*ഷെഹ്‌റാസാദയും സഖിയും

അനാർഭാടയാം വധുവായ്, മണിയറ-

വാതിൽക്കല,നാഥയായ് നിൽക്കെ

ഇരുൾച്ചേല വാരിച്ചുറ്റിയ രാത്രി, നീ

വിരൽതൊട്ടതെൻ കമ്പിതചിത്തത്തിൽ.

അലയൊതുങ്ങാ കരിങ്കടലൊന്നു

വിതുമ്പുന്നു നിൻ വിരൽത്തുമ്പിലും!

സഖികളായ് നാമിരുവരു,മാ നിമിഷം, കനൽ-

ത്തരികളായുള്ളിൽ നിൻ മൗനം.

ഇടംകയ്യിലെ പാനപാത്രത്തിൽ,

മൃത്യുവിൻ കറുത്ത മുന്തിരിച്ചാറുമായ്

ഇളം കന്യമാരനുദിനമെത്തും

ഷെഹരിയാറിൻ മരണമണിയറയിൽ

ഇമയടക്കുവാൻ ഭയന്ന് നീയു,മൊരു

കുരുന്നു പെൺകിടാവും!

പുലർവായുവിലൊരു സീൽക്കാരധ്വനി

മുറിഞ്ഞ കണ്ഠത്തിലമർന്ന നിലവിളി

കടും ചുവപ്പിൻ മഹാപ്രളയം!

നടുങ്ങി, മുഖംപൊത്തി,നുറുങ്ങും

ഹൃദയത്തെ ഇരുകയ്യാൽ ചേർത്ത്

പിടിച്ചിരുന്നൂ, നീയെൻ പ്രിയസഖി!

ഷെഹരിയാറിൻ കഥാകമ്പമൊരു ജീവ-

മന്ത്രമായ്, നിൻ സിരാതന്ത്രിയിൽ വന്നുദിക്കെ,

നീയെൻ

സിദ്ധി ദാത്രിയായ്,

അർധാംഗിനിയായ്,

ചൂതിൽ നാമൊരേ പക്ഷമായ്,

വാതുവെച്ചൂ; ജീവിതം!

പാറിയിറങ്ങുന്നു ഭാവനയിൽനിന്നും

ജീനിയുറങ്ങും വിളക്കുമായലാവുദ്ദീൻ.

നിരന്നിരിക്കുന്ന എണ്ണക്കുടങ്ങളിൽ, നിർലോഭം

നിറക്കയാണ് തിളച്ച എണ്ണ, അവൾ-

ആലിബാബ തൻ പ്രിയ മാർജോരിന.

നിഗൂഢ വനാന്തരങ്ങളിൽ,

മണൽത്തടാകങ്ങളിൽ,

പ്രണയസ്ഥലികളിൽ,

ഗൃഹസ്ഥഹൃദയങ്ങളിൽ,

ഭൂവൃദ്ധിക്ഷയങ്ങളിൽ,

സൂര്യരഥത്തിൽ,

മേഘവിളുമ്പിൽ,

വിചാരതരംഗങ്ങളിൽ,

വികാര വിക്ഷോഭങ്ങളിൽ,

അനന്തമായ് നീളുമെൻ നാവിലൂടെ

ആയിരത്തൊന്നു രാവുകളിലൂടെ

അചഞ്ചലം തുടർന്നൊരാ യാത്ര!

ഒരർധവിരാമത്തിലോരോ കഥയും

പകലിൻ പടവിൽ ശങ്കിച്ച് നിൽക്കെ

രാത്രി, യെൻ പ്രിയ സഖീ,നിൻ

വിജയഹാസം സൂര്യതേജസ്സായ്,

ദിനവും വാനിലുദിക്കെ

മറന്നതോ, മതിഭ്രമമൊഴിഞ്ഞതോ?

ചതിയുടെ കാരസ്കരം വീണ

മനസ്സിൽ മധുരമുറഞ്ഞതോ?

ഉറയിൽതന്നെ ഇരുന്നുപോയ്‌

രുധിരം രുചിക്കാതെയാ ഉടവാൾ!

എങ്കിലും. ഭയ വിഭ്രമ മുനമ്പുകളിൽ

എന്നും മരിക്കുന്നു, ത്രിസന്ധ്യക്ക്-

പിന്നെയും ജനിക്കുന്നു, നാമിരുവരും.

ഒപ്പമൊരായിരം പേരറിയാ-

കന്യകൾ, കിനാവുകൾ!

രാത്രി, യെൻ പ്രിയസഖി, യിന്നു

തിരയൊഴിഞ്ഞ കടൽപോലെ

ശാന്തയായ്, അമൃതകലയായ്

കടൽക്കാറ്റുരുമ്മുമ്പോൾ

കാതരയായ്, നീ മറ്റൊരാളായ്‌!

വലംകയ്യിലെ പാനപാത്രത്തിൽ

പഴകിയ വീഞ്ഞും, മിഴികളിൽ

തുളുമ്പുന്ന പ്രേമധൂർത്തുമായ്, ഞാനും!

=======================

*‘ആയിരത്തൊന്നു രാവുകൾ’ എന്ന പുരാവൃത്തത്തിൽ, കഥാകഥനത്തിലൂടെ ഷെഹരിയാർ ചക്രവർത്തിയുടെ മനസ്സ് മാറ്റി, മരണമണിയറയിൽനിന്ന് അനേകം കന്യകകളെ രക്ഷിച്ച ധീരയായ യുവതി

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.