*പെണ്ണ്

തൊണ്ടയിൽ തോന്നലുകൾ കുടുങ്ങിക്കിടന്നിട്ടുണ്ടോ? പറയാൻപറ്റാത്തവയെല്ലാം കഫംകെട്ടി കരളുരുക്കിയിട്ടുണ്ടോ? ഉറങ്ങാത്ത രാവുകളിലത്രയും, കണ്ണുമിഴിച്ചു കാതുകൂർപ്പിച്ചിട്ടുണ്ടോ? ‘‘സ്വപ്നങ്ങൾക്ക് വരമ്പ് കെട്ടൂ’’ എന്നത് ദഹനക്കേടുവരുത്തിയിട്ടുണ്ടോ? സ്വത്വത്തെ വരഞ്ഞുകെട്ടിയ ചട്ടങ്ങളാൽ ചോരപൊടിഞ്ഞിട്ടുണ്ടോ? എങ്കിൽ, വീണ്ടും ചോദിക്കട്ടെ.... വായിച്ചഹങ്കാരിയായും, വാദിച്ചു വായാടിയായും പേരെടുത്തിട്ടുണ്ടോ? അനുസരണക്കേടുകാട്ടി, ഒറ്റാലിനപ്പുറം, ദൂരെ, കാട്ടുകരിയിലക്കൂനയിൽ ഇരതേടിയിട്ടുണ്ടോ? കാലുറപ്പിച്ചു നടന്നും, ഒച്ചവെച്ചു ഇടംപിടിച്ചും സാമർഥ്യക്കാരിയായിട്ടുണ്ടോ? സ്വന്തം...

തൊണ്ടയിൽ തോന്നലുകൾ

കുടുങ്ങിക്കിടന്നിട്ടുണ്ടോ?

പറയാൻപറ്റാത്തവയെല്ലാം

കഫംകെട്ടി കരളുരുക്കിയിട്ടുണ്ടോ?

ഉറങ്ങാത്ത രാവുകളിലത്രയും,

കണ്ണുമിഴിച്ചു കാതുകൂർപ്പിച്ചിട്ടുണ്ടോ?

‘‘സ്വപ്നങ്ങൾക്ക് വരമ്പ് കെട്ടൂ’’

എന്നത് ദഹനക്കേടുവരുത്തിയിട്ടുണ്ടോ?

സ്വത്വത്തെ വരഞ്ഞുകെട്ടിയ

ചട്ടങ്ങളാൽ ചോരപൊടിഞ്ഞിട്ടുണ്ടോ?

എങ്കിൽ,

വീണ്ടും ചോദിക്കട്ടെ....

വായിച്ചഹങ്കാരിയായും, വാദിച്ചു

വായാടിയായും പേരെടുത്തിട്ടുണ്ടോ?

അനുസരണക്കേടുകാട്ടി, ഒറ്റാലിനപ്പുറം,

ദൂരെ, കാട്ടുകരിയിലക്കൂനയിൽ ഇരതേടിയിട്ടുണ്ടോ?

കാലുറപ്പിച്ചു നടന്നും, ഒച്ചവെച്ചു

ഇടംപിടിച്ചും സാമർഥ്യക്കാരിയായിട്ടുണ്ടോ?

സ്വന്തം വഴിവെട്ടിയെടുത്തു, വിയർപ്പിറ്റിച്ചു

മൺവെട്ടി നനച്ചുണക്കി വെച്ചിട്ടുണ്ടോ?

കിനാവുകൾ കുഞ്ഞും വലുതുമായി,

ഒരായിരങ്ങൾ ഓളംതല്ലുന്ന

പുഴയിൽ ആറാടിയിട്ടുണ്ടോ?

ആനന്ദത്തിന്റെ താക്കോൽ പണിതു,

മുടിക്കെട്ടിലൊളിപ്പിച്ചു വച്ചിട്ടുണ്ടോ?

ഇന്ന​െലകളിലെ സുപരിചിത൪,

ഇന്നുകളിൽ അപരിചിതരായവ൪ക്കു

പുഞ്ചിരികൊണ്ട് പ്രതികാരംവീട്ടിയിട്ടുണ്ടോ?

താളംതെറ്റിച്ചു പാടിയും ചുവടുവെച്ചും,

അവതാളങ്ങൾ ശീലിച്ചിട്ടുണ്ടോ?

ലക്ഷ്മണരേഖക്കപ്പുറം കടന്നു,

നീലാകാശനക്ഷത്രങ്ങളെ തൊടാൻ,

ചിറകുകൾക്ക് നിറവും കരുത്തുമേകിയിട്ടുണ്ടോ?

മാതൃകയുടച്ചു, തനിയെ തന്റെ

ശിൽപം കൊത്തിയെടുത്തിട്ടുണ്ടോ?

ശീലക്കേടുകൾ ശീലിച്ചവളാണു ഞാൻ.

ഈ അച്ചിൽ ഇനിയാരും വാർക്കപ്പെടേണ്ടതില്ല.

നിന്റെ ശിൽപി നീയായിരിക്കട്ടെ.

പ്രപഞ്ചത്തിന് അതിരുകളുണ്ടെങ്കിൽ,

നിന്റേതും അവമാത്രമായിരിക്കട്ടെ.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.