07 ജന്മനഗരം താൻ ജനിച്ചുവളർന്ന അൻഡിജാൻ നഗരം ബാബർക്കൊരു കുതിര അതിന്മേലിരുന്ന് അയാൾ എട്ടു ദിക്കിലെ നഗരങ്ങളിലേക്കും വട്ടത്തിൽ മാറിമാറിക്കുതിച്ചുചാടി അവിടം വിട്ട് കാബൂളിലേക്കും പിന്നീട് ഹിന്ദുസ്ഥാനത്തിലേക്കും പോയപ്പോൾ തന്നെത്തന്നെ നോക്കിനിൽക്കുന്ന ഒരു കുതിരയായി ബാബർ ആ നഗരത്തെ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കണ്ടു അതിന്റെ കണ്ണീര് ഒരു കടലിലും പോയ് ലയിക്കാതെ മണൽക്കാട്ടിൽ മാഞ്ഞുപോകുന്ന സെയ്‌ഹുൻ നദിയുടെ ഇരു ചാലുകൾ പിൽക്കാലത്ത് ദില്ലിയിൽ ഇരിപ്പുറപ്പിച്ചപ്പോഴും ദൂരെയുണ്ട് പൊടിക്കാറ്റിൽ പാതി മങ്ങി തന്നെ നോക്കിനിൽക്കുന്നു നോട്ടം നിഴലിക്കുന്നു സിന്ധുനദിയിൽ ഹിന്ദുസ്ഥാനത്തെ...
07 ജന്മനഗരം
താൻ ജനിച്ചുവളർന്ന
അൻഡിജാൻ നഗരം
ബാബർക്കൊരു കുതിര
അതിന്മേലിരുന്ന്
അയാൾ
എട്ടു ദിക്കിലെ നഗരങ്ങളിലേക്കും
വട്ടത്തിൽ
മാറിമാറിക്കുതിച്ചുചാടി
അവിടം വിട്ട്
കാബൂളിലേക്കും
പിന്നീട് ഹിന്ദുസ്ഥാനത്തിലേക്കും
പോയപ്പോൾ
തന്നെത്തന്നെ നോക്കിനിൽക്കുന്ന
ഒരു കുതിരയായി
ബാബർ
ആ നഗരത്തെ
തിരിഞ്ഞു തിരിഞ്ഞു നോക്കിക്കണ്ടു
അതിന്റെ കണ്ണീര്
ഒരു കടലിലും പോയ് ലയിക്കാതെ
മണൽക്കാട്ടിൽ മാഞ്ഞുപോകുന്ന
സെയ്‌ഹുൻ നദിയുടെ ഇരു ചാലുകൾ
പിൽക്കാലത്ത്
ദില്ലിയിൽ ഇരിപ്പുറപ്പിച്ചപ്പോഴും
ദൂരെയുണ്ട്
പൊടിക്കാറ്റിൽ പാതി മങ്ങി
തന്നെ നോക്കിനിൽക്കുന്നു
നോട്ടം
നിഴലിക്കുന്നു സിന്ധുനദിയിൽ
ഹിന്ദുസ്ഥാനത്തെ എല്ലാ നദികളിലും
പകർച്ചവ്യാധിയിൽ ചത്തൊടുങ്ങുന്ന
കുതിരകളിലൊന്നല്ല അത്.
കഴുത്തു കുനിക്കാതെ
തലയുയർത്തി നിൽക്കുന്നു
തന്നെപ്പോലെത്തന്നെ
ചെങ്കിസ്ഖാന്റെ താവഴിയിൽപെട്ടയാളെന്നു
തോന്നിച്ച
മറ്റൊരു സുൽത്താൻ വന്ന്
അതിന്മേൽ
കയറിയിരിക്കുന്നു.
കടിഞ്ഞാണുലച്ചും
ചാട്ട വീശിയും
കാലുകൊണ്ടു കുത്തിയും
നഗരത്തെ
ചലിപ്പിക്കാൻ ശ്രമിക്കുന്നു.
അൻഡിജാൻ,
അനങ്ങാതെ നിന്നു
തന്നെത്തന്നെ നോക്കുന്ന
ഒരു പ്രതിമക്കുതിര!
കവിളിൽ
ഇരു കണ്ണീർച്ചാൽത്തിളക്കം
ഹേയ് അൻഡിജാൻ,
സെയ്ഹുൻ നദി
മണൽക്കാട്ടിലല്ല
ഇപ്പോൾ പോയ്മറയുന്നത്
അതതിന്റെ കടൽ
കണ്ടെത്തിയിരിക്കുന്നു
കണ്ണീർ നനവോടെ
ബാബർ
ജന്മനഗരം നോക്കി
ചിരിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.