ഒരേ ശിലയിലുറച്ച രണ്ട് ശക്തികളാണ് നാം ജനത ഇരിക്കാൻ തന്ന കസാര; ഇളക്കാൻ പഴുതില്ലാത്ത അടിയാധാരം. അടക്കിഭരിക്കാനുള്ള ചാരുകസാരയിൽ നീയും ഞാനും; അകത്തോട്ടും പുറത്തോട്ടുമുള്ള തിരഞ്ഞെടുപ്പിൽ കുടിച്ച ചോരയുടെ പലതരം രുചിയിൽ ചിരി കൈമാറി കസാരമാറ്റം കളിക്കുന്നു. രുചിനനവു മാറാത്ത രണ്ടു ചുണ്ടുകൾക്കിടയിൽ തോറ്റുകൊണ്ടിരിക്കുന്ന ജനത. ബന്ദികളായ ആൾക്കൂട്ടത്തിന്റെ പേടിച്ചമരുന്ന നിശ്വാസത്തിന്റെ മണ്ണിളക്കത്തിൽ ചവിട്ടി അധികാരം ഇറങ്ങുകയും കയറുകയും ചെയ്യുന്നു. മണ്ണ് കുലുങ്ങിപ്പിളരുന്ന കാലം അടിമ ആകാശത്തെക്കാൾ വലുതാകും. ഭൂമി ചെറുതായി ചെറുതായി അവർ പന്തു കളിക്കാൻ...
ഒരേ ശിലയിലുറച്ച
രണ്ട്
ശക്തികളാണ്
നാം
ജനത ഇരിക്കാൻ തന്ന കസാര;
ഇളക്കാൻ പഴുതില്ലാത്ത അടിയാധാരം.
അടക്കിഭരിക്കാനുള്ള
ചാരുകസാരയിൽ
നീയും
ഞാനും;
അകത്തോട്ടും
പുറത്തോട്ടുമുള്ള
തിരഞ്ഞെടുപ്പിൽ
കുടിച്ച ചോരയുടെ
പലതരം രുചിയിൽ
ചിരി
കൈമാറി
കസാരമാറ്റം
കളിക്കുന്നു.
രുചിനനവു മാറാത്ത
രണ്ടു
ചുണ്ടുകൾക്കിടയിൽ
തോറ്റുകൊണ്ടിരിക്കുന്ന
ജനത.
ബന്ദികളായ
ആൾക്കൂട്ടത്തിന്റെ
പേടിച്ചമരുന്ന
നിശ്വാസത്തിന്റെ
മണ്ണിളക്കത്തിൽ
ചവിട്ടി
അധികാരം
ഇറങ്ങുകയും
കയറുകയും
ചെയ്യുന്നു.
മണ്ണ്
കുലുങ്ങിപ്പിളരുന്ന
കാലം
അടിമ
ആകാശത്തെക്കാൾ
വലുതാകും.
ഭൂമി
ചെറുതായി
ചെറുതായി
അവർ
പന്തു കളിക്കാൻ
എടുക്കും.
അധികാരത്തെ
വലിച്ചു കീറി
തെരുവിൽ
നഗ്നമാക്കും.
പന്തങ്ങളാൽ
അധികാരത്തിന്റെ
വിയർപ്പൊപ്പും.
ഭരണകൂടം
നീർക്കുമിളകളായി
പൊട്ടുന്ന
മഴക്കാലം;
എല്ലാ യുദ്ധങ്ങളും
പിറന്ന
ബുദ്ധിയിലേക്കുതന്നെ
പേടിച്ച്
തിരിച്ചോടും-
ഒളിക്കാൻ ഇടമില്ലാതെ
പരക്കംപായും;
പലായനം
കണ്ട്
പൊട്ടിച്ചിരിച്ചത്
ഓർക്കും.
ജനത
ജനാധിപത്യമെന്ന
പഴഞ്ചൻ
ശിരോവസ്ത്രത്തിന്
തീ കൊളുത്തും-
അധികാരത്തിലേക്ക്
കയറാനുള്ള
എളുപ്പവഴി
അതോടെ വഴിമുട്ടും.
ഭരണത്തുടർച്ച
അവസാനിച്ച്
ആഗോള പൗരത്വം
വ്യവസ്ഥപ്പെടും.
ആർക്കും
ഭരണമില്ലാത്ത
മണ്ണ്
പിറക്കും.
മരുഭൂമിയിൽ
സത്യത്തിന്റെ
ഈന്തപ്പനകൾ
ശരിയുടെ
ശരീരത്തിലേക്ക്
കായ്ക്കും.
കൊല്ലപ്പെട്ടവരുടെ
സെമിത്തേരികളായ
മഹാനദികൾ
അവരെ
തിരിച്ചു തരും;
നദിയിലേക്ക്
അവരെ
വലിച്ചെറിഞ്ഞവരെ
നദി തിരഞ്ഞു പിടിക്കും.
ഭരണം
എന്നേയ്ക്കുമായി
അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.