ചിത്രീകരണം: സലിം റഹ്മാൻ
നൂറു കൊല്ലം മുമ്പ്
ജീവനോടെ കുഴിച്ചിട്ട മനുഷ്യൻ
മണ്ണിനടിയിൽ
ഇപ്പോൾ പിടക്കുന്നപോലെ
ആഗ്ര വിറച്ചു
ചുറ്റും നോക്കി,
ഒറ്റ മനുഷ്യജീവിയെ കാണാനില്ല.
കെട്ടിടങ്ങളും വഴികളും
വെറുങ്ങലിച്ചു നിൽക്കുന്നു
ഉറക്കെ വിളിച്ചുപറയണമെന്ന്
ബാബർക്കു തോന്നി
‘‘കൊന്ന് കവർന്ന്
മടങ്ങാൻ വന്നതല്ല ഞാൻ’’
വാദ്യഘോഷങ്ങളും
പേർഷ്യൻ കുതിരകളും
സൈനികരുമൊത്തുള്ള
തന്റെ വരവു കാണാൻ
മട്ടുപ്പാവുകളിൽ വിടർന്ന കണ്ണുകളില്ല
പെട്ടെന്ന് മുന്നിൽ തെല്ലുദൂരെ
ഒരാൾ!
ഹേയ് നിൽക്കൂ!
പാദുഷാ ബാബർ ആജ്ഞാപിക്കുന്നു,
നിൽക്കൂ!
മുന്നേ ഓടിയൊളിക്കാൻ
കഴിയാതെ പോയ ഒരാൾ.
ഓടാൻ ശ്രമിക്കുകയാണ്,
കഴിയുന്നില്ല.
വീഴാനും മതി.
ഒരു മുടന്തൻ.
പെട്ടെന്നയാൾ
ഒരിടവഴിയിലേക്കു തിരിഞ്ഞുമറഞ്ഞു
ധോലക്കിന്റെയും കുതിരക്കുളമ്പടിയുടെയും
താളത്തിൽ
മനസ്സ് ലയിക്കാത്തതെന്ത്?
ഒരു മുടന്ത്.
ആരാണ്
തന്റെയുള്ളിലൂടെ
മുടന്തിക്കൊണ്ടു പിന്നാക്കം പായാൻ
ശ്രമിക്കുന്നത്?
നൂറുകൊല്ലം
ഒരുമിച്ചു വാരിക്കൂട്ടി?
അല്ല അതു മുടന്തല്ല,
പരന്നുകിടക്കുന്ന ശവങ്ങൾ
ചാടിച്ചവിട്ടിക്കടന്നുപോകുന്നതിനാൽ
അങ്ങനെ തോന്നുന്നതാണ്
കുതിരപ്പുറത്തിരുന്ന്
വിജനമായ തെരുവുകൾ നോക്കി
ബാബർ ഇങ്ങനെ വിളിച്ചുപറഞ്ഞു:
‘‘കൊന്ന് കവർന്ന്
മടങ്ങാൻ വന്നതല്ല ഞാൻ
മുടന്തൻ തിമൂറിനെപ്പോലെ’’
നൂറുകൊല്ലമായിട്ടും അഴുകിത്തീരാത്ത
ശവത്തിൽനിന്ന്
എന്തോ കൊത്തിയെടുത്ത്
ചിറകു പരത്തി
കഴുത്തു നീട്ടി
പൊങ്ങുന്ന കഴുകന്
എത്ര ആഴത്തിൽ
ശബ്ദിക്കാൻ കഴിയും?
ഏതു കുഴൽവാദ്യമാണ്
അത്ര ആഴത്തിൽ
ശബ്ദിക്കുന്നതെന്ന്
ആ ബഹളത്തിൽ
സുൽത്താനു
വേറിട്ടറിയാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.