കാട്ടിലൊരു മീന്‍

കടലില്‍ തിരകളില്‍ പാട്ടും പാടി പുള്ളിക്കുത്തുകളാല്‍ ഉടല്‍ നിറഞ്ഞൊരു മീന്‍ ഒരുനാള്‍ തുള്ളിച്ചാടി. ചാട്ടം ചട്ടിയിലേക്കായിരുന്നില്ല. മണലും പുഴയും ഇടനാടിന്റെ ഇരുമ്പു മണ്ണും കടന്നു ദൂരെക്കിഴക്കേങ്ങോ കറുത്ത മണ്ണില്‍ കുരുത്ത കരിംപച്ചക്കാട്ടില്‍ ചെന്നു വീണു. തണുവില്ലാതുടല്‍ വെന്തു കാണാനൊരു തുള്ളി നീരില്ലാതുഴന്നു ശ്വാസം പതിയെപ്പതിയെ താണു. ഇഡയോ പിംഗലയോ ഇല്ല ചെകിളകള്‍ നീലിച്ചു. കാറ്റില്‍ കിളികള്‍ പാടുമ്പോള്‍ കടലിന്റെ ആരവമോര്‍ത്തു. തിമിംഗലപ്പാട്ടുകളോര്‍ത്ത് ചെവി വട്ടം കൂര്‍പ്പിച്ചു. മാനെന്ന് കരുതിയെന്നും മാനുകള്‍ വന്നവളോട് മിണ്ടി. മാനല്ല ഞാനൊരു മീനല്ലോ കടല്‍...

കടലില്‍

തിരകളില്‍

പാട്ടും പാടി

പുള്ളിക്കുത്തുകളാല്‍

ഉടല്‍ നിറഞ്ഞൊരു മീന്‍

ഒരുനാള്‍

തുള്ളിച്ചാടി.

ചാട്ടം

ചട്ടിയിലേക്കായിരുന്നില്ല.

മണലും

പുഴയും

ഇടനാടിന്റെ ഇരുമ്പു മണ്ണും കടന്നു

ദൂരെക്കിഴക്കേങ്ങോ

കറുത്ത മണ്ണില്‍

കുരുത്ത

കരിംപച്ചക്കാട്ടില്‍

ചെന്നു വീണു.

തണുവില്ലാതുടല്‍ വെന്തു

കാണാനൊരു തുള്ളി നീരില്ലാതുഴന്നു

ശ്വാസം

പതിയെപ്പതിയെ

താണു.

ഇഡയോ പിംഗലയോ

ഇല്ല

ചെകിളകള്‍ നീലിച്ചു.

കാറ്റില്‍

കിളികള്‍ പാടുമ്പോള്‍

കടലിന്റെ ആരവമോര്‍ത്തു.

തിമിംഗലപ്പാട്ടുകളോര്‍ത്ത്

ചെവി വട്ടം

കൂര്‍പ്പിച്ചു.

മാനെന്ന് കരുതിയെന്നും

മാനുകള്‍

വന്നവളോട് മിണ്ടി.

മാനല്ല

ഞാനൊരു മീനല്ലോ

കടല്‍ മൂളും

കവിതകള്‍ കേട്ടു മൂളും

കരിംപുള്ളിച്ചിറകുകാരി.

എനിക്കീ

കാടറിയില്ല

അതിന്‍ വിചാരങ്ങളും.

കണ്ണുകളിറുക്കിച്ചിമ്മി

അവള്‍

ചുമ്മാ ചിരി പറത്തി.

അവളുടെ ചിരിയില്‍

പതിയെ തീ പറന്നു

കടലിന്‍

തണുപ്പെല്ലാം

കൊടുംചൂടായ്

തിളപ്പാര്‍ന്നു.

ഈമ്മേ മാട്ടലാടുത്തുന്നേതി

മനക്കേമീ അർഥം കാദൂ

മാനെല്ലാം കൊമ്പു കുലുക്കി*

അവരുടെ പുള്ളികള്‍ തുള്ളീ

നീയൊരു മാന്‍ തന്നേ

നിനക്കും പുള്ളിയുണ്ട്

അതിവേഗം പറക്കുവാന്‍

വീശിയാര്‍ക്കും ചിറകുണ്ട്

കടലെന്തിന് നിനക്കീ

കാട്ടിന്‍ നടുവിലൊഴുകും

പുഴയില്ലേ

അതിനുള്ളിലെ തണുപ്പില്ലെ

അതിവിദൂരം

പോകുമതില്‍

കടലെങ്ങോ

കലരുന്നില്ലേ.

അവരുടെ കുളമ്പുകള്‍

അക്കാടു മാത്രം

ചുറ്റി വന്നു

അതില്‍ വേറെ

ഒരു മണ്ണും പറ്റിയില്ല.

അവളോ

പുഴയെല്ലാം

ഒഴുകി നിറയും

പല മണ്ണിന്‍

ചൂരു പറ്റും

വങ്കടല്‍ത്തുഴക്കാരി

വാലങ്ങനെ

തുള്ളിക്കുത്തി

ആകാശം കാണുന്നവള്‍.

വരു നീ

വരു നീയെന്ന്

കടലവളുടെ

ചെവിയിലാര്‍ത്തു.

ഇടം വലം

നീരു ചിതറി

വീശി

അവളുടെ

ചിറകുകള്‍ വേഗമാര്‍ന്നു.

===================

*ഇവള്‍ പറയുന്നതൊന്നും നമുക്ക് മനസ്സിലാവുന്നില്ല

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.