേഷം കണ്ടാല്‍ നിങ്ങള്‍ക്കറിയാം

ആരോ ദൂരെ എവിടേയ്ക്കോ പോവുകയാണെന്ന്.

അതെപ്പോഴും അങ്ങനെയാണ്.

ഞാന്‍ രണ്ടു സത്യങ്ങള്‍ക്കിടയ്ക്കു ജീവിക്കുന്നു,

ഒഴിഞ്ഞ ഒരു ഹാളില്‍ വിറയ്ക്കുന്ന

നിയോണ്‍ ലൈറ്റ് പോലെ.

എന്റെ ഹൃദയം കൂടുതല്‍ കൂടുതല്‍

ആളുകളെ കൂടെച്ചേര്‍ക്കുന്നു, അവര്‍ ഇവിടെ ഇനി

ഇല്ലാത്തതുകൊണ്ട്.

അതെപ്പോഴും അങ്ങനെയാണ്, നാം

ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ കാല്‍ഭാഗവും

നാം കണ്ണുചിമ്മാന്‍ ചെലവഴിക്കുന്നു.

നഷ്ടപ്പെടും മുമ്പേ

നാം വസ്തുക്കളെ മറക്കുന്നു -അക്ഷരങ്ങള്‍ വരച്ചിടുന്ന

നോട്ടുപുസ്തകംപോലെ. ഒന്നും ഒരിക്കലും പുതുതല്ല.

ബസിലെ സീറ്റിനു ഇപ്പോഴും ചൂടുണ്ട്. അവസാനത്തെ

വാക്കുകള്‍ ഒരു സാധാരണ വേനല്‍തീ കെടുത്താന്‍

ബക്കറ്റുകളിലെ ജലംപോലെ

തുടര്‍ച്ചയായി വഹിക്കപ്പെടുന്നു

നാളെയും വീണ്ടും അത് തന്നെ സംഭവിക്കും-

ഫോട്ടോവില്‍നിന്ന് അപ്രത്യക്ഷമാകും മുമ്പ്

മുഖത്തിനു അതിന്റെ ചുളിവുകള്‍ നഷ്ടപ്പെടും. ഒരാള്‍

യാത്രയാകുമ്പോള്‍

അയാള്‍ ചെയ്തതെല്ലാം തിരിച്ചുവരുന്നു.

3. നിഴലുകള്‍ നമ്മെ കടന്നുപോകുന്നു

ഒരു ദിവസം നാം കണ്ടുമുട്ടും

ഒരു കടലാസുവഞ്ചിയും, പുഴയില്‍ തണുപ്പേറ്റു

കൊണ്ടിരുന്ന ഒരു തണ്ണിമത്തനും പോലെ.

ലോകത്തിന്റെ ഉത്കണ്ഠ നമ്മോടൊപ്പം ഉണ്ടാവും

നമ്മുടെ കൈപ്പടങ്ങള്‍ സൂര്യനെ കാണാതാക്കും

കയ്യില്‍ റാന്തല്‍ വിളക്കുകളേന്തി നാം

പരസ്പരം സമീപിക്കും.

ഒരു ദിവസം കാറ്റ് ദിശ മാറ്റുകയില്ല

പൂവരശുമരം വാതില്‍പ്പടിയില്‍ ഊരിവെച്ച

നമ്മുടെ ഷൂസിലേക്ക് ഇലകളെ പറഞ്ഞയക്കും.

ചെന്നായ്ക്കള്‍ നമ്മുടെ നിഷ്കളങ്കതയെ വേട്ടയാടും

ചിത്രശലഭങ്ങള്‍ നമ്മുടെ കവിളുകളില്‍

അവയുടെ പൂമ്പൊടി നിക്ഷേപിക്കും

ഒരു വൃദ്ധ സ്വീകരണമുറിയിലിരുന്ന് എന്നും രാവിലെ

നമ്മെക്കുറിച്ചുള്ള കഥകള്‍ പറയും.

ഞാനിപ്പോള്‍ പറയുന്നതുതന്നെ പറയപ്പെട്ടു കഴിഞ്ഞു

നാം കാറ്റു കാത്തിരിക്കയാണ്, ഒരതിര്‍ത്തിയിലെ

രണ്ടു കൊടികള്‍പോലെ.

ഒരു ദിവസം എല്ലാ നിഴലുകളും

നമ്മെ കടന്നുപോകും.

4. ക്ലോക്കിന്റെ സൂചികള്‍

ഫോട്ടോകളുടെ ആല്‍ബത്തില്‍നിന്ന്

ബാല്യം അവകാശമാക്കുക

പറക്കുന്ന പക്ഷിക്കൂട്ടംപോലെ

പരക്കുകയും ചുരുങ്ങുകയും ചെയ്യുന്ന

മൗനം കൈമാറുക

കയ്യില്‍ കൃത്യമായ രൂപമില്ലാത്ത

മഞ്ഞുകട്ടയും ജീവിതത്തിന്റെ രേഖയില്‍

ഒലിച്ചിറങ്ങുന്ന തുള്ളികളും ഏറ്റുവാങ്ങുക

അടച്ച ചുണ്ടുകളിലൂടെ

പ്രാര്‍ഥന ഉരുവിടുക -

വാക്കുകള്‍ ഒരു പൂച്ചട്ടിയില്‍

വീഴുന്ന വിത്തുകളാണ്.

മൗനം നാം

ഗര്‍ഭപാത്രത്തില്‍വെച്ച് പഠിക്കുന്നതാണ്

പാതിരായ്ക്കു ശേഷമുള്ള വലിയ സൂചിപോലെ

പിറന്നുവീഴാന്‍ ശ്രമിക്കുക,

ഉടന്‍തന്നെ സെക്കൻഡുകള്‍

നിങ്ങളെ മറികടന്നുപോകും.

5. ആകാശം തുറക്കുന്നു

എനിക്ക് അവകാശമായി കിട്ടിയത്

നമ്പറില്ലാത്ത ഒരു വീടായിരുന്നു,

അനേകം തകര്‍ന്ന കൂടുകളും,

ചുവരില്‍ നിറയെ ഉണര്‍ന്ന ഒരു കാമുകന്റെ

സിരകള്‍പോലുള്ള വിള്ളലുകളും ഉള്ളത്.

ഇവിടെയാണ്‌ കാറ്റ് ഉറങ്ങുന്നത്,

സാന്ദ്രീകൃതമായ അസാന്നിധ്യങ്ങളുടെ വാക്കുകളും.

വേനലാണ്, ചവിട്ടിയരയ്ക്കപ്പെട്ട

കാശിത്തുമ്പയുടെ മണവുമുണ്ട്

സന്യാസിമാര്‍ ജപമാല എണ്ണിത്തീരാറായി

നമ്മുടെ ആത്മാവില്‍ വായു പ്രവഹിപ്പിക്കാന്‍

ആകാശം തുറന്നുവിടരുന്നു

മരങ്ങളെല്ലാം പച്ച, ഞങ്ങള്‍ അദൃശ്യര്‍,

അങ്ങനെയേ അവയെ കാണാനാകൂ:

നമ്മുടെ പിറക്കാത്ത കുഞ്ഞുങ്ങളും

രാത്രിയും, മാലാഖമാരെ കൂടുതല്‍

വിശുദ്ധരാക്കുന്നവ.

6. ഉണര്‍ച്ച

നൈമിഷികമായ ആശ്ലേഷത്തില്‍

ഞാന്‍ അനശ്വരതയെക്കുറിച്ചു സംസാരിക്കുന്നു.

കാറ്റ് നാം നമ്മുടെ ഉറക്കം തൂങ്ങുന്ന ശിരസ്സുകള്‍

ചായ്ക്കുന്ന തൂവലുകള്‍ക്കിടയിലേക്ക്

പള്ളിമണികളുടെ വിളിയുമായി എത്തുന്നു.

പുലരി. ഈറന്‍വായു കുന്നുകളെ കൂട്ടിയിണക്കുന്ന

റോഡുകള്‍ക്കടിയിലൂടെ കടന്നുപോകുന്നു

മേഘങ്ങള്‍ ഒരു സ്പര്‍ശത്തില്‍ പിരിഞ്ഞകലുന്നു,

കെട്ടിടങ്ങള്‍ കുരുവി പറക്കുമ്പോഴും.

കര്‍ഷകര്‍ കയ്യുയര്‍ത്തി മഴക്കായി പ്രാർഥിക്കുന്നു

മരങ്ങള്‍ ഇലകള്‍ പൊഴിക്കുന്നു,

ആകാശം കൂടുതല്‍ വിശാലമാകാന്‍.

നിന്റെ കൈകള്‍ ഇന്ന് രാവിലെ മൃദുലമാണ്

കടുപ്പമുള്ള ബദാമിന്റെ പൂമൊട്ടും.

അടുത്തുള്ള പള്ളിയില്‍,

നമ്മെയും അതിജീവിക്കുന്ന ഒരു സ്നേഹത്തെക്കുറിച്ച്

അവര്‍ നൂറ്റാണ്ടുകളായി സംസാരിച്ചു പോന്നിട്ടുണ്ട്.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.